
അധികാരത്തിന്റെ അപനിർമ്മാണം
മനുഷ്യർ സാമൂഹ്യ ജീവിയാണെന്ന തിരിച്ചറിവാണ് അപനിർമ്മാണത്തിന്റെ അടിസ്ഥാനം. ഈ തിരിച്ചറിവ് ഏതൊരു മനുഷ്യനിലും അന്തർലീനമായുണ്ട്. പ്രത്യുൽപ്പാദനപരമായ ജീവിതാവിഷ്ക്കാരങ്ങളിൽ സംതൃപ്തരാകുന്ന കീഴാള ജനതകളിൽ വിശേഷിച്ചും മാനുഷികമായ ഈ തിരിച്ചറിവ് സഹജവും പ്രബലവുമാണ്, എ കെ രവീന്ദ്രൻ എഴുതുന്നു.
അധികാരത്തെ അധികാരംകൊണ്ട് നേരിടുമ്പോൾ ജയിക്കുന്നത് അധികാരം മാത്രം. കീഴാള ജനവിഭാഗങ്ങൾ നിരന്തരം വഞ്ചിതരാവുന്ന ഒരു മോഹ വലയമാണിത്. ഇതിൽ നിന്ന് കര കയറാനുള്ള ഏകവഴി അധികാരത്തിന്റെ അപനിർമ്മാണമാകുന്നു(deconstruction). അവമൂല്യനമോ (Devaluation) തകർക്കലോ (Destruction ) അല്ല അപനിർമ്മാണം. സ്നേഹസുന്ദര പാതയിലൂടെ വിപരീത ദ്വന്ദ്വങ്ങളെ മറികടക്കലാണത്. പ്രകൃതിയുമായി മൈത്രിയിലേർപ്പെടുന്നത്. അടിത്തട്ട് ജനതയ്ക്ക് ഏറെ പരിചിതവും ആശാസ്യവുമായ സമര മാർഗ്ഗം. ഇതിന്റെ രാഷ്ട്രീയ ഭാഗധേയം ആ നിലയ്ക്ക് മനസിലാക്കാതെയാണെങ്കിലും കീഴാള ജനകോടികൾ നിത്യേന വ്യത്യസ്ത ജീവിത സന്ദർഭങ്ങളിൽ ഫലപ്രമായി ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നത്. സ്നേഹത്തിൽ നിന്നുദിക്കുന്നതും സ്നേഹത്താൽ വൃദ്ധി തേടുന്നതുമാണ് നമ്മുടെ ലോകമെന്ന് കവിക്ക് പാടാൻ കഴിയുന്നത് അതുകൊണ്ടാണല്ലോ.
മനുഷ്യർ സാമൂഹ്യ ജീവിയാണെന്ന തിരിച്ചറിവാണ് അപനിർമ്മാണത്തിന്റെ അടിസ്ഥാനം. ഈ തിരിച്ചറിവ് ഏതൊരു മനുഷ്യനിലും അന്തർലീനമായുണ്ട്. പ്രത്യുൽപ്പാദനപരമായ ജീവിതാവിഷ്ക്കാരങ്ങളിൽ സംതൃപ്തരാകുന്ന കീഴാള ജനതകളിൽ വിശേഷിച്ചും മാനുഷികമായ ഈ തിരിച്ചറിവ് സഹജവും പ്രബലവുമാണ്. പരിഷ്കൃത മേലാള വിഭാഗങ്ങളാണ് സ്വന്തം മനുഷ്യത്വത്തെ വ്യത്യസ്തങ്ങളായ വേലിക്കെട്ടുകൾ കൊണ്ട് തടവിലിടുന്നതും പരസ്പ്പരം പോരടിക്കുന്നതും; അപര നിഗ്രഹത്തെ ജീവിതവിജയമായി ആഘോഷിക്കുന്നതും.
വ്യക്തിവാദവും ജീവശാസ്ത്രവാദവുമാണ് മനുഷ്യരെ ആ നിലയിൽ സ്വത്വാത്മകമായി തിരിച്ചറിയാൻ തടസ്സം നിൽക്കുന്ന കാഴ്ചപ്പാടുകൾ. വ്യക്‌തിവാദം (individualism ) മാനവ സമൂഹത്തെ നോക്കിക്കാണുന്നത് വ്യക്തികളുടെ കൂട്ടമായിട്ടാണ്. മനുഷ്യരുടെ സാമൂഹ്യ ജീവിതത്തെ സംഘ ജീവിതമായി ന്യൂനീകരിക്കലും വക്രീകരിക്കലുമാണിതെന്ന് അത്തരം കാഴ്ചപ്പാടുള്ളവർ മനസിലാക്കുന്നില്ല. വ്യക്തിക്ക് പുറകിൽ സമൂഹവും സാമൂഹത്തിന് പുറകിൽ പ്രകൃതിയുമുണ്ടെന്ന കാഴ്ചപ്പാടിലൊക്കെ പ്രകടമാകുന്നത് വ്യക്തികളുടെ കൂട്ടമാണ് സമൂഹമെന്ന ധാരണയാണ്. വ്യക്തികളെ സാമൂഹ്യ വ്യക്തികളായി കാണാനുള്ള കഴിവാണ് ഇവിടെ ഇല്ലാതാകുന്നത്. വ്യക്തികൾക്ക് പുറകിലുള്ള ഒരു അസ്തിത്വമല്ലല്ലോ സമൂഹം. പലതരം മനുഷ്യരിലൂടെയല്ലാതെ ‘സമൂഹം’ എന്നൊന്നിനു തനതായ നിലനിൽപ്പില്ല. പലതരം ‘പഴ’ങ്ങളിലൂടെയല്ലാതെ പഴം എന്നൊന്ന് നിലവിലില്ലാത്തത് പോലെ.
ജീവശാസ്ത്രവാദം (Biologism) ഒരു വശത്ത് മനുഷ്യനെ ശരീരവും ആത്മാവുമായി വിഭജിക്കുന്നു. ശരീരത്തിന്റെ ദുഷിപ്പുകളിൽ നിന്നും ആസക്തികളിൽ നിന്നും നശ്വരതയിൽ നിന്നും ആത്മാവിനെ മോചിപ്പിക്കലാണ് നാല് പുരുഷാർത്ഥങ്ങളിലെ അന്തിമ ലക്ഷ്യമായ മോക്ഷമെന്നും അതിലേക്കുള്ള ആദ്യപടി മാത്രമാണ് ധർമ്മമെന്നും ബ്രാഹ്മണിക് വർണ്ണാശ്രമ വ്യവസ്ഥ ആചാരബദ്ധമായ നിയമങ്ങളാൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ശരീരത്തിന്റെ ദുഷിപ്പുകളിൽ നിന്നും ആത്മാവിനെ മോചിപ്പിക്കുന്നതിന് അത്തരം ശരീരങ്ങളെ നിഗ്രഹിക്കുന്നത് ദൈവീകമായ രക്ഷാവൃത്തിയായി കരുതുന്ന ബ്രാഹ്മണിക് കാഴ്ചപ്പാടുകൾ മനുഷ്യത്വത്തിൽ നിന്നകന്നുപോവുക സ്വാഭാവികമാണല്ലോ. മറുവശത്ത് നവ നാസ്തികർ ഉൾപ്പെടെയുള്ള ഭൗതികവാദികൾ മനുഷ്യരുടെ മാനസിക വൃത്തികളെ ഒട്ടാകെ മനുഷ്യ മസ്തിഷ്ക്കത്തിലേക്കും ഇതര ശാരീരിക പ്രവർത്തനങ്ങളിലേക്കും അന്തിമമായി ‘ജീനി’ലേക്കും ന്യൂനീകരിക്കുന്നു. ഇത്തരത്തിലുള്ള ജീവശാസ്ത്ര നിർണ്ണയന വാദവും ബ്രാഹ്മണിസത്തിലേതുപോലെ വംശീയ ഉന്മൂലനങ്ങൾക്ക് സാധൂകരണം നല്കുന്നവയാകുന്നു. മനുഷ്യനെ സാമൂഹ്യ മനുഷ്യനായി കാണാൻ വിസമ്മതിക്കുന്ന കാഴ്ചപ്പാടുകളാണിവ. രണ്ടും ഫാസിസത്തിലേക്ക് നയിക്കുന്നവ.
ഓരോ മനുഷ്യനും സാമൂഹ്യാസ്തിത്വമാണെങ്കിൽ അയാളുടെ ചെയ്തികൾക്ക് സാമൂഹ്യ മാനങ്ങളുണ്ടെന്നാണ് അർത്ഥം. വ്യക്തിപരമായത് രാഷ്ട്രീയമാണ്. (Personal is political ). കുറ്റം കുറ്റാരോപിതരുടെ മാത്രം പ്രശ്നമായി കാണാനാവില്ല. കല്ലെറിയാൻ തുനിയും മുൻപ് തനിക്കും ഈ പാപത്തിൽ പങ്കില്ലേയെന്ന് ചിന്തിക്കണമെന്ന് സാരം. തങ്ങളെ വരിഞ്ഞു മുറുക്കുന്ന അടിമത്തച്ചങ്ങലയുടെ മറ്റേ അറ്റം ഉടമസ്ഥച്ചങ്ങലയായി അധികാരിയെയും വരിഞ്ഞു മുറുക്കുന്നുണ്ടെന്ന് കീഴാള ജനതകൾ മനസിലാക്കേണ്ടതുണ്ട്. ഒരേ ചങ്ങലയാണ് ഒരു വ്യവസ്ഥയായി അടിമയെയും ഉടമയെയും തടവിലിടുന്നത്. അങ്ങനെയെങ്കിൽ, അധികാരച്ചങ്ങലയിൽ നിന്ന് അധികാരിയെ മോചിപ്പിക്കുന്നതെങ്ങനെ? അധികാരത്തിന്റെ അപനിർമ്മാണം വഴി എന്നതാണുത്തരം.
സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നേ ഈ പ്രക്രിയ തുടങ്ങിവയ്ക്കാനാകൂ. അവർക്കാണല്ലോ ഇതിന്റെ അടിയന്തിരാവശ്യം. എന്നല്ല, സ്വാശ്രയ ശേഷി കൂടുതലുള്ളത് അവർക്കാണ്. മാനവ വിമോചനത്തിന് മുൻകൈ എടുക്കാൻ അവർക്കാണ് കഴിയുക. വീട്ടിലെ പുരുഷന്മാരുടെ മൃഗ സഹജമെന്നു കരുതാവുന്ന ആണത്ത മേൽക്കോയ്മയുടെ അശ്ലീലതകളിൽ നിന്നും അഴുക്കുകളിൽ നിന്നും ആക്രമണോൽസുകതയിൽ നിന്നും അവരെ മോചിപ്പിക്കാൻ വീട്ടിലെ പെണ്ണുങ്ങൾക്കാണാവുക. ഇത് നിയമപരമായ സ്ത്രീ- പുരുഷ തുല്യതയുടെ മാത്രം പ്രശ്നമല്ല. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെയും പ്രശ്നമാണ്. മനുഷ്യത്വത്തിന്റേത്. സ്നേഹ സുന്ദര പാതയുടേത്. എന്തുകൊണ്ടും സ്ത്രീകൾക്ക് മുൻകൈ എടുക്കാനാവുന്ന മാനുഷികമായ പ്രത്യുൽപ്പാദനപരതയുടെ ജീവിതാവിഷ്‌ക്കാരം!
ആൺകോയ്മാ വിരുദ്ധമാണ് മാനവ സ്നേഹം; സ്നേഹ സമരവും. പുരുഷാധിപത്യത്തെ അതേ നാണയത്തിൽ തിരിച്ചടിക്കുമ്പോൾ അന്തിമമായി ജയിക്കുന്നത് പെൺ രൂപംപൂണ്ട പുരുഷാധിപത്യമല്ലാതെ മറ്റൊന്നുമല്ലെന്ന സൂക്ഷ്മതല രാഷ്ട്രീയ അവബോധമാണ് ഇന്നിന്റെ ആവശ്യം. ഭരണകൂടത്തിന്റെ ഹിംസാത്മകമായ നിയമം നടത്തിപ്പിലൂടെ പെൺ വിമോചനം സാധിക്കാമെന്ന വ്യാമോഹത്തിന്റെ അന്തിമ ഫലം ആൺകോയ്മാ രൂപമായ ഭരണകൂട ഹിംസയെ ശക്തിപ്പെടുത്തലേ ആവൂ. സ്നേഹ സുന്ദര പാതയിലൂടെയല്ലാതെ ആൺകോയ്മാപരമായ അടിമ-ഉടമ ബന്ധത്തെ മറികടക്കാൻ വേറെ വഴികളേതുമില്ലെന്നാണ് ഇതിൽ നിന്നും മനസിലാക്കാനാവുക. പുരുഷ വിമോചനം അജണ്ടയായി സ്വീകരിക്കാത്ത സ്ത്രീ വിമോചനം ആ പേരിന് അർഹമാകുന്നതെങ്ങനെ? കൂലിയില്ലാ വേലയെന്ന നിലയിൽ തങ്ങൾ ചെയ്യുന്ന പ്രത്യുൽപ്പാദന പ്രധാനമായ വീട്ടു ജോലികളുടെ അമൂല്യതയും രാഷ്ട്രീയ പ്രാധാന്യവും മഹത്വവും സ്വയം തിരിച്ചറിഞ്ഞ് വീട്ടിലെ പുരുഷന്മാരെ അവയിൽ പങ്കാളികളാകാൻ സ്നേഹത്തിന്റെ ഭാഷയിൽ പ്രേരിപ്പിക്കാനും പരിശീലിപ്പിക്കാനും സ്ത്രീകൾക്കല്ലാതെ മറ്റാർക്കാണ് കഴിയുക? ഇത് പാതി ആകാശം ഞങ്ങൾക്കും പാതി അടുക്കള നിങ്ങൾക്കും എന്നിങ്ങനെ പപ്പാതി പങ്കിട്ടെടുക്കലിന്റെ പ്രശ്നമല്ല; മുഴുവൻ ഭൂമിയെയും മൈത്രിയോടെ ചേർത്തുപിടിക്കലിന്റെ പ്രശ്നമാണ്; ഒരുമയുടേത്.
ഗാന്ധിയൻ ‘സത്യാഗ്രഹ’ സമരവും അധികാരത്തിന്റെ അപനിർമ്മാണ വഴിയാണ് പിന്തുടരുന്നത്. വീട്ടിലെ സ്ത്രീകളിൽ നിന്നാണ് ‘നിരാഹാര’ സമരത്തിന്റെ രാഷ്ട്രീയം പഠിച്ചെടുത്തതെന്ന് ഗാന്ധി. ഇവിടെ സംഭവിക്കുന്നത് വിധേയത്വപരമായ സഹനമല്ല. മറിച്ചു കീഴാള രാഷ്ട്രീയം മുൻ നിർത്തിയുള്ള ‘സഹന സമര’മാണ്. പക്ഷെ പൂനാ പാക്ടിലേക്ക് നയിച്ച ഗാന്ധിയുടെ ‘ആമരണ’ ഉപവാസം ആ സമര രീതിയുടെ ദുരുപയോഗമായേ കീഴാള പക്ഷത്തുനിന്ന് നോക്കുമ്പോൾ മനസിലാക്കാനാകൂ. അഹിംസ സ്വയം ഹിംസയായി മാറിയ ഒരു സന്ദർഭമായിരുന്നു അത്. അംബേദ്ക്കർക്കും വഴങ്ങുന്ന ഒരു പോരാട്ട വഴിയായിരുന്നല്ലോ സത്യഗ്രഹം.
അടിത്തട്ടിൽ നിന്ന് മാനവ സ്വത്വത്തെ ‘മനുഷ്യത്വ’പരമായി ഓരോ ജീവിത വ്യാപാരത്തിലും നോക്കിക്കാണുക, ഉടമസ്ഥതാ ബോധം മനുഷ്യത്വത്തെ സ്ഥാനാന്തരം ചെയ്‌തിരിക്കുന്ന ഇക്കാലത്ത് അത്ര എളുപ്പമല്ല. പലപ്പോഴും അതീവ സങ്കീർണ്ണമാണത്. ചരിത്ര സന്ധികളും സമൂർത്ത സാഹചര്യങ്ങളുമാണ് അതിനെ ലളിതമല്ലാതാക്കുന്നത്. ‘മൂലധന’ വളർച്ചാ നിയമങ്ങൾക്കിതിൽ നിർണ്ണായക പങ്കുണ്ട്. അടിത്തട്ടിൽ നിന്ന് അധികാരത്തിന്റെ അപനിർമ്മാണം സാധിക്കുന്നത് പോലെ ലളിതമല്ല മേൽത്തട്ട് പദവികളിലിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ പ്രക്രിയ. കുടുംബത്തിലേതുപോലെ അയത്നലളിതമല്ല മന്ത്രിസഭകളിലും മറ്റ് ഉന്നത അധികാര കേന്ദ്രങ്ങളിലും ഇക്കാര്യം. അംബേദ്ക്കർ കേന്ദ്ര മന്ത്രി സഭയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതും അധികം താമസിയാതെ അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടി വന്നതും ഇക്കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗാന്ധിയാകട്ടെ അധികാര പദവികളിൽ നിന്ന് ബോധപൂർവ്വം മാറി നിന്നുകൊണ്ടാണ് ഈ പ്രശ്നത്തെ നേരിട്ടതെന്ന് കാണാം.
ഭരണകൂട നയങ്ങളും നിയമങ്ങളും തീരുമാനങ്ങളൂം അടിത്തട്ട് ജനതയ്ക്ക് എതിരാവുമ്പോൾ നിസ്സഹരണങ്ങളും വൻ പ്രക്ഷോഭണങ്ങളും ഒഴിവാക്കാനാകില്ല. അഹിംസാത്മകമായി അത്തരം സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു ഗാന്ധിയൻ രീതി. പ്രത്യുൽപ്പാദനപ്രദമായ അടിത്തറയിൽ നിന്നുള്ള ഇത്തരം സമ്മർദ്ദ സമരങ്ങൾ അധികാരത്തിന്റെ അപനിർമ്മാണത്തിൽ ഉൾപ്പെടുന്നു. മോദി സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലെത്തി മാസങ്ങളോളം തമ്പടിച്ച് താമസിച്ചുകൊണ്ട് ലോക മനസ്സാക്ഷിയെ ഉണർത്തിയ കർഷക മഹാറാലി അധികാര അപനിർമ്മാണത്തിന്റെ സമീപകാല ദൃഷ്ടാന്തമാണല്ലോ. ഇതൊരു പണിമുടക്ക് സമരമായിരുന്നില്ല. സ്വന്തം കൃഷിയിടങ്ങളിലെ പതിവ് ജോലികൾക്കോ പൊതു ജീവിതത്തിനോ യാതൊരു തടസ്സവും വരുത്താതെയുള്ള ക്രീയാത്മകമായ സവിശേഷതകളേറെയുള്ളൊരു സമരം. സമരസ്ഥലികളെ പ്രത്യുൽപ്പാദനപരമാക്കിയ, ദീർഘകാലം തുടരാനുള്ള ശേഷി തെളിയിച്ച, കർഷക സ്വത്വത്തിൽ ഊന്നിയുള്ള, കോർപ്പറേറ്റ് മൂലധന താല്പര്യങ്ങൾക്കെതിരെയുള്ള, ഒരു സമരം. പരിസര ദൂഷണം പരമാവധി ഒഴിവാക്കിക്കൊണ്ടുള്ളത്. വഴി പോക്കർക്കും പത്ര പ്രവർത്തകർക്കും പോലീസുകാർക്കും ഒക്കെ ഭക്ഷണം വെച്ച് വിളമ്പിക്കൊണ്ടുള്ള അൻപാർന്ന ഒന്ന്. അധികാര ദല്ലാളർമാർക്ക് സ്വത്വം അടിയറ വയ്ക്കാത്തത്. ജീവിതവും സമരവും രണ്ടല്ലെന്ന് തെളിയിച്ചത്!
എന്നിരുന്നാലും വ്യക്തി ശരീരവും കുടുംബജീവിതവും മുൻ നിർത്തിയുള്ള ജീവിത ശൈലീ സമരങ്ങളുടെ പിൻബലമില്ലെങ്കിൽ ഇത്തരം ബൃഹത് സമരങ്ങൾക്ക് ആവർത്തിക്കാനോ ഫലപ്രദമായി സുധീർഘകാലം പിടിച്ചുനിൽക്കാനോ കഴിഞ്ഞെന്നു വരില്ല.
ജീവിത ശൈലീ സമരങ്ങളുടെ സവിശേഷത മാർക്കെറ്റിനെ, മൂലധനത്തെ, അപനിർമ്മിക്കാൻ അതിനു കഴിയുമെന്നതാണ്. മാനവ സ്വത്വത്തെ മുൻനിർത്തിയുള്ള ജീവിത ശൈലികൾക്കേ മൂലധന അപനിർമ്മാണം സാധ്യമാകൂ. നിയമപരമായി അനുവദനീയമാണോ എന്നതല്ല, ധാർമികമായി ആശാസ്യവും ആരോഗ്യകരവുമാണോ എന്നതാണ് ഇവിടെ മാനദണ്ഡം. മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ഉറപ്പുള്ള ജീവിത ശൈലികൾ ഒഴിവാക്കാനായാൽ തന്നെ കമ്പോളത്തിന്റെ മോഹിപ്പിക്കുന്ന കടന്നു കയറ്റങ്ങൾക്ക് നല്ലൊരു പരിധിവരെ തടയിടാനാവും. വ്യാജ തൃഷ്ണകളും ആർത്തിയും ആത്മപരിശോധനയിലൂടെ തിരിച്ചറിയാനുള്ള സൂക്ഷമതല രാഷ്ട്രീയ വിദ്യാഭ്യാസവും പാരിസ്ഥിതിക വികസന ബോധവും ആർജ്ജിക്കണമെന്നേയുള്ളൂ. കമ്പോളത്തിലെ ഓരോ തെരഞ്ഞെടുപ്പുമാണ് മൗലികവും സമൂർത്തവും ജനകീയവുമായ ‘തെരഞ്ഞെടുപ്പ് രാഷ്ട്രീയം’. എന്തും വ്യവസായവൽക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ജനനവും മരണവും ജീവിതവുമൊക്കെ കമ്പോളത്തിനകത്താകയാൽ ആവശ്യം, ആഡംബരം എന്നിവ വിവേചിച്ചറിഞ്ഞു യഥോചിതം ധാർമ്മിക ജീവിതം നയിക്കലാണ് കീഴാള സൂക്ഷമ രാഷ്ട്രീയം.
ധാർമ്മികതയുടെ ചരിത്രപരത
‘വേണം ധർമ്മം യഥോചിതം’ എന്ന സഹോദരൻ അയ്യപ്പൻറെ ‘യഥോചിത’ത്തിന് ചരിത്രപരമായ, സമൂർത്തമായ, എന്നാണർത്ഥം. ഈ ധാർമ്മികതയ്ക്ക് കേവലമോ, വംശീയമോ ആകാനാകില്ല. ‘മനുഷ്യത്വ’പരമാകാനേ കഴിയൂ. കേരളീയ കീഴാള നവോത്ഥാനത്തിലും ചരിത്രപരമായ സങ്കീർണ്ണതകൾ ദൃശ്യമാണ്. മൂലധന വളർച്ചയുമായി ബന്ധപ്പെട്ടാണ് ശ്രേണീകൃതമായ അധികാരം ചില തട്ടുകളിലും സന്ദർഭങ്ങളിലും ലളിതമോ സങ്കീർണ്ണമോ ആകുന്നത്. ചരിത്രത്തിൽ യാദൃച്ഛികതകളും അനിവാര്യതകളും കെട്ട് പിണഞ്ഞു കിടക്കുന്നതായി കാണാം. സവിശേഷ ദിശാ നിർണയത്തിന് സാമാന്യ ദിശാ ബോധത്തെ യാന്ത്രികമായി പിന്തുടരാനാവില്ല. ചരിത്രം നേർ രേഖയിലല്ലല്ലോ ചലിക്കുന്നത്. ചരിത്ര സന്ധികളിൽ ഭൂതകാലത്തിന്റെ വ്യത്യസ്ത വായനകൾ ഏറിയും കുറഞ്ഞും ഒരുപോലെ പ്രസക്തമാകാം. കീഴാള നവോത്ഥാന കാലത്ത് നാരായണ ഗുരുവിന്റെയും പൊയ്കയിൽ അപ്പച്ചന്റെയും ആത്മീയ വായനകളും ലിബറൽ ജനാതിപത്യ വായനകളും ഒരുപോലെ പ്രസക്തമായിരുന്നുവല്ലോ. ഗുരുവും സഹോദരൻ അയ്യപ്പനും തമ്മിലുള്ള പാരസ്പര്യം ഇക്കാര്യം വിളിച്ചു പറയുന്നുണ്ട്. ഇത്തരം വായനകൾ തുടർന്നും പ്രസക്തമായിരിക്കെ തന്നെ ആൺകോയ്മാ സ്വരൂപമായ ഭരണകൂടാധികാരത്തെയും മൂലധന വളർച്ചയുടെ മനുഷ്യ വിരുദ്ധ- പ്രകൃതി വിരുദ്ധ നയങ്ങളെയും അഭിമുഖീകരിച്ചുള്ള നവോത്ഥാനകാല കീഴാള വായനയ്ക്ക് സവിശേഷമായ ഊന്നൽ നൽകേണ്ട സന്ദർഭമാണ് ഇപ്പോഴുള്ളത്.
അയ്യപ്പനിലൂടെയുള്ള നാരായണ ഗുരുവിന്റെ ജനാധിപത്യ വായനകളെയും ഗുരുവിന്റെ തന്നെ ചില പ്രസ്താവനകളെയും സമൂർത്ത ചരിത്ര സന്ദർഭങ്ങളോട് ചേർത്ത് വച്ച് പരിശോധിക്കുമ്പോഴേ അവയിലെ സങ്കീർണ്ണതകൾ വ്യക്തമാകൂ. ‘സർവ്വരും സോദരത്വേന’ എന്ന ലിംഗ നിരപേക്ഷ പ്രയോഗവും ‘മാതൃകാ സ്ഥാന’മെന്ന സ്ത്രൈണ സ്പർശവും സന്ന്യാസിയായ ഗുരുവിന് വളരെ എളുപ്പമായിരുന്നെങ്കിൽ ഗൃഹസ്ഥനായ കെ അയ്യപ്പൻറെ ജനാധിപത്യ നിലപാടിൽ ‘സഹോദരൻ’ എന്ന പുല്ലിംഗ രൂപമാണ് സ്വീകാര്യമായത്. ഗുരു ‘ദൈവദശകം എഴുതിയപ്പോൾ അയ്യപ്പനെഴുതിയത് ‘സയൻസ് ദശകം’! അതിലാകട്ടെ ‘കീഴടക്കി പ്രകൃതിയെ’ എന്ന പ്രകടമായ കൊളോണിയൽ പ്രയോഗവുമുണ്ട്. പ്രകൃതിയെ കീഴടക്കി മനുഷ്യന് ഉപകർത്രിയാകുന്ന സയൻസ് ഇവിടെ ആൺകോമയും പ്രകൃതി പെണ്ണുമാണല്ലോ. അയ്യപ്പൻ തൊഴുന്നത് കൊളോണിയൽ സയൻസിനെ ആണെന്നതാണ് വാസ്തവം. അക്കാലം പക്ഷെ സയൻസിലും ജനാധിപത്യത്തിലും അന്തർലീനമായിരുന്ന ആൺകോയ്മ കേമത്തവും അഭിമാനവും പുരോഗമനമനവുമായാണ് വായിക്കപ്പെട്ടതും അനുഭവിക്കപ്പെട്ടതും. ഇന്നാവട്ടെ സയൻസിന്റെ ഈ കൊളോണിയൽ പാരമ്പര്യത്തെ ഭൗമ ധാർമ്മികത മുൻനിർത്തി പ്രശ്നവൽക്കരിച്ചുകൊണ്ടേ മാനവ രാശിക്ക് നിലനിൽക്കാനാകൂ എന്നതാണാവസ്ഥ.
കേരളീയ നവോത്ഥാനം കീഴാള – മേലാള വ്യത്യാസമില്ലാതെ ആൺ കോയ്മയുടെ പരിഷ്കൃത രൂപമായ അണുകുടുംബത്തിലേക്കും ആധുനിക പിതൃദായ ക്രമത്തിലേക്കും മാറുകയാണുണ്ടായത്. നായർ-നമ്പൂതിരി ബാന്ധവത്തിലധിഷ്ഠിതമായ ‘കൂട്ടുകുടുംബ’ത്തിന്റെ തകർച്ച അക്കാലം കേരളീയ (മലയാളി) സമൂഹത്തിന്റെ പൊതു അജണ്ട ആയിരുന്നെന്ന് ഓർക്കണം. നായർ- നമ്പൂതിരി സമുദായങ്ങൾക്ക് സ്വജാതീയ വിവാഹമാണ് പുരോഗമനമായിരുന്നതെങ്കിൽ ‘സഹോദര പ്രസ്ഥാനത്തിന്’ മിശ്ര വിവാഹം, അതും ഉയർന്ന ശ്രേണിയിൽ നിന്നുള്ള പെണ്ണും താഴ്ന്ന ശ്രേണിയിൽ നിന്നുള്ള ആണും തമ്മിലുള്ള ‘പ്രതിലോമ മിശ്ര വിവാഹം’ ആയിരുന്നു പുരോഗമനം. ‘പ്രണയം’എന്ന പുതിയ പരികല്പന ഇതിനൊക്കെ അതീതമായിരുന്നെങ്കിലും ‘പ്രണയ സാഫല്യം’ ആധുനിക അണുകുടുംബ നിർമ്മിതിയിലെത്തുക എന്ന് സ്വയം പരിമിതപ്പെടുത്തിയിരുന്നതായും കാണാം.
മത പുനരുത്ഥാന പ്രവണതകൾ ലിബറൽ രാഷ്ട്രീയ ചട്ടക്കൂടുകൾക്കകത്ത് വ്യാവസായികമായി ശക്തിപ്പെട്ട് വരുന്ന വർത്തമാനകാല ഇന്ത്യൻ അവസ്ഥയിൽ നാരായണ ഗുരുവിന്റെ ജനാധിപത്യ വായനകൾക്കപ്പുറം കീഴാള ആത്മീയ വായനകൾ പ്രസക്തമാകുന്നുണ്ട്. ഗുരുവും പൊയ്കയിൽ അപ്പച്ചനും രൂപം കൊടുത്ത കീഴാള ആത്മീയത പാശ്ചാത്യ കൊളോണിയൽ ആത്മീയതയുടെ ഭാഗമായിരുന്നില്ല. മാനവ സ്വത്വത്തെ, മനുഷ്യത്വത്തെ, മുൻ നിർത്തിയുള്ള കീഴാള ആധുനികതയിലേക്ക് വഴികാട്ടുന്നവ ആയിരുന്നു അവ. ദൈവ ദശകത്തിൽ ഗുരു ജയിക്കുക എന്നാശിക്കുന്നത് ‘ദീനാവന പാരായണ’നും ‘ദയാ സിന്ധു’വുമായ ദൈവത്തെക്കുറിച്ചാണ്; അപരരെ തോൽപ്പിച്ചു ജയിക്കുന്ന ആചാര്യന്മാരെയോ വ്യവസ്ഥകളെയോ കുറിച്ചല്ല. അതേ സമയം തനിക്ക് സന്യാസത്തിന് അവസരം നൽകിയ ബ്രിട്ടീഷുകാർ ഒന്നാം ലോക യുദ്ധത്തിൽ ജയിക്കാനായി പ്രാർത്ഥിക്കണമെന്നും പറയുന്ന ഗുരുവിന്റെ ആത്മീയത എത്രമേൽ സമൂർത്തവും കീഴാളവുമാണെന്ന് മനസിലാക്കാവുന്നതാണ്. ഇതിൽ സങ്കീർണ്ണത തോന്നിയേക്കാമെങ്കിലും പരസ്പ്പര വൈരുധ്യമൊന്നും കാണേണ്ടതില്ല. ഭരണഘടനാ മൂല്യങ്ങൾക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനും വേണ്ടി നിലകൊള്ളുമ്പോൾ തന്നെ കീഴാള സ്വയംഭരണവുമായി അവയെ സംയോജിപ്പിക്കുന്നതിലുള്ളതും പരസ്പ്പര വൈരുധ്യമല്ല, മറിച്ച് വിരുദ്ധ ദ്വന്ദ്വങ്ങളെ ഫലപ്രദമായി മറികടക്കുന്ന യാഥാർഥ്യ ബോധമാകുന്നു. ഇതിനാവട്ടെ മനുഷ്യനെ സംബന്ധിച്ച മൗലികമായ (radical) ചോദ്യങ്ങൾ തുടർന്നും ചോദിക്കണമെന്നേ ഉള്ളൂ.
കഴിഞ്ഞ നൂറ്റാണ്ടിൽ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്ന പല മൗലിക ചോദ്യങ്ങളും എന്തേ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ചോദിക്കാൻ നമ്മൾ ധൈര്യപ്പെടുന്നില്ല? ജനാധിപത്യ വികസന മോഹങ്ങളാണ് ഫാസിസത്തിന് ജന്മം കൊടുക്കുന്നതെന്ന വാസ്തവം നാം എന്തിന് കണ്ടില്ലെന്ന് നടിക്കണം? ‘ഭരണ വിരുദ്ധ വികാരം’ എന്നത് ഏതെങ്കിലും പാർട്ടിയുടേയോ മുന്നണിയുടെയോ ഭരണത്തിന് വിരുദ്ധമെന്നതിനേക്കാൾ ‘ഭരണകൂട’ത്തിന് തന്നെ വിരുദ്ധമായ ജനകീയ ഇച്ഛയല്ലെന്ന് കരുതുന്നത് എങ്ങനെ? ‘മൂലധന’ ത്തിന്റെ അടിമകളും ഉടമകളും എന്നതിനപ്പുറമുള്ള ഒരു വ്യവസ്ഥയെപ്പറ്റി നാം എന്തേ ചിന്തിക്കുന്നില്ല? മൂലധന വ്യവസ്ഥയുടെ അടിസ്ഥാന വൈരുദ്ധ്യം കൂലിവേലയും മൂലധനവും തമ്മിലോ അതോ കൂലിയില്ലാ വേലയും മൂലധനവും തമ്മിലോ? നാമമാത്രമായി കൂലി കിട്ടുന്നവരും ജൈവ പ്രകൃതിയും ഉൾപ്പെടുന്നതല്ലേ യഥാർത്ഥത്തിൽ ‘കൂലിയില്ലാ വേല’യുടെ വിശാല മേഖല? ജൈവപ്രകൃതിയെപ്പോലെ തന്നെ കൂലിയില്ലാ വേലയും നഗ്നമായ അടിമത്തത്തിന് വിധേയമാക്കപ്പെടുന്നത് ആ മേഖലയുടെ അമൂല്യത മൂലമല്ലേ? ഇക്കാര്യം ശരിയായി തിരിച്ചറിയാത്തതുകൊണ്ടല്ലേ നമ്മുടെ കൂലിയില്ല വേലക്കാർ അഥവാ കൂലിക്കതീതമായ വേലക്കാർ കൂലിവേലയെന്ന കൂലി അടിമത്തത്തിൽ കൂടുതൽ മഹത്വം കാണുന്നത്? നിർധനികത്വമില്ലാതെ ദാരിദ്ര്യ നിർമ്മാർജനം സാധ്യമാകുമോ? പ്രതികാരം തീർക്കലാണോ നമ്മുടെ നീതി സങ്കല്പം. ‘അസുര നിഗ്രഹ’ത്തിന്റെ അതേ അധാർമ്മിക ഉള്ളടക്കമുള്ളത്? ‘പൊറുക്കൽ’ നീതി (healing justice) എന്തുകൊണ്ട് നമുക്ക് സാധ്യമാകുന്നില്ല? ജാതി- മത-ലിംഗ-വർഗ്ഗ- വർണ്ണ- ദേശ രാഷ്ട്ര സങ്കല്പങ്ങൾക്കതീതമല്ലേ മാനവ ധർമ്മം?
‘മാനവ ധർമ്മ’ മാണ് നാരായണ ഗുരുവിന് ദൈവം. അതാണ് ഗുരുവിന് ‘സനാതനം’. കൊളോണിയൽ ആധുനികതാ നീതി സങ്കൽപ്പത്തിൽ നിന്നും ബ്രാഹ്മണിക വർണ്ണാശ്രമ ധർമ്മ ചിന്തയിൽ നിന്നും തീർത്തും വ്യത്യസ്തമാണത്. മാനവ രാശിയുടെ നിലനിൽപ്പിന് ആധാരമായ, അകത്തും പുറത്തുമുള്ള, ജൈവ പ്രകൃതിയുടെ പരിരക്ഷയും പരിചരണവും യഥോചിതം ആവിഷ്‌ക്കരിക്കലല്ലേ ഇക്കാലം ആവശ്യപ്പെടുന്ന മാനവധർമ്മം? ആൺകോയ്മാ രൂപമായ അധികാരത്തെയും മൂലധന വികസനത്തെയും പ്രശ്നവൽക്കരിക്കാതെ ഇത് പ്രാവർത്തികമാകുന്നത് എങ്ങനെ? അധികാരത്തിന്റെ അപനിർമ്മാണമല്ലാതെ മനുഷ്യ മോചനത്തിന് മറ്റെന്തു വഴി? ബഹു ഭൂരിപക്ഷം വരുന്ന കീഴാള ജനതകൾ പ്രത്യുൽപ്പാദന പ്രധാനമായ സ്വന്തം ജീവിതത്തിന്റെ അമൂല്യതയും രാഷ്ട്രീയ ഭാഗധേയവും ധാർമ്മിക കർത്തൃത്വവും തിരിച്ചറിയുകയല്ലേ പ്രധാനം? ആസന്നമായ ലോക യുദ്ധ സാഹചര്യത്തിലെങ്കിലും നമുക്ക് ‘മാനവ ധർമ്മം’ എന്തെന്ന് ചിന്തിക്കാനുള്ള ബാധ്യതയില്ലേ?
“ധർമ്മത്തിലേകമേ ജാതി
ധർമ്മത്താലേകമാം മതം
ധർമ്മം താനേകമാം ദൈവം
ധർമ്മം ദീക്ഷിക്ക സർവ്വരും.”
(നാരായണ ഗുരു)
നന്മയുടെ രാഷ്ട്രീയം
രാഷ്ട്രങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ മാത്രമല്ല രാഷ്ട്രീയം. പൊതുവിൽ അധികാരത്തിന്റെ പ്രശ്നമാണത്. മനുഷ്യരും മനുഷ്യരും തമ്മിലുള്ളത്; മനുഷ്യരും പ്രകൃതിയുമായുള്ളത്. മനുഷ്യരാശിയുടെ നിലനില്പിന്റേത്.
“ഒരുവനു നല്ലതുമന്യനല്ലലും
ചേർപ്പൊരു തൊഴിൽ ആത്മവിരോധിയാണ്” (ആത്മോപദേശ ശതകം) എന്നും നാരായണ ഗുരു പറയുന്നുണ്ട്. നാം ചെയ്യുന്ന തൊഴിൽ മറ്റുള്ളവരെയും നമ്മെത്തന്നേയും എപ്രകാരമാണ് ബാധിക്കുകയെന്ന് എന്തേ നമ്മൾ ചിന്തിക്കുന്നില്ല? നമുക്ക് ചിന്തിക്കാനാകുന്നില്ല? യുദ്ധോപകരണങ്ങൾ ഉണ്ടാക്കുന്നതും ശത്രുവൽക്കരിക്കപ്പെടുന്നവരെ കൊല്ലാൻ പരിശീലിപ്പിക്കുന്നതും മറ്റും വാസ്തവത്തിൽ നല്ല തൊഴിലുകളാണോ? ‘തൊഴിലില്ലായ്മ’ എന്ന പരികല്പനയിലൂടെ സംഭവിക്കുന്നത് എന്താണ്? മൂലധനവും ഭരണകൂടവും ചേർന്നൊരുക്കുന്ന കൂലിവേല എന്ന കൂലി അടിമത്തത്തിന്റെ മഹത്വവൽക്കരണമല്ലേ? കൂലിയതീതവും പ്രത്യുൽപ്പാദന പ്രധാനവുമായ ‘കൂലിയില്ലാ വേല’യുടെ അവമതിപ്പും നിസ്സാരീകരണവും തമസ്ക്കരണവും അല്ലേ? കൂലിയതീതമായ വേല, അത് മനുഷ്യരുടേതായാലും പ്രകൃതിയുടേതായാലും, ഇല്ലാതെ മൂലധനത്തിനും കൂലിവേലയ്ക്കും, അതായത് മുതലാളിത്ത ആധുനികതയ്ക്ക്, നിലനിൽക്കാനാകുമോ? കൂലിയതീതവും പ്രത്യുൽപ്പാദന പ്രധാനവുമായ ‘അധ്വാന’മില്ലാതെ മാനവരാശിയുടെ തന്നെ നിലനിൽപ്പ് സാധ്യമാകുമോ? ഇല്ലെന്നാണെങ്കിൽ, നാമീ പറയുന്ന ‘തൊഴിലില്ലായ്മ’ നിർമ്മാർജ്ജനം ചെയ്യലാണോ അഭികാമ്യം? അതോ, ബഹുഭൂരിപക്ഷം വരുന്ന അടിത്തട്ട് ജനതകൾ അനാദികാലം മുതൽ ചെയ്തുവരുന്ന കൂലിയതീത ആവിഷ്ക്കാരങ്ങളെ ചൂഴ്ന്നു നിൽക്കുന്ന കൂലിയടിമത്തം ഉൾപ്പടെയുള്ള പുതിയതും പഴയതുമായ ചൂഷണോപാധികളിൽ നിന്ന് മോചിതരാവാൻ സഹായിക്കുകയാണോ മാനവരാശിയെ സംബന്ധിച്ചിടത്തോളം അഭികാമ്യം? ഇപ്പറഞ്ഞത് വളരെ ദുഷ്ക്കരമായി തോന്നാമെങ്കിലും അടിത്തട്ടിൽ നിന്ന് അധികാരച്ചങ്ങലകളുടെ അഴിച്ചു പണിയല്ലേ പ്രായോഗികവും പ്രത്യക്ഷ രക്ഷയും?
തന്നെതുമല്ല, തൊഴിലാളീകരണം ഇപ്പോൾ വല്ലാത്ത പ്രതിസന്ധിയെ നേരിടുകയല്ലേ? കൂലിത്തൊഴിലാളികൾ കൂലിയില്ലാ വേലക്കാരായി മാറുകയല്ലേ? എണ്ണമറ്റ അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത ‘ആനുകൂല്യങ്ങൾ’ അപ്പാടെ ജലരേഖകളായി മായുകയല്ലേ? യന്ത്ര മനുഷ്യരും മനുഷ്യ യന്ത്രങ്ങളും കൊളോണിയലിസത്തിന്റെ പുതിയ മുഖമല്ലാതെന്ത്? ‘സൈബോർഗുകൾ’ മനുഷ്യാനാന്തര (Posthuman) ജീവികളാകുന്നതെങ്ങനെ? ഭാഷ പോലും ഒരു സാങ്കേതിക വിദ്യ ആണെന്നിരിക്കെ അത് ശരീരത്തിനകത്തോ പുറത്തോ എന്നതിന് എന്ത് പ്രസക്തി? വസ്തു വൽക്കരണ- അധിനിവേശ മനോഭാവത്തിന്റെ ഗതികെട്ട ഭ്രാന്തൻ തുടർച്ചയല്ലേ സൈബോർഗ് മുതലാളിത്തം? പുതിയ യാന്ത്രിക ബുദ്ധിയും പുതിയ തൊഴിൽ നിയമങ്ങളും വിരൽ ചൂണ്ടുന്നത് കൂലിയതീത വേലയും മൂലധനവും തമ്മിലുള്ള വൈരുധ്യം പൂർവ്വാധികം മൂർച്ഛിക്കുന്നതിലേക്കല്ലേ? ജൈവ പ്രകൃതിയോടുള്ള തുറന്ന യുദ്ധ പ്രഖ്യാപനമായല്ലേ ഇതിനെ കാണാനാവുക? ഇരിക്കും കൊമ്പ് മുറിക്കും പരിഷ്കൃത മൗഢ്യം?
കൂലിയുടെ വലിപ്പത്തേക്കാൾ ജോലിയുടെ മനുഷ്യത്വപരമായ മഹത്വത്തിന് പ്രാധാന്യം നൽകാൻ നമുക്ക് കഴിയേണ്ടതല്ലേ? അങ്ങനെയല്ലേ പാശ്ചാത്യ പൗരബോധ (Civic sense)ത്തിന്റെ നന്മകൾ കീഴാള ഭാവുകത്വത്തിലേക്ക് അഹിംസാത്മകമായി ആവാഹിക്കാനാവുക? അതല്ലേ കീഴാള ധാർമ്മികത? കൂലിയുടെ വലിപ്പവും മറ്റ് ആനുകൂല്യങ്ങളുമാണോ അതോ ജോലിയുടെ മനുഷ്യത്വ പരമായ മഹത്വമാണോ പ്രധാനം? ഇങ്ങനെയൊരു ചോദ്യം പ്രസക്തമാകുന്നത് ‘ലിബറലിസത്തിനകത്ത്’ യുദ്ധ സാഹചര്യങ്ങൾ ആസന്നമല്ലാത്തപ്പോൾ മാത്രമാണെന്നോർക്കുക. ഫാസിസത്തിൽ മാത്രമല്ല, വിഭവങ്ങൾക്കും മാർക്കറ്റിനും വേണ്ടി മുതലാളിത്ത ആധുനികതയ്ക്ക് യുദ്ധവും പ്രത്യക്ഷമോ പരോക്ഷമോ ആയ നിർബ്ബന്ധിത സൈനിക സേവനവും പൗരന്റെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന് ഭീഷണിയായി എപ്പോഴും തലയ്ക്കുമുകളിൽ ഉണ്ടാകാതെ വയ്യ. ഇന്ന് പക്ഷെ ജോലി നശീകരണ പ്രധാനമോ പ്രത്യുൽപ്പാദന പ്രധാനമോ എന്നത് ഒരു ആദർശാത്മകമായ തെരഞ്ഞെടുപ്പിന്റെ വിഷയമേ അല്ലാതാവുകയാണ്.
പ്രത്യുൽപ്പാദനപരമായ കൂലിയില്ലാ വേലകൾ ലിംഗം, ജാതി, ഭൗമ സാഹചര്യങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ജന്മനാ അടിച്ചേല്പിക്കപ്പെടുന്നതും പരിഷ്കൃത കൂലിവേലകൾ വ്യക്തികൾക്ക് തെരഞ്ഞെടുക്കാവുന്നതുമാണെന്നാണ് കരുതപ്പെടുന്നത്. ആധുനിക തൊഴിൽ വിഭജനത്തിന്റെ പെരുപ്പത്തെ മറികടക്കാൻ ഈ തൊഴിലുകൾ തെരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തിലാണ് മാർക്സ് പോലും ഊന്നുന്നത്. കൂലിത്തൊഴിലാളികളുടെ എണ്ണം ആനുപാതികമായി കുറയുക എന്നതിനർത്ഥം ഇത്തരം തൊഴിലുകൾ തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും സാധ്യതകളും നിഷേധിക്കപ്പെടുക എന്നാണല്ലോ? ഈയൊരു പശ്ചാത്തലത്തിൽ ‘സ്വാതന്ത്ര്യം’ എന്ന പരികല്പന കൂടി പ്രശ്നവൽക്കരിക്കപ്പെടാതെ വയ്യ.
മനുഷ്യത്വ വിരുദ്ധവും അതുകൊണ്ടു തന്നെ ആത്മ വിരുദ്ധവുമായ തൊഴിലുകൾ തെരഞ്ഞെടുക്കാൻ പ്രലോഭിക്കപ്പെടുന്നതിൽ എന്ത് ‘സ്വാതന്ത്ര്യ’ മാണുള്ളത്? അത്തരം തൊഴിലുകൾക്കല്ലേ കൂലിയും ആനുകൂല്യങ്ങളും കൂടുക? സ്വതവേ ഇല്ലാത്ത സാമൂഹ്യാംഗീകാരവും അന്തസ്സും അത്തരം മനുഷ്യത്വ ഹീനമായ തൊഴിലുകൾക്ക് ഇനിയും എത്രകാലം അവകാശപ്പെടാനാകും? എത്രമേൽ സമ്മോഹകമായാലും ‘കൂലിയടിമത്തം’ അടിമത്തമല്ലാതാകുന്നതെങ്ങനെ? പ്രത്യുൽപ്പാദന പ്രധാനമായ കൃഷി, കൈത്തൊഴിലുകൾ, മൽസ്യബന്ധനം എന്നിവയൊക്കെ എന്തുകൊണ്ട് പരസ്പ്പര പൂരകമായി നമുക്ക് കണ്ടുകൂടാ? അതിലൂടെ ഒരു കീഴാള രാഷ്ട്രീയ സമ്പദ് ഘടന രൂപപ്പെടുത്തി എടുത്തുകൊണ്ടല്ലേ ഇനിയുള്ള കാലം നമുക്ക് ‘തൊഴിലില്ലായ്മ’യെ നേരിടാനാവുക? എല്ലാ മനുഷ്യരും ശേഷീ പരിമിതർ (ഭിന്ന ശേഷിക്കാർ) ആണെന്നിരിക്കെ പരസ്പ്പരം ആശ്രയിച്ചും പരിരക്ഷിച്ചും പരിസേവിച്ചും പരിപോഷിപ്പിച്ചും അല്ലേ നമുക്ക് നിലനിൽക്കാനാവുക?
നന്മ തിന്മകൾ എന്തെന്നറിയാനാകാതെ ചെയ്യുന്ന തൊഴിലുകളും മറ്റു ചെയ്തികളും നമ്മെയും കൊണ്ട് ചീറിപ്പായുന്നതെങ്ങോട്ട് ? നല്ലവരാകുന്നതിലൂടെ മാത്രം നിലനിൽക്കാനാവുന്ന ഒരു ജീവജാതി (species) ആയിരിക്കാൻ ശപിക്കപ്പെട്ടിരിക്കുന്നതിൽ കവിഞ്ഞ എന്തനുഗ്രഹമാണ് നമ്മെ ‘സ്വതന്ത്ര മനുഷ്യ’രാക്കുക?
Featured Image: Tribal Woman carrying firewood in Araku Valley, Courtesy: iucn.org
