
ലിബറൽ നീതിയും ബ്രാഹ്മണിക് ധർമ്മവും കീഴാള ധാർമ്മികതയും
ലിബറൽ ജനാധിപത്യത്തിന്റെ നീതി സങ്കല്പവും ബ്രാഹ്മണിക് ധർമ്മചിന്തയും തമ്മിലുള്ള ആന്തരിക ബന്ധങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്ന ദാർശനിക രാഷ്ട്രീയ വിശകലനമാണ് ഈ ലേഖനം. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന്റെ പരിധികളും, കീഴാള കർത്തൃത്വത്തിന്റെ അന്യവൽക്കരണവും, ഭരണഘടനാ നൈതികതയുടെ അർത്ഥവ്യാഖ്യാനവും, കീഴാള ധാർമ്മിക രാഷ്ട്രീയത്തിന്റെ സാധ്യതകളും എ കെ രവീന്ദ്രൻ മുന്നോട്ടുവയ്ക്കയുന്നു. നാരായണ ഗുരു മുതൽ പൊയ്കയിൽ അപ്പച്ചൻ വരെ വ്യാപിക്കുന്ന കീഴാള നവോത്ഥാന പാരമ്പര്യത്തെ ആധാരമാക്കി, നീതിയും ധർമ്മവും മുകളിൽ നിന്ന് ‘നൽകപ്പെടുന്ന’ ആശയങ്ങളല്ല, അടിത്തട്ടിൽ നിന്ന് സമൂർത്തമായി ആവിഷ്കരിക്കപ്പെടേണ്ടവയാണെന്ന് അദ്ദേഹം വിവരിക്കുന്നു .
ബ്രാഹ്മണിക് സാംസ്ക്കാരികാധിനിവേശത്തെ തടയാൻ പ്രാതിനിധ്യ ജനാധിപത്യത്തിന്, അത് എത്രമേൽ കണിശമായി ജനസംഖ്യാനുപാതികമായിരുന്നാലും, കഴിയുന്നതെങ്ങനെ? ലിബറൽ മതേതര ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വം മാത്രമാണ് ജനസംഖ്യാനുപാതിക പ്രാതിനിധ്യം. ജാതി ഉന്മൂലനമോ ബ്രാഹ്മണിക് സാംസ്ക്കാരികാധിപത്യത്തെ തടയലോ അതിന്റെ ലക്ഷ്യമോ അജണ്ടയോ അല്ല. അധികാരത്തിലെ പങ്കാളിത്തം അധികാര വിരുദ്ധം ആവുക സാധ്യമല്ലല്ലോ. കീഴാള വിഭാഗങ്ങൾക്ക് ഈ പങ്കാളിത്തം ‘സംഖ്യാപരം'(numerical) മാത്രമാവുകയും സാംസ്കാരികമോ പ്രത്യയശാസ്ത്രപരമോ അല്ലാതിരിക്കുകയുമാകുമ്പോൾ വിശേഷിച്ചും നിലവിലെ ബ്രാഹ്മണിക് ഹെജിമണിയെ സാധൂകരിക്കാനും ശക്തിപ്പെടുത്താനുമല്ലേ അതുപകരിക്കുക?
വ്യത്യസ്ത ജന വിഭാഗങ്ങളെ വെറും എണ്ണങ്ങളായി അമൂർത്തവൽക്കരിച്ച് ഔപചാരികമായി സമീകരിക്കലാണ് ലിബറൽ ജനാധിപത്യത്തിന്റെ സാധ്യതയും പരിമിതിയും. ഫലമോ? പ്രതിനിധികൾക്ക് ദൃശ്യതയും കരുത്തും കർത്തൃത്വവും കൂടുന്നു. പ്രതിനിധാനങ്ങൾക്ക് വിധേയരാകുന്ന ബഹുജനങ്ങളുടെ, വിശേഷിച്ചും കീഴാള ജനവിഭാഗങ്ങളുടെ, കർത്തൃത്വം അദൃശ്യവും വിധേയത്വപരവും ആക്കപ്പെടുന്നു.
‘സമ്മതിദാനം’ എന്ന വാക്ക് ശ്രദ്ധിച്ചാൽ അറിയാം ഇന്ത്യൻ ജനാധിപത്യം എത്രമേൽ ബ്രാഹ്മിണിക്കൽ ആണെന്ന്. ‘കന്യാദാനം’ പോലെതന്നെ ആൺകോയ്മാപരവും സ്ത്രീവിരുദ്ധവുമാണത്. പല യൂറോപ്യൻ രാജ്യങ്ങളിലും സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത് വളരെ വൈകിയാണല്ലോ. കന്യാദാനത്തിൽ രക്ഷാകർത്താവിനല്ലാതെ ‘വധു’വിന്റെ ‘സമ്മത’ത്തിന് യാതൊരു പ്രാധാന്യവുമില്ല. സമ്മതിദാനത്തിലാകട്ടെ ഒരാൾക്ക് ചില വാഗ്ദാനങ്ങളുടെ (തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ) അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാനുള്ള തന്റെ സമ്മതിയാണ് ദാനം ചെയ്യുന്നത്. വാഗ്ദാനവും സമ്മതി ദാനവും തമ്മിൽ സങ്കൽപ്പവും യാഥാർഥ്യവും തമ്മിലുള്ള അന്തരമുണ്ട്. കന്യാദാനത്തിലും സമ്മതിദാനത്തിലും ദാനം കൊടുക്കുന്നയാൾ അധമർണ്ണനും സ്വീകർത്താവ് ഉത്തമർണ്ണനുമാണ്. സ്ത്രീധന കാര്യത്തിലും ഇതാണാവസ്ഥ. സമ്മതിദാനം ചെയ്യുന്നതോടെ കീഴാള ജനതയുടെ രാഷ്ട്രീയ കർത്തൃത്വം വന്ധ്യങ്കരിക്കപ്പെടുകയാണെങ്കിൽ മേൽത്തട്ട് വിഭാഗങ്ങളുടെ ഉത്തമ പദവിയും കർത്തൃത്വശേഷിയും ജനസംഖ്യാനുപാതികമായി പ്രബലപ്പെടുകയാണ്. ലിബറൽ പ്രതിനിധാന ജനാധിപത്യത്തിലൂടെ നവ ബ്രാഹ്മണിസം പൂർവ്വാധികം ശക്തിപ്പെടുന്നതിന്റെ പൊരുളിതായിരിക്കെ എങ്ങനെയാണ് ഇതിലൂടെ കീഴാള ജനതയ്ക്ക് നീതികിട്ടുക?
വാസ്തവത്തിൽ കീഴാള ജനതകൾക്ക് നീതി മുകളിൽ നിന്ന് കിട്ടേണ്ടതോ കൊടുക്കേണ്ടതോ അല്ല. കാരണം നീതിയുടെ അടിസ്ഥാനതല ഉൽപ്പാദകരാണവർ. നീതിയെ കീഴാള ജീവിതാവിഷ്കാരങ്ങളിൽ നിന്ന് വസ്തുവൽക്കരിച്ച് അന്യവൽക്കരിക്കലാണ് അനീതി. ശ്രേണീകൃത മേൽത്തട്ടുകളും അധികാര കേന്ദ്രീകരണവും ഇങ്ങനെയാണുണ്ടാവുന്നത്. അടിമസമാനമായ, സ്വത്വബോധമോ സ്വയം നിർണ്ണയാവകാശമോ ഇല്ലാത്ത ( കൈമോശം വന്ന), ഒരു കീഴ്ത്തട്ട് നിർമ്മിതിയും ഇതോടൊപ്പം സംഭവിക്കാതെ വയ്യ. നീതി അത്യുന്നത നീതി പീഠങ്ങളിൽ നിന്നും കിട്ടേണ്ടതാണെന്ന ചിന്താഗതിയുടെ സ്ഥാപനവൽക്കരണവും ഇവിടെ സംഭവിക്കുന്നു. ലിബറൽ ജനാധിപത്യ നീതി സങ്കല്പമാണിത്. നീതി പീഠങ്ങൾക്ക് ഭരണഘടനാ നൈതികതയെ ആധികാരികമായി വ്യാഖ്യാനിച്ച് നിർണയിക്കാനും അതിന്റെ പേരിൽ നീതി ലഭ്യതയെ യഥേഷ്ടം നീട്ടിവയ്ക്കാനും കഴിയുന്ന ഒരു ചരക്കുവൽകൃത നീതി സങ്കല്പ്പം!
യൂറോപ്യൻ മാനവികതാ വാദം അത്യുന്നതങ്ങളിലെ ദൈവത്തിൽ നിന്ന് ഭൂമിയിലെ മനുഷ്യരിലേക്കിറങ്ങി എന്നതല്ല അതിനെ പ്രകൃതിവിരുദ്ധമാക്കുന്നത്. വെള്ളക്കാരനായ കൊളോണിയൽ പുരുഷനെ മനുഷ്യ പ്രതിനിധാനമായി കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നതാണ് അതിനെ മനുഷ്യത്വ വിരുദ്ധവും ഒപ്പം പ്രകൃതി വിരുദ്ധവുമാക്കുന്നത്. ദൈവ പ്രതിനിധാനമായ ക്രിസ്തീയ പൗരോഹിത്യത്തിന്റെ സ്ഥാനത്ത് വെള്ളക്കാരനായ കൊളോണിയൽ പുരുഷനെ മനുഷ്യ പ്രതിനിധാനമായി സംസ്ഥാപിച്ചെടുക്കുന്ന ഒരു പ്രക്രിയയായിരുന്നു യൂറോപ്യൻ മാനവികതാ വാദം. മതവും ഭരണകൂടവും വെവ്വേറെ ആയതോടെ ആത്മീയതയും ഭൗതികതയും ഇരു ധ്രുവങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടു. ഇതോടെ പ്രകൃതിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചും അമൂർത്തവും യാന്ത്രികവുമായ ഭൗതികവാദ കാഴ്ചപ്പാടുകൾ യുക്തിഭദ്രമായി നിർമ്മിച്ചെടുക്കാനായി. മനുഷ്യന്റെയും പ്രകൃതിയുടെയും വസ്തുവൽക്കരണവും ചരക്കുവൽക്കരണവും സുഗമമായി. എന്തും വസ്തു അല്ലെങ്കിൽ പദാർത്ഥം (Matter) എന്ന നിലയിൽ അമൂർത്തവൽക്കരിക്കപ്പെടാൻ സാധ്യതയേറി. പദാർത്ഥത്തെ ഊർജ്ജമാക്കി മാറ്റുന്ന ഗണിത സമവാക്യം, ഒരുവശത്ത് ആണവായുധങ്ങൾക്കും മറുവശത്തു പരമാധികാര പരിഷ്കൃതികൾക്കും ജന്മം നൽകി. രണ്ടും മാനവരാശിയെ സംബന്ധിച്ചിടത്തോളം സ്വയംഹത്യാ ദിശയിലുള്ള മുന്നേറ്റങ്ങളായേ അടിത്തട്ട് മനുഷ്യർക്ക് കാണാനാവൂ.
ലിബറൽ നീതിയും ബ്രാഹ്മണിക്ക് ധർമ്മവും
സർവ്വതിനേയും വസ്തുവിലേക്കും ഊർജ്ജത്തിലേക്കും യാന്ത്രികമായി അമൂർത്ത വൽക്കരിക്കുന്നതിന്റെ മറ്റൊരു രൂപമാണ് സർവ്വതിനേയും ബ്രഹ്മത്തിലേക്ക് നിഗൂഢവൽക്കരിക്കുന്ന മുൻകാല ബ്രാഹ്മണിസം. കൊളോണിയൽ ആധുനികതയുമായി രണ്ടിനും എളുപ്പം കൈകോർക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. നിഗൂഢനിർഭരമായ പരബ്രഹ്മത്തിന്റെ ജ്ഞാന പ്രതിനിധാനം അവകാശപ്പെടുന്ന ബ്രാഹ്മണ്യത്തിന് ആധുനിക സയൻസിന്റെ സംഹാര ശേഷി കൂടി കോർപ്പറേറ്റ് വികസന താൽപ്പര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ കൈവരികയാണിപ്പോൾ. ഭൂസുരന്മാർക്ക് അസുര നിഗ്രഹം എളുപ്പമായിരിക്കുന്നു. അതിലൂടെ ധർമ്മ സംസ്ഥാപനവും. അമൂർത്ത ആത്മീയ വാദത്തിന്റെയും അമൂർത്ത ഭൗതിക വാദത്തിന്റെയും യാന്ത്രിക കൂട്ടുകെട്ട് മാനവരാശിയെ സ്വയംഹത്യാ ദിശയിലൂടെ അതിവേഗം ആനയിക്കുകയാണിന്ന്.
വർണ്ണാശ്രമ ധർമ്മത്തിൽ അധിഷ്ഠിതമായ ഒരു പൗരോഹിത്യ ഭരണകൂട വ്യവസ്ഥയാണ് ബ്രാഹ്മണിസം. അതിന് അതിന്റേതായ രാഷ്ട്ര സങ്കൽപ്പവും ‘രാജനീതി’യുമുണ്ട്. ഉണ്മയെ നിലനിർത്തുന്ന അഥവാ, മാനവരാശിയുടെ നിലനിൽപ്പിന്റെ അടിസ്ഥാനമായ, മാനവധർമ്മത്തെ അത് ശ്രേണീ ബദ്ധമായി വിഭജിക്കുന്നു. ഇതിലൂടെ ധർമ്മം വംശീയ പ്രതിനിധാനങ്ങളായി വിഭജിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. മാനവരാശിയുടെ സ്വത്വപരമായ, മനുഷ്യത്വപരമായ, ധർമ്മ സങ്കല്പം ഇതോടെ തകർക്കപ്പെടുകയാണ്. ധർമ്മം സ്വയമേവ അധർമ്മമായി മാറുകയാണ്.
ലിബറലിസ്റ്റ് നീതി സങ്കല്പം, നീതി നടത്തിപ്പ് ഭരണകൂടത്തെ ഏൽപ്പിക്കുമ്പോൾ ബ്രാഹ്മണിക് ധർമ്മ ചിന്ത അതിന്റെ വംശീയമായ ധർമ്മ സംസ്ഥാപനം ദൈവീക അവതാരങ്ങളുടെ പരിപാലകരെന്ന നിലയിൽ സ്വയം ഏറ്റെടുക്കുകയാണ്. ധർമ്മ സംസ്ഥാപനത്തിന്റെ കേന്ദ്ര പ്രമേയം അസുര നിഗ്രഹമാണെങ്കിലും ക്ഷത്രിയ നിഗ്രഹം മുതൽ ആർക്കുനേരെയും അതിന്റെ കുന്തമുന നീളാമെന്നാണ് ‘കേരളോല്പത്തി’പോലുള്ള ഐതിഹ്യങ്ങളും പുരാണങ്ങളും വിളിച്ചു പറയുന്നത്.
പുറത്തുനിന്നു സംസ്ഥാപിക്കാവുന്നതും സംസ്ഥാപിക്കേണ്ടതുമായ ഒരു കൊളോണിയൽ സങ്കൽപ്പമായി ധർമ്മത്തെ രൂപാന്തരീകരിക്കുന്നുണ്ട് ബ്രാഹ്മിണിസം. ലിബറൽ നീതി ബോധവുമായി ഒത്തുപോകുന്നതാണ് ധർമ്മത്തിന്റെ ഈ വസ്തുവൽകൃത സങ്കല്പം. രണ്ടിടത്തും ഉണ്മയുടെ പ്രകാശനമോ ആവിഷ്ക്കാരമോ അല്ല നീതിയും ധർമ്മവും. പുറമെ നിന്നും മുകളിൽ നിന്നും സംസ്ഥാപിക്കേണ്ട ഒന്നായി നീതിയും ധർമ്മവും മാറുന്നതോടെ കീഴാള ജനതകളുടെ കർത്തൃത്വവും ആത്മവിശാസവുമാണ് അവർക്ക് നഷ്ടപ്പെടുന്നത്. തങ്ങളിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്ന നീതിയും ധർമ്മവും തേടി അതിന്റെ അപഹർത്താക്കളുടെ കാൽക്കൽ ഭയ ഭക്തി ബഹുമാനങ്ങളോടെ സ്വയം അടിയറവയ്‌ക്കേണ്ട ഗതികേടിലാകുന്നു കീഴ്ത്തട്ട് ജനവിഭാഗങ്ങൾ. ലിബറൽ നീതി ബോധവും ബ്രാഹ്മണിക് ധർമ്മ ചിന്തയും ഒരുപോലെ കൊണ്ടാടുന്ന ഒന്നാണ് എതിരാളിയെ തോൽപ്പിക്കലും സ്വയം ജയിക്കലും. രണ്ടിനും ആഭ്യന്തര ശത്രുക്കളും വൈദേശിക ശത്രുക്കളുമുണ്ട്. ശത്രു സംഹാരം നീതിയുടെ, ധർമ്മത്തിന്റെ, വിജയമായി രണ്ടിടത്തും ആഘോഷിക്കപ്പെടുന്നു. ‘എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം’ (യതോ ധർമ്മസ്തതോ ജയഃ) എന്ന ഗാന്ധാരീ വാക്യം ദുര്യോധനന് ‘എവിടെയാണോ ജയം അവിടെയാണ് ധർമ്മം’ എന്ന് തലതിരിച്ചു മനസിലാക്കാൻ യാതൊരു പ്രയാസവും ഉണ്ടായില്ലെന്നോർക്കുക. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉപദേശിക്കപ്പെടുന്ന നീതിയും ധർമ്മവുമൊക്കെ തോൽപ്പിക്കലും ജയിക്കലുമായി മാറിയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ! അതുകൊണ്ട് ഇതൊക്കെ രൂപകാത്മകമാണെന്നും മനസിലെ കാമ ക്രോധാദികളോടാണ് യുദ്ധമെന്നും വ്യാഖ്യാനിക്കുമ്പോൾ അതോടൊപ്പം ‘വധം’, ‘ശത്രു’, ‘യുദ്ധം’, ‘തോൽപ്പിക്കുക’ , ‘ജയിപ്പിക്കുക’ എന്നിങ്ങനെയുള്ള മനുഷ്യത്വ വിരുദ്ധമായ, ഹിംസാത്മക സങ്കൽപ്പങ്ങൾക്ക് ആധികാരികതയും സ്ഥായിത്വവും സാധൂകരണവും കിട്ടുകയാണ്. അടിത്തട്ട് ജനങ്ങൾക്കും ജൈവ പ്രകൃതിക്കും നേരെയാണ് ഇത്തരം ഹിംസകൾ എന്നതാണ് ശ്രദ്ധേയമായ കാര്യം. ധർമ്മ സംസ്ഥാപനവും ജനാധിപത്യ സംസ്ഥാപനവും യുദ്ധത്തിന്റെ ഭാഷയിലും രൂപത്തിലുമല്ലാതെ എന്തുകൊണ്ട് സാധ്യമായിക്കൂടാ?
ലിബറൽ നീതിയും ബ്രാഹ്മിണിക് ധർമ്മവും ഒരുപോലെ വ്യക്തിവാദപരവും ജീവശാസ്ത്രവാദ(biologism)പരവുമാണ്. ശരീരത്തെ ശിക്ഷിച്ചുകൊണ്ട് മനസിനെ നേരെയാക്കാമെന്നാണ് രണ്ടും അനുശാസിക്കുന്നത്. ‘ശരീരമാദ്യം ഖലു ധർമ്മസാധനം’ എന്ന് കാളിദാസ കഥാപാത്രം പറയുമ്പോഴും ഊന്നൽ ശരീരത്തിന്റെ ഉപകരണാത്മകതയ്ക്കാണല്ലോ. ആത്മാവിന്റെ പടച്ചട്ടയും വസ്ത്രവുമാണത്. അത് ജീർണ്ണിക്കുമ്പോൾ അഴിച്ചുമാറ്റുന്നതുപോലെ ലളിതവും ഉപകാരപ്രദവുമായി ശാരീരിക ഉന്മൂലനങ്ങൾ സാധൂകരിക്കപ്പെടുന്ന പുരാണ കഥകൾ എത്രയുമുണ്ടല്ലോ. ശരീരത്തേയും ആത്മത്തെയും ഒരൊറ്റ ഏകകമായി, ഉണ്മയായി കാണുന്ന കാഴ്ചപ്പാട് ലിബറൽ നീതിയും ബ്രാഹ്മണിക് ധർമ്മവുമായി ഒത്തു പോകുന്ന ഒന്നല്ല.
നീതിയും ധർമ്മവും
ഭരണഘടനാ നൈതികതയാണോ ഭരണഘടനാ ധാർമ്മികതയാണോ കോൺസ്റ്റിട്യൂഷനൽ മൊറാലിറ്റിക്ക് തുല്യമായി പ്രയോഗിക്കാവുന്ന മലയാളം? ഇന്ത്യൻ ഭരണഘടനയുടെ ഉൾക്കാഴ്ചയെയും ദിശാബോധത്തെയും മുൻ നിർത്തിയാണ് പ്രസ്തുത ചോദ്യം. കീഴാള ജനതയെ സംബന്ധിച്ച ഏക പിടിവള്ളിയാണ് നമ്മുടെ ഭരണഘടന. സജീവമായൊരു സമര വേദിയാണത്. ഒരേ സമയം അധികാര മത്സരങ്ങളും അധീശാധികാരത്തിന്റെ അപ നിർമ്മാണവും അനുവദിക്കുന്ന ഒന്ന്. വ്യത്യസ്ത ജന വിഭാഗങ്ങൾ തീർത്തും വ്യത്യസ്തമായാണ് അതിനെ നോക്കിക്കാണുന്നതും വ്യാഖ്യാനിക്കുന്നതും. മേൽത്തട്ട് നീതി ബോധത്തിൽ നിന്നും ബ്രാഹ്മണിക് ധർമ്മ ബോധത്തിൽ നിന്നും വ്യത്യസ്തമായി കീഴാള ഉണ്മയുടെ ആവിഷ്ക്കാരമെന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയുടെ ഉൾക്കാഴ്ചയും ദിശാബോധവും എങ്ങനെ സംരക്ഷിച്ച് പരിപാലിക്കാം? കീഴാള ജന വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന മൗലികമായ ചോദ്യമാണിത്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാനതല ജനവിഭാഗങ്ങളോടുള്ള ആഭിമുഖ്യമാണ് ബൃഹത്തായ ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷത. സുദീർഘമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ ജന വിഭാഗങ്ങളുടെ പങ്കും സ്വത്വപരമായ ചെറുത്ത് നിൽപ്പുകളും നിസ്തുലമാണല്ലോ. യൂറോപ്യൻ അധിനിവേശകർക്കെതിരെ തുടക്കം മുതൽ തന്നെ എണ്ണമറ്റ കലാപങ്ങൾ നടത്തിയത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വ്യത്യസ്തങ്ങളായ ആദിവാസി ഗോത്ര വിഭാഗങ്ങളായിരുന്നു. ഭൂവുടമസ്ഥത എന്നാൽ എന്തെന്ന് പോലും അറിവില്ലാതിരുന്ന ഈ ഗോത്ര ജനതകളുടെ നിലനിൽപ്പിനായുള്ള സ്വത്വപരമായ ചെറുത്തുനിൽപ്പുകൾ യഥാർത്ഥമായും കൊളോണിയൽ ലിബറൽ ‘നീതി’ബോധത്തിന്റെ കയ്യേറ്റ ക്രൂരതകൾക്കെതിരെ ആയിരുന്നെന്നുവേണം മനസിലാക്കാൻ. പ്രാകൃതർ എന്ന് പരിഷ്കൃത കൊളോണിയലിസ്റ്റുകൾ കരുതിയിരുന്ന ഗോത്ര ജനതകളുടെ ധാർമ്മിക പ്രതികരണമായിരുന്നു അവരുടെ നാനാതരത്തിലുള്ള ചെറുത്തുനിൽപ്പുകൾ.
ആദിവാസി കലാപങ്ങൾക്ക് പുറകെ വന്ന കർഷക സമരങ്ങളും ജ്യോതിബാഫുലെയുടെ ‘സത്യശോധക് സമാജവും’ ഗാന്ധിയൻ ദേശീയ പ്രസ്ഥാനവും യൂറോപ്പ്യൻ കൊളോണിയൽ ലിബറലിസത്തെ പിന്തുടരുന്നവ ആയിരുന്നില്ല. ഡോ ബി ആർ അംബേദ്‌കറിന്റെ നേതൃത്വത്തിലുള്ള ‘മഹദ് സത്യഅഗ്രഹം’ ഉൾപ്പടെയുള്ള ദളിത്- ബഹുജൻ മുന്നേറ്റങ്ങളുടെ ദിശാബോധം അന്നും ഇന്നും കൊളോണിയൽ ലിബറലിസ്റ്റ് ചട്ടക്കൂടുകൾക്ക് വഴങ്ങുന്നവയല്ലെന്ന് കാണാം. വ്യത്യസ്തമായിരുന്നു ഈ സമര രീതികളുടെ നീതിബോധം. ‘സത്യാഗ്രഹം’എന്ന പുതിയ സമര രൂപം ഈ പുതിയ ധാർമ്മിക നീതിബോധത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. തെക്കേ ഇന്ത്യയിലെ, വിശേഷിച്ചും കേരളത്തിലെ, കീഴാള ഉയിർത്തെഴുന്നേൽപ്പുകളും പാശ്ചാത്യ കൊളോണിയൽ നീതി ബോധത്തിന്റെ പരിമിതികളെയും വൈകല്യങ്ങളെയും മറികടക്കുന്നവ ആയിരുന്നു എന്നതാണ് വാസ്തവം. ഈ സവിശേഷ അടിത്തട്ട് മുന്നേറ്റങ്ങളുടെ സംഭാവനയാണ് ഇന്ത്യൻ ഭരണഘടനയുടെ കീഴാള ആഭിമുഖ്യത്തിന്റെയും ദിശാബോധത്തിന്റെയും അടിസ്ഥാനമായി വർത്തിക്കുന്നത്. ഭരണഘടനയുടെ ഈ ഉൾക്കാഴ്ചകൾ മുകളിൽ നിന്നും തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ ഈ അടിസ്ഥാനതല സമരങ്ങളുടെ ധാർമ്മിക ശക്തിയെന്തെന്ന് പഠിച്ചുൾക്കൊള്ളാതെ കീഴാള ജനതയ്‌ക്കോ ഇന്ത്യ എന്ന രാഷ്ട്ര സങ്കൽപ്പത്തിനോ മനുഷ്യത്വപരമായി അതിജീവിക്കാനോ മുന്നോട്ടുപോകാനോ കഴിയുമെന്ന് തോന്നുന്നില്ല.
നീതിക്കുവേണ്ടി കാത്തിരിക്കുന്നവ ആയിരുന്നില്ല മേൽപ്പറഞ്ഞ ചെറുത്തുനിൽപ്പുകളും ഉയിർത്തെഴുന്നേൽപ്പുകളും. ജന്മാന്തരങ്ങളുടെ ബ്രാഹ്മണിക്ക് വിലക്കുകളെയും അവ നിഷ്പ്രയാസം വലിച്ചെറിഞ്ഞു. നീതിയെയും ധർമ്മത്തെയും അവ സമൂർത്തമായി ആവിഷ്ക്കരിച്ചു. ഉണ്മയുമായി അവയെ ചേർത്തുവച്ചു. തോൽപ്പിക്കലിൽ നിന്നും ജയിക്കലിൽ നിന്നും അവയെ മോചിപ്പിച്ചു. തോൽവിയോ ജയമോ അടിത്തട്ട് ജനതയുടെ സ്വത്വപരമായ നിലനിൽപ്പിനു വേണ്ടിയുള്ള ചെറുത്തു നിൽപ്പുകളെ അലട്ടിയിരുന്നില്ല. ഉടമസ്ഥതയ്ക്ക് വേണ്ടിയായിരുന്നില്ല; ഉണ്മയുടെ പ്രകാശനമെന്ന നിലയിലായിരുന്നു അവരുടെ സമര വഴികൾ. സ്വത്വപരമായ ഉൾക്കാഴ്ചയും ആത്മബലവും അവരെ നിർഭയരാക്കി. രണ്ടല്ലായിരുന്നു അവർക്ക് ജീവിതവും സമരവും.
പ്രത്യക്ഷ രക്ഷ
‘പ്രത്യക്ഷ രക്ഷാ ദൈവ’ സങ്കല്പം പൊയ്കയിൽ അപ്പച്ചനിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. കേരളീയ കീഴാള നവോത്ഥാനത്തിന്റെ മുഖമുദ്രയാണത്. നാരായണ ഗുരുവിനും അയ്യൻ കാളിക്കും സഹോദരനയ്യപ്പനും മറ്റും ഒരുപോലെ ബാധകമായത്. ദൈവം വേണ്ടെന്ന് പറഞ്ഞ അയ്യപ്പൻറെ പ്രവൃത്തികളിൽ ഗുരു കണ്ടെത്തിയത് പ്രത്യക്ഷ രക്ഷാ ദൈവ സങ്കല്പമാകുന്നു. പ്രത്യക്ഷ രക്ഷാ ദൈവവും അയ്യപ്പൻറെ യഥോചിതമായ ധർമ്മവും അയ്യൻ കാളിയുടെയും കൂട്ടരുടെയും ധീരമായ വില്ലുവണ്ടി യാത്രയും പൊതു വിദ്യാലയ പ്രവേശനത്തിനായുള്ള കർഷക സമര പ്രഖ്യാപനവും ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും വിദ്യകൊണ്ട് സ്വതന്ത്രരാവാനുള്ള ആഹ്വാനവും ഒരുപോലെ കീഴാള രാഷ്ട്രീയ മാനങ്ങളുള്ള കണ്മുൻപിലെ സമൂർത്ത വിമോചന വഴികളാകുന്നു. ആത്മ മോചനത്തോടൊപ്പം അപര മോചനവും സാധ്യമാക്കുന്നത്. നേരിൽ കണ്ടിട്ട് ‘മനുഷ്യ ജാതി’യാണെന്ന് തിരിച്ചറിയാനായില്ലെങ്കിൽ പിന്നെ കേട്ടാലറിയുന്നതെങ്ങനെ എന്ന ഗുരുവിന്റെ ചോദ്യത്തിലുള്ളത് പ്രത്യക്ഷ ദൈവത്തിന്റെ സമൂർത്ത രാഷ്ട്രീയമാകുന്നു. മുകളിൽ നിന്നും നീതിക്കായി കാത്തിരിക്കുകയല്ല; മാനവിക സ്വത്വത്തിന്റെ ധാർമ്മികത ഉയർത്തിപ്പിടിച്ച് സന്ദർഭോചിതമായി സധൈര്യം മുന്നേറുകയാണ് വേണ്ടതെന്ന് അപ്പച്ചനും അയ്യൻ കാളിയും സഹോദരനും ഗുരുവും ഒരുപോലെ പ്രവർത്തിച്ച് കാണിച്ചു തരുന്നുണ്ട്. മരണാനന്തര മോക്ഷ പ്രാപ്തിയല്ല, ജീവിതത്തിലെ ഓരോ നിമിഷവും ചിന്തിച്ചും പ്രവർത്തിച്ചും അടിമത്തം എന്ന അനീതിയെ അതിവർത്തിക്കാനാകുമെന്നതാണ് കീഴാള വിമോചന സങ്കൽപ്പത്തിന്റെ സവിശേഷത.
ജീവിത ശൈലിയുടെ രാഷ്ട്രീയത്തിലാണ് കീഴാള വിമോചന പ്രസ്ഥാനങ്ങൾ അക്കാലം അടിയുറപ്പിച്ചത്. കീഴാള സ്വയാധികാരത്തെ ശക്തിപ്പെടുത്തിക്കൊണ്ട് മേൽത്തട്ട് പരമാധികാരത്തിന്റെ ദുഷിപ്പുകൾ അവയിൽ അഭിരമിക്കുന്നവർക്ക് കൂടി ബോധ്യപ്പെടുത്തുന്ന രീതിശാസ്ത്രമായിരുന്നു അവയുടേത്. അടിമ ശരീരങ്ങളിൽ നിന്നും പെരുമാറ്റങ്ങളിൽ നിന്നും അടിമത്ത ചിഹ്നങ്ങൾ മായ്ച്ചു കളയാൻ ആ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകി. ശരീരം, വസ്ത്രം, ആഭരണങ്ങൾ, പാർപ്പിടങ്ങൾ, ഭക്ഷണം, തൊഴിൽ, പെരുമാറ്റ രീതികൾ, ഭാഷ എന്നിങ്ങനെ ദൈനം ദിന ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുത്തനുണർവ്വുകൾ പ്രയോഗിക്കപ്പെട്ടു. സൂക്ഷ്മ രാഷ്ട്രീയത്തിന് അവ നൽകിയ പ്രാധാന്യമായിരുന്നു അത്. പിൽക്കാല ലിബറൽ- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സൂക്ഷ്മ രാഷ്ട്രീയത്തിന്റേതായ ഈ അടിസ്ഥാനത്തെ അരാഷ്ട്രീയമെന്ന് മുദ്രകുത്തി സ്ഥൂല രാഷ്ട്രീയത്തിൽ ഒതുങ്ങിക്കൂടുകയാണല്ലോ ഉണ്ടായത്. ഏതു ചെകുത്താനെ കൂട്ടുപിടിച്ചും അധികാരം നേടലാണ് രാഷ്ട്രീയ പ്രവർത്തനമെന്ന മൂഢസങ്കല്പം!
കീഴാള രാഷ്ട്രീയത്തിന്റെ അടിയുറപ്പ് സമൂർത്ത സൂക്ഷമ രാഷ്ട്രീയത്തിലുള്ള അതിന്റെ ദാർശനിക ബോധ്യങ്ങളാണ്. നാരായണ ഗുരുവും പൊയ്കയിൽ അപ്പച്ചനും ഈ മേഖലയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണെന്നു തന്നെ വേണം പറയാൻ. സ്വതന്ത്രമായ കീഴാള ദൈവ ശാസ്ത്രങ്ങൾക്ക് രൂപംകൊടുത്തവരാണിവർ. ദൈവം സ്വന്തം അപ്രത്യക്ഷതയും അമൂർത്തതയും കയ്യൊഴിഞ്ഞു സ്വത്വപരമായ നന്മകളിലൂടെ പ്രത്യക്ഷമാകുന്നതെങ്ങനെയെന്ന് അവർ നമ്മെ ബോധ്യപ്പെടുത്തുന്നു. സന്ദർഭോചിതമായ സമൂർത്ത ധാർമ്മികതയാണിത്. ദൈവം സത്യമാകുന്നു എന്ന അമൂർത്താവസ്ഥയിൽ നിന്ന് പിൽക്കാല ഗാന്ധിയും ‘സത്യമാണ് ദൈവം’ എന്ന സമൂർത്താവസ്ഥയിലേക്കും ചലനാത്മകതയിലേക്കും ദൈവത്തെ മോചിപ്പിക്കുന്നുണ്ടല്ലോ. ദൈവ കോപവും പ്രകൃതി ക്ഷോഭവും പൊയ്കയിൽ അപ്പച്ചന് രണ്ടായിരുന്നില്ല. തന്റെ ജനതയെ ദൈവത്തിലേക്കും ദൈവത്തെ തന്റെ ജനതയിലേക്കും ചേർത്തുപിടിക്കുന്നതിലൂടെ ജൈവപ്രകൃതിയെയാണ് അപ്പച്ചൻ ചേർത്ത് പിടിക്കുന്നതെന്നോർക്കുക.
ധാർമ്മിക രാഷ്ട്രീയം
നിയമ നിർമ്മാണങ്ങളിലൂടെ മുകളിൽ നിന്നും നടപ്പിലാക്കാവുന്ന ഒന്നല്ല കീഴാള സൂക്ഷമ രാഷ്ട്രീയം. ധാർമ്മിക രാഷ്ട്രീയം ആണത്. അധികാര മത്സരത്തിലുള്ളത് ധാർമ്മിക രാഷ്ട്രീയമല്ല; രാഷ്ട്രീയ ധാർമ്മികതയാണ്. തോൽപ്പിക്കലിന്റെയും ജയിക്കലിന്റേയുമായ ധാർമ്മികത ആ പേരിലുള്ള അധാർമ്മികതയല്ലാതെ മറ്റെന്താവാനാണ്? അടിത്തട്ടിൽ നിന്നുള്ള ധാർമ്മിക സൂക്ഷമ രാഷ്ട്രീയം സംരക്ഷിക്കാനാണ് യഥാർത്ഥത്തിൽ നിയമ നിർമ്മാണങ്ങൾ പ്രയോജനപ്പെടേണ്ടത്. പക്ഷെ അങ്ങനെ സംഭവിക്കുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന ബഹുജനങ്ങളുടെ നിത്യ ജീവിതത്തിലെ നിയമേനെയുള്ള ജീവിതാവിഷ്ക്കാരങ്ങളുടെ പിൻബലമില്ലാത്ത ഭരണകൂട നിയമങ്ങൾ വെറും നോക്കുകുത്തികളായി മാറുകയേയുള്ളൂ. നിയമ ലംഘകരായ ‘കുറ്റവാളി’കളുടെ എണ്ണം വർദ്ധിപ്പിക്കാനേ അത്തരം നിയമങ്ങൾ പ്രയോജനപ്പെടൂ. പിഴ ഈടാക്കുന്നതിലൂടെ ഖജനാവ് നിറയ്ക്കാമെന്നു മാത്രം. യൂറോപ്പിൽ ആധുനിക പൂർവ്വ കാലത്ത് മതദ്രോഹ കുറ്റ വിചാരണയുടെ പേരിൽ പാപപ്പിഴ ഈടാക്കിയതുമായി ഇതിനുള്ള സാമ്യം ചെറുതല്ല.
സ്വ ശരീരത്തിൽ നിന്നാരംഭിക്കുന്ന കീഴാള ധാർമ്മിക രാഷ്ട്രീയം കുടുംബ ജീവിതത്തിലൂടെ മുന്നേറേണ്ടതുണ്ട്. ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിലെന്ന പോലെ സാമൂഹ്യ ബന്ധങ്ങളുടെ കാര്യത്തിലും കുടുംബ ജീവിതത്തിന് നിർണ്ണായക പങ്കുണ്ടല്ലോ. രാഷ്ട്രത്തിന്റെ തന്നെ ഒരു ചെറു പതിപ്പാണ് കുടുംബം. രാഷ്ട്രം മതേതരവും ജനായത്തപരവും ആകണമെങ്കിൽ ആദ്യം വേണ്ടത് കുടുംബങ്ങൾ മതേതരവും ജനായത്ത മൂല്യങ്ങളിൽ അധിഷ്ഠിതവും ആവുകയാണ്. നിയമങ്ങൾ നിർമ്മിച്ച് മുകളിൽ നിന്നും കുടുംബ ജീവിതം നീതിയുക്തമാക്കാൻ കഴിയുമെന്ന് കരുതാനാവില്ല.
ഓരോ മത വിഭാഗത്തിനും ഇന്നത്തെ അവസ്ഥയിൽ ഇതര മത വിഭാഗങ്ങളെ തുല്യമായി പരിഗണിക്കാനോ ആദരിക്കാനോ കഴിയില്ല. അങ്ങനെ കഴിയുമായിരുന്നെങ്കിൽ വ്യത്യസ്ത മത വിഭാഗക്കാർ തമ്മിൽ തമ്മിൽ വിവാഹം കഴിക്കാനും ഒരു കുടുംബമായി ജീവിക്കാനും മതപരമായ തടസ്സങ്ങൾ ഉണ്ടാവുമായിരുന്നില്ല. വ്യത്യസ്ത മത വിശ്വാസികൾ തമ്മിലുള്ള വിവാഹത്തിന് മതപരമായ തടസ്സങ്ങൾ ഉണ്ടെന്നു പറയുന്നത് മതപരമായ അസഹിഷ്ണുത മൂലമാണ്. ഇതാകട്ടെ മതത്തിന്റെയോ ആത്മീയതയുടെയോ അല്ല മറിച്ച് വർഗീയതയുടെ ലക്ഷണമത്രേ.
കുടുംബ മതം രാഷ്ട്രമതത്തിന്റെ ഒരു ചെറു രൂപമാകുന്നു. കുടുംബ മതത്തിൽ നിന്ന് രാഷ്ട്ര മതത്തിലേക്ക് അധികം ദൂരമില്ല. വർഗ്ഗീയതയുടെ മേൽവളം ഉപരിവർഗ രാഷ്ട്രീയമാണെങ്കിൽ അടിവളം കുടുംബ മതം എന്ന സങ്കല്പമാകുന്നു. ഒരു രാഷ്ട്രത്തിൽ ഒരു മതം എന്ന വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ബീജ രൂപമാണ് ഒരു കുടുംബത്തിന് ഒരു മതം എന്ന സങ്കല്പം. മതേതര കുടുംബം ഉണ്ടായാലേ മതേതര രാഷ്ട്രം സാധ്യമാകൂ എന്ന് ചുരുക്കം. മതേതര രാഷ്ട്രം സാധ്യമാകണമെങ്കിൽ കുട്ടികൾക്ക് മത സ്വാതന്ത്ര്യം നൽകാൻ മാതാപിതാക്കൾ തയ്യാറാകണം. കുട്ടികൾക്ക് മത സ്വാതന്ത്ര്യം ഉണ്ടെങ്കിലേ മുതിർന്നവർക്കും അതുണ്ടാവൂ.
‘പലമത സാരവുമേകം’ എന്ന് ദൈനംദിന ജീവിതാനുഷ്ഠാനങ്ങളിലൂടെ പ്രായോഗികമായി തന്നെ അംഗീകരിക്കാത്തിടത്തോളം ഇന്ത്യനവസ്ഥയിൽ ഏതെങ്കിലും വിശ്വാസ പ്രസ്ഥാനത്തിന് ജനകീയമോ മതേതരമോ ആകാനാകില്ല. ഇതിനുപക്ഷേ ആചാരങ്ങളിൽ വിശ്വാസത്തെ തളച്ചിടാതിരിക്കണം. വിശ്വാസങ്ങളുടെ തടവറയാകാൻ ആചാരങ്ങളെ അനുവദിക്കുന്നത് വിശ്വാസത്തിലുള്ള അവിശ്വാസമായി മാത്രമേ കരുതാനാകൂ. കുട്ടികൾക്ക് വിശ്വാസ സ്വാതത്ര്യം അനുവദിക്കേണ്ടത് ഏതൊരു വിശ്വാസത്തിന്റെയും വിശ്വാസ്യതയ്ക്ക് തന്നെ ആവശ്യമാണെന്ന് സാരം.
സ്വന്തം രക്ഷാകർത്തൃത്വത്തിലുള്ള കുട്ടികൾക്ക് വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കാത്തവർക്ക് സമൂഹത്തിൽ നിന്നോ ഭരണകൂടത്തിൽ നിന്നോ അത് പ്രതീക്ഷിക്കാനുള്ള അവകാശമാണ് നഷ്ടപ്പെടുന്നത്. കുട്ടികളുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം സമൂഹത്തിലെ എല്ലാവരുടെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. പൗരന് സ്വതന്ത്രമായി മതം തെരഞ്ഞെടുക്കാനും അതിൽ വിശ്വസിക്കാനും കഴിയണമെങ്കിൽ ശിശുക്കളിൽ അത് അടിച്ചേൽപ്പിക്കാതിരിക്കണം. ശിശുക്കളിൽ ഏതെങ്കിലുമൊരു മതം അടിച്ചേല്പിക്കപ്പെടുക എന്നതിനർത്ഥം ജനങ്ങളിലൊട്ടാകെ ഏതെങ്കിലുമൊരു മതം അടിച്ചേൽപ്പിക്കാനുള്ള അവകാശവും സാഹചര്യവും ഭരണകൂടത്തിന് ഉണ്ടാക്കികൊടുക്ക എന്നാണ്. ഭരണകൂടത്തിന്റെ തന്നെ ഒരു ചെറു പതിപ്പാണ് കുടുംബം എന്നിരിക്കെ ‘കുടുംബ മതം’ എന്ന സങ്കല്പം അനിവാര്യമായും ‘രാഷ്ട്രമതം’എന്ന സങ്കൽപ്പത്തിലേക്ക് നയിക്കാതിരിക്കില്ല. കുടുംബ മതം എന്ന സങ്കല്പം തകർന്നാലേ രാഷ്ട്ര മതം എന്ന സങ്കൽപ്പവും തകരൂ. കുടുംബ മതം എന്ന സങ്കല്പം തകരണമെങ്കിൽ കുട്ടികളുടെ നിർബന്ധിത മതവൽക്കരണം ഒഴിവാക്കണം. കുട്ടികൾക്ക് വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കണം.
കുട്ടികളുടെ നിർബന്ധിത മതവൽക്കരണം ശൈശവ വിവാഹം പോലെയോ അതിലുമേറെയോ നിന്ദ്യമാണ്. ഇതാകട്ടെ നിയമം മൂലം നിർത്തലാക്കേണ്ടതോ നിർത്തലാക്കാവുന്നതോ ആയ കാര്യമല്ല. ബോധവൽക്കരണത്തിലൂടെ അടിത്തട്ടിൽ നിന്ന് വിശ്വാസ സ്വാതന്ത്ര്യത്തിനായുള്ള ബഹുമുഖ പ്രവർത്തനങ്ങളാണാവശ്യം. മതേതരത്വത്തിനും ജനായത്തത്തിനും വേണ്ടി നിലകൊള്ളുന്നവരുടെ കർത്തവ്യമാണിത്.
അധികാര രാഷ്ട്രീയത്തിന് കീഴാള സൂക്ഷമ രാഷ്ട്രീയ രംഗത്ത് ക്രീയാത്മകമായി അധികമൊന്നും ചെയ്യാനാവില്ല. എന്നല്ല, ഈ രംഗത്തെ അരാഷ്ട്രീയമെന്ന് മുദ്ര കുത്തി ബഹുജനങ്ങളുടെ മുൻകൈ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനും അതിന് കഴിയുമെന്നോർക്കണം. ജനായത്തത്തിന്റെ കാര്യത്തിലും ഇതാണാവസ്ഥ. കുടുംബത്തിനകത്തായാലും പുറത്തായാലും ജനായത്തത്തെ നിയമപരമായ ഒരു പൗരത്വ പ്രശ്നമെന്നതിനേക്കാൾ ധാർമ്മികമായ മനുഷ്യ സ്വത്വ പ്രശ്നമായി തിരിച്ചറിയുകയാണ് പ്രധാനം.
(അവസാനിക്കുന്നില്ല)
