ഇന്ത്യയുടെ ഭാവി അംബേദ്ക്കറുടെ സമര മാർഗത്തിലൂടെ

ഇന്ത്യയുടെ ഭാവി അംബേദ്ക്കറുടെ സമര മാർഗത്തിലൂടെ

സായുധ വിപ്ലവത്തിന്റെ പാത ഉപേക്ഷിച്ച് അടിത്തട്ട് ജനതയുടെ വിമോചനം ലക്ഷ്യമാക്കി ജീവിക്കുന്ന സാമൂഹ്യ പ്രവർത്തകയും പ്രസാധകയും എഴുത്തുകാരിയുമായ ഗീത രാമസ്വാമി തന്റെ ജീവിതത്തിലെ നിർണ്ണായകമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇന്നും അവഗണിക്കുന്ന ജാതി വ്യവസ്ഥ, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരിമിതികൾ, സംഘപരിവാർ രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടാനുള്ള വഴികൾ തുങ്ങിയവ അവർ വിശദീകരിക്കുന്നു. തെലങ്കാനയിലെ ഇബ്രാഹിംപട്ടണത്തിൽ ഭൂ രാഹിത്യത്തിനും അടിമത്തത്തിനുമെതിരായി നടത്തിയ തന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള അനുഭവങ്ങളെ ആധാരമാക്കി, സമത്വവും അഹിംസയും ആസ്പദമാക്കിയ അംബേദ്കറിന്റെ ദർശനമാണ് ഇന്ത്യയ്ക്ക് പരിവർത്തന പാതയൊരുക്കുകയെന്ന് അവർ വാദിക്കുന്നു.

Land Guns Caste Woman എന്ന പുസ്തകത്തിൽ താങ്കൾ ശാസ്ത്രീയ അറിവുകളും ഇംഗ്ലീഷ് സാഹിത്യവും സ്വാതന്ത്ര്യ ബോധത്തിന് ഉണർവേകി എന്ന് എഴുതിയിട്ടുണ്ട്. ഈ ബോധവുമായി ഒസ്മാനിയ സർവ്വകലാശാലയിലെത്തിയ താങ്കളെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായിരുന്ന ജോർജ് റെഡ്ഢിയുടെ കൊലപാതകം എങ്ങനെയാണ് രാഷ്ട്രീയമായി സ്വാധീനിച്ചതെന്നും ജീവിതത്തിലെ വഴിത്തിരിവായി മാറിയതെന്നും പറയാമോ?

സർവ്വകലാശാലാ വിദ്യാർത്ഥികളെ വിവിധ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്നതിൽ ജോർജ് ഏറെ സജീവമായിരുന്നു. വിയറ്റ്‌നാം യുദ്ധം, നക്സൽ ബാരി കലാപം തുടങ്ങിയ സംഭവങ്ങൾ ജോർജിനെ ഏറെ സ്വാധീനിച്ചിരുന്നു. ജോർജിന്റെ പ്രവർത്തനങ്ങൾ എബിവിപി യുമായി സംഘർഷത്തിന് കാരണമാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ആ സമയത്ത് കെട്ടുറപ്പുള്ള വിദ്യാർത്ഥി സംഘടനയ്ക്ക് രൂപം നൽകാൻ ജോർജിന് കഴിഞ്ഞിരുന്നില്ല. ഒരുകൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനുശേഷം മറ്റുള്ളവർ ജോർജിന്റെ ആശയങ്ങൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് എന്റെ പങ്കാളിയായി മാറിയ ജോർജിന്റെ സഹോദരൻ സിറിൽ റെഡ്ഢിയും ആ സമയത്ത് രാഷ്ട്രീയ ബോധ്യങ്ങളുള്ള ആളായിരുന്നില്ല. ഒരു രക്തസാക്ഷി ഉണ്ടാവുമ്പോൾ ഉണ്ടാകുന്ന ചലനമായിരുന്നു സംഘടനാ രൂപീകരണം. ചിലർ ഭയം കൊണ്ട് മാറിനിൽക്കുമ്പോൾ മറ്റുചിലർ ഒന്നിച്ചു നിന്ന് രക്തസാക്ഷി തുടങ്ങിവച്ച പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു. ഞാൻ ആദ്യകാല ഫെമിനിസ്റ്റുകളിൽ ഒരാളായിരുന്നു. ക്യാമ്പസിൽ രൂപീകൃതമായ പുതിയ രാഷ്ട്രീയ സംഘടന എന്റെ ചിന്തകളെ അംഗീകരിച്ചിരുന്നു. പലരും എന്റെ ചിന്തകളെ കളിയാക്കുന്ന കാലമായിരുന്നു അത്. എനിക്ക് അറിവില്ലായിരുന്ന മാർക്സിസം, ദാരിദ്ര്യം, അസമത്വം തുടങ്ങിയ കാര്യങ്ങളായിരുന്നു അവർ ചർച്ച ചെയ്തത്. അതിന്റെ ഭാഗമായി ഗ്രാമങ്ങളിൽ സന്ദർശനം നടത്തുമ്പോൾ ഫെമിനിസവും ഈ രാഷ്ട്രീയ പ്രവർത്തങ്ങളും ഒന്നിച്ചു പോകുന്നതാണെന്നെനിക്ക് മനസിലായി. ഏറെ ഉത്സാഹവും പ്രതിബദ്ധതയും കൈമുതലായിരുന്ന ഞങ്ങൾക്ക് ആ പ്രവർത്തനങ്ങൾ വലിയ ഊർജവും ആത്മവിശാസവും നൽകി. ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിച്ച ഞങ്ങൾ അതിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറായിരുന്നു. അങ്ങനെ ആ കാലം എന്റെ ജീവിതത്തിലെയും വഴിത്തിരിവായി മാറുകയായിരിന്നു.

George Reddy was Killed by ABVP at Osmania University in 1972
എബിവിപി കൊലചെയ്ത ജോർജ് റെഡ്‌ഡി

എഴുപതുകൾ തീർച്ചയായും ആദർശ രാഷ്ട്രീയത്തിന്റെയും സ്വപ്നങ്ങളുടെയും പുതിയ ലോക ക്രമത്തിന്റെ സൃഷ്ടിക്കായുള്ള സാഹസിക പ്രവർത്തനങ്ങളുടെയും കാലമായിരുന്നല്ലോ. ആ കാലത്ത് മാർക്സിസത്തിലേക്കു എങ്ങനെയാണ് താങ്കൾ ആകർഷിക്കപ്പെടുന്നത് ? മാർക്സിസത്തെക്കുറിച്ചുള്ള വ്യക്തതകൾ ആ കാലത്തുണ്ടായിരുന്നോ?

ഇല്ല, എന്റെ കുടുംബത്തിലെ അനുഭവങ്ങളിലൂടെ സ്ത്രീകൾ ഏറെ അടിച്ചമർത്തപ്പെടുന്ന വിഭാഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. പുരുഷന്മാർ എന്റെ ജീവിതം നിയന്ത്രിക്കാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതുപോലെ എന്റെ സുഹൃത്തുക്കളുടെയും. സ്ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരായി ഞങ്ങൾ ഒരു കൂട്ടായ്മയൊക്കെ രൂപീകരിച്ചിരുന്നു. ആ സമയത്ത് ക്യാമ്പസിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കും അശ്ളീല ചിത്രപ്രദർശനം, സ്ത്രീധനം തുടങ്ങിയ കാര്യങ്ങൾക്കുമെതിരായിരുന്നു ഞങ്ങളുടെ പ്രവർത്തനം. ജോർജിന്റെ സുഹൃത്തുക്കളും അതിനെ പിന്തുണച്ചതുകൊണ്ടാണ് ഞാൻ മാർക്സിസത്തെക്കുറിച്ചു അറിയാനിടയായത്. തുല്യത, സാമൂഹ്യ നീതി തുടങ്ങിയ കാര്യങ്ങൾ അങ്ങനെയാണ് മനസിലാക്കുന്നത്. നീതിക്കുവേണ്ടി നിലകൊള്ളുന്ന എനിക്ക് അതൊക്കെ ഏറെ ആകർഷകമായി തോന്നി.

മാർക്സിസ്റ്റ് സാഹിത്യമൊക്കെ അങ്ങനെ വായിക്കാൻ തുടങ്ങിയോ?

ആ കാലത്തു വായനയൊക്കെ ഏറെ സജീവമായിരുന്നു. ഒരു രാത്രികൊണ്ടൊക്കെ ഒരു പുസ്തകം വായിച്ചു തീർക്കുമായിരുന്നു.

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ഗ്രുപ്പുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്?

1971 ൽ നെക്സലൈറ്റ് ഗ്രുപ്പുകൾ ഏറെ സജീവമായിരുന്നു. ചാരു മജുംദാർ, സത്യ നാരായൺ സിംഗ്, നാഗി റെഡ്ഢി എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് ഗ്രുപ്പുകളാണ് ഉണ്ടായിരുന്നത്. ജോർജിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഒരു ഗ്രുപ്പ് ഞങ്ങളുടെ വിദ്യാർത്ഥി കൂട്ടായ്മയുമായി ബന്ധപ്പെടുകയായിരുന്നു. ആ ഗ്രുപ്പുമായി ചേരുന്നത് പ്രയോജനകരമായിരിക്കും എന്ന് തീരുമാനിക്കുകയും ഞങ്ങൾ എല്ലാവരും പ്രസ്ഥാനത്തിൽ അണിചേരുകയുമായിരുന്നു.

കോടെശ്വരമ്മയുടെ ആത്മകഥയ്‌ക്കെഴുതിയ ആമുഖത്തിൽ താങ്കൾ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രം സവർണ്ണ ആൺകോയ്മയുടെ ചരിത്രം കൂടിയാണെന്ന് എഴുതിയിട്ടുണ്ട്. ഇത് താങ്കൾക്ക് പ്രസ്ഥാനത്തിൽ ഉണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണോ?

അത് എന്റെ വ്യക്തിപരമായ അനുഭവമെന്നു പറയാനാവില്ല. ഞാൻ ആ കാലത്തു തന്നെ ഒരു പുരുഷന്റെ വരുതിയിൽ നിൽക്കാൻ തയ്യാറാക്കാത്ത തരത്തിൽ തീവ്ര നിലപാടുള്ള വ്യക്‌തിയായിരുന്നു. പ്രസ്ഥാനത്തിലെ മറ്റുള്ള സ്ത്രീകളുടെ കാര്യം അങ്ങനെയായിരുന്നില്ല. പുറം ലോകത്ത്‌ നിലനിൽക്കുന്ന ആൺകോയ്‌മ പാർട്ടിക്കുള്ളിലും നടക്കുന്നുണ്ടായിരുന്നു. നേതാക്കളുടെ ഭാര്യമാർ ഭക്ഷണം പാചകം ചെയ്യുക, വിളമ്പി കൊടുക്കുക, ഭർത്താവ് കഴിച്ച ശേഷം ഭക്ഷിക്കുക, പാത്രം കഴുകുക, അവർക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കുക ഒക്കെ പരമ്പരാഗത രീതിയിൽ ചെയ്തുവരികയായിരുന്നു. ഈ അടിമത്തം എനിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ജോലികളൊക്കെ നൽകിയിരുന്നതായും താങ്കൾ എഴുതിയിട്ടുണ്ട്. ജാതി വിവേചനവും ഉണ്ടായിരുന്നില്ലേ?

താഴ്ന്ന ജാതിയിൽപ്പെട്ടവരെ അരികുവൽക്കരിക്കുകയായിരുന്നു. ജാതി അവിടെ പ്രശ്നവൽക്കരിക്കപ്പെട്ടിരുന്നില്ല. ഹരിജൻ സഖാവ് (Harijan Comrade) എന്നാണ് അവരെ വിളിച്ചിരുന്നത്. അത് ആ മനുഷ്യരെ അപമാനിക്കുന്ന പ്രയോഗമായി എനിക്ക് തോന്നി. അന്ന് സ്ത്രീകളുടെ പുരോഗമന പ്രസ്ഥാനത്തിന് അംഗീകാരം നൽകിയെങ്കിലും ഒരു ദളിത് സംഘടന ഉണ്ടാക്കാൻ പ്രസ്ഥാനം അനുവദിച്ചിരുന്നില്ല.

ഈ സമയത്താണോ ജാതി ഇന്ത്യൻ സമൂഹം അടിയന്തിരമായി അഭിമുഖീകരിക്കേണ്ട വലിയ പ്രശ്നമാണെന്ന് താങ്കൾ മനസിലാക്കുന്നത്?

അല്ല, ആ സമയത്തൊന്നും അങ്ങനെ മനസ്സിലാക്കിയിരുന്നില്ല. ജാതി പ്രശ്നം അദൃശ്യമായിത്തന്നെ തുടരുകയായിരുന്നു.

പ്രസ്ഥാനത്തിനകത്തെ ജാതി, ലിംഗ വിവേചനങ്ങളൊട് എങ്ങനെയാണ് താങ്കൾ പ്രതികരിച്ചത്? ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിച്ചിരുന്നോ?

ചർച്ച ചെയ്യാനൊക്കെ ശ്രമിച്ചിരുന്നു. എന്നാൽ അതിനുള്ള അവസരങ്ങൾ ലഭിച്ചില്ല. പ്രസ്ഥാനം സായുധ വിപ്ലവത്തിലേർപ്പെട്ടിരിക്കുകയാണെന്നും വാദപ്രതിവാദങ്ങൾ നടത്താനുള്ള സമയമല്ലെന്നുമായിരുന്നു ലഭിച്ച പ്രതികരണം. ഞങ്ങൾ വനത്തിൽ ജീവിക്കുന്ന മനുഷ്യർ അനുസരിക്കുന്നതുപോലെ നിൽക്കാൻ പറയുമ്പോൾ നിൽക്കുകയും ഇരിക്കാൻ പറയുമ്പോൾ ഇരിക്കുകയും ചെയ്യണമെന്നായിരുന്നു നിർദ്ദേശം. പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ലെങ്കിൽ എന്തിന് പ്രസ്ഥാനത്തിൽ തുടരണമെന്ന് ഞാൻ ചിന്തിച്ചു.

Syril Reddy, activist and partner of Gita Ramaswamy
സിറിൽ റെഡ്‌ഡി

സംവാദത്തിനുള്ള എല്ലാ അവസരങ്ങളും തമസ്ക്കരിക്കപ്പെട്ടിരുന്നു എന്ന് താങ്കൾ എഴുതിയിട്ടുണ്ട്. ഇത്തരം വിഷയങ്ങൾ അല്ലെങ്കിൽ മറ്റെന്താണ് പ്രസ്ഥാനം ചർച്ച ചെയ്തിരുന്നത്?

ആ സമയത്താണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അത് പലതും മനസിലാക്കാനുള്ള അവസരം കൂടിയായിരുന്നു. അപ്പോഴാണ് പ്രസ്ഥാനത്തിന് പൊതു സമൂഹത്തിനിടയിൽ വേരുകളില്ലെന്നു മനസിലായത്. അവർ ഞങ്ങൾക്ക് അഭയം നൽകാൻ തയ്യാറായില്ല. റെയിഡുകൾ നടക്കുകയും പല സഖാക്കളും അറസ്റ്റു ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുകയായിരുന്നു. പ്രസ്ഥാനം ശക്തമായിരുന്നെങ്കിൽ ജനങ്ങൾ ഞങ്ങളെ സംരക്ഷിക്കേണ്ടതായിരുന്നു. ശക്തമായ പ്രസ്ഥാനം എന്നത് ഒരു പുറംകാഴ്ച മാത്രമാണെന്ന് മനസിലായി. പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെ അഭാവം ശരിക്കും വ്യക്തമായി. സായുധ വിപ്ലവം എന്നാൽ ശക്തമായ സ്റ്റേറ്റിനെ വെല്ലുവിളിക്കുകയാണ്. സ്റ്റേറ്റ് അതിനോട് പ്രതികരിക്കുമ്പോൾ അത് നേരിടാൻ പ്രസ്ഥാനത്തിന് കഴിയേണ്ടതല്ലേ? അതിനുള്ള ശേഷിയില്ലാതെ വെല്ലുവിളിക്കുന്നതിൽ എന്തർത്ഥമാണുള്ളത്? അത്തരം മുദ്രാവാക്യങ്ങളുടയും ത്യാഗങ്ങളുടെയും യുക്തിയെന്താണ്? ഒരുപാട് ചെറുപ്പക്കാർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

ഇത്തരം ചോദ്യങ്ങൾ പ്രസ്ഥാനത്തിലുണ്ടായിരുന്ന മറ്റുള്ളവരും ഉന്നയിക്കുന്നുണ്ടായിരുന്നോ?

തീർച്ചയായും. ഞാൻ പ്രസ്ഥാനം വിടുമ്പോൾ ഇതൊക്കെ ഉന്നയിച്ചിരുന്നു. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ പ്രസ്ഥാനം എന്തിനാണ് വെറും മുദ്രാവാക്യങ്ങൾ മാത്രം ഉണ്ടാക്കുന്നതെന്ന്.

അടിയന്തിരാവസ്ഥ കാലത്ത് താങ്കൾ ഡൽഹിക്കടുത്ത ഗാസിയാബാദിൽ ഒളിവിൽ കഴിയുകയായിരുന്നല്ലോ. അവിടെവച്ചു പ്രസ്ഥാനം വിടാൻ തീരുമാനിക്കാൻ എന്തെകിലും പ്രത്യക കാരണങ്ങൾ ഉണ്ടായിരുന്നോ?

അവർ ഡിബേറ്റുകളും സംവാദങ്ങളും നടത്താൻ അനുവദിച്ചില്ല എന്ന് മാത്രമല്ല മറ്റേതു പാർട്ടികളിലും നടക്കുന്നതുപോലെ ബാലിശമായ പ്രതികരണങ്ങൾ (petty politics) ഉണ്ടാവുകയാണ് ചെയ്തത്. എതിർ ശബ്ദം ഉയർത്തുന്നവർക്കുള്ള ഫണ്ട് കൊടുക്കാതിരിക്കുക, മറ്റുള്ളവരെ കാണാൻ അനുവദിക്കാതിരിക്കുക, കിംവദന്തികൾ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് നടന്നത്. ഒരു പ്രസ്ഥാനത്തിൽ പ്രവൃത്തിക്കുന്ന സഖാക്കൾ എന്ന മനോഭാവം നഷ്ടപ്പെട്ടാൽ ഏങ്ങനെ തുടരാൻ കഴിയും?

നഗര പശ്ചാത്തലത്തിൽ നിന്നും ബ്രാഹ്മണ കുടുംബത്തിൽ പിറന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി വന്ന ഒരു വ്യക്തി എന്ന നിലയിൽ പ്രത്യേക പരിഗണ താങ്കൾക്ക് ലഭിച്ചിരുന്നോ?

പുറം ലോകത്ത് നടക്കുന്നപോലെ ഉന്നത ജാതിയിൽ പിറന്ന ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെന്ന പരിഗണന തീർച്ചയായും എനിക്ക് ലഭിച്ചിരുന്നു.

ഇങ്ങനെ സവർണ്ണ ജാതിയിൽ പെട്ടവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമായ പുരുഷന്മാരാൽ നിയന്ത്രിക്കപ്പെടുന്ന ഒരു പ്രസ്ഥാനത്തിന് ഏങ്ങനെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങൾക്ക് വേണ്ടി നീതിപൂർവ്വം പ്രവൃത്തിക്കാൻ കഴിയും?

ഒരിക്കലും അവർക്ക് അതിനു കഴിയില്ല. അവർ ജാതി, ലിംഗ വിവേചനങ്ങൾ ഉൾക്കൊണ്ടിരുന്നില്ല. അവർക്ക് വൈവിധ്യത്തെ (diversity) അംഗീകരിക്കാനും കഴിഞ്ഞിരുന്നില്ല. അവർ ദരിദ്രക്കു വേണ്ടി നിലകൊള്ളുന്ന നേതാക്കന്മാരാണെന്നും ദരിദ്രർ അവരെ പിന്തുടരുകയാണ് വേണ്ടെതെന്നുമായിരുന്നു ധാരണ. ജാതി, വർഗ്ഗം എന്നിവയെ മറികടക്കുക എന്നതിനെക്കുറിച്ചൊന്നും ധാരണ ഉണ്ടായിരുന്നില്ല.

ഇപ്പോൾ ഓപ്പറേഷൻ കഗാറിന്റെ പേരിൽ ഒട്ടനവധി ആദിവാസികളടക്കമുള്ള മാവോയിസ്റ്റുകളെ സർക്കാർ കൊന്നൊടുക്കയാണല്ലോ. കൂടാതെ അവരുമായി സമാധാന ചർച്ച നടത്താൻ വിസമ്മതിച്ചുകൊണ്ട് പ്രകൃതി വിഭവങ്ങൾ കോർപ്പൊറേറ്റുകൾക്ക് കൈമാറാനും ഈ അവസരത്തെ ഉപയോഗിക്കുന്നു. ആ സാഹചര്യത്തെ എങ്ങനെ കാണുന്നു?

ഇത് ചെയ്തു വരുന്നത് കേന്ദ്ര സർക്കാരാണ്. ഇത് ഒരു പുതിയ സംഭവമല്ല. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി അത് തുടങ്ങിയിട്ട്. തെലുങ്കാനയിലൊക്കെ വളരെ ഹിംസാത്മകമായ അടിച്ചമർത്തലുകൾ നടന്നിരുന്നു. വലിയ തോതിലുള്ള അടിച്ചമർത്തലുകളെ നേരിടാൻ തയ്യാറല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങളിലേക്ക് രാഷ്ട്രീയ പ്രവർത്തകർ പോകാൻ പാടുണ്ടോ എന്നതാണ് ചോദ്യം. സർക്കാരിനെ എതിർക്കാൻ ആയുധങ്ങൾ എടുക്കുകയാണ് ഇവിടെ നടക്കുന്നത്. പക്ഷെ സായുധ സമരങ്ങളിലേക്ക് പോകാതെ തന്നെ ലോകത്ത്‌ ഒരുപാട് പ്രസ്ഥാനങ്ങൾ മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അംബേദ്ക്കർ നടത്തിയ പ്രധാനപ്പെട്ട പ്രവർത്തനങ്ങളെല്ലാം സമാധാനപാതയിലൂടെയാണ്. എന്നാൽ അഹിംസ എന്നത് ഒരു തത്വശാസ്ത്രമായൊന്നും അംബേദ്ക്കർ സ്വീകരിച്ചിരുന്നില്ല. ഭരണഘടനയ്ക്കകത്തും പുറത്തും മാറ്റങ്ങൾക്കുള്ള സാധ്യതകൾ സൃഷ്ടിച്ച ഒരു ഉദാഹരണം നമ്മുടെ രാജ്യത്തുതന്നെയുണ്ട്. സ്വാതന്ത്ര്യം നേടി ഇത്രയും വർഷങ്ങൾക്കു ശേഷം ആർക്കാണ് ഇന്ത്യയിൽ വലിയ സ്വാധീനമുള്ളത്? അംബേദ്ക്കർക്കോ മാവോയിസ്റ്റുകൾക്കോ? ആരാണ് പാവപ്പെട്ടവർക്കിടയിൽ കൂടുതൽ ആദരവ് നേടിയിരിക്കുന്നത്? മാവോയിസ്റ്റുകൾ മനസിലാക്കേണ്ടത് നമ്മുടെ മുമ്പിൽ മറ്റൊട്ടനവധി സമരമാർഗ്ഗങ്ങൾ ഉണ്ടെന്നാണ്. സ്റ്റേറ്റിനെ സായുധ സമരത്തിലൂടെയല്ലാതെയും നേരിടാൻ കഴിയുമെന്നാണ്. ഒരുപാട് നല്ല മനുഷ്യരാണ് സായുധ സമരത്തിൽ കൊല്ലപ്പെടുന്നത്. അവരൊക്കെ അംബേദ്ക്കറുടെ പാത പിന്തുടർന്ന് മാറ്റത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. അവർ കൊല്ലപ്പെടുന്നത് വലിയ നഷ്ടം തന്നെയാണ്.

Gita Ramaswami
ഗീത രാമസ്വാമി

എന്നാൽ ഈ അവസരം മുതലാക്കി സ്റ്റേറ്റ് ആദിവാസി സമൂഹത്തെ ഇല്ലാതാക്കുകയാണെന്നത് ഒരു യാഥാർഥ്യമല്ലേ?
അതെ.

കൂടാതെ മാവോയിസ്റ്റുകളുടെ പ്രവർത്തന രീതിയിൽ നേരത്തെ പറഞ്ഞ പ്രശ്നങ്ങൾ നേരിടുമ്പോഴും പൊതു സ്വത്തുക്കൾ കോർപ്പറേറ്റുകൾക്കു കൈമാറാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ പങ്കുവഹിക്കുന്നില്ലേ?

ഞാൻ അങ്ങനെ കരുതുന്നില്ല. ഒറീസയിലെ നിയാമഗിരി മലകളെ വേദാന്തയിൽ നിന്നും സംരക്ഷിച്ചത് മാവോയിസ്റ്റുകളല്ല. നിരായുധ സമരം നടത്തിലൂടെയാണ് അത് നടന്നത്. പോസ്കോ കമ്പനിക്കെതിരെ നടന്ന സമരവും സമാന രീതിയിലായിരുന്നു. അതുപോലെ ഒരുപാട് സമരങ്ങൾ നടന്നിട്ടുണ്ട്. എന്തിനാണ് എല്ലാ സമരങ്ങളുടെയും അംഗീകാരം മാവോയിസ്റ്റുകൾക്ക് നൽകുന്നത്? അതേസമയം ആദിവാസി മേഖലകളിൽ സ്കൂളുകൾ, റോഡുകൾ എന്നിവയുടെ നിർമ്മാണം തടയുകയാണന് അവർ ചെയ്തത്. ആദിവാസികൾക്കും ആശുപത്രികളും മറ്റു സൗകര്യങ്ങളും ആവശ്യമുണ്ട്. ഇന്ത്യൻ സ്റ്റേറ്റ് ഒട്ടനവധി ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നുണ്ട്. അതിനുദാഹരണമാണ് വനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. അത്തരം നയങ്ങളെ എതിർക്കാൻ നമുക്ക് ശരിയായ മാർഗ്ഗങ്ങൾ ഇല്ലെങ്കിൽ നമ്മൾ പരാജയപ്പെടും.

നമുക്ക് നർമദാ ബചാവോ ആന്ദോളന്റെ കാര്യമെടുക്കാം. വൻകിട വികസന പദ്ധതികളുണ്ടാക്കുന്ന വിനാശത്തെക്കുറിച്ചും അതിരുകളില്ലാത്ത വിഭവ ചൂഷണം ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും വലിയ അവബോധം സൃഷ്ടിക്കാൻ അതിനു കഴിഞ്ഞു. എന്നാൽ ഒരു വ്യവസ്ഥാ മാറ്റത്തിനോ അടിസ്ഥാന നയമാറ്റത്തിനോ അത്തരം നിരായുധ സമരങ്ങൾക്കും കഴിയുന്നില്ല എന്നത് ഒരു യാഥാർഥ്യമല്ലേ?

ഒരു വ്യവസ്ഥാ മാറ്റം കൊണ്ടുവരാൻ സായുധ പോർട്ടങ്ങൾക്കു കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നുണ്ടോ? നക്സൽ ബാരി സമരം നടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും എന്ത് അടിസ്ഥാന മാറ്റമാണുണ്ടായത്? കേരളത്തിൽ കൊക്കോക്കോള ഫാക്ടറിയെ എങ്ങനെയാണ് പൂട്ടിച്ചത്? അതുപോലെ എത്രയോ നിരായുധ സമരങ്ങൾ നടന്നിട്ടുണ്ട്. നിരായുധ സമരങ്ങൾ മാത്രമേ വിജയിക്കൂ എന്നല്ല ഞാൻ പറയുന്നത്. ഞാൻ പറയുന്നത് ആ സാധ്യത കൂടി നമ്മൾ പരിഗണിക്കണം എന്നാണ്. അതിനു വേണ്ടിയും നമുക്ക് ഊർജ്ജം ചെലവഴിക്കാൻ പറ്റിയാൽ നമുക്ക് ഇത്രയും ജീവനുകൾ നഷ്ടമാകില്ല, പൊതുജന പിന്തുണ ലഭിക്കുകയും ചെയ്യും.

അടിയന്തിരാവസ്ഥക്കാലത്തെ താങ്കളുടെ അനുഭവങ്ങളിലേക്ക് തിരിച്ചു വരാം. അന്ന് ഒളിവിൽ താമസിച്ചത് ഗാസിയാബാദിലെ വാല്മീകി വിഭാഗത്തിലെ ജനങ്ങളുടെ കൂടെയായിരുന്നല്ലോ. ജാതി വിവേചനത്തെക്കുറിച്ചുള്ള കണ്ണുതുറപ്പിക്കുന്ന അനുഭവങ്ങൾ ലഭിച്ചതും അംബേദ്ക്കറുടെ പ്രാധാന്യം മനസ്സിലാക്കിയതും ആ സമയത്തായിരുന്നോ?

അല്ല, ഞാൻ ആ സമയത്തൊക്കെ അതിനെക്കുറിച്ചു ആജ്ഞയായിരുന്നു. ഞാൻ അവരെ ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യർ എന്ന് മാത്രമേ മനസിലാക്കിയിരുന്നുള്ളൂ. എന്തുകൊണ്ട് അവർക്കു തോട്ടിപ്പണി ചെയ്യേണ്ടിവരുന്നു, റെയിൽവേ ട്രാക്കുകൾ വൃത്തിയാക്കേണ്ടി വരുന്നു എന്നൊന്നും ഞാൻ മനസ്സിലാക്കിയിരുന്നില്ല.

അതുകൊണ്ടായിരിക്കാം കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ താങ്കൾ അത്ഭുതപ്പെട്ടത്. എങ്കിലും ഇത്രയും അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗം ജനങ്ങളുമൊത്തുള്ള സഹവാസം എന്ത് ഉൾക്കാഴ്ചകളാണ് നൽകിയതെന്ന് പറയാമോ?

എനിക്ക് എന്നെ കൂടുതൽ അറിയാൻ കഴിഞ്ഞു. എന്റെ പരിമിതികൾ, സാധ്യതകൾ, മറ്റു മനുഷ്യരെ ഏങ്ങനെ ഉൾക്കൊള്ളാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ. അവർ തുറന്ന മനസുള്ളവരായിരുന്നു. അവർക്ക് ഒരാളെ മനസ്സിലായാൽ നിരുപാധിക സ്നേഹം നൽകും. അങ്ങനെ മനുഷ്യർക്കിടയിൽ ബന്ധങ്ങൾ വളരുന്നു. മറ്റൊരു കമ്യൂണിറ്റിയുടെ കൂടെ ജീവിക്കുന്ന എന്റെ ആദ്യ അനുഭവം ആയിരുന്നു അത്.

പല ഇടതുപക്ഷ പ്രസ്ഥാനങ്ങളും വർഗ്ഗ സമരത്തിലൂന്നുകയും ജാതിയെ അവഗണിക്കുകയും ചെയ്യുന്നു.മറുവശത്ത് പല കീഴാള പ്രസ്ഥാനങ്ങളും ജാതിയെ പരിഗണിക്കുകയും മുതലാളിത്ത പ്രത്യശാസ്ത്രത്തെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു. ഇതിനെപ്പറ്റിയും ഈ വിടവുകൾ നികത്തികൊണ്ടു നടക്കേണ്ട സാമൂഹ പ്രവർത്തനെക്കുറിച്ചും പറയാമോ?

പല പ്രസ്ഥാനങ്ങളും പരസ്പ്പരം സഹകരിക്കാതെ വിവിധ കള്ളികളിലായാണ് പ്രവർത്തിക്കുന്നത്. ഓരോ പ്രസ്ഥാനങ്ങളും സമ്പൂർണ്ണ നിയന്ത്രണം ആഗ്രഹിക്കുന്നു. പരസ്പ്പര ബഹുമാനം നിലനിർത്താതെ പ്രവർത്തിക്കുന്നു. ഒന്നിച്ചു പ്രവർത്തിക്കേണ്ടത് ഏറെ അനിവാര്യമായിരിക്കുന്ന കാലമാണിത്. അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മൾ വിജയിക്കില്ല.

കീഴാള പ്രസ്ഥാനങ്ങൾ മുതലാളിത്തത്തെ വിമർശന വിധേയമാക്കേണ്ടതിനെ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ?

ചില പ്രസ്ഥാനങ്ങൾ കരുതുന്നത് മുതലാളിത്തം അനിവാര്യമാണെന്നാണ്. ഇടതുപക്ഷം സോഷ്യലിസം പ്രധാനമാണെന്ന് കരുതുന്നതുപോലെ. ദളിത് മുതലാളിത്തം (Dalit Capitalism) എന്നതിന്റെ ആവശ്യകത ചില പ്രസ്ഥാനങ്ങൾ ഉയർത്തുന്നു. അംബേദ്ക്കർ സോഷ്യലിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നുണ്ട്. അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങൾ ഇന്ന് അതിനുവേണ്ടി പ്രവർത്തിക്കുന്നില്ലെന്നു പറയാം. എന്നാൽ ആരാണ് ഇന്ന് അതിനുവേണ്ടി നിലകൊള്ളുന്നത്? ഇടതു പ്രസ്ഥാനങ്ങളുടെ നിലപാടെന്താണ്? കേരളത്തിലെയും ബംഗാളിലെയും ഇടതുപക്ഷം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? അവർ മറ്റു സർക്കാരുകളിൽ നിന്നും വ്യത്യസ്തമായി എന്ത് നയങ്ങളാണ് നടപ്പാക്കുന്നത്? സോഷ്യലിസം പ്രസംഗിച്ചു നടന്നാൽ മാത്രം മതിയോ?

ഇബ്രാഹിംപട്ടണം എന്ന ഗ്രാമത്തിൽ താങ്കൾ അടിമപ്പണിക്കെതിരെയും (bonded labour) ഭൂ രാഹിത്യത്തിനെതിരെയും ആയിരുന്നല്ലോ പ്രധാനമായും പ്രവൃത്തിച്ചത്. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം മനസിലാക്കുന്ന ഒരാളെന്ന നിലയിൽ ആ സമയത്ത് മുതലാളിത്ത പ്രത്യശാസ്ത്രത്തെ പ്രശ്‍നവൽക്കരിക്കേണ്ടതിന്റെ ആവശ്യകത തോന്നിയിരുന്നോ?

ഇല്ല. നെക്സലൈറ്റ് പ്രസ്ഥാനത്തിൽ പ്രവൃത്തിക്കുമ്പോൾ ജനങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, ജനങ്ങളുടെ ഇച്ഛാനുസരണമുള്ള മുദ്രാവാക്യങ്ങൾക്ക് രൂപം നൽകാൻ കഴിഞ്ഞില്ല എന്നതൊക്കെയായിരുന്നു എന്റെ ചിന്തകൾ. ഇബ്രാഹിംപട്ടണത്തിൽ പ്രവൃത്തിക്കുമ്പോൾ എന്റെ മുൻഗണന ഏങ്ങനെ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവൃത്തിക്കാമെന്നതായിരുന്നു. അതുകൊണ്ട് ‘മുതലാളിത്തം’ ഒന്നും നേരിട്ട് കടന്നുവന്നില്ല. എന്നാൽ മനുഷ്യരുടെ വിമോചനത്തിനുള്ള വഴികൾ തുറന്ന മനസോടെ അന്വേഷിക്കുന്നുണ്ടായിരുന്നു.

അതിനുവേണ്ടിയായിരിക്കാം താങ്കൾ കർഷക തൊഴിലാളികളുടെ സംഘടന രൂപീകരിച്ചത്. അപ്പോൾ സന്നദ്ധ സംഘടന (NGO)പ്രവർത്തനങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയെ ഒരു വ്യവസ്ഥ മാറ്റത്തിനുള്ള തടസ്സങ്ങളായി തിരിച്ചറിയുന്നുമുണ്ടായിരുന്നു. അതെ സമയം ഭരണഘടനാ വ്യവസ്ഥകളും നിയമ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. നമ്മുടെ ഭരണഘടനയും നിയമ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു വ്യവസ്ഥാ മാറ്റം സാധ്യമാണെന്ന് താങ്കൾ ഇപ്പോഴും കരുതുന്നുണ്ടോ?

ഭരണഘടന നൽകുന്ന സാധ്യതകൾ നമ്മൾ ഇപ്പോഴും പൂർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. നമ്മുടെ ഭരണഘടന ഒരു അടഞ്ഞ വ്യവസ്ഥയല്ല. അതിലെ പരിമിതികൾ മാറ്റിയെടുക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. കാൾ മാർക്സ് മുന്നൂറു വർഷങ്ങൾക്കു മുൻപ് പറഞ്ഞ കാര്യങ്ങൾ ഇന്ന് അതേപടി ശരിയായിക്കൊള്ളണമെന്നില്ല. അപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ചും ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചും പ്രവൃത്തിക്കുകയാണ് വേണ്ടത്. അതിനു വഴങ്ങാൻ നമ്മൾക്ക് കഴിയണം.

അത്തരത്തിലുള്ള വഴക്കം (flexibility ) ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ ക്രമത്തിനകത്ത് ഏങ്ങനെ കൈവരിക്കാൻ കഴിയും?

അത്തരം ഇടങ്ങൾ വികസിപ്പിക്കാൻ നമുക്ക് കഴിയണം. വിപ്ലവം വന്നാൽ ജാതി ലിംഗ വിവേചനങ്ങൾ ഇല്ലാതായി തുല്യത നിലവിൽവരും എന്ന് പറയുന്നു. എങ്ങനെയാണ് എല്ലാം പൊടുന്നനെ ഇല്ലാതാവുക? അതിനു വേണ്ടി ഇപ്പോൾ തന്നെ പ്രവൃത്തിച്ചു തുടങ്ങണം. നിങ്ങൾ പ്രവൃത്തിക്കുന്ന പാർട്ടിയിൽ തന്നെ ആദ്യം ലിംഗ ജാതി വിവേചനങ്ങൾ അവസാനിപ്പിക്കണം. നിങ്ങൾ ഇന്ന് പ്രവൃത്തിക്കുന്ന മേഖലയിൽത്തന്നെ മാറ്റങ്ങൾ വരുത്തിതുടങ്ങണം. വിപ്ലവം വരുന്നതിനു മുൻപ് തന്നെ വിപ്ലവം ആരംഭിക്കുക എന്നാണ് ഞാൻ പറയുന്നത്.

ഇബ്രാഹിംപട്ടണത്തിൽ ജനങ്ങളോട് ഇടപെട്ട് പ്രവൃത്തിച്ചതിന്റെ ഉൾക്കാഴ്ചകൾ ആയിരിക്കാം ഇതൊക്കെ. അങ്ങനെയെങ്കിൽ മാർക്സിസം പോലുള്ള ബൃഹതാഖ്യാനങ്ങൾ മാറ്റിവച്ചുകൊണ്ട് ചെറിയ സമൂഹങ്ങളുടെ വികേന്ദ്രീക്രുത സമരങ്ങളിലൂടെ അടിസ്ഥാന മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന് താങ്കൾ കരുതുന്നുണ്ടോ?

ഞാൻ അങ്ങനെ കരുതുന്നില്ല. ചെറിയ സമൂഹങ്ങൾ സാമൂഹ്യ മാറ്റത്തിനുള്ള ആശയങ്ങളും അത് പരീക്ഷിക്കാനുള്ള ഇടങ്ങളും നൽകുമായിരിക്കും. എന്നാൽ നമുക്ക് പ്രത്യയശാസ്ത്ര കാഴ്ചപ്പാട് ഉണ്ടാകണം. ലക്‌ഷ്യം എന്തായിരിക്കണം, ഏതു തരത്തിലുള്ള സമൂഹം കെട്ടിപ്പടുക്കണം , അതിനുവേണ്ടി ഇന്ന് എന്ത് ചെയ്യണം എന്നിവയുടെ വ്യക്തതയ്ക്ക് സംഘടിത രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണ്. എന്നാൽ ഞാൻ കേന്ദ്രീകൃത ജനാധിപത്യത്തിന് (democratic centralism) എതിരാണ്. അതിൽ അധിഷ്ഠിതമായി പ്രവൃത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് ഒരു ജനകീയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ചെറിയ പ്രസ്ഥാനങ്ങൾ ആവശ്യമാണെങ്കിലും പ്രത്യയശാസ്ത്ര കാഴ്ചപ്പാടില്ലെങ്കിൽ നമ്മൾ എവിടെയുമെത്തില്ല.

ഭൂരഹിതരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ഒരുപാട് താങ്കൾ പ്രവൃത്തിച്ചിട്ടുണ്ട്. ഭൂദാൻ പ്രസ്ഥാനം, ഭൂപരിഷ്‌ക്കരണ നിയമങ്ങൾ ഒക്കെ ഉണ്ടായിട്ടും ഒരുപാട് ഭൂരഹിതർ ഉള്ള നാടായി ഇന്ത്യ തുടരുകയാണ്. അന്തസ്സുള്ള ജീവിതത്തിന് ഏറ്റവും അനിവാര്യമായ ഈ പ്രശ്നം ഏങ്ങനെ പരിഹരിക്കാൻ കഴിയും?

ഇന്ന് അതിനുള്ള പരിഹാരം കാണുക ഏറെ ദുർഘട്ടമാണ്. ഭൂമിയുടെ ലഭ്യത ഇന്ന് ഏറെ പരിമിതമാണ്. വായു, ജലം എന്നിവ ഒരുപരിധിവരെ അങ്ങനെയല്ല. കേരളത്തിൽ പോലും തുടർച്ചയായ നഗരങ്ങളാണ് കാണാൻ കഴിയുന്നത്. ഗ്രാമങ്ങൾ ഏറെ പരിമിതവും. തെലങ്കാനയിൽ റിയൽ എസ്റ്റേറ്റ് ആണ് ഭൂമി കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് ഭൂമിക്കു വേണ്ടി ഒരുപാട് പരിശ്രമിക്കേണ്ടി വരും. ഭൂ മാഫിയകൾ ഇന്ന് ഏറെ ശക്തരാണ്. ഹൈദെരാബാദിനടുത്ത സ്ഥലങ്ങൾ മുഖ്യമന്ത്രിയാണ് നിയന്ത്രിക്കുന്നത്.

അപ്പോൾ നിയമ പോരാട്ടം ബുദ്ധിമുട്ടല്ലേ?

നമ്മൾ അതിനു വേണ്ടി പ്രവൃത്തിച്ചാലേ മനസിലാവുകയുള്ളൂ. ഇടതുപക്ഷം മുദ്രാവാക്യങ്ങൾ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ, അതിനുവേണ്ടി പ്രവൃത്തിച്ചിട്ടില്ല. മാവോയിസ്റ്റുകൾ വിതരണം ചെയ്യപ്പെടേണ്ട ഭൂമിയിൽ ചുവന്ന കൊടി കുത്തുകയേയുള്ളൂ. മാവോയിസ്റ്റുകൾ പോയിക്കഴിഞ്ഞാൽ ആ ഭൂമി തിരിച്ചു ഭൂവുടമകൾ കൈക്കലാക്കും. അംബേദ്ക്കറൈറ് പ്രസ്ഥാനങ്ങൾ കൂടുതലും വിദ്യാഭ്യാസ രംഗത്താണ് പ്രവൃത്തിക്കുന്നത്. ഭൂമിയുടെ പ്രശ്നം ആർക്കും ഒരു പ്രധാന കാര്യമല്ല. ഞാൻ ഇതൊന്നും അസാധ്യമായ കാര്യമായി കരുതുന്നില്ല. ഒരു കാര്യവും അസാധ്യമല്ല. മുദ്രാവാക്യങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുന്നതായിരിക്കണം. വെറും മുദ്രാവാക്യങ്ങൾ കേട്ട് ജനം മടുത്തിരിക്കുകയാണ്. ആരും അവരെ ഭൂമിയിൽനിന്നും പുറത്താക്കാതിരിക്കാൻ വേണ്ടത് പട്ടയമാണ്. അതിനു വേണ്ടിയുള്ള നിയമയുദ്ധം അസാധ്യമായ ഒന്നല്ല. ഇബ്രാഹിംപട്ടണത്തിൽ അതൊക്കെ നടന്നിരുന്നു. അറിവും അനുഭവ പരിചയവും ഉള്ള ഒരുകൂട്ടം ആളുകളുണ്ടെങ്കിൽ ഇന്നും സാധ്യമാണ്. ജനങ്ങൾക്ക് പിന്തുണ നൽകുകയാണെങ്കിൽ അവർ പോരാടുക തന്നെ ചെയ്യും.

ഓരോ സംസ്ഥാനത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമാകാം. എങ്കിലും ഭൂ രാഹിത്യം എന്ന വിഷയം മാത്രം ഏറ്റെടുത്ത് പ്രവൃത്തിക്കുന്ന ഒരു പ്രസ്ഥാനം ദേശീയ തലത്തിൽ ഉണ്ടെങ്കിൽ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാകും എന്ന് കരുതുന്നുണ്ടോ?

ദേശീയ തലത്തിലെ അത്തരം പ്രവർത്തങ്ങൾ ഡൽഹിയിലും കോഴിക്കോടുമൊക്കെ സെമിനാറുകൾ സംഘടിപ്പിക്കുന്നതിൽ ഒതുങ്ങും. ആക്ടിവിസ്റ്റുകൾ ആ പ്രവർത്തനം ആത്മാർത്ഥമായി ഏറ്റെടുക്കുകയാണ് വേണ്ടത്.

എപ്പോഴാണ് താങ്കൾ അംബേദ്ക്കറെ ഗൗരവത്തോടെ വായിക്കാനും മനസിലാക്കാനും തുടങ്ങിയത്?

ഞാൻ ഇബ്രാഹിംപട്ടണത്തിൽ പോയപ്പോൾ. ഞാൻ അവിടെ പോയപ്പോൾ തുകൽ പണി ചെയ്യുന്ന ‘മാദിഗ’ വിഭാഗത്തിൽ പെട്ടവരാണ് ഏറ്റവും പാവപ്പെട്ടവർ എന്ന് അവിടുത്തെയാളുകൾ പറഞ്ഞു. ഞാൻ അവരുടെ താമസസ്ഥലത്തു ഒരു യോഗം ചേരാമെന്നു പറഞ്ഞു. അപ്പോൾ മറ്റുള്ളവർ തങ്ങളുടെ സ്ഥലത്ത് ഇരിക്കാം എന്ന് പറഞ്ഞു.എന്നാൽ അവിടെ വരാൻ അനുവാദമില്ലാത്തതിനാൽ ‘മാദിഗ’വിഭാഗത്തിലെ ആളുകൾ അതിന് തയ്യാറായില്ല. ഇങ്ങനെ പരസ്പ്പരം അകന്നു നിൽക്കുന്ന ഗ്രാമവാസികളെ കണ്ടപ്പോഴാണ് ജാതിയുടെ പ്രശ്നം ഏറ്റവും അടിയന്തിരമായി ഏറ്റെടുക്കേണ്ടതാണെന്ന് തോന്നിയത്. അങ്ങനെയാണ് അതിന്റെ ഗൗരവം ഞാൻ തിരിച്ചറിഞ്ഞത്. അതിനുശേഷമാണ് ജാതി വിവേചനം സംബന്ധിച്ച കാര്യങ്ങൾ ഞാൻ അന്വേഷിക്കാൻ തുടങ്ങിയത്.

സവർണ്ണ മൂല്യങ്ങൾ ഒരു മാനസികാവസ്ഥ കൂടിയാണെന്നും പിന്നോക്ക വിഭാഗങ്ങളിലടക്കം അത് മേൽ-കീഴ് ജാതി ഭേദമന്യേ പ്രവൃത്തിക്കുന്നു എന്നുമല്ലേ അത് കാണിക്കുന്നത്? ബ്രാഹ്മണ്യ വ്യസ്ഥ ഉണ്ടാക്കിയ അധികാര വ്യവസ്ഥ, ശുദ്ധി – അശുദ്ധി സങ്കല്പങ്ങൾ ഒക്കെ മാറ്റിയെടുക്കൽ അത്ര എളുപ്പമാണോ?

താഴ്ന്ന ജാതി വിഭാഗങ്ങളെ അത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ എളുപ്പമാണ്. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ മോശം കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും എന്ന് കരുതി പിന്തുടരുന്നതാണ്. സവർണ്ണ ജാതിയിലുള്ളവർ സ്വാംശീകരിച്ചത്രയും തീവ്രമായി അത്തരം കാര്യങ്ങൾ അവർ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല.

എന്നാൽ ശ്രേണീബദ്ധമായ അധികാര വ്യവസ്ഥ എല്ലാ വിഭാഗങ്ങൾക്കിടയിലും പ്രവൃത്തിക്കുന്നില്ലേ?

അത് ശരിയാണ്. എന്നാൽ താഴ്ന്ന ജാതിക്കിടയിലെ ഈ ശ്രേണീബദ്ധമായ അധികാര വ്യവസ്ഥ തകർക്കാൻ എളുപ്പമാണ്. ഉന്നത ജാതിക്കിടയിലേത് അങ്ങനെയല്ല.

Cover of the book Land Guns Caste Woman by Gita Ramaswami
നവയാന പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവർ

ശുദ്ധി- അശുദ്ധി സങ്കല്പങ്ങൾ അത്ര എളുപ്പത്തിൽ മാറ്റമോ?

അത് ചൂണ്ടിക്കാട്ടിയാൽ അവർ അതൊക്കെ ഉപേക്ഷിക്കാൻ തയ്യാറാകും. ഇബ്രാഹിംപട്ടണത്തിൽ ‘മാല’ വിഭാഗം, ‘മാദിഗ’ വിഭാഗത്തിലെ ആളുകളുടെ കൂടെ ഭക്ഷണം കഴിക്കില്ലായിരുന്നു. അവരോടു ആ കാര്യം സംസാരിച്ചപ്പോൾ അത് എളുപ്പത്തിൽ മാറ്റാൻ കഴിഞ്ഞു.

സവർണ്ണർക്കിടയിലെ ജാതി ആചാരങ്ങളെ മാറ്റാൻ എളുപ്പമല്ലെന്നും താഴ്ന്ന ജാതികൾക്കിടയിൽ അത് എളുപ്പമാണെന്നുമാണ് താങ്കൾ പറയുന്നത്?

അതെ, സവർണ്ണ വിഭാഗങ്ങളെ അങ്ങനെയൊരു ഉദ്യമത്തിന് നമുക്ക് സമീപിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. മാധ്യമങ്ങൾ, സിനിമ തുടങ്ങിയ മുഖ്യധാരാ ഇടപാടുകളിൽ കുടുങ്ങിക്കിടക്കുകയാണവർ. അതുകൊണ്ടു അവർക്കിടയിൽ മാറ്റമുണ്ടാക്കാൻ കൂടുതൽ സമയമാവശ്യമാണ്.

ചരിത്രം അംബേദ്ക്കറോട് നീതി കാണിച്ചില്ലെന്നത് ഒരു യാഥാർഥ്യമാണല്ലോ. ആദ്യം അദ്ദേഹത്തെ തമസ്ക്കരിച്ചു, ഇപ്പോൾ ഉപരിപ്ലവമായി ആഘോഷിക്കുന്നു- സ്വാതന്ത്ര്യാനന്തരം അംബേദ്ക്കറുടെ ആശയങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?

ആ കാലത്തെ രാഷ്ട്രീയ സാഹചര്യം തീർത്തും വ്യത്യസ്തമായിരുന്നല്ലോ. അക്കാലത്തെ രാഷ്ട്രീയത്തിൽ അംബേദ്ക്കർക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്നില്ല. അദ്ദേഹം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതൊക്കെ ഓർക്കുമല്ലോ. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നെഹ്‌റു അദ്ദേഹത്തെ ക്യാബിനെറ്റിലേക്കു ക്ഷണിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ ദളിത് വിഭാഗക്കാർക്ക് ആ കാലത്ത് വേണ്ടത്ര പ്രാധിനിത്യം ഇല്ലായിരുന്നു. ലഭിച്ചത് തന്നെ ഔദാര്യം എന്ന നിലയ്ക്കായിരുന്നു. പിന്നീടാണ് ചെറിയ ദളിത് പ്രസ്ഥാനങ്ങൾ അംബേദ്ക്കറുടെ ആശയങ്ങളും എഴുത്തുകളും മുഖ്യധാരയിലെത്തിക്കുന്നത്. മണ്ഡൽ കമ്മീഷനുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളാണ് അംബേദ്ക്കറുടെ ആശയങ്ങൾക്ക് കൂടുതൽ പ്രചാരം നൽകിയത്. അതുവരെ ദളിത് വിഭാഗങ്ങൾ മാത്രമായിരുന്നു അതൊക്കെ ചർച്ച ചെയ്തത്. മഹാരാഷ്ട്ര സർക്കാർ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തിനെ എഴുത്തുകൾ പ്രസിദ്ധീകരിച്ചത്. സവർണ്ണർക്ക് സമ്പൂർണ്ണ ആധിപത്യം ഉണ്ടായിരുന്ന സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തിൽ ഇന്ത്യയെ മറ്റൊരു ദിശയിലേക്ക് നയിക്കാൻ അംബേദ്ക്കർക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു.

അംബേദ്ക്കർ ആധുനികതയുടെ മൂല്യങ്ങളെ സ്വീകരിച്ചപ്പോൾ ഗാന്ധി അതിനോട് വിമർശനാത്മകമായ നിലപാടെടുക്കുകയാണ് ചെയ്തത്. കാലാവസ്ഥ പ്രതിസന്ധി, സുസ്ഥിരത തുടങ്ങിയവ പരിഗണിക്കുമ്പോൾ ഗാന്ധിയൻ ആശയങ്ങൾ നമ്മൾ കൂടുതൽ പ്രാധാന്യത്തോടെ സ്വീകരിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ?

ഗാന്ധിയൻ ആശയങ്ങളുടെ ഏതെങ്കിലും ഒരു ധാര മാത്രം അടർത്തിയെടുത്ത് സ്വീകരിക്കാൻ കഴിയില്ല. ഒരാശയം മറ്റ് ആശയങ്ങളുമായി ഒരു വസ്ത്രത്തിലെ ഇഴകൾ പോലെ കെട്ടുപിണഞ്ഞു കിടക്കുന്നു. ഗാന്ധിയുടെ സവർണ്ണ മൂല്യങ്ങളോടും ആചാരങ്ങളോടും ജാതി വ്യവസ്ഥയോടുമുള്ള നിലപാടുകളോടുള്ള വിമർശനങ്ങൾ ഒക്കെ അവഗണിക്കാതെ ആധുനികതയോടുള്ള വിമർശനം തനിയെ എടുക്കുകയാണെങ്കിൽ ഞാൻ അംഗീകരിക്കും. പക്ഷെ ഗാന്ധിയിലെ വിമർശിക്കപ്പെടേണ്ടേ നിലപാടുകളെ മറന്നുകൊണ്ട് ഏതെങ്കിലും ഒരാശയത്തെ മാത്രം ഞാൻ പിന്തുണയ്ക്കുകയില്ല.

‘സ്വാരാജ്’ എന്ന ആശയത്തിന് നൽകിയ വിശദീകരണത്തിൽ അത് എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട മനുഷ്യരുടെ സ്വയം ഭരണമാണെന്ന് ഗാന്ധി വിശദീകരിക്കുന്നുണ്ട്. ഇന്ന് നമ്മൾ കാണുന്ന അന്ധമായ പ്രകൃതി ചൂഷണവും മറുവശത്ത് സുസ്ഥിരതയ്ക്കു വേണ്ടിയുള്ള മുറവിളികളും പരിഗണിക്കുമ്പോൾ ‘സ്വരാജ്’ എന്ന ആശയം കൂടുതൽ പ്രസക്തമാണെന്ന് തോന്നുന്നില്ലേ?

അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വീകരിക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹത്തെ പിന്തുണച്ചിരുന്നത് സമ്പന്നരായ മാർവാടികളും ബിർളയുമൊക്കെയായിരുന്നു. ആരെങ്കിലും ഒരു ആശയം മുന്നോട്ടു വച്ചാൽ അത് ഉടനെ സ്വീകരിക്കാൻ കഴിയില്ല. എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം ഗാന്ധിയിൽ തേടേണ്ടതുമില്ല. നമുക്ക് നമ്മുടേതായ മാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയും. പക്ഷെ ഒരു തന്ത്രപരമായ നീക്കം എന്ന നിലയിൽ പൊതു സമ്മതി നേടിയെടുക്കാൻ ഗാന്ധിയുടെ ആശയങ്ങൾ എടുത്തുകാണിക്കുന്നത് മനസിലാക്കാം.

സവർണ്ണ അധികാര വ്യവസ്ഥയും മൂല്യങ്ങളും പ്രചരിപ്പിക്കുന്നത് കീഴാള ജനത അറിവില്ലാത്തവരും വിവിധ മേഖലകളിൽ പിന്നോക്കക്കാരും എന്നാണല്ലോ. യഥാർത്ഥത്തിൽ അവരുടെ കഴിവും അറിവുകളും സംസ്കാരവും മനുഷ്യ പുരോഗതിയിൽ വലിയ പ്രാധാന്യം അർഹിക്കുന്നതാണല്ലോ. സവർണ്ണ വ്യവസ്ഥയുടെ സ്വാധീനത്താൽ കീഴാള ജനങ്ങൾ സ്വയം താഴ്ന്നവരാണെന്നും തങ്ങൾ ഉയർന്ന നിലയിലേക്ക് വരേണ്ടവരാണെന്നും കരുതുന്നതിനു പകരം തങ്ങളുടെ ജീവിത സംസ്ക്കാരത്തെക്കുറിച്ച് അഭിമാനിക്കുകയല്ലേ വേണ്ടത്?

അതിനുവേണ്ടിയുള്ള ശക്‌തമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. ഉദാഹരണത്തിന് എന്തുകൊണ്ട് ദസറ ആഘോഷത്തിൽ അടിത്തട്ട് ജനത പങ്കുചേരരുതെന്നു വിശദീകരിക്കുന്ന എഴുത്തുകൾ വ്യാപകമാണ്. ദസറയുടെ ഭാഗമായി വധിക്കുന്നത് തങ്ങളിലൊരാളെയാണെന്ന് അവർ വിശദീകരിക്കുന്നു. കാഞ്ച ഇളയ്യ അധ്വാനിക്കുന്ന ജനങ്ങളുടെ അന്തസ്സിനു വേണ്ടി നിലകൊള്ളുന്ന ഒരു പ്രധാനപ്പെട്ട ചിന്തകനാണ്. ഇത്തരം ആശയങ്ങൾ പട്ടിക ജാതി വിഭാഗങ്ങളിൽ മാത്രമല്ല ശൂദ്രർക്കിടയിലും പ്രബലമായി നിലനിൽക്കുന്നുണ്ട്.

ഹൈദരാബാദ് ബുക് ട്രസ്റ്റ് നാനൂറിലധികം വളരെ പ്രധാനപ്പെട്ട പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. അവയിൽ കീഴാള വിഭാഗങ്ങളുടെ ആശയങ്ങൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനം നൽകുകയുണ്ടായി. കൂടാതെ ഒരു ദളിത് മാസികയും പ്രസിദ്ധീകരിച്ചിരുന്നല്ലോ. അതിനെപ്പറ്റി പറയാമോ?

1985 ൽ വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടക്കുന്നുണ്ട്. കാരംചെദു കൂട്ടക്കൊല. അതിനെ തുടർന്നായിരുന്നു ആന്ധ്രപ്രദേശ്‌ ദളിത് മഹാസഭ രൂപീകരിക്കപ്പെടുന്നത്. അതിനു ശേഷമാണ് ഒരു ദളിത് മാസികയുടെ ആവശ്യം ബോധ്യപ്പെട്ടതും ഹൈദ്രബാദ് ബുക്ക് ട്രസ്റ്റ് ‘നലുപു’ മാസിക തുടങ്ങിയതും. ദളിത് പ്രവർത്തകനായിരുന്ന ബൊജ്ജ താരകം ആയിരുന്നു എഡിറ്റർ. ആറ് വർഷത്തോളം അത് പ്രസിദ്ധീകരിച്ചു. ആ സമയത്ത് ഒട്ടനവധി പുതിയ ദളിത് എഴുത്തുകാരെ എഴുതാൻ പ്രേരിപ്പിക്കുകയും ഒരുപാട് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പോലീസിന്റെ ഇടപെടൽ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ കാരണം അത് തുടരാൻ കഴിഞ്ഞില്ല. മാസിക പ്രസിദ്ധീകരിക്കാനും പോസ്റ്റൽ ഡിപ്പാർട്ടമെന്റ് വഴി അയക്കാനും കൃത്യമായ സമയക്രമം ഉണ്ടല്ലോ. അത് പാലിച്ചേ പറ്റൂ. എന്നാൽ പുസ്തകം പ്രസിദ്ധീകരിക്കാൻ ഇത്തരം സമ്മർദ്ദങ്ങളില്ല. കഴിഞ്ഞ 45 വർഷത്തിനിടയിൽ 500 ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. വലിയ ലാഭം ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും സംരംഭം നിലനിർത്താൻ കഴിയുന്നുണ്ട്. മാസിക പ്രസിദ്ധീകരിക്കാൻ ഒരുപാട് അധ്വാനം ആവശ്യമുണ്ട്.

ഏകാധിപത്യവും വെറുപ്പിന്റെ രാഷ്ട്രീയവും തീവ്രമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണല്ലോ നമ്മൾ ജീവിക്കുന്നത്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവർക്ക് ഈ കാലത്തെ മാറ്റിത്തീർക്കാൻ കണ്ടെത്താവുന്ന വഴി എന്താണ്? ഒരുപക്ഷെ ഇതുവരെ ശ്രമിച്ചു നോക്കിയിട്ടില്ലാത്ത ഒന്ന്.

സാമൂഹ്യ മാധ്യമങ്ങൾ കുറച്ചു കാലത്തേക്ക് മാറ്റിവയ്ക്കുക. ജനാധിപത്യ വിശ്വാസികൾ കരുതുന്നത് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാൽ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്നാണ്. ജനങ്ങളുമായി നേരിട്ടിടപഴകുമ്പോഴേ ദൗത്യം വിജയിക്കൂ. അയൽക്കാരുമായും ബിജെപി ക്കാരുമൊക്കെയായി ഹിന്ദുത്വയെക്കുറിച്ചു സംസാരിക്കേണ്ടിയിരിക്കുന്നു. മുഴുവൻ ഹിന്ദുത്വ വാദികളെയും നമുക്ക് കൊന്നുകളയാൻ കഴിയില്ലല്ലോ. അവരോട് സംസാരിച്ച് എന്തുകൊണ്ടാണ് അവർ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെടുന്നതെന്നു കണ്ടെത്തണം. എന്നിട്ട് അത് പരിഹരിക്കാൻ പ്രയത്നിക്കണം. സോഷ്യൽ മീഡിയ ഉപേക്ഷിച്ചു ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. മതേതരത്വത്തിന്റെ രക്ഷകരായി കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും മാത്രം ആശ്രയിക്കുന്നത് പരിഹാരമല്ല. ഹോസ്റ്റലുകളിലും ഫാക്ടറികളിലും ഹൗസിങ് കോളനികളിലും ഒക്കെ നേരിട്ടുപോയി നമ്മൾ നിരന്തരം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. പഴയ രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം മാത്രമാണ് നമ്മുടെ മുൻപിലുള്ള പോംവഴി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന രീതിയാണ് വേണ്ടത്. ആളുകൾ ഒരു കാരണവുമില്ലാതെ ഹിന്ദുത്വയിലേക്കു തിരിയില്ല. മതേതരത്വത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ പ്രവർത്തനത്തിന്റെ അസാന്നിധ്യമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. നമ്മൾ ജനങ്ങൾക്കിടയിലിറങ്ങി പ്രവൃത്തിക്കേണ്ടിയിരിക്കുന്നു.

കടപ്പാട്: കേരളീയം മാസിക

A K Shiburaj

A K Shiburaj

2000 ൽ സംവാദം മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാലി ദ്വീപിൽ അധ്യാപകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കുറച്ചു കാലം ജൈവ കൃഷി ചെയ്തു. ആശയുടെ മണ്ണെഴുത്തുകൾ (മലയാളം & തമിഴ്) എന്ന പുസ്തകവുവും ഗ്രീൻ സ്വരാജ് (ബുക്‌ലെറ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( കേരളീയം മാസികയിൽ (വെബ്) അസിസ്റ്റൻഡ് എഡിറ്റർ ആയി പ്രവൃത്തിച്ചു. സിവിൽ സൊസൈറ്റി, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. 2025 ൽ മായ കോനെ സോഷ്യൽ ജേർണലിസ്റ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

View All Articles by A K Shiburaj

Share Article
Whatsapp Email