കേരളത്തിലെ ഇസ്ലാമോഫോബിയയും ഭയത്തിന്റെ രാഷ്ട്രീയവും: സാമൂഹ്യ പരിവർത്തനങ്ങളുടെ ചരിത്രപരമായ വിശകലനം

കേരളത്തിലെ ഇസ്ലാമോഫോബിയയും ഭയത്തിന്റെ രാഷ്ട്രീയവും: സാമൂഹ്യ പരിവർത്തനങ്ങളുടെ ചരിത്രപരമായ വിശകലനം

ഒരുവശത്ത് സാംസ്കാരിക സഹവർത്തിത്വത്തിന്റെ മാതൃകയായി ലോകം പ്രശംസിക്കുന്ന കേരളം മറുവശത്ത് മുസ്ലിം സമൂഹത്തിനെതിരെയുള്ള സംഘടിതമായ ഭയവും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഒരിടമായി മാറിയതെങ്ങനെ? ക്രിസ്ത്യാനികളും നായർസമൂഹവും ചേർന്നുനിന്ന് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്? ജിനു സാം ജേക്കബ് നടത്തുന്ന വിശകലനം വായിക്കാം.

വിചിത്രവും വൈരുധ്യങ്ങളേറെയുള്ളതുമായ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലൂടെയാണ് ഇപ്പോൾ കേരളം കടന്നുപോകുന്നത്. ഒരുവശത്ത്, സാംസ്കാരിക സഹവർത്തിത്വത്തിന്റെ മാതൃകയായി ലോകം പ്രശംസിക്കുന്ന സംസ്ഥാനം. മറുവശത്ത്, മുസ്ലിം സമൂഹത്തിനെതിരെയുള്ള സംഘടിതമായ ഭയവും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഒരിടം. ഈ പ്രതിഭാസത്തെ “മതവിദ്വേഷം” – “ഇസ്ലാമോഫോബിയ” എന്ന ലളിതമായ ലേബൽ കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല. ഇത് കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പ്രതിസന്ധിയാണ്. എങ്കിലും, കേരളത്തിന്റെ ചരിത്രാന്വേഷണത്തിലൂടെ അത് മനസിലാക്കാൻ കഴിയും.

സിറിയൻ ക്രിസ്ത്യാനികളുടെയും നായന്മാരുടെയും സഹകരണം

കേരളസംസ്ഥാന രൂപീകരണത്തിന് മുൻപ് തന്നെ സിറിയൻ ക്രിസ്ത്യാനികളും നായന്മാരും അവരുടെ അധികാര ഇടങ്ങൾ ഉറപ്പിച്ചിരുന്നു. വിദ്യാഭ്യാസ രംഗവും ഭൂമിയും അവരുടെ കുത്തകയാക്കിയിരുന്നു. കൊളോണിയൽ കാലഘട്ടത്തിന് മുമ്പുള്ള കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ പള്ളികളും നായർ “പ്രഭുക്കന്മാരും” തമ്മിലുള്ള ബന്ധം കേവലം സഹകരണത്തിനും സംഘർഷത്തിനും അതീതമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക കരാറുകളുടെ സങ്കീർണ്ണമായ ഒരു ശൃംഖലയായിരുന്നു.

ഉടമ്പടികൾ, സത്യപ്രതിജ്ഞകൾ, പരസ്പര കരാറുകൾ എന്നിവയിലൂടെ ഔപചാരികമാക്കിയ ഈ ക്രമീകരണങ്ങൾ സാമൂഹിക സംരക്ഷണം, വ്യാപാര കുത്തകകൾ, ഭൂമി അവകാശങ്ങൾ എന്നിവ ഉറപ്പാക്കുകയും കേരളത്തിന്റെ ഫ്യൂഡൽ-വാണിജ്യ ക്രമത്തെ രൂപപ്പെടുത്തുകയും ചെയ്തു. ചേര, സാമൂതിരി രാജവംശങ്ങളുടെ കീഴിൽ, ആദ്യകാല കരാറുകളിൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ പ്രധാന പങ്കാളികളായ സിറിയൻ ക്രിസ്ത്യൻ വ്യാപാരികൾ നായർ മിലിഷ്യകൾക്ക് നൽകിയ സാമ്പത്തിക സഹായത്തിന് പകരമായി നായർ തലവന്മാരിൽ നിന്ന് സാമൂഹിക സുരക്ഷിതത്വവും വിപണിയിലേക്കുള്ള പ്രവേശനവും ഉറപ്പാക്കി. ചേര പെരുമാളുകളെപ്പോലുള്ള ഹിന്ദു രാജാക്കന്മാർ സിറിയൻ ക്രിസ്ത്യാനികൾക്ക് നികുതി ഇളവുകൾ (“72 1⁄2 അവകാശങ്ങൾ”) പോലുള്ള ആനുകൂല്യങ്ങൾ നൽകി. ഈ നിബന്ധനകൾ നടപ്പിലാക്കാൻ നായൻമാർ ഇടനിലക്കാരായി പ്രവർത്തിക്കുകയും അത് സമുദായങ്ങളെ പരസ്പര ആശ്രിതത്വ സംവിധാനത്തിൽ ബന്ധിപ്പിക്കുകയും ചെയ്തു.

തങ്ങളുടെ സഭയെ ലാറ്റിൻവൽക്കരിക്കാനുള്ള പോർച്ചുഗീസ് ശ്രമങ്ങൾക്കെതിരെ സിറിയൻ ക്രിസ്ത്യാനികൾ കലാപം നടത്തിയ 1653 ലെ കൂനൻ കുരിശു പ്രതിജ്ഞയാണ് (Coonan Cross Oath ) ഈ സഖ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സന്ദർഭങ്ങളിലൊന്ന്. യൂറോപ്യൻ ഇടപെടലുകളിൽ ജാഗ്രത പുലർത്തിയിരുന്ന നായർ തലവന്മാർ രഹസ്യമായി കലാപത്തെ പിന്തുണയ്ക്കുകയും നായൻമാരുടെ സ്വാധീനമുണ്ടായിരുന്ന കൊച്ചി രാജ്യം, തദ്ദേശീയ നേതൃത്വത്തിൽ മലങ്കര സഭയെ പുനഃസംഘടിപ്പിക്കാൻ അനുവദിക്കുകയും ചെയ്തു. കൊളോണിയൽ ശക്തികൾക്കെതിരായ രാഷ്ട്രീയ ചെറുത്തുനിൽപ്പ് ചർച്ച്-നായർ ബന്ധത്തെ എങ്ങനെ ശക്തിപ്പെടുത്തിയെന്ന് തെളിയിക്കുന്ന ഒരു വഴിത്തിരിവായിരുന്നു ഇത്. പിന്നീട്, 1753-ൽ മാവേലിക്കര ഉടമ്പടി തിരുവിതാംകൂറിലെ നായർ ആധിപത്യമുള്ള രാജവാഴ്ചയും സിറിയൻ ക്രിസ്ത്യൻ ബിഷപ്പുമാരും തമ്മിലുള്ള സഖ്യത്തെ ഔപചാരികമാക്കി. ഡച്ചുകാർക്കെതിരായ യുദ്ധങ്ങളിൽ സാമ്പത്തിക സഹായത്തിന് പകരമായി സഭയ്ക്ക് ഭൂമി അവകാശങ്ങളും ജുഡീഷ്യൽ സ്വയംഭരണവും നൽകി.

ഈ കരാറുകളുടെ സാമ്പത്തിക മാനങ്ങളും ഒരുപോലെ നിർണായകമായിരുന്നു. കോട്ടയം, പാല തുടങ്ങിയ പ്രദേശങ്ങളിൽ നായർ ഭൂവുടമകൾ (ജന്മികൾ) കാനം കരാറുകൾ പ്രകാരം അക്കാലത്ത് മാപ്പിളകൾ എന്നറിയപ്പെട്ടിരുന്ന ക്രിസ്ത്യൻ കർഷകർക്ക് ഭൂമി പാട്ടത്തിന് നൽകുകയുണ്ടായി. അവിടെ ക്രിസ്ത്യാനികൾ ഉൽപ്പന്നങ്ങളുടെ വിഹിതത്തിന് പകരമായി കുരുമുളക്, അരി എന്നിവ കൃഷി ചെയ്തു. ഈ സമ്പ്രദായം ഒരു സഹവർത്തിത്വ ബന്ധത്തെ ശക്തിപ്പെടുത്തി. നായന്മാർ ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തിയപ്പോൾ ക്രിസ്ത്യാനികൾ കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിച്ചു. എന്നിരുന്നാലും, പ്രത്യേകിച്ചും നായർ ഭരണത്തിലുള്ള ക്ഷേത്രങ്ങൾ ക്രിസ്ത്യൻ കർഷകർക്ക് മേൽ ചുമത്തിയ ക്ഷേത്രനികുതി (ദേവസ്വം ലെവികൾ) സംബന്ധിച്ച് ഇടയ്ക്കിടെ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, തിരുവിതാംകൂറിലെ നായർ ദിവാനുമായി ചർച്ച് ഓഫ് കോതമംഗലം ഈ നികുതി ഭാരങ്ങൾ കുറയ്ക്കുന്നതിന് വിജയകരമായി ചർച്ച നടത്തുകയും ഈ കരാറുകളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം പ്രശ്നവൽക്കരിക്കുകയുമുണ്ടായി.

വിഭജനം സൃഷ്ടിച്ച കൊളോണിയൽ ഇടപെടലുകൾ

രണ്ട്‌ സമുദായങ്ങളുടെ ഈ പരസ്പര ആശ്രിതത്വ സംവിധാനം പിന്നീട് പ്രതിസന്ധികൾ നേരിടുകയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് കൊളോണിയൽ ഇടപെടലുകൾ അവർക്കിടയിലെ പരമ്പരാഗത സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തി. ബ്രിട്ടീഷ് ഭരണകാലത്തെ ഭൂപരിഷ്കരണം നായന്മാരുടെ ആധിപത്യത്തെ ദുർബലപ്പെടുത്തി. കൂടാതെ സിറിയൻ ക്രിസ്ത്യാനികൾക്ക് നേരിട്ട് ഭൂമി വാങ്ങാൻ സാഹചര്യം സൃഷ്ടിക്കുകയും നായന്മാരുടെ രക്ഷാകർതൃത്വത്തെ ആശ്രയിക്കുന്നത് അത് ദുർബലപ്പെടുത്തുകയും ചെയ്തു. പുതിയ രാഷ്ട്രീയ ഗതിവിഗതികൾക്കനുസരിച്ച് സഭ ബ്രിട്ടീഷ് ഭരണാധികാരികളുമായുള്ള സഖ്യങ്ങൾ പുതുക്കുകയുണ്ടായി. ഇത് പഴയ ഫ്യൂഡൽ ക്രമീകരണങ്ങളുടെ തകർച്ചയ്ക്ക് വഴിവച്ചു. എന്നിട്ടും, ഈ ഉടമ്പടികളുടെ സ്വാധീനം പിൽക്കാല കേരള ചരിത്രത്തിൽ ഏറെ നിർണ്ണായകമായിരുന്നു എന്ന് കാണാം.

The Kerala Story and Islamophobia
Image Courtesy : AFP

അതിനിടയിൽ കേരളത്തിൽ നിലനിന്നിരുന്ന പരമ്പരാഗത കാർഷിക സമ്പദ്‌വ്യവസ്ഥയെയും ഭൂവിനിയോഗത്തെയും അടിമുടി മാറ്റുന്നതായിരുന്നു റബ്ബർ, കാപ്പി, തേയില തുടങ്ങിയ നാണ്യവിളകളുടെ പ്രചാരം. ഭക്ഷ്യ വിളകളിൽ നിന്നുള്ള ഈ ചുവടുമാറ്റം കൊളോണിയലിസത്തിന് കീഴിൽ ഒരു നാണ്യവിള സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനത്തിന് കേരളത്തിൽ അടിത്തറയിട്ടു. സിറിയൻ ക്രിസ്ത്യൻ സഭ ഒരു പ്രധാന ഭൂവുടമ സ്ഥാപനമായി ഉയർന്നുവന്നപ്പോൾ ഭരണപരവും സാംസ്കാരികവുമായ മേഖലകളിൽ നായന്മാരുടെ സ്വാധീനം നിലനിന്നു. കൊളോണിയൽ ഭരണത്തിന് വളരെ മുമ്പുതന്നെ സമുദായങ്ങൾ തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ വിലപേശലുകൾ കേരളത്തിന്റെ ചരിത്രത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് ഈ കരാറുകൾ അടിവരയിടുന്നു.

കൊളോണിയൽ കാലഘട്ടത്തിനു മുമ്പുള്ള കേരളം ആധുനിക ഇസ്ലാമോഫോബിയയ്ക്ക് സമാനമായ വ്യവസ്ഥാപിത മുസ്ലീം വിരുദ്ധ സാമൂഹ്യ സംഘർഷങ്ങളുടെയോ പ്രത്യയശാസ്ത്രപരമായ ശത്രുതയുടെയോ തെളിവുകളൊന്നും നൽകുന്നില്ല. മലബാറിന്റെ ചരിത്രവും അത്തരം പാഠങ്ങൾ തന്നെയാണ് മറ്റൊരു തരത്തിൽ നമുക്ക് പറഞ്ഞു തരുന്നത്. തെക്കൻ കേരളത്തിൽ സുറിയാനി ക്രിസ്ത്യാനികളിലെ കർഷകരാണ് മാപ്പിളമാർ എന്നറിയപ്പെട്ടതെങ്കിൽ മലബാറിൽ കച്ചവടത്തിലേർപ്പെട്ടിരുന്ന മുസ്ലിം വിഭാഗത്തിലെ ആളുകളെയാണ് മാപ്പിളമാർ എന്ന് വിളിച്ചത്.

സാമൂതിരി പോലുള്ള ഹിന്ദു ഭരണാധികാരികളുടെ കാലത്ത്, മാപ്പിള മുസ്ലിംകൾ വ്യാപാരത്തിലും സൈനിക സേവനങ്ങളിലും വലിയ പങ്ക് വഹിച്ച് സ്വാധീനമുണ്ടാക്കിയ ഒരു വരേണ്യ വർഗമായി മാറി. എന്നാൽ, അവർക്കുള്ള സാമൂഹ്യ അംഗീകാരം (Social acceptance/Inclusion) പൂർണമായിരുന്നില്ല. ബ്രാഹ്മണർ രചിച്ച ‘കേരളോൽപത്തി’ പോലുള്ള ഗ്രന്ഥങ്ങൾ അവരെ “യവനന്മാർ” എന്ന് വിശേഷിപ്പിച്ചു. തദ്ദേശീയ “ശുദ്ധ” ജാതിവ്യവസ്ഥക്ക് പുറത്ത് നിലകൊള്ളുന്ന വിദേശികൾ എന്നായിരുന്നു അതിന്റെ വിവക്ഷ. ക്ഷേത്രപ്രവേശനത്തിലെ നിയന്ത്രണങ്ങൾ, ജാതി അടിസ്ഥാനമാക്കിയുള്ള എൻഡോഗാമി തുടങ്ങിയ സാമൂഹിക മാനദണ്ഡങ്ങൾ സാമൂഹിക അതിരുകൾ നിലനിർത്താൻ ഉപയോഗിക്കപ്പെട്ടതു കൊണ്ട്, ഈ മുസ്ലിം മാപ്പിളകൾക്ക് സമ്പൂർണ സാമൂഹിക അംഗീകാരവും സാതന്ത്ര്യവും ലഭിച്ചിരുന്നില്ല.

ഈ പരിമിതികൾ സംഘടിത മതപരമായ ശത്രുതയേക്കാൾ കേരളത്തിന്റെ ശ്രേണിപരമായ ബഹുസ്വരതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അധികാരം തുല്യമായിട്ടല്ലെങ്കിലും ചില പ്രായോഗിക ഉടമ്പടിയുടെ അടിസ്ഥാനത്തിൽ അവർ പരസ്പര ബന്ധം പുലർത്തി. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് വരവ് ഈ ചരിത്രം തിരുത്തിക്കുറിച്ചു. നേരത്തെ നിലനിന്ന ശ്രേണിപരമായ ബഹുസ്വരതയെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് മതങ്ങൾക്കിടയിൽ പുതിയ വിള്ളലുകൾ അവർ സൃഷ്ടിച്ചു. കൊളോണിയൽ കാലത്തിനു മുമ്പുള്ള കേരളം സമത്വ സുന്ദരമായ മാതൃകാസ്ഥാനമൊന്നും ആയിരുന്നില്ലെങ്കിലും അതി സങ്കീർണ്ണമായ വിഭജനവും വിദ്വേഷവും കൊടിയ സാമൂഹ്യ വിപത്തുകളായി അവിടെ നിലനിന്നിരുന്നില്ല എന്നുകാണാം. കൊളോണിയൽ ശക്തികൾ അതിനു വിള്ളൽ വരുത്തുന്ന രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതുവരെ അധികാരത്തിൽ ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുമ്പോഴും പരസ്പരാശ്രിതത്വം നിലനിന്നിരുന്നു എന്ന് കാണാം.

ഇസ്ലാമോഫോബിയയുടെ പിറവി

കേരളത്തിൽ അതുവരെ നിലനിന്നിരുന്ന സങ്കീർണ്ണമായ സാമൂഹിക ബന്ധങ്ങളെ തകിടം മറിക്കുന്ന രീതിയിൽ നടന്ന യൂറോപ്യൻ അധിനിവേശ ശക്തികൾ കൊളോണിയൽ കേരളത്തിൽ നടത്തിയ ഇടപെടലിൽ നിന്നാണ് ഇന്നുകാണുന്ന ‘ഇസ്ലാമോഫോബിയ’ ജന്മംകൊള്ളുന്നത്. മാപ്പിള മുസ്ലീം സാമ്പത്തിക ശക്തിയെ വ്യവസ്ഥാപിതമായി തകർത്തുകൊണ്ട് പോർച്ചുഗീസുകാർ ഈ പ്രക്രിയ ആരംഭിച്ചു. പതിനാറാം നൂറ്റാണ്ടിൽ അവർ കോഴിക്കോട് കേന്ദ്രമായി നിലനിന്നിരുന്ന വ്യാപാര ശൃംഖലകൾ നശിപ്പിക്കുകയും കുഞ്ഞാലി മരക്കാരെ വധിക്കുകയും ചെയ്തത് നൂറ്റാണ്ടുകൾ പഴക്കമുള്ള അറബ് വ്യാപാര ബന്ധങ്ങൾ ഇല്ലാതാക്കാനിടയാക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണം പിന്നീട് ജന്മി കുടിയാൻ സമ്പ്രദായത്തിലൂടെ മുസ്ലീം വിരുദ്ധ നയങ്ങളെ സ്ഥാപനവൽക്കരിക്കുകയുണ്ടായി. ഇത് നായർ ഭൂവുടമകളെ കൊളോണിയൽ ഭരണത്തിന്റെ ഗുണഭോക്താക്കളാക്കുകയും മാപ്പിള കർഷകരെ കടബാധ്യതയുള്ള കുടിയാന്മാരായി തരം താഴ്ത്തുകയും ചെയ്തു.1921 ലെ മാപ്പിള കലാപത്തിൽ ഈ സാമ്പത്തിക അന്തരം അതിന്റെ പരകോടിയിലെത്തുകയും, അവിടെ ബ്രിട്ടീഷ് സേനയും നായർ മിലിഷ്യകളും കൂട്ടായി മുസ്ലീം സമുദായങ്ങളെ തകർക്കുകയും ചെയ്തു. പതിനായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ നിർബന്ധിതമായി മതപരിവർത്തനം ചെയ്യിക്കുകയും ചെയ്തു. സാമൂഹിക സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയ ഇടപെടലുകളുടെയും അന്തരഫലമായി ഉണ്ടായ ഈ ദാരുണ സംഭവത്തെ ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടുകളിലൂടെ “മുസ്ലീം മതഭ്രാന്ത്” എന്ന പ്രചാരണം വ്യാപകമാവുകയും ചെയ്തു.

Bharatiya Janata Party activists take part in a demonstration against the West Bengal Government decision to ban 'The Kerala Story' movie, in Kolkata, on May 11, 2023.
2023 മെയ് 11-ന്, കൊൽക്കത്തയിൽ ‘ദി കേരള സ്റ്റോറി’ സിനിമയുടെ നിരോധനം സംബന്ധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധം. Photo Courtesy : CNN

കൊളോണിയൽ ഭരണകൂടത്തിന്റെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രം സമുദായങ്ങളെ വ്യത്യസ്ത നിലകളിൽ ശാക്തീകരിക്കുന്നതിലൂടെ സ്ഥിരമായ വിള്ളലുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. സിഎംഎസ് കോളേജ് കോട്ടയം (1817) പോലുള്ള മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സിറിയൻ ക്രിസ്ത്യാനികൾ കൊളോണിയൽ ബ്യൂറോക്രസിയിൽ ആനുപാതികമല്ലാത്ത അവസരങ്ങൾ നേടിയെടുത്തു.1900 ആയപ്പോഴേക്കും ജനസംഖ്യയുടെ 20% മാത്രം ആയിരുന്നിട്ടും 40% സർക്കാർ തസ്തികകൾ അവർ വഹിച്ചിരുന്നു. അതേസമയം, വില്യം ലോഗനെപ്പോലുള്ള ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞർ മലബാർ മാനുവൽ (1887) പോലുള്ള കൃതികളിൽ മുസ്ലീം വിരുദ്ധ മുൻവിധികൾ ക്രോഡീകരിച്ചു. പൊന്നാനി ജുമാ മസ്ജിദിന്റെ മദ്രസ ശൃംഖല പോലുള്ള കേന്ദ്രങ്ങളിലൂടെ കേരളത്തിന്റെ ബൗദ്ധിക ജീവിതത്തിൽ മുസ്ലിം സമുദായം വഹിച്ച ചരിത്രപരമായ പങ്ക് തമസ്ക്കരിക്കപ്പെട്ടു. അതെ സമയം മാപ്പിളകളെ വംശീയമായി അക്രമാസക്തരായ സമുദായമായി ചിത്രീകരിക്കുകയും ചെയ്തു. ഇങ്ങനെ വിവേചനത്തെ സ്ഥാപനവൽക്കരിക്കുകയും സാമൂഹിക സാമ്പത്തിക വിഭജനങ്ങളെയും അന്തരങ്ങളെയും നിലനിർത്തുകയും ചെയ്തു. അത് വ്യക്തമാക്കുന്നതാണ് 1931ലെ സെൻസസ് പ്രകാരം മുസ്ലിം സാക്ഷരത വെറും 5% വും ക്രിസ്ത്യാനികൾക്ക് 15% വും നായന്മാർക്ക് 9% വും ആയിരുന്നുവെന്നത്.

സമ്പദ്‌വ്യവസ്ഥയിലെ കുഴമറിച്ചിലുകൾ

സമകാലിക കേരളത്തിലെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലും ഈ അസമത്വങ്ങൾ നിലനിൽക്കുന്നു എന്ന് കാണാം. 1970-കളിലെ ഭൂപരിഷ്കരണം, സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും നായർ സർവീസ് സൊസൈറ്റിയുടെ സ്വത്തുക്കളും പുനർവിതരണം ചെയ്യുന്നതിൽ പരാജയപ്പെടുകയും ക്രിസ്ത്യൻ, ഹിന്ദു വരേണ്യവർഗങ്ങളുടെ നേട്ടങ്ങൾ സംരക്ഷിക്കുകയും ചെയ്തു. ആധുനിക വികസന സൂചകങ്ങൾ ഈ യാഥാർത്ഥ്യം വെളിപ്പെടുത്തുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയുടെ ഇപ്പോഴും ആളോഹരി വരുമാനം 72,000 രൂപയും ക്രിസ്ത്യൻ ആധിപത്യമുള്ള കോട്ടയത്തിലേത് 109,000 രൂപയും ആണ്. ആരോഗ്യ മേഖലയിലെ സംവിധാനങ്ങളുടെ കാര്യത്തിലും ഈ പിന്നോക്കാവസ്ഥ കാണാം. 2018 ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കാണിക്കുന്നത് കേരളത്തിലെ മുസ്ലീങ്ങൾ ഐ എ എസ് സ്ഥാനങ്ങളിലും (3%) കോർപ്പറേറ്റ് നേതൃത്വത്തിലും പ്രാതിനിധ്യം കുറവാണ് എന്നാണ്. ജനസംഖ്യ പ്രാതിനിധ്യം 26% ഉണ്ടായിരുന്നിട്ടും കൊളോണിയൽ കാലഘട്ടത്തിൽ അധികാര ശൃംഖലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ നേരിട്ടുള്ള അനന്തരഫലമാണ് ഇന്ന് പുരോഗമന അവസര സാധ്യതകളെ അവർക്കിടയിൽ പിന്നോക്കം നിർത്തിയത്.

ഭൂപരിഷ്കരണത്തിന്റെയും മതേതരത്വത്തിന്റെയും പേരിൽ പുരോഗമന മുന്നേറ്റങ്ങൾക്ക് പേരുകേട്ട കേരളത്തിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ഘടനാപരമായ അസമത്വങ്ങൾ മറച്ചുവയ്ക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം ആഗോളതലത്തിൽ തന്നെ ചർച്ചചെയ്യപ്പെട്ട വികസന മാതൃകയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇസ്ലാമോഫോബിയയെയും അത്തരത്തിൽ സമാന്തരമായി നിലനിർത്തിപ്പോരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ നേതൃത്വം നൽകിയ ഭൂപരിഷ്കരണം (1957-1970) ജാതി അടിസ്ഥാനമാക്കിയുള്ള ജന്മിത്വ വ്യവസ്ഥയെ തകർത്തു. പ്രബലരായ നായൻമാരിൽ നിന്നും നമ്പൂതിരികളിൽ നിന്നും മുസ്ലീം, ഈഴവ വിഭാഗത്തിലൊക്കെ ഉൾപ്പെട്ട കുടിയാൻ കർഷകർക്ക് ഭൂമി പുനർവിതരണം ചെയ്തു. പുനർവിതരണം ചെയ്ത ഭൂമിയുടെ 38% (420,000 ഏക്കർ) മുസ്ലീങ്ങൾ നേടിയപ്പോൾ അവരുടെ സാമ്പത്തിക ഉയർച്ച ഉയർന്ന ജാതിക്കാരായ ഗ്രൂപ്പുകൾ “പ്രീണനം” ആയി വ്യാഖ്യാനിച്ചു. ആർ എസ് എസ് “ഇസ്ലാമിക കോളനിവൽക്കരണ” ത്തെക്കുറിച്ചുള്ള പ്രചാരണം അഴിച്ചുവിട്ടു. അതോടൊപ്പം, 280,000 ഏക്കർ നഷ്ടപ്പെട്ട നായന്മാർ ജാതി സംഘടനകളിലൂടെ അണിനിരന്നു. 1990 വരെ ഭൂപരിഷ്ക്കരണവുമായി ബന്ധപ്പെട്ട 42% ഭൂമിയിൽ തർക്കങ്ങൾ നീണ്ടുനിന്നു. അതേസമയം സിറിയൻ ക്രിസ്ത്യാനികൾ ട്രസ്റ്റുകളിലൂടെ തോട്ടം സമ്പത്ത് ഏകീകരിച്ചു. ഈ സാമ്പത്തിക പുനഃസംഘടന വഴിയുണ്ടായ മുസ്ലിം സമുദായത്തിന്റെ നേട്ടങ്ങളെ എതിരാളികൾ രാഷ്ട്രീയവൽക്കരിക്കുകയും പിൽക്കാല ഇസ്ലാമോഫോബിക് വ്യവഹാരത്തിന് അടിത്തറ സൃഷ്ടിക്കുകയും ചെയ്തു.

People in Kerala are protesting against Pinarayi Vijayan's Islamophobic statement about the Malappuram district
Photo Courtesy: maktoobmedia.com

ഗൾഫ് കുടിയേറ്റത്തിന്റെ അലയൊലികൾ

ഗൾഫ് കുടിയേറ്റ രംഗത്തുണ്ടായ കുതിച്ചുചാട്ടം വർഗീയവൽക്കരണത്തെ കൂടുതൽ വഷളാക്കി. 1970-2000 കാലത്ത് 2.1 ദശലക്ഷത്തിലധികം കേരളീയർ വിദേശ രാഷ്ട്രങ്ങളിലേക്ക് കുടിയേറുകയും 13.4 ബില്യൺ ഡോളർ വിദേശ നാണ്യം കേരളത്തിലെത്തിക്കുകയും ചെയ്തു. അതോടൊപ്പം തൊഴിൽ രംഗത്തെ ശ്രേണീവൽക്കരണം കേരള സമൂഹത്തിന്റെ മറ്റൊരു വിഭജനത്തിലേക്കു നയിച്ചു. നിർമ്മാണം, ഡ്രൈവിങ് തുടങ്ങിയ കുറഞ്ഞ വേതന മേഖലകളിൽ മുസ്ലീങ്ങൾ ആധിപത്യം പുലർത്തുകയും അവരുടെ വരുമാനത്തിന്റെ 68% ഭവന നിർമ്മാണത്തിനായി ചെലവഴിക്കുകയും ചെയ്തു. അതേസമയം സിറിയൻ ക്രിസ്ത്യാനി വിഭാഗത്തിലെ നഴ്സുമാരും എഞ്ചിനീയർമാരും എന്ന നിലയിൽ വരുമാനത്തിന്റെ 74% വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നിക്ഷേപിച്ചു. ഇതിനു മാധ്യമങ്ങൾ നൽകിയ വ്യാഖ്യാനവും വിഭാഗീയത വളർത്തുന്ന മുൻവിധികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു. മാധ്യമങ്ങളുടെ 78% കവറേജുകൾ മുസ്ലിം ചെലവുകൾക്ക് നെഗറ്റീവ് വ്യാഖ്യാനങ്ങളും (ഉദാ: അറബിപ്പണം എന്ന പരിഹാസം), 82% കവറേജുകൾ ക്രിസ്തീയ വിജയത്തിന്റെ ഗാഥകളും പ്രചരിപ്പിച്ചു.

കേരളത്തിൽ നായർ വിഭാഗത്തിൽ നിന്നും വിദേശങ്ങളിലേക്ക് കുടിയേറിയവർ കുറവാണെങ്കിലും അവർ പ്രവാസ വരുമാനം വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിനായി പ്രയോജനപ്പെടുത്തി. കൂടാതെ അവരുടെ ബ്യൂറോക്രസിയിലുള്ള പ്രാതിനിധ്യം നിലനിർത്തുകയും ചെയ്തു. അങ്ങനെ മുസ്ലീങ്ങൾ “പ്രധാനപ്പെട്ട ഉപഭോക്താക്കൾ”, എന്നും ക്രിസ്ത്യാനികൾ “ആഗോള പ്രൊഫഷണലുകൾ” എന്നുമുള്ള സ്റ്റീരിയോടൈപ്പ് പ്രചാരണം ശക്തമായി. അതേസമയം ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കുന്നത് പോലുള്ള വ്യവസ്ഥാപിത തടസ്സങ്ങൾ മറച്ചുവെയ്ക്കപ്പെട്ടു. 2001 ഓടെ ജനസംഖ്യയുടെ 24.7% ആയിരുന്നിട്ടും മെഡിക്കൽ കോളേജുകളിൽ 12% മാത്രം ആണ് മുസ്ലിം വിദ്യാർത്ഥി പ്രാതിനിധ്യം ഉണ്ടായിരുന്നത്.

മാറിവന്ന സാമ്പത്തിക നിക്ഷേപ അഭിരുചികൾ

തലമുറകളിലൂടെയുള്ള സമ്പത്ത് കൈമാറ്റ വ്യവഹാരങ്ങൾ ഈ വിഭജനത്തെ കൂടുതൽ ആഴത്തിലാക്കി. പരമ്പരാഗത സ്വത്തിന്റെ അനന്തരാവകാശ തർക്കങ്ങളുമായി മല്ലിടുന്ന നായർകുടുംബങ്ങളിൽ (42 കുടുംബങ്ങളിൽ നിന്നുമാത്രം ആയിരത്തോളം തർക്കങ്ങൾ കോടതിയിൽ എത്തുകയുണ്ടായി) ഒരു വ്യക്തി കൈവശം വയ്ക്കുന്ന ഭൂമിയുടെ അളവിൽ വലിയകുറവ് വരികയുണ്ടായി. മക്കത്തായ സമ്പ്രദായത്തിൽ ഭൂമിയുടെ മേലുള്ള അവകാശത്തിൽ കൂടുതൽ അവകാശികൾ വന്നതോടെ ഭൂമി കൂടുതൽ വ്യക്തികളിലേക്കു വിതരണം ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ വ്യക്തികളിൽ കുന്നുകൂടുന്ന പ്രവണതയ്ക്ക് അറുതി വരാൻ തുടങ്ങി.

അതെ സമയം സിറിയൻ ക്രിസ്ത്യാനികൾ പള്ളിയുടെ സ്വാധീനം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളിൽ നിക്ഷേപം നടത്തുകയും ആ രംഗത്ത് ആധിപത്യം പുലർത്താൻ തുടങ്ങുകയും ചെയ്തു. ക്രിസ്ത്യാനികൾ 34% വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 63% മെഡിക്കൽ കോളേജുകളുടെയും ഉടമകൾ ആയി മുന്നേറിയപ്പോൾ മുസ്ലീങ്ങൾ സ്ഥാപനപരമായ അധികാരത്തിൽ നിന്നും പുറത്താവുകയായിരുന്നു. അതെ സമയം അവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം 5% ത്തിൽനിന്നും 12% ആയി വർധിക്കുകയും ചെയ്തു. കൂടാതെ പ്രാദേശിക അധികാര സംവിധാനങ്ങളിൽ പ്രാതിനിധ്യം വർധിക്കുകയും (22% തദ്ദേശ സ്വയംഭരണ പ്രാതിനിധ്യം) ചെയ്തു. ശരീഅത്ത് നിയമപ്രകാരമുള്ള സ്വത്തവകാശം തുടർന്ന മുസ്ലിം സമുദായത്തിൽ അപ്പോഴും സാമൂഹികമായ ഉന്നമനത്തിനുള്ള ചലനശേഷി പരിമിതമായി തന്നെ തുടർന്നു.

ഇതിനിടയിൽ ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച മാറ്റങ്ങൾ മുസ്ലീം സമുദായത്തിൽ പിരിമുറുക്കങ്ങൾ വർദ്ധിപ്പിച്ചു. മുസ്ലീം പ്രത്യുൽപാദന നിരക്ക് 4.8 ൽ നിന്നും 2.9 ലേക്ക് കുത്തനെ ഇടിഞ്ഞു. എന്നാൽ ഇത് 1.7 എന്ന നായർ സമുദായത്തിന്റെ നിരക്കിനേക്കാൾ കൂടുതലും ആയിരുന്നു. 1991-2001 കാലഘട്ടത്തിൽ മുസ്ലീങ്ങൾ ജനസംഖ്യയുടെ 23.3% ൽ നിന്ന് 24.7% ആയി വളരുകയും18% എം. എൽ. എ സീറ്റുകൾ (11% ൽ നിന്ന്) നേടുകയും ചെയ്തപ്പോൾ അവരുടെ ദൃശ്യപരത മറ്റ് സമുദായങ്ങളുടെ ആശങ്കകൾ വർദ്ധിപ്പിക്കുകയും തുടർന്നുള്ള രാഷ്ട്രീയ ധ്രുവീകരണത്തിനു വേദിയൊരുക്കുകയും ചെയ്തു. ഇത് 2020 ആകുമ്പോഴേക്ക് 12 എം പി /എം എൽ എ സീറ്റുകൾ നേടുന്നതിലും എസ്ഡിപിഐ മാത്രം 7 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനങ്ങൾ നേടുന്നതിലും വികസിക്കുന്നുണ്ട്. അതേസമയം ജനസംഖ്യാപരമായി നായന്മാർ പുറകോട്ടുപോയപ്പോഴും 39% സിവിൽ സർവീസ് തസ്തികകൾ അവർ നിലനിർത്തിപ്പോന്നു. സംഘപരിവാർ “മുസ്ലിം സമുദായത്തിന്റെ ജനസംഖ്യാപരമായ വർധന” എന്ന പ്രചാരണം നടത്തുമ്പോൾ ഈ യാഥാർഥ്യങ്ങൾ ചൂണ്ടിക്കാട്ടാറില്ല. അവർ 2002-ലെ മാറാട് കലാപത്തിന്റെയും 1992-ലെ ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്നു നടന്ന സംഘർഷങ്ങളുടെ പേരിലും മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രചാരണങ്ങൾ തുടർന്നു. പല ചരിത്ര സന്ദർഭങ്ങളിൽ സാമ്പത്തിക രംഗത്തുണ്ടായ കുഴഞ്ഞുമറിച്ചിലുകളെ മറച്ചുവച്ചുകൊണ്ടു തങ്ങളുടെ യഥാർത്ഥ ആശങ്കകൾ പറയാതെയായിരുന്നു മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ. അങ്ങനെ സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ കേരളത്തിന്റെ മതേതര മുഖത്തെ വെട്ടിലാക്കി എന്നുപറയാം.

കേരള വികസന മാതൃക വിട്ടുകളഞ്ഞ യാഥാർഥ്യങ്ങൾ

കേരള പശ്ചാത്തലത്തിൽ നടന്നുകൊണ്ടിരുന്ന ഈ സാഹചര്യങ്ങൾക്കൊപ്പം എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയായിരുന്നു ആഗോളതലത്തിൽ നടന്ന സംഭവ വികാസങ്ങൾ. 2001 സെപ്റ്റംബർ 11 നു വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോടെ ഇസ്ലാമോഫോബിയ പതിന്മടങ്ങോടെ ശക്തിയാർജിച്ചു. ഭൂപരിഷ്‌കരണം, വിദേശ കുടിയേറ്റം, സ്ഥാപനപരമായ ആസ്തികൾ, സ്വത്തു കൈമാറ്റത്തിൽ വന്ന മാറ്റങ്ങൾ, അധികാര സ്ഥാപനങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയവയിലൂടെ പരമ്പരാഗത സാമ്പത്തിക അധികാര മേഖലകളിൽ ഉണ്ടായ അസ്വസ്ഥതകളും ആശങ്കകളും കേരളത്തിൽ ഇസ്ലാമോഫോബിയയ്ക്ക് ആക്കം കൂട്ടി. സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തിയ മുസ്ലിം സമുദായത്തിന് സാംസ്ക്കാരിക രംഗത്ത് അംഗീകാരം ലഭിക്കാതെയും വന്നു. ഇതിനിടയിൽ രാഷ്ട്രീയ ഏറ്റുമുട്ടൽ ഒഴിവാക്കിക്കൊണ്ട് ക്രിസ്ത്യാനികൾ സ്വകാര്യമേഖലയുടെ ആധിപത്യം പ്രയോജനപ്പെടുത്തി മുന്നേറുകയും ചെയ്തു. കേരള വികസന മാതൃക ഇത്തരം സാമൂഹിക സാംസ്ക്കാരിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

മുസ്ലിം സമുദായത്തിനകത്തു നടക്കുന്ന കാര്യങ്ങൾ ഏറെ സങ്കീർണ്ണമാണെന്നും കാണാം. 2021 കാലഘട്ടത്തിൽ ദാരിദ്ര്യ നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ 19% വരെ എത്തുന്നുണ്ട്. മെഡിക്കൽ കോളേജ് പ്രവേശനം 2005-2024 കാലഘട്ടത്തിൽ 8% ൽ നിന്ന് 18% ആയി ഉയരുന്നുണ്ട്. അതോടൊപ്പം രാഷ്ട്രീയ പ്രാതിനിധ്യം 24% എം. എൽ. എ സീറ്റുകളായി വളർന്നു. അതിനിടയിൽ “ലവ് ജിഹാദ്”, “ലാൻഡ് ജിഹാദ്” തുടങ്ങിയ പ്രചാരണങ്ങളിലൂടെ ബി. ജെ. പിയുടെ വോട്ട് വിഹിതം 4.75 ശതമാനത്തിൽ നിന്ന് (2001) 12.5 ശതമാനമായി (2021) മൂന്നിരട്ടിയായി വർദ്ധിച്ചു. അതിനിടയിലും മുസ്ലിങ്ങൾക്കെതിരെയുള്ള മാധ്യമ പക്ഷപാതം തുടരുന്നുമുണ്ട്. മാധ്യമ വാർത്തകളുടെ തലക്കെട്ടുകളിൽ 67% നെഗറ്റീവ് ആയിരുന്നുവെന്നു 2022 ലെ പഠനങ്ങളിൽ പറയുന്നു.

People in Kerala protesting against NRC and CAA
Photo Courtesy: The News Minute

ജനസംഖ്യാപരവും സാമ്പത്തികവുമായ മാറ്റങ്ങൾ കേരളത്തിന്റെ സാമൂഹ്യ രംഗത്തും അധികാര ഘടനയിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് ഇതിൽനിന്നെല്ലാം വ്യക്തമാണ്. ഒരുകാലത്ത് കേരളത്തിലെ പ്രബല സമുദായങ്ങളായിരുന്ന സിറിയൻ ക്രിസ്ത്യാനികളുടെയും നായൻമാരുടെയും യുവ തലമുറയുടെ സാന്നിധ്യം കേരളത്തിൽ കുറയുന്നുണ്ട്. ഈ സമുദായങ്ങളിൽ നിന്നും യഥാക്രമം 38%, 32% യുവാക്കൾ വിദേശത്തേക്ക് കുടിയേറി. ഇത് വൻതോതിലുള്ള ഭൂമി വില്പനയിലേക്കു നയിച്ചു. സിറിയൻ ക്രിസ്ത്യാനികളുടെ 62% വും നായർ സമുദായങ്ങളുടെ 58% വും വരുന്ന എൻ ആർ ഐ കുടുംബങ്ങൾ ഭൂമി വിൽക്കുന്ന അവസ്ഥ സംജാതമായി. അതെ സമയം സ്ഥിരമായ വിദേശ കുടിയേറ്റത്തിനു മുതിരാതെ മുസ്ലിം സമുദായം കേരളത്തിൽ ഭൂമിയിൽ സ്ഥിര നിക്ഷേപം നടത്തുകയായിരുന്നു. അവർക്കിടയിലെ സ്ഥിരമായ കുടിയേറ്റം 12% മാത്രമാണ്. അങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലും അവർ കൂടുതൽ നിക്ഷേപം നടത്താനും ആരംഭിച്ചു. അങ്ങനെ ആരോഗ്യ മേഖലയിലെ ക്ലിനിക്കുകളുടെ ഉടമസ്ഥാവകാശത്തിന്റെ 25% മുസ്ലീങ്ങൾ നേടുന്നു. കൂടാതെ ഇത് വാണിജ്യ മേഖലകളിലും നടക്കുന്നുണ്ട്. ഹലാൽ വിപണിയിൽ മാത്രം 70% വർദ്ധനവ് അതിനു ഒരു ഉദാഹരണമാണ്. 2015-ന് ശേഷം, മധ്യകേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തിലെ ഉടമകളുടെ ഉയർന്ന മൂല്യമുള്ള ഭൂസ്വത്തിന്റെ 68% വാങ്ങുന്നത് മുസ്ലിങ്ങൾ ആണ്. കൂടാതെ ഇത് മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നുണ്ട്. പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള പുതിയ ഭൂവുടമകൾ ഉണ്ടായിരിക്കുന്നു. ക്രിസ്ത്യൻ സ്ഥാപനങ്ങൾ നിയന്ത്രിച്ചിരുന്ന കൊച്ചിയുടെ സാമ്പത്തിക കേന്ദ്രീകരണം ഇപ്പോൾ കോഴിക്കോട്-കണ്ണൂർ ദിശയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വഖഫ് ബോർഡ് പോലുള്ള സ്ഥാപനങ്ങൾ ഇപ്പോൾ 12,000 ഏക്കറിലധികം ഭൂമി നിയന്ത്രിക്കുന്നു. ഈ മാറ്റങ്ങൾ സാമ്പത്തിക ശക്തിയുടെ പുനർവിതരണത്തിന്റെ സൂചനയാണ്.

ഈ യാഥാർഥ്യങ്ങൾ കാണിക്കുന്നത് കേരളത്തിൽ നിർണായകമായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾ നടക്കുന്നു എന്നതാണ്. മാത്രമല്ല, അത് നേരത്തെ നിലനിന്നിരുന്ന സാമുദായിക ഐക്യത്തിന് പോറലേൽപ്പിക്കുന്ന രീതിയിൽ വളരുന്നു എന്നതും കൂട്ടി വായിക്കേണ്ടതാണ്. 2041 ആകുമ്പോഴേക്കും ജനസംഖ്യയുടെ 30% മുസ്ലീങ്ങൾ ആയിരിക്കുമെന്ന് ജനസംഖ്യാപരമായ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം ക്രിസ്ത്യാനികളും നായരും യഥാക്രമം 15%, 10% എന്നിവയിൽ താഴെയായിരിക്കുമെന്നും. സിറിയൻ ക്രിസ്ത്യാനികളുടെ ജനസംഖ്യാ ക്ഷയം മറ്റൊരു യാഥാർത്ഥ്യമാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് (1.2 കുട്ടികൾ) ഉള്ള ഈ സമൂഹം വേഗം ചുരുങ്ങുകയാണ്. 2000 മുതൽ പ്രധാനമായും കോട്ടയം, ചങ്ങനാശ്ശേരി, പാലാ, പത്തനംതിട്ട ഭാഗങ്ങളിൽ നിന്നുള്ള 42% ത്തിൽ കൂടുതൽ നേഴ്‌സുമാരും അവരുടെ കുടുംബങ്ങളും പ്രവാസികൾ ആണ്. ഈ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ സംഘപരിവാർ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുന്നത് എങ്ങനെ നേരിടും, കേരളത്തിന്റെ ബഹുസ്വരതയെ എങ്ങനെ സംരക്ഷിക്കും തുടങ്ങിയവ ഏറെ നിർണായകമായ കാര്യങ്ങളാണ്.

നായർ സമൂഹത്തിന്റെ കാര്യത്തിൽ, ഉദ്യോഗസ്ഥ മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആധിപത്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2010-ന് ശേഷം മുസ്ലിം സ്ഥാപനങ്ങൾ 63 പുതിയ പ്രൊഫഷണൽ കോളേജുകൾ തുറന്നിട്ടുണ്ട്, അതേസമയം നായർ ട്രസ്റ്റുകൾ 12 കോളേജുകൾ മാത്രമാണ് ഈ രംഗത്തുള്ളത്. ഗൾഫിൽ നിന്നുള്ള മുസ്ലിം നിക്ഷേപങ്ങൾ ഇപ്പോൾ റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നായർ സമൂഹത്തെ മറികടക്കുകയാണ്. 2023-ൽ കേരളത്തിന് 1.25 ലക്ഷം കോടി ഗൾഫ് പ്രവാസികളിൽ നിന്നും റിമിറ്റൻസ് ലഭിച്ചു. ഇതിൽ 72% മുസ്ലിം കുടുംബങ്ങളിലേക്കാണ് പോയത്. ഈ പണം പ്രധാനമായും വിദ്യാഭ്യാസം (58%), ആരോഗ്യം (22%), റിയൽ എസ്റ്റേറ്റ് (15%) എന്നിവയിലേക്ക് നിക്ഷേപിക്കപ്പെടുന്നു.

ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയ ഉപയോഗം

ഇസ്ലാമോഫോബിയ ഇന്ന് ഒരു രാഷ്ട്രീയായുധമായി മാറിയിരിക്കുന്നു. ഇതിന് മൂന്ന് പ്രധാന ഉദ്ദേശ്യങ്ങളുണ്ട്. അത് ചില സാമൂഹ്യ യാഥാർത്ഥ്യങ്ങളുണ്ടാക്കിയ അസ്വസ്ഥതകളുടെയും ആശങ്കകളുടെയും ഫലമാണ്. അതുകൊണ്ടു തന്നെ അതിന്റെ പിന്നിലെ കാരണങ്ങൾ മറച്ചുവയ്ക്കപ്പെടുകയാണ്. “ലവ് ജിഹാദ്”, “ജനസംഖ്യാ വിള്ളൽ” തുടങ്ങിയ വിവാദപ്രസ്താവനകൾ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ചർച്ച മറയ്ക്കാൻ സഹായിക്കുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്നു. നായർ/ക്രിസ്ത്യൻ സമൂഹങ്ങൾ ചേർന്ന് ഒരു “ഭയത്തിന്റെ സഖ്യം” രൂപപ്പെടുത്തിയിരിക്കുകയാണ്. സംഘപരിവാർ രാഷ്ട്രീയം കേരളത്തിൽ വേരൂന്നാൻ ഈ കൂട്ടുകെട്ട് ഉപയോഗിക്കുന്നു. അതോടൊപ്പം മുസ്ലിം സമൂഹത്തിനകത്തെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള മൗനം സാമൂഹ്യനീതിയെക്കുറിച്ചുള്ള സംവാദങ്ങൾ ഇല്ലാതാക്കിയിരിക്കുന്നു. മസ്ജിദ് ഭരണത്തിൽ അറബി വംശജരുടെ മേൽക്കോയ്മ നിലനിൽക്കുമ്പോൾ പല പള്ളികളിലും ദളിത് മുസ്ലിംകൾക്ക് നേതൃത്വ പദവികൾ നിഷേധിക്കപ്പെടുന്നു. അതുപോലെ ദളിത് മുസ്ലിങ്ങൾക്ക് വിവാഹ-വിദ്യാഭ്യാസ-ഉദ്യോഗാവസരങ്ങൾ നിഷേധിക്കപ്പെടുന്നത് തുടരുന്നു. മുസ്ലിം സമൂഹത്തിനകത്തെ ജാതി വിവേചനം പലകാരണങ്ങളാൽ ചർച്ചയാകാതെ പോവുകയാണ്. മുസ്ലിം രാഷ്ട്രീയക്കാർ ഈ പ്രശ്നങ്ങൾ അവഗണിക്കുകയുമാണ്.

നമ്മുടെ ഭാവി നിർണ്ണയിക്കുന്ന ചോദ്യങ്ങൾ

കേരളം ഇന്നു കാണുന്നത് ഹിന്ദുമതത്തിൻ്റെ പ്രതിനിധാനം ഏറ്റെടുത്ത നായർ മേധാവിത്വത്തെയും ക്രിസ്ത്യാനികളുടെ പ്രതിനിധാനം കൈക്കലാക്കിയ സുറിയാനി അധികാരത്തെയുമാണ്. യഥാർത്ഥത്തിൽ നായർ – സുറിയാനി അധികാര താല്പര്യങ്ങളെ മുസ്ലീം വിദ്വേഷം സൃഷ്ടിച്ചു “ഹിന്ദു – ക്രിസ്ത്യൻ ” ഐക്യമുന്നണിയിലൂടെ സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയാണ് ഇതിൻ്റെ കാതൽ. അതായത് കേരളത്തിലെ മുസ്ലീം സാമ്പത്തിക മുന്നേറ്റം കേരളത്തിലെ പരമ്പരാഗത നായർ – സുറിയാനി ആധിപത്യത്തിനു മാത്രമേ ഭീഷണിയാകുന്നുള്ളൂ. അത് ഹിന്ദുക്കളിലെ മറ്റു സമുദായങ്ങൾക്കോ സുറിയാനികളല്ലാത്ത ക്രിസ്ത്യാനികൾക്കോ, എന്തിന് നായരിലും സുറിയാനിയിലും ക്രിമിലെയറിൽ ഉൾപ്പെടാത്തവർക്കോ ഒരിക്കലും ഭീഷണിയാകുന്നതല്ല. മറിച്ച് ഗൾഫ് സമ്പത്ത് സൃഷ്ടിച്ച മുസ്ലീം മുന്നേറ്റം കേരളീയ സമൂഹത്തിൽ പ്രത്യേകിച്ചും എല്ലാ മത-ജാതികളിലും സമ്പത്തിൻ്റെ വിതരണത്തിനും സാമൂഹ്യമായ പുരോഗതിക്കും ഉപഭോഗ ശേഷിയുടെ വളർച്ചക്കും കൂലി വർധനവിനും ഇടവരുത്തുകയാണ് ചെയ്തത്. മുസ്ലീം സമൂഹത്തിൽ പോലും പെണ്ണുങ്ങളുടെ വിദ്യാഭ്യാസപരമായ ഉയർച്ചയിലൂടെ സ്ത്രീശാക്തീകരണത്തിന് ചുക്കാൻ പിടിക്കുന്നതും കഴിഞ്ഞ ദശകങ്ങളിൽ മുസ്ലീം സാമ്പത്തികാവസ്ഥയിലുണ്ടായ കുതിപ്പാണ്.

മുസ്ലീം സമ്പത്ത് നായർക്കോ സുറിയാനിക്കോ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ ഭീഷണിയാകുന്നത് അത് ഇന്ത്യൻ ജനായത്തത്തിനു ഭീഷണിയാകുമ്പോൾ മാത്രമാണ്. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടും അതിനു മുമ്പുള്ള കേരളീയ മുസ്ലീം ചരിത്രവും നമ്മോടു പറയുന്നത് നമ്മുടെ ജനായത്തവൽക്കരണ പ്രക്രിയയുടെ അവിഭാജ്യശക്തിയാണ് മുസ്ലീം സമൂഹം എന്നാണ്. 20-ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിലെ ഈഴവ മുന്നേറ്റം സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്കു ചാലകശക്തിയായതു പോലെ, ഗൾഫ് മുസ്ലീം മുന്നേറ്റം 20-ാം നൂറ്റാണ്ടിൻ്റെ രണ്ടാംപകുതി മുതൽ സാമൂഹികവും രാഷ്ട്രീയവുമായ ജനായത്തത്തിനു കരുത്തു പകരുകയാണ് ചെയ്തത്. അതായത് അത് പരമ്പരാഗത നായർ – സുറിയാനി അധികാരമേധാവിത്വത്തെ ചോദ്യം ചെയ്യുന്നു. ജനസംഖ്യാനുപാതികമായി സംവരണം ആവശ്യപ്പെടുന്നു. ഇത് കേരള സമൂഹത്തിൽ എല്ലാ മതത്തിലും വരുത്തുന്ന രാഷ്ട്രീയ നീതിയെ തകർക്കുന്നതിനാണ് ഇസ്ലാമോഫോബിയ നിർമ്മിച്ചത്. അതിനാൽ ഇസ്ലാമോഫോബിയ സൃഷ്ടിച്ചു കേരളത്തിൻ്റെ ജനായത്തവൽക്കരണത്തെ അട്ടിമറിക്കുക എന്നതാണ് നായർ – സുറിയാനി അധികാരശക്തികളുടെ ലക്ഷ്യം. അതിൻ്റെ തിക്തഫലം അനുഭവിക്കുക കേരളത്തിലെ ക്രീമിലയർ അധികാരശക്തികളുടെ ഭാഗമാകാത്ത എല്ലാ മലയാളികളുമായിരിക്കും.

സാമ്പത്തികമായും രാഷ്ട്രീയമായും ശക്തരായ മുസ്ലിം സമൂഹം രാഷ്ട്രീയ അധികാരത്തിൽ തങ്ങളുടെ ഇടം കൂടുതൽ ശക്തമാക്കിയേക്കാം. കൂടാതെ വരും കാലത്തു ആദിവാസി, മത്സ്യത്തൊഴിലാളി, മുസ്ലിം, ദളിത് അവകാശപോരാട്ടം ബലപ്പെട്ടു വരുകയും ചെയ്യും. സമാന്തരമായി ക്രിസ്ത്യൻ-നായർ “ഭീതി സഖ്യം” ഹിന്ദുത്വ രാഷ്ട്രീയത്തെ ബലപ്പെടുത്തുകയും ചെയ്യും.

ഇതിനിടയിൽ കേരളത്തിന്റെ യഥാർത്ഥ സംഘർഷം നിലനിൽക്കുന്നത് മതത്തിനപ്പുറം, സാമ്പത്തിക-ജാതി അടിസ്ഥാനത്തിലാണെന്നത് നാം മറക്കരുത്. ഭയത്തിന് പകരം സഹവർത്തിത്വത്തിന്റെ രാഷ്ട്രീയമാണ് ഇന്ന് ആവശ്യം. ഒരു സമൂഹത്തിന്റെ ഉയർച്ച മറ്റൊന്നിന്റെ അധഃപതനമായി കാണുന്ന പരിമിതമായ ചിന്താഗതി കേരളത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുകയേയുള്ളൂ. മതേതരത്വം, സാമൂഹ്യ നീതി, സാമ്പത്തിക സമത്വം എന്നിവയിലേക്കുള്ള പാതയിലൂടെ മാത്രമേ സുസ്ഥിരമായ ഭാവിയുണ്ടാക്കുകയുള്ളൂ. കേരളത്തിന്റെ സാമൂഹ്യ ശില്പത്തിൽ ഇപ്പോൾ നടക്കുന്ന മാറ്റങ്ങൾ ഒരു ചരിത്രപരമായ പരിവർത്തനത്തിന്റെ ഭാഗമാണ്. ഈ പരിവർത്തനത്തെ ആരും ഭയപ്പെടേണ്ടതില്ല. പകരം, അതിനെ എങ്ങനെ സൃഷ്ടിപരമായും സാമൂഹ്യ നീതി പുലരുന്ന രീതിയിലും നയിക്കാം എന്നാണ് ചിന്തിക്കേണ്ടത്. ഭയത്തിന്റെ രാഷ്ട്രീയത്തിന് പകരം ആശയസൗഹൃദത്തിന്റെ രാഷ്ട്രീയം മാത്രമേ നമ്മെ മുന്നോട്ട് കൊണ്ടുപോകുകയുള്ളൂ.

Cover Image Courtesy: The News Minute

References:

• Ahmad, Imtiaz. Caste and Social Stratification Among Muslims in India. New Delhi: Manohar, 1978.
• Ansari, Ghaus. Muslim Caste in Uttar Pradesh: A Study in Culture Contact. Lucknow: Ethnographic and Folk Culture Society, 1960.
• Frontline. “The New Face of Islamophobia in Kerala.” December 10, 2021.
• Government of India. Sachar Committee Report: Social, Economic, and Educational Status of the Muslim Community in India. New Delhi: Ministry of Minority Affairs, 2006.
• Government of Kerala, Department of Non-Resident Keralites’ Affairs (NORKA).
• Government of Kerala. Kerala Economic Review. Thiruvananthapuram: State Planning Board, Various Years.
• Government of Kerala. Kerala Land Reforms Act. Thiruvananthapuram: Kerala Legislative Assembly, 1963 & 1969.
• Heller, Patrick. The Labor of Development: Workers and the Transformation of Capitalism in Kerala, India. Ithaca: Cornell University Press, 1999.
• Jaffrelot, Christophe. Hindu Nationalism: A Reader. Princeton: Princeton University Press, 2007.
• Jeffrey, Robin. The Decline of Nayar Dominance: Society and Politics in Travancore, 1847–1908. London: Sussex University Press, 1976.
• Kanungo, Pralay. RSS’s Tryst with Politics: From Hedgewar to Sudarshan. New Delhi: Manohar, 2002.
• Kurien, John. “Kerala’s Gulf Connection: Remittances and Their Macroeconomic Impact.” CDS Working Paper No. 328. Thiruvananthapuram: Centre for Development Studies, 2002.
• Kurien, John. “Kerala’s Gulf Connection: Remittances and Their Macroeconomic Impact.” CDS Working Paper No. 328. Thiruvananthapuram: Centre for Development Studies, 2002.
• Malayali Diaspora: A Profile of Non-Resident Keralites. Thiruvananthapuram: NORKA, 2011. Government of Kerala, Department of Non-Resident Keralites’ Affairs (NORKA)
• Menon, Dilip M. Caste, Nationalism and Communism in South India: Malabar, 1900–1948. Cambridge: Cambridge University Press, 1994.
• Miller, Roland E. Mappila Muslims of Kerala: A Study in Islamic Trends. Hyderabad: Orient Longman, 1992.
• Neyazi, Taberez Ahmed. “Political Communication and Media in Kerala: The Case of Love Jihad.” Asian Survey 58, no. 4 (2018): 726–746.
• Nielsen, Kenneth Bo. “The Politics of Caste and the Rise of the BJP in Kerala.” Economic and Political Weekly 47, no. 35 (2012): 52–59.
• NORKA Annual Report 2018-2019. Thiruvananthapuram: NORKA, 2019. Government of Kerala, Department of Non-Resident Keralites’ Affairs (NORKA).
• NORKA Roots: Activities and Achievements 2017-2022. Thiruvananthapuram: NORKA, 2022.
• Osella, Filippo, and Caroline Osella. Islamism and Social Reform in Kerala, South India. Leiden: Brill, 2008.
• Panikkar, K. N. Against Lord and State: Religion and Peasant Uprisings in Malabar, 1836–1921. Delhi: Oxford University Press, 1989.
• Prakash, B. A. “Gulf Migration and Its Economic Impact: The Kerala Experience.” Economic and Political Weekly 33, no. 50 (1998): 3209–3213.
• Radhakrishnan, P. “Peasant Struggles, Land Reforms, and Social Change: Malabar 1836–1982.” Economic and Political Weekly 24, no. 13 (1989): A19–A26.
• Rajan, S. Irudaya, ed. India Migration Report 2014: Diaspora and Development. New Delhi: Routledge, 2014.
• Registrar General of India. Census of India. New Delhi: Ministry of Home Affairs, 2001, 2011, 2021.
• Report on Return Migration from the Gulf Countries to Kerala. Thiruvananthapuram: NORKA, 2014. Government of Kerala, Department of Non-Resident Keralites’ Affairs (NORKA).
• Tharakan, P. K. M. “Socio-Economic Factors in Educational Development: Case of Nineteenth Century Travancore.” Economic and Political Weekly 19, no. 45 (1984): 1913–1928.
• The Hindu. “Demographic Shifts and Political Mobilization in Kerala.” July 15, 2022.
• The Wire. “How RSS is Weaponizing Fear Against Muslims in Kerala.” March 22, 2023.
• Zachariah, K. C., and S. Irudaya Rajan. Dynamics of Migration in Kerala: Dimensions, Differentials and Consequences. Thiruvananthapuram: Centre for Development Studies, 2007.
• Zachariah, K. C., and S. Irudaya Rajan. Kerala Migration Survey 2008: Migration Monitoring Study 2008. Thiruvananthapuram: Centre for Development Studies, 2007
• Zachariah, K. C., and S. Irudaya Rajan. Kerala’s Gulf Connection: Emigration, Remittances, and Their Macroeconomic Impact. New Delhi: Orient Blackswan, 2012.
• Zachariah, K. C., and S. Irudaya Rajan. Kerala’s Gulf Connection: CDS Studies on International Labour Migration from Kerala (1977–2016). Thiruvananthapuram: Centre for Development Studies, 2017.

Jinu Sam Jacob

Jinu Sam Jacob

ജിനു സാം ജേക്കബ് (സാം), സുസ്ഥിര വികസനം, കാലാവസ്ഥ പ്രതിസന്ധി തുടങ്ങിയ മേഖലകളിൽ 18 വർഷത്തിലധികമായി ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു. പ്ലാൻ ഇന്റർനാഷണൽ, സെവ് ദി ചിൽഡ്രൻ, ക്രൈ (CRY) തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഗ്ലോബൽ അലൈൻസ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്മ്യൂണിറ്റീസ് എന്ന സംഘടനയെ നയിക്കുകയും UNFCCC യുടെ കാലാവസ്ഥാ ധനസഹായ പരിപാടിയിൽ പങ്ക് വഹിക്കുകയും ചെയ്യുന്നു.

View All Articles by Jinu Sam Jacob

Share Article
Whatsapp Email