
ആരോഗ്യം, ലൈംഗികത, സദാചാരം
ആരോഗ്യവും ലൈംഗികതയും സദാചാരവും നാം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ്. പക്ഷേ ഇവ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് നാം എത്രത്തോളം ചിന്തിച്ചിട്ടുണ്ട്? എ കെ രവീന്ദ്രന്റെ ഈ ലേഖനം, ശരീരം–മനസ്–സമൂഹം എന്ന പരമ്പരാഗത വേർതിരിവിനെ ചോദ്യം ചെയ്ത്, ‘ലൈംഗികാരോഗ്യം’ എന്ന ആശയം സാമൂഹ്യ രാഷ്ട്രീയ പരിസരത്തിൽ പുനർവായിക്കുന്നു. സദാചാരത്തിന്റെ മറവിൽ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു? നമ്മുടെ ആരോഗ്യ സങ്കല്പം എത്രമാത്രം ആരോഗ്യകരമാണ്? ആരോഗ്യത്തെ എങ്ങനെ സമൂഹം രൂപപ്പെടുത്തുന്നു?
5 Minutes Read
ആരോഗ്യം എന്ന വാക്ക് പലരും പലവിധത്തിലാണ് ഉൾക്കൊള്ളുന്നത്. ചിലർക്കത് രോഗമില്ലാത്ത അവസ്ഥയാണ്. മറ്റു ചിലർക്കത് ശാരീരികവും മാനസ്സികവും സാമൂഹികവുമായ സുസ്ഥിതിയാണ്. ലൈംഗികത എന്ന വാക്കും ഇപ്രകാരം പലവിധത്തിൽ വിവക്ഷിക്കപ്പെടുന്നുണ്ട്. ശാരിരികം മാത്രമായ അർത്ഥകല്പ്‌ന മുതൽ ആത്മീയമായ അതിവിശാല അർത്ഥതലങ്ങൾ വരെ അതിനു നൽകപ്പെടാറുണ്ട്.
ആരോഗ്യം എന്ന വാക്കും ലൈംഗികത എന്ന വാക്കും ചേരുമ്പോൾ സംഭവിക്കുന്നതെന്താണ്? അവ പരസ്പ്‌പരം വിശേഷിപ്പിക്കാനിട വരുന്നു. അങ്ങനെ ‘ലൈംഗികാരോഗ്യം’ എന്നൊരു പുതിയ വാക്ക് രൂപപ്പെടുന്നു. ഒപ്പം ആരോഗ്യകരമായ ഒരു ലൈംഗികസങ്കല്പവും.
ആരോഗ്യം ലൈംഗികത എന്നിവയെപ്പറ്റി ഏറെ പുനർവിചിന്തനം ആവശപ്പെടുന്നുണ്ട് “ലൈംഗികാരോഗ്യം’ എന്ന പരികല്പന. ആരോഗ്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള സങ്കുചിതങ്ങളായ സാമാന്യ ധാരണകളെ മാറ്റി മറിക്കാൻ പ്രസ്‌തുത പ്രയോഗം നമ്മെ നിർബന്ധിക്കുന്നു. ‘ആരോഗ്യം’ എന്നു കേൾക്കുന്ന മാത്രയിൽ മനസ്സിൽ തെളിയുക ശാരീരികാരോഗ്യമാണ്. രണ്ടാമതായി മാത്രമേ മാനസികാരോഗ്യം എന്നൊന്ന് ശ്രദ്ധയിൽ വരൂ. എന്തും ചെയ്യാനുള്ള ശാരീരികശേഷിയെ ശരീരത്തിന്റെ ആരോഗ്യമായി കണക്കാക്കുന്നവരുണ്ട്. ഇത്തരം ശാരീരികശേഷികളെ സമർത്ഥമായി പ്രയോഗിക്കാനുള്ള ധൈര്യത്തെയും മനോബലത്തെയും മനസികാരോഗ്യമായി നിർവ്വചിക്കുന്നവരുമുണ്ട്. ഒരു പട്ടാളക്കാരന്റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും കുറിച്ചു പറയുമ്പോൾ സാധാരണയായി അംഗീകരിക്കപ്പെടുന്ന മാനദണ്ഡങ്ങളാണിവ.
എന്നാൽ ലൈംഗികാരോഗ്യത്തെക്കുറിച്ചു പറയുമ്പോൾ സന്ദേഹങ്ങളും തർക്കങ്ങളും ഉടലെടുക്കുകയായി. വ്യക്തിയുടെ ലൈംഗികശേഷിയെ ലൈംഗികാരോഗ്യമായി വിലയിരുത്താൻ ഒരു അലോപ്പതി ഡോക്‌ടറുടെ കാഴ്‌ചപ്പാടുള്ളവർക്കേ കഴിയൂ. അലോപ്പതിക് വീക്ഷണത്തിൻ്റെ പരിമിതിയാണത്. ആരോഗ്യത്തെയും സദാചാരത്തെയും അതു പരസ്യമായി ബന്ധിപ്പിക്കുന്നില്ല. അവിടെ ‘സമൂഹം’ എന്നത് വ്യക്തികളുടെ കൂട്ടം മാത്രമാകുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും പക്ഷേ പൊതുസമൂഹം അംഗീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്കു പുറത്തുള്ള (‘വഴിവിട്ടുള്ള’) ലൈംഗികചര്യകളെ ‘ലൈംഗികാരോഗ്യ’മായി കണക്കാക്കാൻ വിസ്സമ്മ തിക്കുന്നവരാണ്. ശാരീരികമായ ‘ലൈംഗികശേഷി’യും ‘ലൈംഗികാ രോഗ്യ’വും ഒന്നല്ലെന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ള കാര്യമാണ്.
ലൈംഗികാരോഗ്യം എന്ന വാക്കിനു പകരം ‘ലൈംഗികസദാചാരം’ എന്ന വാക്കാണ് സാധാരണയായി പ്രയോഗത്തിലുള്ളത്. ‘സദാചാരം’ എന്നു മാത്രം പറയുമ്പോൾപോലും നാം ആദ്യം അർത്ഥമാക്കുന്നത് ലൈംഗിക സദാചാരത്തെയാണെന്നു കാണാം. സദാചാര വിരുദ്ധമെന്നു കരുതപ്പെടുന്ന ലൈംഗികാഭിമുഖ്യങ്ങളും പ്രതികരണങ്ങളും നിഷിദ്ധമാകുന്നത് അവ ‘അനാരോഗ്യകരം’ ആയതുകൊണ്ടു കൂടിയാണ്. സദാചാരപരമല്ലാത്ത ലൈംഗികതയുടെ പ്രകടനങ്ങൾ ലൈംഗികമായ അനാരോഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുക. ശാരീരികമായ ലൈംഗികശേഷി ക്കുറവുകൾ പലപ്പോഴും അതിരുവിട്ട, സദാചാര വിരുദ്ധമായ, ചേഷ്ടകൾക്ക് കാരണമാകുന്നുണ്ടെന്നാണ് മനഃശാസ്ത്രമതം. കായികമായ ലൈംഗിക ക്ഷമതയെ നിർണ്ണയിക്കുന്നതിൽ മാനസികവും സാമൂഹികവുമായ ഘടകങ്ങളുടെ പ്രാധാന്യവും പൊതുവേ അംഗീകാരം നേടിക്കഴിഞ്ഞിട്ടുള്ളതാണ്. ലൈംഗികാരോഗ്യത്തെക്കുറിച്ചു പറയുമ്പോൾ ‘ആരോഗ്യകരമായ’, അതായത് സദാചാരപരമായ, ഒരു ലൈംഗികതാസങ്കപം കൂടി വളർന്നു വരുന്നുവെന്നാണിത് സൂചിപ്പിക്കുന്നത്.
ഇവിടെ ‘ആരോഗ്യം’ എന്ന വാക്ക് പുനർനിർവ്വചിക്കപ്പെടുന്നുണ്ട്. വ്യക്തിയുടെ ശാരീരികവും മാനസ്സികവുമായ കഴിവുകൾക്കും സന്തു ഷ്ടികൾക്കുമപ്പുറം സാമൂഹികമായ ഒരു ഉത്തരവാദിത്തം ‘ആരോഗ്യ’ത്തിന് കൈവരുന്നു. ഏതുതരം ആരോഗ്യമായാലും അത് ആരോഗ്യകരമാകണമെങ്കിൽ സാമൂഹികമായ ഉന്മുഖത കൂടിയേ തീരൂ എന്നാണിത് വ്യക്തമാക്കുന്നത്. സാമൂഹികമായ മനദണ്ഡങ്ങൾക്കകത്താണ് ആരോഗ്യം ആരോഗ്യകരമാണോ എന്നു തീരുമാനിക്കപ്പെടുന്നതെന്നർത്ഥം.
പ്രകൃതിദത്തമോ സാമൂഹികമോ ആരോഗ്യം?
മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യം പ്രകതിദത്തമാണ്. എന്നാൽ മനുഷ്യർക്ക് മാത്രമാണ് ‘ആരോഗ്യം’ എന്ന സങ്കല്പമുള്ളത്. ഇതാകട്ടെ മനുഷ്യസ്രഷ്‌ടവുമാണ്. തങ്ങളുടെ സങ്കലപത്തിന് അനുസൃതമായ ‘ആരോഗ്യം നിർമ്മിച്ചെടുക്കാനാണ് മനുഷ്യരുടെ ശ്രമം. ഈ ആരോഗ്യസങ്കല്പം പ്രകൃതിയുമായി പൊരുത്തപ്പെടാതെ വരുമ്പോഴാണ് ‘ആരോഗ്യപ്രശ്‌ന’ങ്ങളുണ്ടാകുന്നത്. കൂടിക്കൂടി വരുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ പ്രകൃതിയുമായി, പ്രാണശക്തിയുമായി ഒത്തുപോകാനുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങളാണ് വേണ്ടത്. പ്രകൃതിജീവനം എന്നത് ഇത്തരത്തിൽ പ്രകൃതിയുമായി ഒത്തുപോകലാണ്; ഭൂതകാലത്തിലേയ്ക്കുള്ള ഗൃഹാതുരമായ മടക്കമോ പഴമയുടെ അബോധമായ പിന്തുടർച്ചയോ അല്ല. പ്രകൃതി/സംസ്‌കൃതി ദ്വന്ദ്വത്തെ ബോധപൂർവ്വം മറികടക്കലാണത്.
‘രോഗ’ത്തെപ്പോലെ, ‘അനാരോഗ്യ’ത്തെപ്പോലെ, ‘ആരോഗ്യ’വും ഒരു സാമൂഹികോത്പന്നമാകുന്നതിൻ്റെ പശ്ചാത്തലമിതാണ്. ആരോഗ്യം പ്രകൃതിദത്തമാണെങ്കിലും പ്രകൃതിയെ സ്വന്തം താത്‌പര്യങ്ങൾക്കൊപ്പം നിരന്തരം മാറ്റിമറിച്ചുമാത്രം രൂപപ്പെട്ടുവന്ന മനുഷ്യർക്ക് അത് ‘സ്വാഭാവിക’മായി ലഭ്യമാവുക എളുപ്പമല്ല. ആരോഗ്യത്തെപ്പറ്റി ‘സ്വാഭാവിക’മെന്ന വണ്ണം നമുക്കു കൈവരുന്ന അധിനിവേശസങ്കല്പങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കേണ്ടതുണ്ട്. പ്രകൃതിയും പ്രാണശക്തിയുമായി ‘ആരോഗ്യസങ്കല്പ’ത്തെ ബോധപൂർവ്വം കൂട്ടിയിണക്കേണ്ടതുമുണ്ട്. എങ്കിലേ സർവ്വ ജീവജാലങ്ങൾക്കും സ്വാഭാവികമായി കൈവരുന്ന ആരോഗ്യം നേടിയെടുക്കാൻ നമുക്കാവൂ.
പ്രകൃതിയുമായി ആരോഗ്യസങ്കല്പ്‌പത്തെ കൂട്ടിയിണക്കുക എന്നത് ഒരു സാമൂഹികദൗത്യമാണെന്ന തിരിച്ചറിവാണ് ഇവിടെ പ്രധാനം. ആരോഗ്യകരമായ സാമൂഹിക ജീവിതമാണ് പ്രകൃതിയുമായി ഒത്തുപോകാനുള്ള മൂന്നുപാധി. മനുഷ്യസമ്പർക്കത്തിൽ വരാത്തിടത്തോളം മറ്റു ജീവജാലങ്ങൾക്ക് ആരോഗ്യ-അനാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാത്തത് അവയ്ക്ക് മനുഷ്യരുടേതുപോലുള്ള സാമൂഹ്യജീവിതം ഇല്ലാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് ലൈംഗികസദാചാരമോ ആരോഗ്യകരമായ ലൈംഗികതയോ അവയെ ബാധിക്കുന്ന വിഷയങ്ങളേയല്ലാത്തത്.
ജന്മവാസനകൾക്കകത്താണ് മറ്റു ജീവജാലങ്ങളുടെ ലൈംഗികത പ്രവർത്തിക്കുന്നത്. മനുഷ്യർക്കും ജന്മവാസനകളില്ലാതില്ല. എങ്കിലും സാമൂഹ്യജീവികളായതിനാൽ മനുഷ്യരുടെ ഓരോ ചെയ്തിയും നിർണ്ണയിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും സാമൂഹികമായിട്ടാണ്. ജന്മവാസനകൾക്കിവിടെ ചരിത്രപരമായ ഭാവഭേദങ്ങൾ കൈവരുന്നതായി കാണാം. വിശപ്പും ദാഹവും കാമവുമൊക്കെ എല്ലാ ജീവജാലങ്ങൾക്കുമുള്ള ജൈവചോദനകളാണ്. പക്ഷേ മനുഷ്യരിൽ ഇവ പ്രാവർത്തികമാകുന്നത് ഓരോരോ ചരിത്രസന്ദർഭത്തിലെ സാമൂഹികബന്ധങ്ങൾക്കും സംസ്ക്‌കാരത്തിനും ഒക്കെ അനുസൃതമായിട്ടാണ്.
ആദിമമനുഷ്യരുടെ വിശപ്പും കാമവുമല്ല ആധുനികരുടേത്. ആധുനികരിൽതന്നെ വ്യത്യസ്‌ത വിഭാഗങ്ങൾക്ക് വ്യത്യസ്‌തമാണത്. ഇവിടെയൊക്കെ ജൈവചോദനകൾക്ക് സാമൂഹ്യവീക്ഷണവ്യത്യാസങ്ങളിലൂടെയല്ലാതെ അർത്ഥവത്തായ നിലനില്‌പ്പ് സാധ്യമല്ല. വ്യക്തികളെ ഒറ്റതിരിച്ചെടുത്ത് പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ പ്രയാസമായിരിക്കും. സാമൂഹികവും ചരിത്രപരവുമായ ഒരു കാഴ്ചപ്പാട് ഇവിടെ ആവശ്യമാണ്. ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റെയും കാര്യത്തിൽ ഈയൊരു കാഴ്ചപ്പാട് എത്രകണ്ട് ആവശ്യമാണെന്നറിയാൻ നമ്മെ സഹായിക്കുന്ന പരികല്പനകളാണ് ലൈംഗികാരോഗ്യവും ആരോഗ്യകരമായ ലൈംഗികതയും. ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ചു പറയാൻ കഴിയുന്നതും അത്തരമൊരു സങ്കല്പ്‌പം തന്നെ ആവശ്യമാകുന്നതും സാധ്യമാകുന്നതും സാമൂഹികമാനദണ്ഡങ്ങൾക്ക് പ്രാഥമ്യം കല്‌പിക്കുന്നതിലൂടെ മാത്രമാണ്. സാമൂഹികമാനങ്ങൾക്ക് പ്രാഥമ്യം കല്‌പിക്കാത്തിടത്തോളം ശരീരങ്ങളുടെ ‘ലൈംഗികശേഷി’യാണ് ‘ലൈംഗികാരോഗ്യ’മെന്ന അലോപ്പതിക് വീക്ഷണത്തിൽ നമുക്ക് ഒതുങ്ങിക്കൂടേണ്ടതായി വരും. ‘ആരോഗ്യം’ എന്നത് ‘അനാരോഗ്യം’ പോലെത്തന്നെ ഒരു സാമൂഹികോത്പന്നമാണെന്ന യാഥാർത്ഥ്യം വെളിപ്പെടുത്താൻ പര്യാപ്‌തമായ പരികല്‌പനകളാണ് ‘ലൈംഗികാരോഗ്യ’വും ‘ആരോഗ്യകരമായ ലൈംഗികത’യും എന്നു പറയുന്നത് അതുകൊണ്ടാണ്.
വാസ്തവത്തിൽ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ കാര്യത്തിലും സാമൂഹികമാനദണ്ഡങ്ങൾക്കു തന്നെയാണ് നാം ഒന്നാം സ്ഥാനം കല്പിക്കുന്നത്. അതേക്കുറിച്ച് നാം വേണ്ടത്ര അറിയുന്നില്ലെന്നേയുള്ളൂ. മനുഷ്യരുടെ ശരീരവും മനസ്സുമൊക്കെ സാമൂഹികമായാണ് നിലനില്ക്കുന്നതും നിർണ്ണയിക്കപ്പെടുന്നതും. അതിപരിചയം മൂലം ഇക്കാര്യം ശ്രദ്ധിക്കപ്പെടുന്നില്ലെന്നു മാത്രം. പുറത്തുള്ളതൊക്കെ കാണാൻ കഴിയുന്ന കണ്ണുകൾക്ക് സ്വയം കാണാൻ കഴിയാത്തതുപോലെയാണ് ഇതെന്നു പറയാം. വ്യക്തിപരമായതിൻ്റെ സാമൂഹികവിവക്ഷകൾ എന്തൊക്കെയെന്ന് അന്വേഷിക്കുന്നിടത്തോളമേ അവ കണ്ടെത്താനാവൂ.
നാം വെറുതെ കാണുകയല്ല, ‘നോക്കികാണുക’യാണ്. നോക്കുന്നതാകട്ടെ ചില താത്പര്യങ്ങളാൽ പ്രേരിതമായി, ചില ഉദ്ദേശങ്ങളോടെയാണ്. ഒരു നിശ്ചിത സമൂഹത്തിനകത്ത് ജീവിക്കുന്നവർ പ്രകൃതിയെയും ഇതര മനുഷ്യരെയും നോക്കിക്കാണുന്നത് ചില സാമൂഹിക താത്പര്യങ്ങളോടെയാണ്. വ്യക്തിപരമായ താത്പര്യങ്ങളുടെ സാമൂഹികമാനങ്ങൾ പക്ഷേ നമുക്ക് തിരിച്ചറിയാനാകണമെന്നില്ല. ‘മരം’ കാണുമ്പോൾ ‘കാട്’ കാണാൻ കഴിയാത്തതുപോലെയാണിത്. വ്യക്തികളെന്ന നിലയിൽ നാം പരസ്പരം ഒറ്റൊയ്ക്കൊറ്റക്ക് നോക്കിക്കാണുമ്പോൾ നമ്മിലെ സാമൂഹികത കണ്ണിൽപെടാതെ പോവുകയാണ്.
വ്യക്തിപരമായ കാര്യങ്ങളെ അവയുടെ സാമൂഹിക-സാമ്പത്തിക -സാംസ്‌കാരിക പശ്ചാത്തലത്തിൽ പരിശോധിക്കാൻ സവിശേഷമായ പരിശീലനം ആവശ്യമാണ്. ഇല്ലെങ്കിൽ അലോപ്പതിക് വീക്ഷണത്തിൻ്റെ വിഭാഗീയതകളിലും യാന്ത്രികതയിലും കുരുങ്ങിപ്പോകാനിടയുണ്ട്. ശരീരത്തിൻ്റെ ഓരോ അവയവത്തിലും വേറെവേറെ രോഗങ്ങൾ ‘കണ്ടെത്തി’ ചികിത്സിക്കുന്നതുപോലുള്ള വിഭാഗീയവീക്ഷണത്തിൽ നിന്നു മുക്തരാകണമെങ്കിൽ ‘ആരോഗ്യ’ത്തിൻ്റെയും ‘അനാരോഗ്യ’ത്തിന്റെയും സാമൂഹികവും ചരിത്രപരവുമായ അർത്ഥവിവക്ഷകളെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ലൈംഗികതയുടെ സാമൂഹികവശത്തെക്കുറിച്ച് സമൂഹം വളരെ ജാഗ്രത പുലർത്തുന്നതിനാലാണ് ‘ലൈംഗികാരോഗ്യ’ത്തെ ‘ലൈംഗിക ശേഷി’യിൽ നിന്ന് വേർതിരിച്ചു മനസ്സിലാക്കാൻ എളുപ്പം കഴിയുന്നത്. കുട്ടിക്കാലം മുതൽ ലൈംഗികസദാചാരം പ്രത്യക്ഷമായും പരോക്ഷമായും നമ്മിൽ അടിച്ചേല്‌പിക്കപ്പെടുന്നുണ്ട്. അവയിൽ പലതിനെയും നാം സ്വാംശീകരിച്ച് സ്വന്തമാക്കുന്നുമുണ്ട്. ചിലവയോട് വിപ്രതിപത്തി കാണിക്കുകയും ചെയ്യുന്നു. വസ്ത്രധാരണത്തിലെ ഇഷ്ടാനിഷ്ടമൊക്കെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
സ്ത്രീ-പുരുഷന്മാർ ഇണചേരുന്നതും കുട്ടികളുണ്ടാകുന്നതും ഓരോ കാലത്തെ ബന്ധപ്പെട്ട സാമൂഹ്യവിഭാഗത്തിലെ ലൈംഗികസദാചാരസങ്കല്പങ്ങൾക്കനുസൃതമായിട്ടാണ്. ഈ സദാചാര സങ്കല്പങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനംപോലും ഗുരുതരമായ സാമൂഹ്യപ്രശ്‌നമായിട്ടാണ് പരിഗണിക്കപ്പെടുക. ലൈംഗികസദാചാരമാകട്ടെ മറ്റേതൊരു സദാചാരത്തെയും പോലെ അധികാരവുമായി ബന്ധപ്പെട്ടാണ് നിർവ്വഹിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും. അധികാരിവർഗ്ഗം പൊതുവേ അഴിമതിക്കുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താൻ മടിക്കാറില്ല. പൊതു സമൂഹത്തിനുമേൽ ഏർപ്പെടുത്തിയ യാന്ത്രികമായ ലൈംഗികസദാചാരത്തെ സ്വയം ലംഘിക്കാൻ അധികാരം കയ്യാളുന്നവർക്ക് മറ്റാരെയും ഭയപ്പെടേണ്ടതില്ലല്ലോ? അധികാരമില്ലാത്ത വിഭാഗങ്ങൾ കർക്കശമായിത്തന്നെ സദാചാരനിയമങ്ങളും മൂല്യങ്ങളും പാലിക്കാൻ നിർബന്ധിക്കപ്പെടുന്നു.
“ഏകപത്നീവ്രത’ത്തോടൊപ്പം വ്യഭിചാരം വളരുന്നത് അങ്ങനെയാണ്. ‘ഏകപത്നീവ്രത’മെന്നത് ഫലത്തിൽ ‘എകപതീവ്രത’മായി അവ ശേഷിക്കുകയും ഇതിൽ നിന്നൊഴിവാക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകൾ വേശ്യകളോ കുലടകളോ ദേവദാസികളോ നഗരവധുക്കളോ ആയി നിന്ദിക്കപ്പെട്ടോ ബഹുമാനിക്കപ്പെട്ടോ സമൂഹത്തിൽ നിലനിർത്തപ്പെടുകയും ചെയ്യുന്നു.
ആരോഗ്യസദാചാരം
‘ലൈംഗികസദാചാരം’ പോലെ ‘ആരോഗ്യസദാചാരം’ എന്നൊരു വാക്ക് എന്തേ പ്രചാരത്തിലില്ല? ആരോഗ്യത്തെ വ്യക്തിപരമായും ലൈംഗികതയെ സാമൂഹികമായും നോക്കിക്കാണുന്ന ഒരു പ്രവണത ഇതിനു പുറകിലുണ്ട്. മാത്രമല്ല, ‘ആരോഗ്യ’മെന്നത് ലൈംഗികതയ്ക്ക് കീഴ്പ്പെട്ടുമാത്രം മനസ്സിലാക്കപ്പെട്ടുവരുന്നു എന്ന യാഥാർത്ഥ്യവുമുണ്ട്.
ആരോഗ്യം പരിപാലിച്ചില്ലെങ്കിൽ അതിൻ്റെ ദോഷം പ്രത്യക്ഷത്തിൽ ബാധിക്കുന്നത് ബന്ധപ്പെട്ട വ്യക്തിയെത്തന്നെയാണ്. അയാൾ മരിച്ചു പോയേക്കാം. അതുകൊണ്ട് സ്വന്തം ആരോഗ്യത്തിൻ്റെ ഉത്തരവാദിത്തം അയാൾ ഏറ്റെടുത്തേ മതിയാവൂ. അതേസമയം തൻ്റെ ആരോഗ്യത്തിൻ്റെ അടിസ്ഥാനമെന്തെന്നോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്നോ അന്വേഷിക്കുന്നതിൽ നിന്ന് അയാൾ കൗശലപൂർവ്വം തടയപ്പെടുന്നുണ്ട്. കാര്യമറിയാത്തതിനാൽ തൻ്റെ ആരോഗ്യവും അനാരോഗ്യവും വിധിവിഹിത (ദൈവഹിത)മാണെന്നൊരു ചിന്തയിലേക്കാണ് അയാൾ നയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചു പറയുമ്പോൾ അതിൻ്റെ സാമൂഹികകാരണങ്ങളോ പ്രത്യാഘാതങ്ങളോ സാധാരണയായി സൂചിതമാകുന്നില്ല. ആരോഗ്യവും അനാരോഗ്യവും ഒരു സദാചാരപ്രശ്നം കൂടിയാണെന്ന് അധികമാരും കരുതാറില്ല.
ലൈംഗികതയുടെ കാര്യം വ്യത്യസ്‌തമാണ്. പ്രജനനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ തുടക്കംമുതലേ അത് സാമൂഹികമായാണ് മനസ്സിലാക്കപ്പെട്ടുവരുന്നത്. ലൈംഗികചോദനകളുടെ പൂർത്തീകരണവും പ്രകടമായിത്തന്നെ സാമൂഹികമാണ്. വ്യക്തികൾക്കു ലൈംഗികചോദനകൾ ശാരീരികമായി പൂർത്തീകരിക്കപ്പെട്ടില്ലെങ്കിലും ജീവിക്കാനാവും. മരിച്ചുപോവുകയൊന്നുമില്ല. ലൈംഗികചോദനകളുടെ സദാചാരബാഹ്യമായ പൂർത്തീകരണമാകട്ടെ സാമൂഹികവ്യവസ്ഥയുടെ നിലനില്പിന് ഭീഷണിയാണുതാനും. അതുകൊണ്ട് അതതു വ്യവസ്ഥകൾക്കനുകൂലമായി ചിട്ടയോടെയും കർക്കശമായും ലൈംഗികസദാചാരം അടിച്ചേല്പ്പിച്ച് വ്യക്തികളെക്കൊണ്ട് സ്വാംശീകരിപ്പിച്ചെടുക്കാൻ ഓരോ സമൂഹവും അതീവ ജാഗ്രത പുലർത്തിവരുന്നു. ലൈംഗികാരോഗ്യമോ ആരോഗ്യകരമായ ലൈംഗികതയോ സദാചാരവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതായാണ് സാധാരണക്കാർപോലും കരുതുന്നത്.
ആരോഗ്യം: മേലാളവും കീഴാളവും
ആരോഗ്യം എന്ന് പൊതുവേ പറയപ്പെടുന്നതിൻ്റെ കാര്യത്തിലും സമൂഹത്തിന് ചില സദാചാര സങ്കല്‌പങ്ങൾ ഇല്ലാതില്ല. അവ പക്ഷേ പ്രവർത്തിക്കുന്നത് ലൈംഗികമായ സദാചാരസങ്കല്‌പങ്ങൾക്കകത്ത് അവയ്ക്ക് വിധേയമായിട്ടാണെന്നു മാത്രം. സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ ആരോഗ്യസങ്കല്പവും ആരോഗ്യസദാചാരവുമാണ് സമൂഹം നിർദ്ദേശിച്ചുവരുന്നത്. കീഴാള-മേലാള തരംതിരിവ് ഇവിടെ വളരെ പ്രകടമാണ്.
സ്ത്രീകളുടെ കായിക-മാനസിക ക്ഷമതകൾ പ്രത്യുത്പാദനപരമായി പരിമിതപ്പെടുത്തി നിറുത്താനും മേലാള സമൂഹത്തിന് ആവശ്യമുള്ളിടത്തോളം മാത്രം അതിൽ മാറ്റം വരുത്താനും പുരുഷാധിപത്യസമൂഹം ശ്രദ്ധിക്കുന്നു. പുരുഷൻ്റെ കായിക-മാനസിക വ്യാപാരങ്ങൾ കയ്യൂക്കിന്റെയും അധികാരത്തിന്റെയും മേഖലയിലേയ്ക്ക് ഹിംസാത്മകമായി വികസിപ്പിച്ചെടുക്കുന്നത് പൗരുഷത്തിന്റെ കായിക സദാചാരമായി ഇതേ സമൂഹം ആഘോഷിക്കുന്നു. ഇങ്ങനെ, ആണിനും പെണ്ണിനും വ്യത്യസ്ത ആരോഗ്യമാനദണ്ഡങ്ങളും ആരോഗ്യസദാചാരസങ്കല്പങ്ങളുമാണ് സമൂഹത്തിൽ നിലനില്ക്കുന്നത്.
ഇത്തരം ഇരട്ട ആരോഗ്യസങ്കല്‌പങ്ങളിൽ നിന്നും സദാചാരസങ്കല്പങ്ങളിൽ നിന്നുമുള്ള വിടുതൽ പ്രകൃതിജീവനവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യസദാചാരത്തിലേയ്ക്ക് അഹിംസയും ലിംഗനീതിയും കൊണ്ടുവരുവാൻ പ്രകൃതിജീവനമല്ലാതെ മറ്റ് എളുപ്പവഴികളൊന്നുമില്ല. ആരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സദാചാരസങ്കല്പമാണ് പ്രകൃതിജീവനത്തിലൂടെ സാധ്യമാകുന്നത്. സ്വതന്ത്രവും ആരോഗ്യകരവുമായ ലൈംഗികത സാധ്യമാകുന്ന മാനുഷികബന്ധങ്ങൾ ഉറപ്പു വരുത്താനും പ്രകൃതിജീവനത്തിനേ കഴിയൂ.
കടപ്പാട് : നല്ലത് പ്രകൃതി ചികിത്സയോ
