
കെ കെ കൊച്ചിന്റെ അന്ത്യശാസനവും എന്റെ അവതാരികയും
കെ കെ കൊച്ചിന്റെ ‘കേരള ചരിത്രവും സമൂഹ രുപീകരണവും’ എന്ന പുസ്തകത്തിന് അവതാരിക എഴുതാൻ ഇടയായ സാഹചര്യവും അദ്ദേഹവുമായി ഉണ്ടായിരുന്ന ഊഷ്മളമായ സൗഹൃദവും ഓർക്കുകയാണ് എ കെ രവീന്ദ്രൻ. നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം അൽപ്പം ചില തിരുത്തലുകളോടെ ആ അവതാരിക കെ കെ കൊച്ചിന്റെ ജ്വലിക്കുന്ന ഓർമ്മകളുടെ വെളിച്ചത്തിൽ, സ്നേഹാദരങ്ങളോടെ, പന്തിയുടെ വായനക്കാർക്കായി അദ്ദേഹം സമർപ്പിക്കുന്നു!
കെ കെ കൊച്ച് ഇന്ന് ബഹുവിധ ഓർമ്മകളിലൂടെ നമ്മുടെ തന്നെ ജീവിതമായി മാറിക്കഴിഞ്ഞു. അദ്ദേഹം എനിക്ക് വിദ്യാർത്ഥി ജീവിതം മുതൽ സുഹൃത്തും സഖാവും വഴികാട്ടിയുമായിരുന്നു. സുദീർഘമായ ആ ആത്മ ബന്ധത്തിൽ നിന്നാണ് ‘കീഴാള സ്വാരാജ്’ എന്ന എന്റെ ആദ്യ പുസ്തകം രൂപപ്പെടുന്നത്. കൊച്ചും ബാബുരാജും നേതൃത്വം കൊടുത്ത ‘സബ്ജെക്ട് ആൻഡ് ലാംഗ്വേജ് പ്രസ്’ ആണ് പ്രസാധകർ. എന്റെ അഭ്യർത്ഥനപ്രകാരം ആ പുസ്തകത്തിന് കൊച്ച് സമഗ്രമായൊരു പഠനം എഴുതിത്തന്നു.
പകരമെന്നോണം, ‘കേരള ചരിത്രവും സമൂഹ രുപീകരണവും‘ എന്ന തന്റെ പുസ്തകത്തിന് ഞാനൊരു അവതാരിക എഴുതണമെന്നായി അദ്ദേഹം. ഇതിലെ യുക്തി എനിക്ക് മനസിലായില്ല. ചരിത്ര രചനയുമായോ ചരിത്ര വായനയുമായോ യാതൊരു അടുപ്പവുമില്ലാതിരുന്ന ഞാൻ എന്റെ പ്രകടമായ അയോഗ്യത മുൻ നിർത്തി കൊച്ചിന്റെ ആവശ്യം നിരസിച്ചുവെങ്കിലും വീട്ടിൽ വന്ന് കയ്യെഴുത്തു പ്രതി അവിടെയിട്ട് എത്രയെങ്കിലും സമയമെടുത്തോളൂ എന്നാശ്വസിപ്പിച്ച് മറ്റു കാര്യങ്ങൾ സംസാരിച്ച് അദ്ദേഹം സ്ഥലം വിട്ടു.

മാസങ്ങളെത്രയോ കടന്നുപോയി. ആദ്യമൊന്ന് ഓടിച്ചു വായിച്ചതൊഴിച്ചാൽ ഗൗരവമുള്ളൊരു വായനയ്ക്ക് പിന്നീട് ഞാൻ മുതിർന്നതുമില്ല. ചരിത്രമെഴുത്തും അതിന്റെ വായനയും ഒരു സൈദ്ധാന്തിക സമസ്യയായി എന്നെ ഇതിനകം ആവേശിച്ചു കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ സന്ധ്യയ്ക്ക് അതാ ഫോണിലൂടെ കൊച്ചിന്റെ അന്ത്യശാസനം: ‘നിങ്ങൾ അവതാരിക എഴുതിയാലും ഇല്ലെങ്കിലും ഞാൻ നാളെ ഉച്ചയ്ക്ക് മുൻപായി മുരിങ്ങൂരിലെ വീട്ടിൽ വരും. ഉച്ചയ്ക്ക് ചോറ് വേണം. വൈകീട്ട് ഞാൻ അവതാരികയുമായിട്ടേ മടങ്ങൂ. പിന്നെ, നിങ്ങൾതന്നെ എഴുതണമെന്ന് പറയുന്നതിന്റെ പ്രധാന കാരണം പ്രത്യുൽപ്പാദന ബന്ധങ്ങളെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഗൗരവത്തിലെടുക്കുന്നതുകൊണ്ടാണ്. നാളെ നേരിൽ കാണാം.’
‘നിങ്ങൾ’ എന്ന വാക്കിലുള്ള സ്‌നേഹനിർഭരമായ ഊന്നൽ ഇപ്പോഴും എന്റെ ചെവിയിലുണ്ട്. ഫോൺ താഴെവച്ച് ലൗലിയോട് കാര്യം പറഞ്ഞ ശേഷം ഒറ്റയിരുപ്പിൽ എഴുതിയ കുറിപ്പാണ് നിലവിലെ അവതാരിക. ഒന്ന് പകർത്തി എഴുതിയെന്നതൊഴിച്ചാൽ ആവർത്തിച്ചു വായിച്ചു നോക്കാനോ തിരുത്താനോ കഴിഞ്ഞില്ല. നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം അൽപ്പം ചില തിരുത്തലുകളോടെ ആ അവതാരിക കെ കെ കൊച്ചിന്റെ ജ്വലിക്കുന്ന ഓർമ്മകളുടെ വെളിച്ചത്തിൽ, സ്നേഹാദരങ്ങളോടെ, പന്തിയുടെ വായനക്കാർക്കായി സമർപ്പിക്കുന്നു!
ചരിത്രം: ദൃശ്യവും അദൃശ്യവും
നിഷ്ക്രിയമോ നിഷ്കളങ്കമോ അല്ല ചരിത്രമെഴുത്ത്. ജൈവ ശരീരങ്ങൾക്കു മേലുള്ള മൂർച്ചയേറിയ അധികാരപ്രയോഗമാണത്. ഇതേക്കുറിച്ച് ചരിത്രമെഴുത്തുകാർക്ക് എത്രകണ്ട് അവബോധമുണ്ട്? ചരിത്രത്തെ അഹിംസയിലൂടെ, അധികാര വിരുദ്ധരുമായി, അവതരിപ്പിക്കാനാവുമോ? അപ്പോളത് ചരിത്രമായിത്തന്നെ തുടരുമോ? കെ.കെ. കൊച്ചെഴുതിയ ‘കേരള ചരിത്രവും സമൂഹരൂപീകരണവും’ എന്ന പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി വായിക്കാനെടുത്തപ്പോൾ എന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങളാണിവ. വായനക്കുശേഷം മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ തീവ്രത കൂടിക്കൂടി വരികയാണ്. സ്വന്തം ശരീരങ്ങളിലൂടെയും അപരശരീരങ്ങളിലൂടെയും അനുനിമിഷം എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിക്കുന്ന ചരിത്രത്തെ പ്രതി അതിന്റെ രചയിതാക്കളും വായനക്കാരുമെന്ന നിലയിൽ നാം എത്രകണ്ട് അവബോധമുള്ളവരാണെന്ന ഒരു വലിയ ചോദ്യമാണ് കൊച്ചിന്റെ കൃതി യഥാർഥത്തിൽ മുന്നോട്ടു വെയ്ക്കുന്നതെന്നു പറയട്ടെ.

“ശങ്കരന്റെ അദ്വൈതവേദാന്തം സമൂഹവികാസത്തിനെതിരായ പ്രതിവിപ്ലവമായാണ് വിലയിരുത്തപ്പെടേണ്ടതെ”ന്ന നിരീക്ഷണത്തോടെയാണ് കെ.കെ. കൊച്ചിന്റെ കേരള ചരിത്രാവലോകനം സമാപിക്കുന്നത്. മധ്യകാല കേരളത്തിൽ പ്രതിവിപ്ലവകരമായ പങ്കാണ് ശങ്കരന്റേതെന്ന് കൊച്ച് അഭിപ്രായപ്പെടുന്നു. ഇത്തരം നിഗമനങ്ങളിലൂടെ ചരിത്രത്തിലെ കുഴമറിച്ചിലുകളിലുള്ള വ്യക്തതകൾക്കുപരി ചരിത്രകാരന്റെ നിലപാടുകളെക്കുറിച്ചും രീതിശാസ്ത്രത്തെക്കുറിച്ചുമുള്ള വ്യക്തതകളാണ് വായനക്കാർക്ക് ലഭ്യമാകുന്നത്. ചരിത്രത്തെ എങ്ങനെ സമീപിക്കണമെന്ന പ്രശ്നം പ്രധാനമാവുകയും അതിൽ വ്യക്തത കിട്ടേണ്ടതിലേക്ക് വായനക്കാർ നയിക്കപ്പെടുകയുമാണ് ഇതിന്റെ സ്വാഭാവിക പരിണതി. രചയിതാക്കളെക്കാൾ വായനക്കാരെയാണ് ഇത്തരം പ്രശ്നങ്ങൾ അലട്ടേണ്ടതും വ്യക്തമായ നിലപാടുകളിലേക്ക് നയിക്കേണ്ടതും. വായനക്കാരുടെ സ്വന്തം ചുമതലയാണത്. അതവർ ഏറ്റെടുത്തേ മതിയാവൂ.
തലങ്ങും വിലങ്ങുമുള്ള ആവർത്തിത വായന ചരിത്ര ഗ്രന്ഥങ്ങൾ വിശേഷിച്ചും അർഹിക്കുന്നു. ഇന്നലെകളിൽ നിന്ന് ഇന്നിലേക്ക് വായിക്കുമ്പോഴുള്ള അർഥ കല്പനകളെക്കാൾ ഒരുപക്ഷെ ദിശാപരമായി തന്നെ വ്യത്യസ്തമാകാം ഇന്നിൽനിന്ന് ഇന്നലെകളിലേക്ക് വായിക്കുമ്പോഴുള്ള അർഥോൽപാദന സാധ്യതകൾ. ഭൂത-വർത്തമാനങ്ങളിലൂടെയുള്ള നിരന്തര സഞ്ചാരമാണ് ചരിത്രരചന. വർത്തമാനകാലത്തിലുള്ള അതിന്റെ ഊന്നലുകൾ പലപ്പോഴും ഗുപ്തമോ അവ്യക്തമോ ആയിരിക്കാനിടയുണ്ട്. ഭൂതത്തിൽ നിന്ന് വർത്തമാനത്തിലേക്ക് എന്ന ആരോഹണപ്രതീതി ഉളവാക്കുമ്പോഴും ചരിത്രം അടിയുറപ്പിക്കപ്പെട്ടിരിക്കുന്നത് വർത്തമാനകാലത്തിലാകുന്നു. വർത്തമാനവുമായുള്ള ഈ പൊക്കിൾക്കൊടി ബന്ധമാകട്ടെ ‘കേശാദിപാദം’ വായനയിലാണ് പലപ്പോഴും വെളിപ്പെട്ടു വരിക. മധ്യകാല കേരളത്തിന്റേതായാലും പ്രാചീന കേരളത്തിന്റേതായാലും യഥാർഥത്തിൽ എഴുതപ്പെടുന്നത് വർത്തമാനകാല ചരിത്രമാണെന്ന തിരിച്ചറിവ് ചരിത്രവായനയെ സർഗാത്മകമാക്കാതിരിക്കില്ല. തിരശ്ചീനമായ വായനാസാധ്യതകളിലേക്കാണ് അത് അവശ്യം വഴിതുറക്കുക. അതുകൊണ്ടുതന്നെ, ഗ്രന്ഥകാരന്റെ ഇതരരചനകളും പ്രവർത്തനമണ്ഡലങ്ങളും അവയ്ക്ക് സാധ്യതയേകിയ വർത്തമാനകാല കേരളീയ സാമൂഹികസന്ദർഭവും ഈ ചരിത്രഗ്രന്ഥം വായിക്കും മുൻപ് കണക്കിലെടുത്തേ മതിയാവൂ.

ശങ്കരന്റെ അദ്വൈതം നിറവേറ്റിയതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും നാരായണഗുരുവിന്റെ അദ്വൈതം നിറവേറ്റിയത്. 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാർക്സിന്റെ അദ്വൈതം എന്ന വ്യാജേന സ്റ്റാലിനിസ്റ്റ് ദ്വൈതവാദം നിറവേറ്റിയതാകട്ടെ മറ്റൊരു ദിശയിലേയ്ക്കുള്ള സാമൂഹിക ധ്രുവീകരണമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം അദ്വൈത ദാർശനികധാരകളുടെ വിനിയോഗ പ്രക്രിയകളും ഭാഗധേയങ്ങളും എവിടെയൊക്കെ എത്തിനിൽക്കുന്നുവെന്നതാണ് കെ.കെ. കൊച്ചിന്റെ പ്രസ്തുത ഗ്രന്ഥം വായിച്ചവസാനിപ്പിക്കുന്നതോടെ എത്തിച്ചേരാവുന്ന ഒരു പ്രശ്നമണ്ഡലം.
ശരീരങ്ങളിൽ നിന്ന് ജാതീയത മാച്ചുകളഞ്ഞ് അവയെ മാനവശരീരങ്ങളെന്ന നിലയിൽ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങളിലാണ് കേരളീയ നവോത്ഥാനം ഏർപ്പെട്ടതെങ്കിൽ ജാതീയ ശരീരങ്ങളെ വർഗശരീരങ്ങളായി നാമകരണം ചെയ്യുന്നതിലൂടെ ജാതീയതയുടെ തമസ്കരണമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രാവർത്തികമാക്കിയതെന്നു കാണാൻ വിഷമമില്ല. ചരിത്ര പഠനമെന്നത് അതിന്റെ ഏറ്റവും മൂർത്തമായ അർഥത്തിൽ ശരീരങ്ങളുടെ പഠനമാണ് – പ്രത്യക്ഷമായാലും പരോക്ഷമായാലും. ശരീരപഠനം കൊണ്ടുദ്ദേശിക്കുന്നത് ജീവശാസ്ത്രപരമായ പഠനമല്ല; അതും അതിലുൾപ്പെടുമെന്നു മാത്രം. ശരീരത്തെക്കുറിച്ചുള്ള സാമൂഹിക ആത്മീയ നിലപാടുകളും പഠനങ്ങളുമാണ് ചരിത്രരചനയെ ജൈവവും സമൂർത്തവുമാക്കുന്നത്. വ്യക്തിപരമായതിന്റെ രാഷ്ട്രീയം ഏതൊരു ചരിത്രഗ്രന്ഥത്തെ സംബന്ധിച്ചും ഇത്തരമൊരു വായന ഇന്ന് ആവശ്യപ്പെടുന്നുണ്ട്.
ചിഹ്നങ്ങൾ എഴുതാനുള്ള പ്രതലമല്ല ശരീരം (‘സ്വത്വം ശരീരം അന്തക്കരണം’ എന്ന ശീർഷകത്തിൽ നാരായണഗുരുവിന്റെ കൃതികളെപ്പറ്റി ഉദയകുമാർ നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ഓർക്കുക.) എന്ന നവോത്ഥാനകാല നിലപാടിൽനിന്ന് കമ്യൂണിസ്റ്റ് കാലഘട്ടത്തിലെത്തിയപ്പോൾ ബദൽ ചിഹ്നങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ തുരത്തിയോടിക്കാവുന്നതാണ് പ്രതിലോമ ചിഹ്നങ്ങൾ എന്നൊരു നിലപാടിലേക്കാണ് കേരളീയ പൊതുബോധം എത്തപ്പെട്ടത്. ശരീരം തന്നെ സത്യത്തിന്റെ ചിഹ്നമായി മാറുന്ന ഒരവസ്ഥ അവിടെ കാണാനാവില്ല. ആര്യ- ദ്രാവിഡ, ബ്രാഹ്മണ ബൗദ്ധ സംഘർഷങ്ങൾ പലപ്പോഴും അവതരിപ്പിക്കപ്പെട്ടതും വായിക്കപ്പെട്ടതും വർഗ സംഘട്ടനങ്ങളുടേതായ ഈ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടിനകത്തായിരുന്നു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന’ നിർമ്മിതിയുടെ ഒരു കൈവഴിയായ ‘അവകാശ’ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, എസ് എൻ ഡി പി തുടങ്ങിയവയിൽ പിൽക്കാല കമ്യൂണിസ്റ്റ് ദിശാവ്യതിയാനത്തിന്റെ വിത്തുകൾ ദർശിക്കാവുന്നതാണ്. അധികാര വിരുദ്ധമായ മാനവ സമൂഹ രൂപീകരണ ദിശാബോധത്തിന്റെ തിരശ്ചീനപാത ഇതോടെ അടഞ്ഞുപോവുകയാണല്ലോ ഉണ്ടായത്.
‘പുണർന്നു പെറുമെല്ലാമൊരിനമാം’ എന്നും ‘നേരുമെയ്തന്നെ ചൊൽകയാൽ’ എന്നും മറ്റുമുള്ള നാരായണഗുരുവിന്റെ വിശദമായ ജാതി നിർവചനത്തെ ജീവശാസ്ത്രപരമായ അർഥവിശാലതകളോടെ ഉൾക്കൊള്ളുകയെന്നത് അധിനിവേശ വിരുദ്ധ ദേശീയ മുതലാളിത്ത വളർച്ചയുടെ ആദ്യഘട്ടങ്ങളിലെ കേരളീയ സമൂഹത്തിൽ ഒരു പരിധിവരെ സാധ്യവും സ്വാഭാവികവുമായിരുന്നു. എന്നാൽ ഇതിൽ നിന്നു വ്യത്യസമായി അധികാര രാഷ്ട്രീയത്തിലേക്ക് ജാതീയതയുടെ പ്രശ്നത്തെ ഏകോപിപ്പിച്ച് മുകളിൽ നിന്ന് ഒറ്റയടിക്ക് പരിഹാരം തേടുവാനാണ് കമ്യൂണിസ്റ്റുകൾ ശ്രമിച്ചത്. പ്രലോഭനീയമായ ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നതിൽ അവർ നല്ലൊരു പരിധിവരെ മുന്നേറുകയും ചെയ്തു. അധികാരം കൊയ്യുന്നതുവരെ ജാതീയശരീരങ്ങൾക്കുമേൽ വർഗ ചിഹ്നങ്ങളണിയിച്ച് ജാതിയുടെ മൂർത്തമായ ശരീരരാഷ്ട്രീയത്തെ തമസ്കരിക്കുന്നതിലെ അപകടം വർത്തമാനകാല ദലിത് – ഫെമിനിസ്റ്റ് ബൗദ്ധികനേതൃത്വം തിരിച്ചറിയുന്നുണ്ടെങ്കിലും അധികാരത്തിൽ പിടിമുറുക്കുകയോ പങ്കുപറ്റുകയോ ചെയ്യുകയെന്ന നിലപാടിന്റെ ഇരുതല മൂർച്ചയെക്കുറിച്ച് അവർക്ക് എത്രമാത്രം അവബോധമുണ്ടെന്ന് ഇനിയും പ്രകടമാകാനിരിക്കുന്നതേയുള്ളൂ. കേരള ചരിത്രത്തിലേക്കുള്ള കെ. കെ. കൊച്ചിന്റെ എത്തിനോട്ടം ഇതേപ്പറ്റി ചിന്തിക്കാൻ വായനക്കാരെ ഉത്തേജിപ്പിക്കേണ്ടതാണ്. സമകാലീന കേരളീയ സാമൂഹികാവസ്ഥയിലെ വൈരുധ്യങ്ങളും ഈ വഴിക്ക് ചിന്തിക്കാൻ നിർബന്ധിക്കുന്നവയത്രെ. ഗ്രന്ഥകാരൻ സുദീർഘമായി ഏർപ്പെട്ടുവരുന്ന പ്രക്ഷോഭപ്രവർത്തന പരിസരമാണ് ഈ ഗ്രന്ഥത്തിന്റെ ഇനിയും എഴുതപ്പെടാതെ പോയിട്ടുള്ള, എത്ര എഴുതിയാലും ബാക്കിയാവുന്ന, ആമുഖ അധ്യായങ്ങൾ.
II
ചരിത്രമെഴുത്ത് ‘ചരിത്ര’ത്തിൽ ആരോപിതമാകുന്ന മിഥ്യകളുടെ ഉച്ഛാടനമാണ്. അതിലൂടെ അവതരിപ്പിക്കുന്നതാകട്ടെ ചരിത്രത്തിന്റെ പുതിയ മിഥ്യാരൂപങ്ങളല്ലാതെ മറ്റൊന്നുമല്ല. നിലപാടുകളുടെ വ്യത്യസ്തതകൾ മൂലവും ഊന്നലുകളുടെ സവിശേഷതകൾ കൊണ്ടുപോലും ഏതു ചരിത്രരചനയും വക്രീകൃതമാകാതെ വയ്യ. സർവ്വർക്കും ഒരുപോലെ സ്വീകാര്യമാകുന്ന ചരിത്രം എന്നൊന്നില്ല. ഭാഗീകവും അവയവപരവുമായ ആനക്കാഴ്ചയ്ക്കു സമാനമായാണ് ചരിത്രം നിലനിന്നിട്ടുള്ളതും നിലനിൽക്കുന്നതും. അവയവി അത്യുന്നതങ്ങളിലാണെന്ന മേൽത്തട്ട് മനോഭാവവും കൂട്ടിനുണ്ടാകും. ഇതിൽ കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും പരിമിതികളുണ്ട്. ഒപ്പം യാന്ത്രികമോ സർഗാത്മകമോ ആയ ബഹുവിധ സാധ്യതകളും.
കാഴ്ചയ്ക്ക് ചരിത്രബദ്ധമായല്ലാതെ നിലനിൽപ്പില്ല. അത് മിഥ്യയല്ല. കർത്തൃനിഷ്ഠമാണത്. അതുകൊണ്ടുതന്നെ അതിനെ വസ്തുനിഷ്ഠമായി അവതരിപ്പിച്ച്, ഇതാണ് സത്യം ഇതിനു മുമ്പിൽ മുട്ടുകുത്തുവിൻ എന്നു ഭാവിക്കുന്നിടത്ത് ഏതൊരു കാഴ്ചയും’മിഥ്യ’യാൽ പൊതിയപ്പെടുന്നുണ്ട്; ഹിംസയോ പ്രതിഹിംസയോ ആയി നിലകൊളളുന്നുണ്ട്. കാഴ്ച അങ്ങനെ കാഴ്ചപ്പാടുകളുടെ സംഘർഷവേദിയായി മാറുകയാണ്.
പടയോട്ടങ്ങളുടേതായിരുന്നു ഒരു കാലത്തെ ചരിത്രം. അത് വർഗ സമരങ്ങളുടേതെന്ന് കാൾ മാർക്സ് തിരുത്തി. ഉയിരെടുക്കുന്ന സമരങ്ങളുടെ വർഗസ്വാംശീകരണവും വർഗമുദ്രണവുമാണ് നടക്കുന്നതെന്ന അഭിപ്രായങ്ങളുമുണ്ട്. ചരിത്രം സ്വയം ഒരു പടയോട്ടമാണെന്ന അറിവാണ് പ്രധാനം. നിലനിൽക്കണമോ, ചരിത്രത്തിൽ ആവിഷ്കൃതമാകണം എന്നതാണവസ്ഥ. ചരിത്രത്തിൽ ദൃശ്യരല്ലാത്തവർ നിലനിൽക്കുന്നു എന്നതിന് ഉറപ്പില്ലാതായിരിക്കുന്നു.
ഞാൻ മരിച്ചു എന്ന് എനിക്കു പറയാനാവില്ല. അതിന് ആധികാരികമായ മറ്റൊരു സാക്ഷ്യം ആവശ്യമാണ്. ഇതേ യുക്തി ഞാൻ മരിച്ചിട്ടില്ലെന്ന് സ്വയം വിളിച്ചു പറയുന്ന എന്നിൽ പ്രയോഗിക്കപ്പെട്ടാലുള്ള അവസ്ഥ എത്രമേൽ ക്രൂരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചുമതലപ്പെടുത്തപ്പെട്ട ഒരു വിദഗ്ധ ഡോക്ടർ ഞാൻ മരിച്ചു എന്ന് ‘സർട്ടിഫൈ’ ചെയ്യുകയാണെങ്കിൽ അതോടെ എന്റെ കഥ കഴിഞ്ഞതു തന്നെ.
ഇന്നത്തെ ഇലക്ട്രോണിക് ‘ലൈസൻസ് രാജി’ൽ പൗരസമൂഹം കാർഡുകളും നമ്പരുകളുമായാണ് നിലനിൽക്കുന്നത്. നിർദേശിക്കപ്പെട്ട കാർഡുകളും നമ്പരുകളുമില്ലാത്തവർ മൃതസമാനരായി ജീവിക്കുകയോ വൈകാതെ മൃതരാവുകയോ ചെയ്യുന്നു. ചരിത്രത്തിലില്ലാത്തവരുടെ അവസ്ഥയും ചരിത്രത്തിന്റെ തന്നെ അവസ്ഥയും ഇതിൽ നിന്നു വ്യത്യസ്തമല്ല. അക്കാദമിക് ചരിത്രരചയിതാക്കളാൽ എഴുതപ്പെടുമ്പോഴോ അംഗീകരിക്കപ്പെടുമ്പോഴോ മാത്രമാണ് ചരിത്രത്തിന് ആധികാരികതയും ചരിത്രമെന്ന നിലനിൽപ്പും കൈവരുന്നതെന്ന് ‘പൊതുസമൂഹം’ കരുതുന്നു. ചരിത്രത്തിനു പുറത്തുള്ളവരെപ്പോലെ തന്നെ ‘അംഗീകൃത’ ചരിത്രമെഴുത്തുകാർക്കു പുറത്തുള്ളവരാൽ വിരചിതമാകുന്ന ചരിത്രത്തിനും നിലനിൽക്കാനാകാതെ വരുന്നു; ഒരുപക്ഷേ സ്വന്തമായ നിലനിൽപ്പ് സാധ്യമായവർ ഇപ്പറഞ്ഞ ബഹിഷ്കൃതർ മാത്രമാണെന്നിരിക്കിലും.
അംഗീകൃത ചരിത്രവീക്ഷണത്തെയും ചരിത്രസങ്കൽപ്പത്തെയും തള്ളിക്കളയേണ്ടത് ചരിത്രത്തിൽ ദൃശ്യരല്ലാത്തവരുടെ നിലനിൽപ്പിന്റെ എക്കാലത്തെയും പ്രശ്നമാണ്. എന്തുകൊണ്ടെന്നാൽ ചരിത്രമെന്നത് അന്നെന്നപോലെ ഇന്നും ഒരു അധിനിവേശ ആയുധവും അതിന്റെ പ്രയോഗവുമാകുന്നു. അങ്ങനെയല്ലാതാകുന്നതോടെ ചരിത്രത്തിന്റെ നിലനിൽപ്പ് എങ്ങനെ ആയിരിക്കുമെന്നതാണ് ഇന്ന് കീഴാളചരിത്ര രചന അഭിമുഖീകരിക്കുന്ന ദർശനപരമായ വെല്ലുവിളി. വ്യവസ്ഥാപിത ചരിത്രരചനാസങ്കൽപ്പങ്ങളെ തള്ളിക്കളയുന്നതോടെ പുറന്തള്ളപ്പെടുന്നത് ‘ബദൽ ചരിത്രം’ എന്ന സങ്കൽപ്പത്തിന്റെ തന്നെ വിശ്വസനീയതയാണ്. ചരിത്രം എന്ന പൊയ്‌വേഷങ്ങളുടെ നിരന്തര നിരാകരണമാണിവിടെ സംഭവിക്കുന്നത്.
പരസ്പരം നിരാകരിച്ചുകൊണ്ടല്ലാതെ ചരിത്രത്തിനും കീഴാള ജനതയ്ക്കും നിലനിൽക്കാനാവില്ലെന്ന തിരിച്ചറിവ് ചരിത്രസങ്കൽപ്പത്തിലും കീഴാള വിമോചന സങ്കൽപ്പത്തിലും വരുത്തിവെയ്ക്കുന്ന വിഛേദങ്ങൾ എന്തൊക്കെയാവാം? ചരിത്രത്താൽ തിരസ്കരിക്കപ്പെട്ടവർക്ക്, ‘ഇരകൾ’ എന്ന നിലയിലല്ലാതെ സ്വന്തമായി നിലനിൽപ്പും ചരിത്രവുമുള്ളവർ എന്ന നിലയിൽ ദൃശ്യത കൈവരിക്കാനാവുക എങ്ങനെയാണ്? കൂലിയില്ലാ വേലയെ കൂലിവേലയിലേക്ക് പരിവർത്തനപ്പെടുത്തിയിട്ടാണോ ചരിത്രത്തിൽ അതിനെ ദൃശ്യമാക്കുക? ഉൽപ്പാദന – ഉപഭോഗ പ്രധാനമായ വീക്ഷണത്തിൽ നിന്നു വ്യത്യസ്തമായി പ്രത്യുൽപാദനപരമായ ചരിത്രവീക്ഷണം സാധ്യമാകുന്നതെങ്ങനെ? നിശ്ചയമായും അത് മറ്റൊരർഥത്തിലും തലത്തിലുമാകാതെ നിവൃത്തിയില്ല. കയ്യൂക്കിനു മുന്നിൽ കീഴടക്കപ്പെട്ടത് സ്വന്തം ദൗർബല്യം മൂലമല്ലെന്ന്, പ്രത്യുൽപ്പാദനപരമായ സ്വാശ്രയത്വം മൂലമാണെന്ന്, തെളിവു നൽകാൻ കയ്യൂക്കിന്റെയും ‘വന്ധ്യത’യുടെയും യുക്തിചിന്തക്ക് സാധ്യമല്ല. അതുകൊണ്ടു തന്നെ സാമ്പ്രദായിക കൊളോണിയൽ ചരിത്രരചനാസങ്കൽപ്പവുമായി സ്വാശ്രിത കീഴാളചരിത്രരചനാ സങ്കൽപ്പത്തിന് പൊരുത്തപ്പെട്ടു പോകാനാവില്ല.
ചരിത്രത്താൽ പുറന്തള്ളപ്പെട്ടവർ ചരിത്രത്തിന്റെ കുഴമറിച്ചിലുകളുമായി ഏറ്റുമുട്ടിക്കൊണ്ടേയിരിക്കുന്നു. അത് അനിവാര്യമാക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. നാളെയും ഇതൊക്കെ തുടർന്നേക്കാം. ചരിത്രത്തിന്റെ കാഴ്ചവട്ടത്തിലേക്ക് തള്ളിക്കയറിയാലേ ആർക്കും ദൃശ്യമായ സാമൂഹികതയും മാനുഷികമുദ്രയും അംഗീകരിച്ചു കിട്ടൂ. ഈ കാഴ്ചവട്ടത്തിനകത്ത് കയറിപ്പറ്റിയാലാകട്ടെ അതിൽ അധികാധികം ദൃശ്യത നേടിയെടുക്കാനും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠാപിതമാകാനുമാണ് പിന്നീടുള്ള ശ്രമം. അധികാര മത്സരങ്ങളുടെ രക്തദാഹം പൂണ്ട പടയോട്ടമായി ചരിത്രം മാറുന്നത് അങ്ങനെയാണ്. ഇപ്രകാരം പ്രതിഹിംസയുടെ ആവരണമിട്ട ഹിംസ ആകാതിരിക്കാനാവുമോ ചരിത്രത്തിന്? ചരിത്രത്തിലേക്ക് എത്തിനോക്കാനാഗ്രഹിക്കുന്ന, അതിനായി അനവരതം ശ്രമിക്കുന്ന, അങ്ങനെ മാത്രമേ സ്വന്തം നിലനിൽപ്പ് സാധ്യമാക്കാനോ സാധൂകരിക്കാനോ ആവൂ എന്നു കരുതുന്ന, ഏതൊരു ബഹിഷ്കൃതവിഭാഗത്തിന്റെയും വ്യക്തിയുടെയും മുന്നിൽ ഈ ചോദ്യമുണ്ട്.

ഇന്നലെയും ഈ ചോദ്യം ഉണ്ടായിരുന്നുവോ എന്നറിയേണ്ട ആവശ്യമില്ലാത്തവിധം ഇന്നലെകളുടെ കെട്ടുപാടുകളിൽ നിന്ന് ഇന്നിനെ അഴിച്ചെടുക്കുന്ന തരത്തിലുള്ള ഒരു ചരിത്രാവബോധം ഇവിടെ പ്രസക്തമാകുന്നുണ്ട്. ഇന്നിൽ ഊന്നിനിന്ന് ഇന്നലെകളുടെ വിവരണങ്ങളുടെയും വിചാരണകളുടെയും ആധികാരികതയെ ചോദ്യം ചെയ്തേ മതിയാവൂ എന്നൊരു അഭിസന്ധിയിൽ എത്തപ്പെട്ടിരിക്കുകയാണ് ബഹിഷ്കൃത വിഭാഗങ്ങൾ അപ്പാടെ. ഇന്നിന്റേതായ ഈ അവബോധമാണ് ചരിത്ര നിർമിതിയെന്ന അധികാരക്കളിയുടെ ദുഷിപ്പുകളെ അഭിമുഖീകരിക്കാൻ ഇവരെ പ്രാപ്തരാക്കുക. സ്ത്രീകളും ദലിതരും അംഗീകൃത ചരിത്രാവസ്ഥകളിൽ നിന്ന് നിരന്തരം പുറന്തള്ളപ്പെടുന്നവരും ചരിത്രത്തിൽ ‘വേണ്ടത്ര’ ഇടം കിട്ടാത്തവരെന്ന് പരാതിപ്പെടുന്നവർ പോലും മേൽപ്പറഞ്ഞ അവബോധത്തിന്റെ വക്കത്തുണ്ട്. ശാരീരികമായ ഉന്മൂലനത്തിനുശേഷം ഇവരിൽ പലരും സ്വാംശീകരണ ബലതന്ത്രങ്ങളുടെ ഭാഗമായി ചരിത്രത്തിന്റെ അലംകൃതമായ അൾത്താരയിൽ പ്രദർശിപ്പിക്കപ്പെടാതിരിക്കുന്നില്ല. ചരിത്രത്തിലെ ഏറ്റവും ക്രൂരതയാർന്ന കൊലക്കത്തി ചരിത്രം തന്നെയാണെന്ന അറിവിലേക്കുണരുന്നതോടെ കീഴാള ചരിത്ര രചനാസങ്കൽപ്പം ഒരു പ്രതിസന്ധിയിലകപ്പെടുകയാണ്. മൗലികമായ ഒരു ദിശാവ്യതിയാനമല്ലാതെ ഇവിടെ മറ്റു പോംവഴികളൊന്നുമില്ല. ചരിത്രതലത്തിലുള്ള ഉന്മൂലനം ജീവിച്ചിരിക്കെത്തന്നെയുള്ള ‘ചിത്രവധ’മാണെന്ന അറിവാണ് ഈ ദിശാവ്യതിയാനത്തെ അനിവാര്യമാക്കുന്നത്. ശാരീരികമായ ഉന്മൂലനങ്ങൾ സാധൂകരിക്കപ്പെടുന്നതും സുസാധ്യമാകുന്നതും ചരിത്രഖഡ്ഗത്താലുള്ള ചിത്രവധത്തിലൂടെയാണെന്ന അറിവാണത്.
അംഗീകൃത ചരിത്രമെഴുത്തുകാർ പോയകാലത്തെ പിന്തുടരുന്നവർ മാത്രമല്ല. അവർ ഇന്നിനെ ഭരിക്കാൻ വെമ്പുന്നവരും അതിന്നായി ശക്തിയാർജിച്ചവരും മനുഷ്യരെക്കുറിച്ച് വിധി പ്രസ്താവന നടത്തുന്നവരുമാണ്. അവരാൽ എഴുതിത്തള്ളപ്പെടുന്നതുകൊണ്ടുകൂടിയാണ് ജനകോടികൾ അടിമകളാക്കപ്പെടുന്നതും ശാരീരികമായ ഉന്മൂലനത്തിലേക്കു നയിക്കപ്പെടുന്നതും. ചരിത്രത്തിൽ കടന്നുകൂടുകയെന്നത് നിലനിൽപ്പിന്റെ പ്രശ്നമാകുന്നത് അതുകൊണ്ടാണ്. ഇതാകട്ടെ അധികാരരാഷ്ട്രീയത്തിലെ പങ്കാളിത്തത്തിന്റെ കൂടി പ്രശ്നമാണ്. കീഴാളരുടെ സ്വത്വാധികാര നിധേഷത്തിലൂടെ മാത്രം സംഭവ്യമാകുന്ന ഒന്നായാണ് അധികാര രാഷ്ട്രീയം നിലനിൽക്കുന്നത്.
ചരിത്രത്തിലേക്കു പ്രവേശിക്കുകയെന്നാൽ അധികാരത്തിന്റെ മണ്ഡലത്തിലേക്കു പ്രവേശിക്കലാണ്. അതോടെ കീഴാളരുടെ കീഴ്നിലയ്ക്ക് ഉലച്ചിൽ തട്ടുന്നു. ഒപ്പമുണ്ടായിരുന്നവരുമായും അദൃശ്യപ്രകൃതിയുമായും നിലനിന്നുവന്ന പൊക്കിൾക്കൊടി ബന്ധം അറ്റുപോകാനിടയാകുന്നു. എന്നല്ല, അവയ്ക്കു മേലൊരു അധിനിവേശബന്ധം മേൽക്കൈ നേടുന്നു. ഒരു വിഭാഗമെന്ന നിലയിലോ, നേതൃത്വമെന്ന നിലയിലോ, സ്വയം ആധികാരിക ചരിത്രത്തിന്റെ ബലിഷ്ഠതകളാൽ വ്യവസ്ഥാപിതമാകാനിടയാകുന്നു. ഇതോടെ അവരുടെ കാഴ്ചയും കാഴ്ചപ്പാടും മറ്റൊന്നാകാനാണ് സാധ്യത. ചരിത്രത്തിലേക്ക് കുടിയേറാൻ തത്രപ്പെടുന്ന കീഴാളജനതയെ കാത്തിരിക്കുന്ന ഭാഗധേയമാണിത്. സ്വാശ്രിതമായ കീഴാള സ്വത്വാധികാരത്തിലൂടെ അധികാര രാഷ്ട്രീയത്തെ അഭിസംബോധന ചെയ്ത് മാത്രമേ ഈ വിഷമവൃത്തത്തെ ഫലപ്രദമായി നേരിടാനാവൂ. ചരിത്രത്തിൽ സ്ഥാനം നേടലും അധികാരത്തിൽ പങ്കാളിത്തം വഹിക്കലും മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത ഒരവസ്ഥയിലേക്കാണ് കീഴാളജനതയെ (കുറഞ്ഞപക്ഷം അവരിലെ ക്രീമിലെയറിനെ) തള്ളി വിടുന്നത് എന്നർഥം. നിലനിൽപ്പിന്റെ പ്രശ്നമാകയാൽ അതോ ഇതോ എന്ന തിരഞ്ഞെടുപ്പുപോലും ഇവിടെ അസാധ്യമാകുന്നു.
കീഴാളജനതയ്ക്ക് ചരിത്രം എഴുതാനും എഴുതാതിരിക്കാനും വയ്യാത്ത ഈയൊരു സാഹചര്യത്തിലാണ് കെ.കെ. കൊച്ച് കേരളചരിത്രത്തിലേക്ക് എത്തി നോക്കുന്നത്. കൊച്ചിനെ സംബന്ധിച്ചും ഇതൊരു തിരഞ്ഞെടുപ്പിന്റെ പ്രശ്നമാകാനിടയില്ല. ഏതൊരു കീഴാളജനതയും എക്കാലത്തും സ്വന്തം ചരിത്രഭൂമിക അന്വേഷിച്ചേ മതിയാവൂ. ചരിത്ര രചനകളിലെ പൊളിച്ചെഴുത്തുകളിലെല്ലാം ഇത്തരം അന്വേഷണങ്ങളും പുനരന്വേഷണങ്ങളുമുണ്ട്. സാഹിത്യരൂപമായും സാമൂഹികശാസ്ത്രമായും വിപ്ലവ – പ്രതിവിപ്ലവ പ്രവർത്തനമായും ചരിത്ര രചനകൾ സ്വന്തം ഭാഗധേയം നിറവേറ്റി വന്നിട്ടുണ്ട്. അവയിൽ നിന്നൊക്കെ കെ.കെ. കൊച്ചിന്റെ ചരിത്രാന്വേഷണം വ്യത്യസ്തമാകുന്നതോ അല്ലാതാകുന്നതോ ഏതെല്ലാം തലങ്ങളിലാണ്? ചരിത്രപരമായ ദൃശ്യതയിലും രാഷ്ട്രീയാധികാരത്തിലും പങ്കുപറ്റുകയെന്നാൽ എന്താണർഥമെന്ന്, സാമൂഹിക ബന്ധങ്ങളിൽ അതുളവാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളുടെ രാഷ്ട്രീയ സ്വഭാവം എന്തായിരിക്കുമെന്ന് വെളിപ്പെടുത്തുന്നതിലേക്ക് വായനയെ ആനയിക്കുകയാകുന്നു ഈ പുസ്തകം മുന്നോട്ടു വെയ്ക്കുന്ന ഒരു പ്രധാന വെല്ലുവിളി; വർത്തമാനകാലത്തെക്കുറിച്ചുള്ള സൂചനകൾ മാത്രമേ പുസ്തകത്തിലുള്ളൂ എന്നതുകൊണ്ട് വിശേഷിച്ചും.
നിലനിൽപ്പിനും ആത്മാഭിമാനത്തിനും സ്വത്വാധികാരത്തിനും വേണ്ടി നടത്തുന്ന നാനാതരം സമരങ്ങൾ പൊതുസമൂഹത്തെയും തങ്ങളെത്തന്നെയും യഥാർഥത്തിൽ എങ്ങോട്ടൊക്കെയാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്നും സ്വന്തം ബല-ദൗർബല്യങ്ങളെന്തെന്നും ശരീരരാഷ്ട്രീയവുമായി അവ ഏതെല്ലാം തലത്തിൽ കണ്ണിചേർക്കപ്പെട്ടിരിക്കുന്നുവെന്നും തിരിച്ചറിയാൻ ഉപകരിക്കേണ്ടതാണ് കീഴാളജനതയ്ക്ക് ഏതു കോണിൽ നിന്നുള്ള ഏതൊരു രചനയും. അത് ചരിത്ര ഗ്രന്ഥം തന്നെയോ കീഴാള ബൗദ്ധിക നേതൃത്വത്താൽ എഴുതപ്പെട്ടതോ ആകണമെന്ന് ശാഠ്യം പിടിക്കുന്നതിൽ കാര്യമില്ല. അധികാരരാഷ്ട്രീയവും ചരിത്രമെഴുത്തധികാരവും നിരന്തരവഞ്ചനകളിലൂടെ എതിർപാഠങ്ങളായോ ഉള്ളറിവായോ കീഴാളരെ സ്വന്തം അവസ്ഥയെക്കുറിച്ച് അനവരതം പഠിപ്പിച്ചും പരിശീലിപ്പിച്ചും വരുന്നുണ്ട്. അവർക്ക് ഇക്കാലത്ത് പൊതുവേ അധികാര രാഷ്ട്രീയത്തോട് തോന്നിത്തുടങ്ങിയിട്ടുള്ള മടുപ്പും അവിശ്വാസവും ഒപ്പം നേതൃത്വമില്ലായ്മയും ശൈഥില്യവും മറ്റും ഈയൊരു അവബോധത്തിന്റെ ലക്ഷണമായിക്കൂടി കാണാവുന്നതാണ്. ജനാധിപത്യസാധ്യതകളുടെ പരിമിതികളും പ്രലോഭനീയമായ വഞ്ചക സ്വഭാവവും അനുഭവപാഠങ്ങളായി ഇപ്പോൾ താഴേതട്ടിലെ ജനങ്ങൾക്കു മുന്നിലുണ്ട്. അരാഷ്ട്രീയമെന്ന് മുദ്ര ചാർത്തപ്പെടുന്ന, അടിസ്ഥാന വിഭാഗങ്ങളുടെ അനുഭവാധിഷ്ഠിതമായ ഈ രാഷ്ട്രീയവിരക്തിക്ക് സൂക്ഷ്മതല രാഷ്ട്രീയ വ്യക്തതയോടെ വാഗ്രൂപമാർജിക്കേണ്ടതായുണ്ട്. അത്തരമൊരു ഭാഗധേയം നിറവേറ്റാൻ കെ.കെ. കൊച്ചിന്റെ ഈ പുസ്തകം എത്ര കണ്ട് പര്യാപ്തമാണെന്ന അന്വേഷണം വായനയെ ദലിത് – ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നു നേരിടുന്ന കാതലായ പ്രശ്നങ്ങളിലേക്ക് അവശ്യം ആനയിക്കാതിരിക്കില്ല.