ഇറാൻ: ചരിത്രം വർത്തമാനത്തെ നിർണ്ണയിക്കുന്നു

ഇറാൻ: ചരിത്രം വർത്തമാനത്തെ നിർണ്ണയിക്കുന്നു

ചരിത്രം കഴിഞ്ഞകാലത്തിന്റെ കഥയല്ല, ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ നിർണ്ണയിക്കുന്ന സജീവ സാന്നിധ്യമാണ്. ഹോർമൂസ് കടലിടുക്കിന്റെ തന്ത്രപ്രാധാന്യം മുതൽ പെട്രോ-ഡോളർ ആധിപത്യവും അമേരിക്കൻ സൈനിക ഇടപെടലുകളും വരെ, ഇന്നത്തെ സംഘർഷങ്ങൾ ആകസ്മികമല്ലെന്നും, അവ ദീർഘകാല സാമ്രാജ്യത്വ താൽപര്യങ്ങളുടെയും വിപണി രാഷ്ട്രീയത്തിന്റെയും തുടർച്ചയാണെന്നും മുനാസ് കണ്ടോത്ത് ചൂണ്ടിക്കാണിക്കുന്നു.

അറേബ്യൻ പെനിസുല എന്നു വിളിക്കുന്ന ഗൾഫ് ഉപഭൂഖണ്ഡ ത്തിൽ ഒരു പൊട്ടുപോൽ ചെറുതായ ബഹ്‌റൈൻ മുതൽ, യമൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, UAE എന്നിങ്ങനെ ഭൂവിസ്‌തൃതിയിൽഎൺപതു ശതമാനവും ഉൾക്കൊണ്ടു വലിയ രാജ്യമായി പരന്നുകിടക്കുന്ന സൗദി അറേബ്യ ഉൾപ്പെടെ ആറു രാഷ്ടങ്ങളാണുള്ളത്. ഭൂവിസ്‌തൃതിയിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തോളം വലിപ്പമേറും സൗദിക്ക്. അറേബ്യൻ പെനിസുലയുടെ മേൽഭാഗം വടക്കു പേർഷ്യൻ ഗൾഫും ഗൾഫ് ഓഫ് ഒമാനും ചേർന്ന പ്രശസ്തമായ കടലിടുക്ക്. തെക്കു താഴെ സൂയസ് കനാൽ ചേർന്നു കിടക്കുന്ന ചെങ്കടൽ പാത. ഈ രാജ്യങ്ങളെയും കൂടെ ഇസ്രയേലിനെയും ജോർദാനെയും പാലസ്തീനെയും ഇറാനെയും മറ്റും ചേർത്തു വെച്ചുകൊണ്ടാണ് നമ്മൾ മിഡിൽ ഈസ്റ് (മധ്യ പൂർവേഷ്യ) എന്നു പറയാറുള്ളത്. ഇതിൽ മനുഷ്യ സംസ്കാരത്തിന്റെ തന്നെ കളിത്തൊട്ടിലായ ഇറാനും ഇറാഖും ചേർന്നുള്ള ഭാഗത്തെയാണ് പേർഷ്യ എന്നു വേറിട്ടു വിളിക്കുന്നത്. അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ മേൽഭാഗം വടക്ക് പേർഷ്യൻ ഗൾഫും ഗൾഫ് ഓഫ് ഒമാനും ചേർന്ന കടൽപ്പാതയുടെ വഴിയിൽ ഒരു മുനമ്പായി നിൽക്കുന്ന കടൽ ഭാഗമാണ് ഇന്നത്തെ യുദ്ധ സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹോർമൂസ് കടലിടുക്ക്. ഈ കടൽ പാതയ്ക്ക് അപ്പുറം വളരെ വിശാലമായിത്തന്നെ ഇറാൻ നിലകൊള്ളുന്നു. ഹോർമൂസ് കടൽ ഭാഗത്തിന്റെ മുഴുവൻ നിയന്ത്രണാധികാരം ഇറാനാണ്. യുദ്ധ സാഹചര്യത്തിൽ ഹോർമൂസ് കപ്പൽ പാത അടച്ചാൽ ലോകത്തെ എണ്ണയുൾപ്പെടെ മൂന്നിലൊന്നു ചരക്കു ഗതാഗതം പാടെ നിശ്ചലമാകുമെന്നും അത് ലോകത്തെ മൊത്തം സാമ്പത്തിക ഘടനയെ ദുർബലമാക്കുംവിധം ബാധിക്കുമെന്നുമുള്ള ആശങ്കയിലാണ് നമ്മളിന്ന്.

Middle East Map

പെട്രോ ഡോളറിനെ ആശ്രയിച്ചുള്ള ഗൾഫ് മേഖലയിലു ള്ള മുഴുവൻ സാമ്പത്തിക ക്രയവിക്രിയങ്ങളുടെയും ചുക്കാൻ അമേരിക്കൻ വ്യാപാര നയങ്ങളെയും നിയന്ത്രണങ്ങളെയും ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. അതിനാൽത്തന്നെ അമേരിക്കൻ സമ്മർദ്ധത്തിനും താല്പര്യങ്ങൾക്കും വഴങ്ങിക്കൊണ്ട് ഈ രാജ്യങ്ങളിലെല്ലാം അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഗൾഫ് മേഖലയിലുള്ള രാജ്യങ്ങളിലെമ്പാടും സ്ഥാപിച്ചിരിക്കുന്ന അമേരിക്കൻ യുദ്ധോപകരണങ്ങളുടെയെല്ലാം ലക്ഷ്യം ഇറാനും ലെബാനോനു മൊക്കെയാണെന്നതും ഏവർക്കും അറിവുള്ളത്.

ഇറാന്റെ അനേകമനേകം ഡ്രോണുകൾ ഇപ്പോൾ പറന്നുയരുന്നത് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യം വച്ചാണ്. എന്നിട്ടും സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായ തങ്ങൾക്കുമേൽ ഇറാന്റെ കൊച്ചു ഡ്രോണുകൾ പറന്നുയരുന്നത് എന്തിനെന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരന്തരം ചോദ്യമുയരുന്നു. ഗൾഫിലെ ഒരു രാജ്യത്തെയും സിവിലിയന്മാരോ ജനവാസ കേന്ദ്രങ്ങളോ തങ്ങളുടെ ലക്ഷ്യമല്ലെന്നും അമേരിക്കൻ സൈനിക താവളങ്ങൾ മാത്രമാണ് ലക്ഷ്യമെന്നും അവിടങ്ങളിൽ നിന്നും തങ്ങൾക്കു നേരിടാനിടയുള്ള ഏതൊരു അക്രമത്തെയും മുൻ കൂട്ടി കണ്ട് രാജ്യത്തെ പ്രതിരോധിച്ചു സംരക്ഷിക്കുകണെന്നും അതാവട്ടെ തങ്ങളുടെ അവകാശമാണെന്നും ഇറാൻ ആവർത്തിച്ചു പറയുന്നു.

അമേരിക്കയുടെ വിപണി താല്പര്യങ്ങൾക്കൊത്ത് മാത്രം ചലിക്കാനാകുന്ന വ്യാപാര കോളനികളായി മാറിപ്പോയ ഗൾഫ് രാജ്യങ്ങളിലെവിടെയും ജനാധിപത്യ വ്യവസ്ഥയുള്ള അധികാര ഘടനയല്ല ഉള്ളത്. അമീറും സുൽത്തനുമൊക്കെയായി പരമ്പാരാഗത കുടുംബ രാജാധിപത്യ വ്യവസ്ഥയാണ് ഭരിക്കുന്നത്. യുദ്ധം തുടങ്ങിയതിനുശേഷം ഗൾഫ് രാജ്യങ്ങളിൽനിന്നും പടച്ചുവിടുന്ന വാർത്തകളേതും അമേരിക്കയുടെയും ഒപ്പം ഇസ്രയേലിന്റെയും താല്പര്യങ്ങൾ പ്രതിഫലിക്കുന്നതാണ്. ഇന്ത്യയിലേക്കും നമ്മുടെ കൊച്ചു കേരളത്തിലേക്കും എത്തിക്കൊണ്ടിരിക്കുന്ന വാർത്തകളിലും ജനങ്ങളുടെ ഈ ഇച്‌ഛാഭംഗം കാണാം. “അവർക്ക് ഈ ഡ്രോണുകളെല്ലാം പറത്തി അമേരിക്കയിലേക്കും ഇസ്രയേലിലേക്കും കൊണ്ടുചെന്നു തള്ളിക്കൂടെ, ഇതെന്തിനാണ് തങ്ങളുടെ തലയ്ക്കു മുകളിലൂടെ തന്നെ പറത്തി വിടുന്നത്” എന്നാണ് മലയാളികളും ചോദിക്കുന്നത്. നമ്മുടെ കേരളത്തിലേത് വലിയൊരു ഭാഗം പൂർണമായും റെമിറ്റൻസ് എക്കണോമിയാണെന്നതാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം. നമ്മുടെ പൊതു ഖജാനാവ് കാലിയായി അവിടെ എലികളും പാറ്റകളും മാത്രം ശേഷിക്കെ പ്രവാസികൾ വിദേശത്തുനിന്ന് അയക്കുന്ന പണം കൊണ്ടാണ് ഇവിടെ ജനജീവിതം തെല്ലൊന്നും അല്ലലും അലട്ടലുമില്ലാതെ മുന്നോട്ടു പോകുന്നത്, അല്ലാതെ ഭരണാധികാരികൾ തോന്നിയതുപോലെ പടച്ചുവിടുന്ന പല വികസന മൂരാച്ചികൾകൊണ്ടല്ല എന്ന് സാമ്പത്തിക വിദഗ്ധനായ ഒരു സുഹൃത്ത് അല്പം തമാശകലർത്തി ഈയിടെ പറഞ്ഞത് ഓർമ്മ വരുന്നു.

Suyus Canal
സൂയസ് കനാൽ Image Courtesy : britannica.com

ഇസ്രായേലിന്റെ കഴുകൻ കണ്ണുകൾ ഒരു വർഷം മുമ്പേ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാമെനെയിയെ പിന്തുടർന്നിരുന്നു. അദ്ദേഹത്തെയും സഹായികളികളെയും വധിച്ച് ഇറാനിലും തങ്ങൾക്ക് അനുഗുണവും കീഴ്പെടുന്നതുമായ ഒരു വിപണി സമ്പദ്-സാമൂഹിക വ്യവസ്ഥ കൊണ്ടുവാരാനാവു മെന്നും അവർ കണക്കുകൂട്ടി. അതോടൊപ്പം പശ്ചിമേഷ്യൻ ഭൂമികയിൽ ആകമാനം സയണിസ്റ്റ്-ഇസ്രായേൽ ആധിപത്യം അരക്കിട്ടുറപ്പിക്കുക എന്ന ലക്ഷ്യവും. ഇതിന് ഒരുക്കു കൂട്ടിയുള്ള ഗൂഢാലോചനകൾ ഒരു വർഷം മുമ്പെങ്കിലും ഇസ്രായേൽ തുടങ്ങിയിട്ടുണ്ടാകണം. ഇതിനു വേണ്ടി ഗൾഫ് രാജ്യങ്ങളിൽ അമേരിക്കൻ ഇസ്രായേൽ താല്പര്യങ്ങളോട് കൂടുതൽ ചേർന്നു നിൽക്കുന്ന സൗദി അറേബ്യയിൽ നിന്നും ഒരു രഹസ്യ സമ്മതം അവർ ഇതിനോടകം നേടിയെടുത്തു കഴിഞ്ഞിരുന്നു.

ഇതോടൊപ്പം ചേർത്തു മനസിലാക്കേണ്ടുന്ന മറ്റൊരു കാര്യം പശ്ചിമേഷ്യയിലെ ഇസ്രായേൽ ആധിപത്യം ക്രമാതീതം വർദ്ധിപ്പിക്കുന്നത് ഒട്ടും ആശാസ്യകരമല്ലെന്നു ചൈന മുമ്പേ മനസിലാക്കിയിരുന്നു എന്നതാണ്. അതിനു തടയിടാൻ കെല്പുള്ള രണ്ടു രാജ്യങ്ങളായ സൗദിയേയും ഇറാനെയും ഒരു മേശയ്ക്കിരുപുറം പിടിച്ചുരുത്തി സഖ്യത്തിൽ കൊണ്ടുവരാൻ ശ്രമിച്ചത് ഈയിടെ ചൈനയായിരുന്നു. ഇറാനോടെന്നതുപോലെ എണ്ണയുൾപ്പെടെ പലതരം ആവശ്യങ്ങൾക്കുമുള്ള വ്യാപാര ബന്ധങ്ങൾ സൗദിയോടും ചൈനക്കുണ്ട്. പരസ്പര വൈരം മറന്ന് ഇരു രാജ്യങ്ങളെയും ഒരു മേശയ്ക്കിരുപുറം ചേർത്തിരുത്തി സഹകരണ ചർച്ചയിലെത്തിച്ചത് അന്ന് ചൈനയുടെ വൻ വിജയമായും കണ്ടിരുന്നു. എന്നാൽ സൗദിയിലെ പുതുഭരണ നേതൃത്വം പുഞ്ചിരിച്ചുകൊണ്ട് തങ്ങൾക്കനുകൂലമായ ചില ചില്ലറ കരാറുകളിൽ ഒപ്പിട്ടതല്ലാതെ ഇറാനുമായി ഉള്ളുതുറന്ന ഒരു സൗഹൃദത്തിനൊ ഒത്തൊരുമയ്ക്കോ ഒട്ടും തയ്യാറായിരുന്നില്ല എന്നാണ് അവരുടെ പിന്നീടുള്ള പ്രവർത്തികൾ തെളിയിച്ചത്. സലഫിസം സൗദിയിലെ മത സാമൂഹിക ഉലാമാക്കളിൽ മാത്രമല്ല ഭരണ സിരാകേന്ദ്രങ്ങളിലാകമാനം പടർന്നു പന്തലിച്ച ഒന്നാണ്.

യുദ്ധം തുടങ്ങുന്നതിനു തൊട്ടു മുമ്പത്തെ ആഴ്ച രണ്ടു തവണയെങ്കിലും നെതന്യാഹു തുടരെ അമേരിക്കയെ സമീപിച്ച് മുമ്പേ പദ്ധതിയിട്ടതിൻ പ്രകാരം ഇറാൻ നേതൃത്വത്തെ വകവരുത്തുവാൻ സമയമായെന്ന് അറിയിച്ചു. ഡോണൾഡ് ട്രംപിൽ നിന്ന് അനുകൂല വിധി കിട്ടാൻ താമസിച്ചപ്പോഴാണ് നെതന്യാഹു സൗദിയുടെ രഹസ്യ സമ്മത വിവരം വ്യക്തമായും അറിയിക്കുന്നത്. ഉടൻ ഉണ്ടായ കൂടിയാലോചനകളിലെ തീരുമാന പ്രകാരമാണ് ബോബുകൾ തൊടുത്തുവിട്ട് ഇറാന്റെ പരമോന്നതമായ ആയത്തുള്ള അലി ഖാമെനെയിയെയും നേതൃ നിരയെയും കൊന്നു നശിപ്പിക്കുന്നത്. യുദ്ധം തുടങ്ങുന്നതിനും ദിവസങ്ങൾക്കു മുമ്പേതന്നെ അമേരിക്കയുടെ വൻ പടക്കപ്പലുകൾ ഇറാൻ തീരത്ത് നങ്കൂരമിട്ടത് ഇവിടെ ഓർക്കാവുന്നതാണ്. ഭയപ്പെടുത്തി തങ്ങളുടെ വരുതിയിൽ കൊണ്ടുവരിക എന്നതിനും പെട്ടെന്ന് അധികാര മാറ്റം തീർത്ത് മടങ്ങുക എന്നതിനും ഉദ്ദേശിച്ചായിരുന്നു അത്. സൗദി സുൽത്താൻ ഭരണം അഭിലഷിച്ചതിൻ പ്രകാരം അലി ഖാമെനെയിയെയും ഷിയാ ഭരണ നേതൃത്വത്തെയും അട്ടിമറിച്ച് പെട്ടെന്ന് പിന്മാറാമെന്ന ഉറപ്പായിരുന്നു നൽകിയത്.

എന്നാൽ അക്രമം തുടങ്ങിയപ്പോൾ ഖാമെനെയിയുടെ വസതിക്കു നേരെ മാത്രമല്ല ബോംബുകൾ തൊടുത്തുവിട്ടത്, കുട്ടികൾ പഠിക്കുന്ന വിദ്യാലത്തിനു നേരെയും ജനവാസ കേന്ദ്രങ്ങൾക്കു നേരെയും മാരക ബോംബുകൾ വർഷിച്ചു സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയും പ്രതീക്ഷിച്ചതിനു വിപരീതമായി ഇറാൻ പെട്ടെന്ന് ശക്തമായി തിരിച്ചടിക്കുകയും ചെയ്തപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയതായി സൗദിയും അമ്പരക്കുന്നത്.

US Navys Fifth Fleet is headquartered in Bahrain
യുഎസ് നാവികസേനയുടെ ബഹ്‌റൈനിലെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം

ഇസ്രയേലിന്റെ താല്പര്യങ്ങൾക്കൊത്ത് എടുത്തു ചാടി ഖാമെനെയിയെ വധിച്ചതിലൂടെ തുടങ്ങിവച്ച യുദ്ധം, ഇപ്പോൾ ആഴ്ചകൾ പിന്നിട്ടിട്ടും അമേരിക്കൻ നേതൃത്വം വിചാരിച്ചാൽ പോലും അവസാനിക്കാത്ത സ്ഥിതിയിലെത്തിച്ചേർന്നിരിക്കുന്നു.

പശ്ചിമേഷ്യയിലെ വർത്തമാനകാല യുദ്ധ സംഘർഷങ്ങളുടെ പിന്നിൽ ചരിത്രപരമായി ഉത്ഖനനം ചെയ്തു കണ്ടെത്താവുന്ന അനേകം സംഭവങ്ങളുണ്ട്.

ഇസ്രയേലിന്റ കണ്ണുകൾ നിരന്തരം തന്നെ പിന്തുടരുന്നുണ്ടെന്ന് അലി ഖാമെനെയിക്ക് വ്യക്തമായും അറിയാമായിരുന്നു. തന്നെ വധിക്കാനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞതായി ഇന്റലിജിൻസ് വിവരവും മാസങ്ങൾക്കു മുമ്പേ കിട്ടിക്കഴിഞ്ഞിരുന്നു. പിന്നെ എന്തുകൊണ്ട് സ്വന്തം സുരക്ഷിതത്വത്തെ കരുതി ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലേക്കു അദ്ദേഹം മാറിയില്ല. ഇന്റലിജൻസ് മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് സ്വന്തം ഓഫീസ് വസതിയിൽ തന്നെ അദ്ദേഹം എന്തുകൊണ്ട് ധൈര്യപൂർവം നിലകൊണ്ടു എന്ന ചോദ്യം പരക്കെ ഉയർന്നു കേൾക്കുന്നുണ്ട്.

Ali Hosseini Khamenei- Iraniyan Politician
ആയത്തൊള്ള അലി ഖാമെനെയി

മിത്തുകളിലൂടെയും ആചാര വിശ്വാസ സംഹിതകളിലൂടെയും മാത്രം വാർത്തെടുക്കപ്പെട്ടതല്ല ഇറാനിലെ ജനങ്ങളുടെ സാമൂഹിക, മത അവബോധം. ചരിത്രത്തിലെ വേദനകളും മുറിവുകളും കൊടും ചതികളും അവഗണയും മാറ്റിനിർത്തലുമെല്ലാം അവരുടെ ചരിത്ര മത ബോധത്തിന് വീര്യവും ആർജ്ജവവും പകർന്നു നൽകുന്നു. ആറായിരത്തിലധികം വർഷത്തെ പഴക്കവുമുണ്ട് അവരുടെ സാംസ്കാരിക പൈതൃകങ്ങൾക്ക് എന്ന് ചാരിത്ര പണ്ഡിതർ പറയുന്നു.

പ്രവാചക പൗത്രന്മാരായ ഹസ്സനെയും ഹുസ്സൈനെയും യസീദി ഭരണകൂടം ഖർബലയിൽ വെച്ച് ചതിയിൽ അതി ദാരുണമായി കൊന്നതിന്റെ സ്മരണ ഇന്നും സജീവമായി അനുഷ്ഠാനപരമായി കൊണ്ടുനടക്കുന്ന ഒരു ജനത ഇപ്പോൾ തങ്ങളുടെ പരമോന്നത നേതാവ് അലി ഖാമെനെയിയെ കൊന്നു തള്ളുമ്പോഴും ചുമ്മാ ഭയന്ന് കൈയും കെട്ടി നോക്കിനിൽക്കുമെന്നു കരുതാനാകില്ല. നിശ്ചയമായും അവർ എല്ലാ അഭിപ്രായ ഭിന്നതകളെയും മറികടന്ന് ദേശീയ ഐക്യത്തോടെ പടപൊരുതും. ഇതുതന്നെയാണ് തന്റെ മരണത്തിലൂടെ ആയത്തൊള്ള അലി ഖാമെനെയി ഉദ്ദേശിച്ചതും. തന്റെ ജീവിതത്തിലൂടെ സാധ്യമല്ലാതിരുന്ന രാജ്യത്തിന്റെ ഐക്യബോധം തന്റെ വീര മൃത്യുവിലൂടെ അദ്ദേഹം സാധിച്ചെടുത്തിരിക്കുന്നു എന്നു കരുതണം. യുദ്ധം ഇറാനികൾക്ക് ഇന്ന് സ്വന്തം നിലനില്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരമായി തീർന്നിരിക്കുന്നു.

1979 ലാണ് ആയത്തുള്ള റൂഹുള്ള ഖുമൈനിയുടെ നേതൃത്വത്തിൽ വിപ്ലവം നടന്ന് ഇറാനിൽ ഇന്നത്തെ ജനകീയ സർക്കാർ ഭരണം തുടങ്ങുന്നത്. തുടക്കത്തിൽ ഇസ്രായേൽ തന്ത്രപരമായ ഒരു അടുപ്പം ഇറാനുമായി സ്ഥാപിച്ചിരുന്നു. എന്നാൽ സയണിസ്റ് ഗോഡാലോചനയുടെയും വഞ്ചനയുടെയും ലക്ഷ്യം തിരിച്ചറിഞ്ഞ ഇറാൻ പെട്ടെന്നുതന്നെ ഇസ്രായേൽ താൽപര്യങ്ങൾക്കു വിരുദ്ധമായ പ്രഖ്യാപനങ്ങൾ നടത്തുകയും കുതറി മാറി അകന്നു നിൽക്കുകയും ചെയ്തു. ഏതാണ്ട് ഇതേ കാലത്താണ് പേർഷ്യയുടെ ഭാഗം തന്നെയായ ഇറാഖിൽ സദ്ദാം ഹുസൈൻ ഭരണം പിടിച്ചെടുത്ത് അധികാരം തുടങ്ങുന്നത്. 1980-ൽ അതിർത്തി തർക്കവും പറഞ്ഞ് സദ്ദാമിനെക്കൊണ്ട് ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചതിൽ അമേരിക്കയും ഇസ്രയേലും ചേർന്ന ലോബിക്കുള്ള പങ്ക് ചെറുതല്ല. ഇറാൻ ഇല്ലാതാവാൻ സൈനികമായും ആയുധങ്ങളായും എല്ലാ സഹായങ്ങളും അമേരിക്ക സദ്ധാമിനു നൽകി. എട്ടു വർഷമാണ് ഇറാൻ ഈ യുദ്ധം ചെറുത്തു നിന്നത്. അനേക ലക്ഷം ആളപായം, കഷ്ടനഷ്ടങ്ങൾ, കെടുതികൾ എന്നിട്ടും ഒടുവിൽ യുദ്ധം അവസാനിപ്പിക്കുമ്പോൾ എന്തിനുവേണ്ടിയായിരുന്നു യുദ്ധം എന്നുപോലും പറയാനാവാതെ കൈ മലർത്തുകയായിരുന്നു സദ്ദാം ഹുസൈൻ. യുദ്ധാനന്തരം എങ്കിലും ജനക്ഷേമകരമായ ഒരു രാഷ്ട്ര വികസനത്തിലേക്ക് മുന്നോട്ടുപോകാൻ കഴിയാനാവാത്തവിധം തളർത്തിക്കൊണ്ട് ഇറാനെതിരെ പലതരം ഉപരോധങ്ങൾ ഏർപ്പെടുത്തുകയായിരുന്നു അമേരിക്ക. എണ്ണ സമ്പത്തു കൊണ്ടും പ്രകൃതി വിഭവങ്ങൾ കൊണ്ടും യുവത്വമാർന്ന മാനുഷിക വിഭവ ശേഷി കൊണ്ടും അനിഗ്രഹീതമായ ഇറാന് ഇതൊന്നും രാഷ്ട്ര വികസനത്തിനും ജന ക്ഷേമത്തിനും ഉപയോഗിക്കാനാവാത്തവിധം ഉപരോധം തീർത്ത് കെട്ടിയിടുകയാരുന്നു അമേരിക്ക.

1979 ലെ വിപ്ലവം തുടങ്ങുന്നതിനു മുമ്പുണ്ടായിരുന്ന പെഹ്‌ലവി ഏകാധിപത്യ ഭരണത്തിൽ പ്രത്യക്ഷമായിത്തന്നെ നഗര കേന്ദ്രീകൃതമായ ലിബറൽ സാമ്പത്തിക നയങ്ങളായിരുന്നു നടപ്പിലാക്കിയിരുന്നത്. കാർഷിക വിരുദ്ധമായ തൊഴിൽ നിയമങ്ങളും അശാസ്ത്രീയമായ ഭൂപരിഷ്കരണ നിയമങ്ങളും മൂലം ഗ്രാമങ്ങളിലെ തൊഴിലില്ലായ്‌മ അതി രൂക്ഷമായി വർദ്ധിച്ചു.1963 മുതലെങ്കിലും തൊഴിൽ തേടി ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്കുള്ള പാലായനം പതിന്മടങ്ങു ഭീമമായിരിന്നു. കൊക്കക്കോളയുടെ വൻ പരസ്യബോഡുകൾ, അമേരിക്കൻ മാളുകൾ, ലൈംഗികത വിൽക്കാൻ തയ്യാറായി നിൽക്കുന്ന തൊഴിൽ രഹിതർ.സുഖഭോഗങ്ങൾ തേടി അലയുന്ന ഉപരി മധ്യവർഗം ഇതൊക്കെയാരിരുന്നു അന്നത്തെ ഇറാനിലെ സ്ഥിരം നഗര കാഴ്ചകൾ. നഗരങ്ങളിൽ പൊള്ളയായ റിയലെസ്റ്റേറ്റ് വിഭ്രമങ്ങൾ സൃഷ്ടിച്ച് വൻ കെട്ടിടങ്ങളും മാണി മന്ദിരങ്ങളും തകൃതിയായി അനേകം പണിതിട്ടുകൊണ്ടിരുന്നെങ്കിലും അവയ്ക്കിടയിലെല്ലാം ദരിദ്രർ തിങ്ങി പാർക്കുന്ന വൻ കോളനികളും വളർന്നു വികസിച്ചു വന്നു. പൊതുവിൽ മധ്യവർഗ്ഗത്തിൽ പടർന്നുകയറിയ വിരക്തിയും നിരാസവും പെഹ്‌ലവി ഭരണകൂടത്തിനെതിരെ തന്നെയുള്ളയുള്ള അതൃപ്തിയും രോഷവുമായി വളർന്നു പടരാൻ അധികകാലം വേണ്ടിവന്നില്ല.1977 ആയപ്പോഴേക്കും പണപ്പെരുപ്പം അനിയന്ത്രിതമായി വർദ്ധിച്ചു, വില വർദ്ധനവിന്റെയും അഴിമതിയു ടെയും തൊഴിലില്ലായ്മയുടെയും സാമൂഹിക സുരക്ഷിതത്വമില്ലായ്മ യുടെയും കെടുതികൾ ജനജീവിതത്തെ ആകമാനം ഗ്രസിച്ചു കഴിഞ്ഞിരുന്നു. വൈയക്തിക സ്വാതന്ത്ര്യത്തിന്റെയും പാശ്ചാത്യ മാതൃകയിലുള്ള മോഡേണൈസേഷന്റെയും പുകമറ സൃഷ്ടിച്ചുകൊണ്ട് ഭരിക്കുന്ന പെഹലവി ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തിൽ തങ്ങൾ അകപ്പെട്ടിരിക്കുകയാണെന്നും, ഒരു ജനത എന്ന നിലയിൽ ഇത് ചെറുത്ത് മുന്നേറേണ്ടതുണ്ട് എന്നുമുള്ള വിമോചന മുദ്രാവാക്യങ്ങൾ തുടക്കത്തിൽ ഉയർന്നുകേട്ടത് ഇറാനിലെ വിദ്യാർത്ഥികൾക്കിടയിലും സർവകലാശാലകളിലുമായിരുന്നു. പ്രമുഖ സാമൂഹ്യ ശാസ്ത്ര ചിന്തകനായ അലി ശരീഅത്തിയുടെ വിപ്ലവകരമായ ചിന്തകൾ ഇറാനിലെ അക്കാദമിക് മേഖലകളിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന കാലമായിരുന്നു അത്. യൂറോപ്യൻ സർവ്വകലാശാല പരിസരത്തു നിന്നുമാണ് അദ്ദേഹത്തിന്റെയും ചിന്തകൾ പരുവപ്പെട്ടു വന്നത്. പെഹ്‌ലവി ഭരണകൂടത്തിനെതിരെ ഇറാനിലെ തെരുവുകളിൽ പ്രക്ഷോഭങ്ങൾ അലയടിച്ചപ്പോൾ, അതിനു പിന്നിലെ ശക്തമായ വ്യക്തി പ്രഭാവമായി നിന്ന ആയത്തുള്ള റൂഹുള്ള ഖുമൈനിക്കൊപ്പം ഡോ.അലി ശരീഅത്തിയുടെ ചിന്തകൾക്കുമുള്ള പ്രാധാന്യവും അവഗണിക്കാവുന്നതല്ല.1977 ൽ തികച്ചും ദുരൂഹമായ സാഹചര്യത്തിൽ, ഡോ.അലി ശരിഅത്തി മരണപ്പെട്ടപ്പോൾ, അതിനു പിറകിലും പെഹ്‌ലവി ഭരണകൂടത്തിനുള്ള പങ്ക് ഇറാനിലെവിടെയും ആശങ്കയോടെ സംസാര വിഷയമായതാണ്. ലോകത്ത് മറ്റേത് രാജ്യത്തും കടന്നുചെന്ന് മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് വാചാലനായിരുന്ന അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന് അക്കാലം ഇറാനുമായുള്ള അകമഴിഞ്ഞ സൗഹൃദ ബന്ധം, പെട്രോ ഡോളർ സാമ്പത്തിക താൽപ്പര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അമേരിക്ക ഇറാനിൽ നടന്നുകൊണ്ടിരുന്ന സംഭവഗതികൾക്കു നേരെ മൗനം പാലിച്ചു എന്ന് മാത്രമല്ല, പെഹ്‌ലവി ഭരണകൂടത്തിന് ആവശ്യമായ പിന്തുണയും ഉറപ്പുവരുത്തി.

Michel Foucault
മിഷെൽ ഫൂക്കോ

1979-ൽ ഇറാനിൽ വിപ്ലവം നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രമുഖ ഫ്രഞ്ച് ദാർശനിക ചിന്തകനായ മിഷെൽ ഫൂക്കോ (Michel Foucault) ഇറാൻ സന്ദർശിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ഫിലോസഫിക്കൽ ജേർണലിസം എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ച ദൗത്യത്തിന്റെ ഭാഗമായി ഇറാൻ സന്ദർശിക്കുകയും, അവിടെ നടന്നുകൊണ്ടിരുന്ന ജനകീയ വിപ്ലവ മുന്നേറ്റങ്ങൾക്ക് (Collective Will) അദ്ദേഹം സാക്ഷിയാവുകയും ചെയ്തത്. ചരിത്രത്തിന്റെ മുന്നോട്ടുള്ള മുൻ നിശ്ചിത രേഖയിൽ (Teleological) സംഭവിച്ചുകൊള്ളുന്ന പാശ്ചാത്യ മാതൃകയിലുള്ള വിപ്ലവം എന്ന സങ്കൽപനത്തിൽ നിന്നും വിഭിന്നമായി താൻ ഇറാനിൽ കണ്ട ജനകീയ മുന്നേറ്റത്തെ പ്രകീർത്തിച്ച് മിഷേൽ ഫൂക്കോ പൊളിറ്റിക്കൽ സ്‌പിരിച്ച്വാലിറ്റി (Political Spirituality) എന്നു വിശേഷിപ്പിച്ചത് യൂറോപ്യൻ ബുദ്ധിജീവി കൾക്കിടയിൽ പിന്നീട് ഏറെ ആലോചനകൾക്ക് വിഷയമായി.

ഒരു സ്വേച്‌ഛാധിപത്യ ഭരണകൂടത്തിനെതിരെ ജനകീയ മുന്നേറ്റം ഉണ്ടായി അവിടെ പൊട്ടിവിടർന്നു വരുന്ന സാമൂഹ്യ വ്യവസ്ഥ വിപണി സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞുള്ള തികച്ചും മുതലാളിത്താനുകൂലവും പാശ്ചാത്യ മാതൃകയിലുള്ളതുമായ ലിബറൽ സാമൂഹികാവസ്ഥയായിരിക്കണം എന്നു നിർബന്ധം പറയാനൊക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. ജനാധിപത്യത്തി നുവേണ്ടി ഇറാനിൽ 1979 ൽ നടന്ന വിപ്ലവം ഷിയാ വിശ്വാസത്തിന്റെ തിയോക്രസി നേതൃത്വത്തിലാണെന്ന പരിമിതി പലരും ചൂണ്ടിക്കാട്ടാറുള്ളത് പലപ്പോഴും മേൽ പരാമര്ശിച്ച ആധുനിക അവബോധ നിർമ്മിതിക്കുള്ളിൽ നിന്നുകൊണ്ടാണ്. അതിനെല്ലാമപ്പുറം മറ്റു അറേബ്യൻ പേർഷ്യൻ രാജ്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഇറാനിൽ ഇന്നു നിലനിന്നു പോരുന്ന സവിശേഷ ജനാധധിപത്യ കെട്ടുറപ്പുകളെ കണക്കിലെടുക്കേണ്ടതുണ്ട്. അതോടൊപ്പം തങ്ങളുടെ യശസ്സും ഭാവിയും വിധിയുമെല്ലാം, സ്വതന്ത്ര പരമാധികാര രാഷ്ട്രമായ തങ്ങൾ തന്നെ തീരുമാനിക്കേണ്ടതാണെന്ന ഇറാൻ ജനതയുടെ കൊളോണിയൽ വിരുദ്ധ പ്രഖ്യാപനവും തികച്ചും പ്രസക്തമാണ്. പാശ്ചാത്യ അധിനിവേശ ശക്തികളെ എതിരിട്ടു പശ്ചിമേഷ്യയിൽ ഇറാൻ സ്വയം ആർജ്ജിച്ചെടുത്തിരിക്കുന്ന സവിശേഷ സ്ഥാനവും പ്രാധാന്യമുള്ളതാണ്. ബഹുസ്വരതയാൽ വർണ്ണശബളവും സുന്ദരവും ആയിത്തീരുന്ന ഒരു ലോകത്ത് ജീവിച്ചു കാണാൻ സ്വപനം കാണുന്ന ചിന്തകരെല്ലാം ഇറാൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ മൂല്ല്യം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

Munas Kandoth

Munas Kandoth

കേരളത്തിലെ പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ജനനം. തത്വ-ദർശനങ്ങളാണ് തല്പര വിഷയം.അന്വേഷണങ്ങളുടെ ഭാഗമായി പത്തു വർഷത്തോളം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആശ്രമങ്ങൾ പൗരാണിക വിജ്ഞാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്നു.ആനുകാലികങ്ങളിൽ അപൂർവമായി മാത്രം എഴുതാറുണ്ട്. മലയാളത്തിൽ ഓഷോ രജനീഷിന്റെ ആദ്യ പുസ്തകം "പരമ സാക്ഷാത്ക്കാരം" കോഴിക്കോട് ജോയ് മാത്യുവിന്റെ ബോധി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.

View All Articles by Munas Kandoth

Share Article
Whatsapp Email