
ഇന്ത്യൻ ഫാസിസവും കീഴാള ജനാധിപത്യവും
ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കുന്നത് ഭരണകൂടാധികാരവും ഭരിക്കപ്പെടുന്ന കീഴാളരും തമ്മിലുള്ള അധികാരബന്ധത്തിൻ്റെ ചരിത്രത്തിൽ പുതിയൊരു സംഘർഷമാതൃകയുടെ ആവിർഭാവമാണ്. ഇന്ത്യൻ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന കീഴാള സ്വാതന്ത്ര്യ തൃഷ്‌ണയുടെ ചരിത്രം കണക്കിലെടുക്കുമ്പോൾ സംഘ്‌പരിവാർ എന്ന പ്രതിലോമ സങ്കുചിത പ്രതിഭാസത്തിന് ഇന്ത്യൻ ജനത കീഴടങ്ങിക്കൊടുക്കുമെന്നു പറയാനാവില്ല. ഇന്ത്യൻ ജനാധിപത്യം സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടുമ്പോൾ ഉരുത്തിരിഞ്ഞു വരുന്ന പുതിയ രാഷ്ട്രീയ സാധ്യതകൾ പങ്കുവയ്ക്കുകയാണ് ബി രാജീവൻ.
സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയൊരു വെല്ലുവിളിയെ ആണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി അടക്കമുള്ള സംഘ്‌പരിവാർ അതിൻ്റെ അടിസ്ഥാന രാഷ്ട്രീയ ദർശനത്തിൽ ഒരു ഫാസിസ്റ്റ് സംഘടനയാണ്. ആർ എസ് എസ്സിന്റെ തീവ്ര പരിശീലനം സിദ്ധിച്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി അധികാരത്തിൽ വന്നതോടെ ഇന്ത്യൻ ജനാധിപത്യം ഈ ഫാസിസ്റ്റ് സംഘടനയുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ്.
ഇത് ഒരു യാദൃച്ഛിക സംഭവമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉള്ളടക്കം കൊളോണിയൽ അടിമത്തത്തിനെതിരെ ഉയർത്തെഴുന്നേറ്റ ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യബോധമാണ്. എന്നാൽ സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യൻ ലിബറൽ മുതലാളിത്ത ഭരണകൂടത്തിൻ്റെ ചട്ടക്കൂടിൽ അകപ്പെട്ടും അടിപ്പെട്ടുമാണ് ആ സ്വാതന്ത്ര്യവാഞ്ഛ പ്രവർത്തിക്കുന്നത്. അതിനാൽ കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലത്തെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രം പൊതുതിരഞ്ഞെടുപ്പുകളുടെയും ഭരണമാറ്റങ്ങളുടെയും ചരിത്രം മാത്രമല്ല. ഗ്രാമീണരും ദരിദ്രരുമായ ഇന്ത്യൻ ബഹുജനത ഭരണകൂടാധികാരത്തിനെതിരേ നടത്തിപ്പോന്ന നാനാമുഖമായ ചെറുത്തു നിൽപ്പുകളുടെ ചരിത്രംകൂടിയാണ്. ഇന്ത്യൻ ജനാധിപത്യത്തെ ഒരു യാഥാർഥ്യവും ശക്തിയുമാക്കി മാറ്റുന്നത് മേലാളന്മാരുടെ അധികാര പ്രയോഗത്തിനും ചൂഷണരൂപങ്ങൾക്കും എതിരായ കീഴാളജനസഞ്ചയത്തിൻ്റെ ഈ ചെറുത്തുനിൽപ്പുകളും കുതിപ്പുകളുമാണ്. ഇന്ദിരാഗാന്ധി നടപ്പാക്കിയ ദേശീയ അടിയന്തരാവസ്ഥയും അതിനെതിരെ ഇന്ത്യൻ ജനത പ്രദർശിപ്പിച്ച അപ്രതിരോധ്യമായ പ്രതികരണശക്തിയും അടിച്ചമർത്തലിന്റെയും ചെറുത്തുനില്പിൻ്റെതുമായ ഈ സംഘർഷചരിത്രത്തിലെ ഒരു ഉയർന്ന ഘട്ടമായിരുന്നു. ഈ ഏറ്റുമുട്ടലിൻ്റെ ചരിത്രത്തിലെ ഏറ്റവും പുതിയൊരു ഘട്ടത്തിലാണ് നാം ഇന്നെത്തിനിൽക്കുന്നത്.

ഇന്ത്യൻ ജനജീവിതത്തിൻ്റെ ശക്തികളെ, ജനാധിപത്യ തൃഷ്‌ണകളെ അടിച്ചമർത്തുന്നതിനുവേണ്ടി ഭരണകൂടം അതിന്റെ സമഗ്രാധിപത്യ മുഖം പുറത്തെടുക്കാൻ നിർബന്ധിതമാവുകയാണ് അടിയന്തരാവസ്ഥയിൽ സംഭവിച്ചത്. അതിനു ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കുള്ളിൽ ലോകരാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും ഉണ്ടായ വമ്പിച്ച പരിവർത്തനങ്ങൾ ഇന്ത്യൻ മേലാള-കീഴാള ബന്ധങ്ങളെയും ബാധിച്ചു. ഒരു വശത്ത് ഗ്രാമീണകർഷകരും തൊഴിലാളികളും ദരിദ്രരും ആദിവാസികളും ദളിതരും സ്ത്രീകളുടെങ്ങുന്ന കീഴാളജനത പണ്ടത്തെക്കാൾ ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും അടിപ്പെട്ടുകൊണ്ടിരുന്നപ്പോൾ മറുവശത്ത് അതിനെതിരായ അവരുടെ പ്രതികരണത്തിൻ്റെയും പ്രക്ഷോഭത്തിൻ്റെയും രീതികൾ ഗുണപരമായ മാറ്റങ്ങൾ കൈവരിക്കാൻ തുടങ്ങി. ജനങ്ങളെ നേരിട്ട് പരസ്പ്‌പരം ബന്ധിപ്പിക്കുന്ന ആശയവിനിമയവിപ്ലവത്തിൻ്റെ പശ്ചാത്തലത്തിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ഇടനിലയെ വിട്ട് ലോകമെങ്ങും ജനങ്ങൾ അവരുടെ ജീവിതത്തെ സ്വയം രാഷ്ട്രീയവത്കരിക്കാൻ തുടങ്ങിയതുമായി ബദ്ധപ്പെട്ട ഒരു മാറ്റമാണിത്. ലിബറൽ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കപടപ്രതിനിധാനത്തെ ഭേദിച്ച് ജനങ്ങൾ അവരുടെ ജീവിതത്തിനുവേണ്ടി സ്വയം സമരരംഗത്തു വരുന്നതിൻറേതായ വിവിധ മാതൃകകൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ സാർവ്വത്രികമായത് അങ്ങനെയാണ്. ആയിരക്കണക്കായ കർഷക ആത്മഹത്യകൾ മുതൽ കൂട്ടമായ കുടിയൊഴിക്കലുകൾക്കും ആദിവാസി വംശനശീകരണത്തിനും ആണവനിലയങ്ങൾക്കും അണക്കെട്ടുകൾക്കും എതിരായ സമരങ്ങൾ മുതൽ അഴിമതിക്കും സ്ത്രീപീഡനത്തിനും എതിരായ സമരങ്ങൾവരെ ദളിതരും വിദ്യാർത്ഥികളുമടക്കം ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ചൂഷിത വിഭാഗങ്ങൾ ഇടനിലക്കാരില്ലാതെ സമരം ചെയ്യുന്നതിന്റെ ജൈവരാഷ്ട്രീയമാണ് ഇക്കാലത്ത് ഇന്ത്യയിൽ ഉയർന്നുവന്നത്. ഇതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കുന്നത് ഭരണകൂടാധികാരവും ഭരിക്കപ്പെടുന്ന കീഴാളരും തമ്മിലുള്ള അധികാരബന്ധത്തിൻ്റെ ചരിത്രത്തിൽ പുതിയൊരു സംഘർഷമാതൃകയുടെ ആവിർഭാവമാണ്. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഭരണകൂടതന്ത്രങ്ങളെ മറികടക്കുന്ന പുതിയൊരു കീഴാളകർത്തൃത്വ (Subaltern Sujectivity) ഘടനയുടെ രൂപപ്പെടലാണ് ഇതിലൂടെ സംഭവിക്കുന്നത്.

നിയമപരമായ ലിബറൽ മുതലാളിത്ത ഭരണത്തിൻ്റെയും നിയമബാഹ്യമായ പ്രീണനഭരണത്തിൻ്റെയും ഭരണകൂടതന്ത്രങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുക്കിനിർത്താനാവാത്ത ഒരു ശക്തിയായി ചുവടുകൾ വയ്ക്കാൻ ഇതോടെ ഇന്ത്യൻ ജനസാമാന്യം തയ്യാറെടുക്കുകയായിരുന്നു. ഇന്ത്യൻ ജനാധിപത്യാധികാരബന്ധത്തിൻ്റെ ഉള്ളടക്കമായ കീഴാളജനതയുടെ ജീവിതാധികാരം ഭരണകൂടാധികാരത്തിൻ്റെ ചട്ടക്കൂടിനെ ഇതോടെ പണ്ടില്ലാത്തവിധം ഉലയ്ക്കാൻ തുടങ്ങുകയായിരുന്നു. പഴയ രാഷ്ട്രീയത്തിന്റെ അതിരുകളെ ഭേദിക്കുന്ന ഈ പുതിയ കീഴാളജനാധിപത്യ രാഷ്ട്രീയകർത്തൃത്വത്തെ നേരിടുക എന്നത് ഇന്ത്യൻ മുതലാളിത്തം അഭിമുഖീകരിച്ച ഒരു പുതിയ വെല്ലുവിളി ആയിരുന്നു. ഈ വെല്ലുവിളിയെ നേരിടാൻ, പല കാരണങ്ങളാൽ അടിയന്തരാവസ്ഥയിലെപോലെ ഒരു ഭരണകൂട സമഗ്രാധിപത്യപ്രയോഗം അപ്പോഴേക്കും അസാധ്യമായി കഴിഞ്ഞിരുന്നു. അങ്ങനെയാണ് ഒരു സമയം ജനാധിപത്യത്തിന്റെ നേർവിപരീതവും അതേസമയം സമൂഹത്തിൻ്റെ അടിത്തട്ടുകളിലേക്കു പോലും കടന്നുചെല്ലാൻ മാത്രം ജനകീയ മുഖമുള്ളതുമായ ഫാസിസ്റ്റ് രാഷ്ട്രീയം ഇന്ത്യൻ മുതലാളിത്ത പരമാധികാര ഭരണകൂടത്തിന് ഒരു മികച്ച ഉപാധിയായി മാറുന്നത്. ഗാന്ധിവധത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് പൂർണ്ണമായി പുറത്താക്കപ്പെടുകയും, പേരുമാറ്റി രംഗത്തു വന്നിട്ടും ഇന്ത്യൻ ജനത തള്ളിക്കളയുകയും ചെയ്‌ത ആർഎസ്എസ്, ബിജെപിയുടെ രൂപത്തിൽ ഇന്ത്യ ഭരിക്കുന്ന ഒരു പ്രസ്ഥാനമായി മാറി. ലിബറൽ ദേശീയ രാഷ്ട്രീയത്തെയും പരമ്പരാഗത ഇടതുപക്ഷ രാഷ്ട്രീയത്തെയും അപ്രസക്തമാക്കിക്കൊണ്ട് ആഗോള മുതലാളിത്ത മൂലധന സമ്പദ്‌വ്യവസ്ഥയിൽ സംഭവിച്ച സമൂല പരിവർത്തനം ഇത്തരം ഒരു സാഹചര്യത്തിന്റെ സജീവ പശ്ചാത്തലമാണ്. ലോകമെങ്ങും കീഴാളജനസഞ്ചയം വിവിധരീതികളിൽ ചെറുത്തുനിൽപ്പുകൾ തുടരുമ്പോൾതന്നെ ലോകരാഷ്ട്രീയത്തിൽ യാഥാസ്ഥിക രാഷ്ട്രീയത്തിൻ്റെ വിവിധ രൂപങ്ങൾ അധികാരത്തിലേക്ക് ഉയരുന്നതിൻ്റെ പശ്ചാത്തലവും ഇതാണ്. ഇങ്ങനെ ആഗോള മുതലാളിത്ത മൂലധന സാമ്രാജ്യത്തിൻ്റെ സാമന്ത രാഷ്ട്രീയ കേന്ദ്രമായിരിക്കുമ്പോൾതന്നെ ഇന്ത്യൻ കീഴാളജനാധിപത്യത്തിന്റെ പുതിയ മുന്നേറ്റങ്ങളെ നിർവീര്യമാക്കുന്നതിനുള്ള ഒരു ഫാസിസ്റ്റ് യന്ത്രമായി പ്രവർത്തിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യൻ ഭരണകൂടം.
ഇതിനർത്ഥം നരേന്ദ്ര മോദിയെ മുൻനിർത്തി സംഘ്പരിവാർ അധികാരത്തിലേക്ക് വന്നതോടെ ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കഴിഞ്ഞു എന്നല്ല. ജനങ്ങളിൽ പ്രവർത്തിക്കുന്ന ജീവിതത്തിന്റെ തൃഷ്ണകളെ, ജനാധിപത്യത്തിൻ്റെ ശക്തികളെ, ഒരു നിഷേധാത്മക ശക്തിയായി തലകീഴ് മറിക്കുന്നതിലൂടെ ജനങ്ങളെ ഒരു മിഥ്യാവിമോചന വിപ്ലവത്തിന്റെ ഉന്മാദത്തിലേക്ക് തള്ളിയിടുന്ന ഒരു പ്രതിലോമ രാഷ്ട്രീയ പദ്ധതിയാണ് ഫാസിസം. ജനങ്ങളുടെ ശക്തികളും തൃഷ്‌ണകളും ഇങ്ങനെ ചെറുത്ത് നിൽക്കാനാവാത്തവിധം നിർവീര്യമാക്കപ്പെടുമ്പോഴാണ് ഒരു രാജ്യം പഴയ ഇറ്റലിയെയോ ജർമ്മനിയെയോപോലെ ഒരു ഫാസിസ്റ്റ് രാഷ്ട്രമാവുന്നത്. നാനാതരം സാമ്രാജ്യങ്ങളുടെ മേലാള അധികാര ശക്തികളെ ആയിരത്താണ്ടുകൾതന്നെ വിവിധരീതികളിൽ ചെറുത്തു നിന്ന മഹത്തായ പാരമ്പര്യമുള്ള ഇന്ത്യൻ കീഴാളജനസഞ്ചയം ഇപ്പോഴും ചെറുത്തുനിൽക്കുന്ന ഒരു മഹാശക്തിയാണ്. സംഘ്‌പരിവാർ എന്ന ഫാസിസ്റ്റ് പ്രസ്ഥാനം അധികാരത്തിൽ വന്നു എന്നതുകൊണ്ട് മാത്രം ഇന്ത്യൻ കീഴാളജനാധിപത്യത്തിൻ്റെ ഈ ശക്തികൾ അതിന് കീഴടങ്ങിക്കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യൻ മുതലാളിത്ത ഭരണകൂടത്തിന്റെ ഈ ഫാസിസ്റ്റ് മുഖവും ഭരിക്കപ്പെടുന്ന കീഴാള ബഹുജനതയും തമ്മിൽ ഇന്ന് ആരംഭിച്ചിരിക്കുന്ന ഈ പുതിയ സംഘർഷത്തിന്റെ ചരിത്രപരമായ ഭിന്നതയും സവിശേഷതയും നാം വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്.

ബ്രിട്ടീഷ് സാമ്രാജ്യശക്തിയടക്കം ഇന്ത്യൻ ജനജീവിതത്തിന്മേൽ ആധിപത്യം സ്ഥാപിച്ച ഒരു മേലാള ഭരണകൂടത്തിനും ഒരിക്കലും പ്രയോഗിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു പുതിയ തരം അധികാരപ്രയോഗമാണ് ഇന്ത്യൻ ഫാസിസ്റ്റ് ശക്തികൾ ആഗോളമൂലധന സാമ്രാജ്യത്തിൻ്റെ കാലത്ത് ഇന്ത്യൻ ജനജീവിതത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മറ്റെല്ലാ ഭരണകൂടാധികാരരൂപങ്ങളും ഭരിക്കപ്പെടുന്ന വർഗ്ഗങ്ങളെ അടിച്ചമർത്തുകയോ നിയന്ത്രിക്കുകയോ കരാറുകളിൽ തളയ്ക്കുകയോ ചെയ്യുന്ന സങ്കേതങ്ങളാണ് ആവിഷ്‌കരിക്കുന്നതെങ്കിൽ ഫാസിസം ഇതൊന്നുമല്ല ചെയ്യുന്നത്. അത് അടിയന്തരാവസ്ഥകളിലെപോലെ മുകളിൽനിന്ന് ജനങ്ങളുടെ മേൽ പ്രയോഗിക്കപ്പെടുന്ന സമഗ്രാധിപത്യാധികാരമല്ല. ഫാസിസം സമൂഹത്തിൻ്റെ അടിത്തട്ടുകളെ ഗ്രസിക്കുന്ന സൂക്ഷ്‌മരാഷ്ട്രീയമാണ്. അങ്ങനെ അടിയിൽനിന്നും ജനങ്ങളെ അവരുടെ സാമൂഹ്യജീവിത ശക്തികൾക്കും സ്വാതന്ത്ര്യ തൃഷ്ണകൾക്കും എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ബാധയാണത്. ജനങ്ങളെ ഫാസിസം പിടികൂടുന്നതാകട്ടെ അവരുടെ തകർക്കപ്പെട്ട വിമോചനസ്വപ്‌നങ്ങളിലും കെട്ടുപോയ രാഷ്ട്രീയ പ്രതീക്ഷകളിലും കടന്നു പ്രവർത്തിക്കുന്നതിലൂടെയാണ്. ജർമ്മനിയിലേയും ഇറ്റലിയിലേയും പരാജയപ്പെട്ട വിപ്ലവങ്ങളുടെ മണ്ണിലാണ് ഫാസിസം അതിന്റെ ക്ലാസിക്കൽ രൂപത്തിൽ അവതരിച്ചതെന്നോർക്കണം. ഗ്രാമീണ കർഷകരും ചേരിവാസികളും കൂലിപ്പണിക്കാരും ദളിതരും സ്ത്രീകളും ആദിവാസികളുമൊക്കെ അടങ്ങുന്ന ഇന്ത്യൻ കീഴാളർ കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി ഇന്ത്യൻ ഭരണവർഗ്ഗങ്ങളുടെ നിരന്തര ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും കീഴ്പ്പെടുമ്പോൾതന്നെ, അതിനെതിരേ നൂറുകണക്കായ ചെറുത്തുനിൽപ്പുകളിലും കലാപങ്ങളിലും ഏർപ്പെട്ടുകൊണ്ട് ദുരിതങ്ങളില്ലാത്ത ഒരു ബദൽ ജീവിതവ്യവസ്ഥയുടെ ഉദയത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ വിവിധ രൂപങ്ങളിൽ ഉള്ളിൽ സൂക്ഷിച്ച ഒരു ജനസഞ്ചയനംകൂടിയാണ്. എന്നാൽ പുതിയ മുതലാളിത്തത്തിന്റെ നിഷ്കരുണമായ കടന്നുകയറ്റം മൂലം അവരുടെ അത്തരം സ്വപ്നങ്ങൾ തകർന്നുപോവുകയും പ്രതീക്ഷകൾ കെട്ടുപോവുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഒരു കാലത്ത് കോളനിവാഴ്‌ചയെതിരായ സമരത്തെപ്പോലും സ്വന്തം ധാർമ്മികശക്തിയുടെ പരീക്ഷണമാക്കി മാറ്റിയ ഇന്ത്യൻ കർഷക സമൂഹം ഇന്ന് സ്വയംഹത്യയിൽ രക്ഷ കണ്ടെത്തുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു. ഈ തകർച്ചയ്ക്കുമുന്നിൽ ഒരു ബദലിന്റെ മിഥ്യാ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് സംഘ്‌പരിവാർ ഫാസിസം ജനങ്ങളിൽ വേരാഴ്ത്താൻ ശ്രമിക്കുന്നത്. ഹതാശരായിക്കൊണ്ടിരിക്കുന്ന മനുഷ്യരെയാണ് ഈ മിഥ്യാവിമോചനത്തിൻ്റെ ഇരുട്ടിലേക്ക് ഫാസിസം വേഗത്തിൽ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയാണ് സ്വന്തം അടിമത്തത്തെ വിമോചനമായിക്കാണുന്ന എന്തും അനുസരിക്കുന്ന ജീവച്ഛവങ്ങളുടെ നിഷ്ഠൂര ജനകീയസൈന്യങ്ങൾ ഫാസിസത്തിൽ രൂപപ്പെടുന്നത്.
ലിബറൽ മുതലാളിത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാവുകയും ഇടതുപക്ഷ വിപ്ലവപ്രസ്ഥാനങ്ങളുടെ ദേശീയ പാർട്ടികളെന്ന നിലതന്നെ പരുങ്ങലിൽ ആവുകയും ചെയ്യുന്ന ഇന്ന് പഴയ രാഷ്ട്രീയ സങ്കല്പമനുസരിച്ച് ഇന്ത്യൻ ജനസാമാന്യം അനാഥമാക്കപ്പെട്ട ഒരു ജനതയാണ്. ഈ അനാഥത്വത്തിൻ്റെ മുന്നിൽ പുതിയ രക്ഷകരായി ചമഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി, രാഷ്ട്രീയക്കാരെ അമ്പരപ്പിക്കുന്ന അതിൻ്റെ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതുതന്നെയും കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ ഉയർന്നുവന്ന പുതിയ കീഴാളജനസഞ്ചയ ജനാധിപത്യ സമരങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങളെ നിർലജ്ജം അനുകരിക്കുകയും, അങ്ങനെ കവർന്നെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ ചാരണതന്ത്രങ്ങളിലൂടെയാണ് നടക്കുന്നത്. അണ്ണാ ഹസാരെയെ മുൻനിർത്തി ഡൽഹിയിൽ അരങ്ങേറിയ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൻ്റെ മുദ്രാവാക്യങ്ങൾ മുതൽ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരുടെ ജീവിതത്തെ വിലവയ്ക്കുന്ന ആം ആദ്മി പാർട്ടിയുടെ മുദ്രാവാക്യങ്ങൾ വരെ. ഇന്ത്യയിൽ സമീപകാലത്ത് ഉയർന്നുവന്ന പ്രത്യാശാജനകമായ ജനകീയ മുദ്രാവാക്യങ്ങൾ മുഴുവൻ ബിജെപി അതിൻ്റെ സ്വന്തം മുദ്രാവാക്യങ്ങൾ ആക്കി മാറ്റി. അങ്ങനെ അഴിമതിക്കും കള്ളപ്പണത്തിനും ദാരിദ്ര്യത്തിനും സ്ത്രീപീഡനത്തിനും ഒക്കെ എതിരായ സമരത്തിൽ അണിചേരാനും അതിനുവേണ്ടി ത്യാഗങ്ങൾ സഹിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ഒരു വിപ്ലവനായകൻ്റെ പ്രതിച്ഛായയാണ് നരേന്ദ്ര മോദിക്ക് കൈവന്നുകൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ജന ജീവിതത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്‌ത നോട്ടുപിൻവലിക്കലിനെ, രാജ്യനന്മയ്ക്കുവേണ്ടി ജനങ്ങൾ ത്യാഗം സഹിക്കാൻ തയ്യാറാകേണ്ട ഒരു സമരമാണെന്നാണ് ബിജെപി പ്രചരിപ്പിച്ചത്. അങ്ങനെ നേരത്തെതന്നെ ഉയർന്നുകഴിഞ്ഞ അഴിമതിവിരുദ്ധ ജനകീയ സമരങ്ങളുടെ പുതിയ നായകന്മാരായി മാറാൻ അവർക്കു കഴിഞ്ഞു. നോട്ടുപിൻവലിക്കലിന്റെ പേരിൽ യുപി തിരഞ്ഞെടുപ്പിൽ ജനങ്ങൾ പകരം വീട്ടുമെന്ന രാഷ്ട്രീയക്കാരുടെ പ്രതീക്ഷ തകിടം മറിഞ്ഞത് അങ്ങനെയാണ്. ഈ വിധം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വിപ്ലവകരമായ ഒരു പുതിയ വിച്ഛേദം സൃഷ്ടിക്കാൻ പോന്ന ഒരു പ്രസ്ഥാനമെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഒട്ടേറെ പുതിയ പദ്ധതികൾക്ക് നരേന്ദ്ര മോദി ഗവൺമെൻ്റ് തുടക്കം കുറിച്ചിരിക്കുകയാണ്. അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ പ്രസ്ഥാനം ഇന്ത്യൻ ജനസാമാന്യത്തിൻ്റെ രാഷ്ട്രീയ മോഹഭംഗങ്ങളെ മുഴുവൻ മുതലെടുത്തുകൊണ്ട് മുന്നേറ്റം തുടരുന്ന ഒരു സന്ദർഭത്തിലാണ് നാം എത്തിനിൽക്കുന്നത്.
ഈ സ്ഥിതി നിശ്ചയമായും ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. ആയിരത്താണ്ടുകളിലൂടെ ഇന്ത്യൻ ജനജീവിതം രൂപപ്പെടുത്തിയ നമ്മുടെ മഹത്തായ സംസ്‌കാരത്തിൻ്റെ ശക്തികൾ ഇതോടെ മാഞ്ഞുപോകാൻ തുടങ്ങുകയാണോ? ജനങ്ങൾ താങ്ങിനിർത്തുന്ന ഇന്ത്യൻ ജനാധിപത്യമെന്ന മഹാത്ഭുതം ഇതോടെ തകർക്കപ്പെടാൻ തുടങ്ങുകയാണോ?എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇന്ത്യൻ ജനതയെ സ്നേഹിക്കുന്ന ഏതു ജനാധിപത്യവാദിയിലും ഉയർന്നുവരിക ഈ സന്ദർഭത്തിൽ സ്വാഭാവികമാണ്. എന്നാൽ ഇന്ത്യൻ ജീവിതത്തിൽ ഇന്നും സജീവമായിരിക്കുന്ന ജനകീയ സംസ്‌കൃതിയുടെ ബഹുലതയും പരസംക്രമണശക്തിയും കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന കീഴാള സ്വാതന്ത്ര്യ തൃഷ്‌ണയുടെ ചരിത്രം കണക്കിലെടുക്കുമ്പോൾ സംഘ്‌പരിവാർ എന്ന പ്രതിലോമ സങ്കുചിത പ്രതിഭാസത്തിന് ഇന്ത്യൻ ജനത കീഴടങ്ങിക്കൊടുക്കുമെന്നു പറയാനാവില്ല. ഇതുമാത്രമല്ല ഭരണകൂടാധികാരത്തിന്റെ ഉപരിതല രാഷ്ട്രീയത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ ആശങ്കയും ഭയവുമുളവാക്കുന്ന കാര്യങ്ങൾ ആണെങ്കിലും സമീപകാല ഇന്ത്യൻജീവിതത്തിൽ ഭൗതികോത്പാദനത്തിൻ്റെയും കർത്തൃത്വോത്പാദനത്തിൻ്റെയും (Production Of Subjectivity) തലങ്ങളിൽ ആഴത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കയുടെയോ ഭയത്തിൻ്റെയോ നൈരാശ്യത്തിന്റെയോ സന്ദർഭമല്ല. മറിച്ച്, ഇന്ത്യൻ ഭരണകൂടം അതിൻ്റെ ഫാസിസ്റ്റ് മുഖം പുറത്തെടുക്കുന്നതിന് മുഖ്യകാരണമായ പുതിയ കീഴാളജനാധിപത്യത്തിൻ്റെ കർത്തൃത്വശക്തിൾക്ക് വളരാൻ വഴിയൊരുക്കാനുള്ള സന്ദർഭമാണിത്.
Featured Image: 2012 ൽ കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ തങ്ങൾക്ക് അർഹമായ സാമ്പത്തിക വിഹിതം ആവശ്യപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ദളിതരും ആദിവാസികളും പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധം. Image credit: The International Dalit Solidarity Network
കടപ്പാട്: ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഇന്ത്യയുടെ വീണ്ടെടുക്കൽ എന്ന പുസ്തകം
