നൈതികതയുടെ ചെവിക്കല്ല് പൊട്ടിക്കുന്ന ജാതി ലോക്കപ്പുകൾ

നൈതികതയുടെ ചെവിക്കല്ല് പൊട്ടിക്കുന്ന ജാതി ലോക്കപ്പുകൾ

2003 ജനുവരിയിൽ ആദിവാസികൾ മുത്തങ്ങയിൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഭൂവധികാരത്തിനായി കുടിൽകെട്ടി സമരം തുടങ്ങിയതിനെത്തുടർന്ന് ഫെബ്രുവരി 19 നു ഭരണകൂടം നിഷ്ഠൂരമായി അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അതിനു ശേഷം നടന്നത് പൊലീസിന്റെയും ആദിവാസി വിരുദ്ധരായ നാട്ടുകാരുടെയും നരനായാട്ട് തന്നെയായിരുന്നു. അതിന്റെ ഭാഗമായി സമരത്തിൽ നേരിട്ട് പങ്കെടുക്കാതിരുന്ന ദളിത് സമുദായത്തിൽപ്പെട്ട ഡയറ്റ് അധ്യാപകൻ കെ കെ സുരേന്ദ്രനെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റു ചെയ്യുകയും ഭീകരമായി പീഡിപ്പിക്കുകയുമായിരുന്നു. താൻ അനുഭവിച്ച വംശീയ അധിക്ഷേപങ്ങളും ശാരീരിക പീഡാനുഭവങ്ങളും വിവരിക്കുകയാണ് അദ്ദേഹം.

ക്രമസമാധാന പാലനത്തിലൂടെ പൗരന്മാരുടെ ജീവൻ, സ്വാതന്ത്ര്യം, സ്വത്ത് എന്നിവ സംരക്ഷിക്കുക എന്ന കർത്തവ്യമാണ് സ്റ്റേറ്റ് പൊലീസ് വകുപ്പിനെ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ മനുഷ്യരുടെ ജീവനെടുക്കുന്ന ഭീകര പ്രവർത്തനമാണ് ഈ വകുപ്പിന്റെ ഒരു പ്രധാന മേഖല. സാമൂഹിക മുന്നേറ്റങ്ങൾക്ക് പുകൾപെറ്റ കേരളത്തിൽ പോലും പൊലീസിന്റെ പെരുമാറ്റം കൊളോണിയൽ രീതിയിലുള്ളതും ഭയാനകവുമാണ്. സമാധാനപരമായി പ്രതിഷേധിക്കാനും, അഭിപ്രായ പ്രകടനം നടത്താനും, വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാനും, ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ ആസ്വദിക്കാനും ഉള്ള പൗരന്റെ അവകാശങ്ങൾ ഒക്കെ റദ്ദാക്കുകയും ശിക്ഷിക്കപ്പെടുന്ന കുറ്റമായി കാണുകയും ചെയ്യുന്ന നിലപാടാണ് അനുദിനം പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും തികച്ചും നിയമവിരുദ്ധമായ രീതിയിൽ നടന്ന എന്റെ അറസ്റ്റിനെക്കുറിച്ചും പൊലീസ് കസ്റ്റഡിയിൽ എനിക്ക് നേരിടേണ്ടി വന്ന അതി ക്രൂരമായ ശാരീരിക മാനസിക പീഢനങ്ങളെക്കുറിച്ചും എഴുതുന്നത്.

ഒന്ന്

ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതു മുന്നണി സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി അടിയന്തിരാവസ്ഥക്കാലത്ത് അതിക്രൂരമായ പൊലീസ് മർദ്ദനം അനുഭവിച്ച ആളാണ്. മുൻ ഇടതുപക്ഷ മുന്നണിക്ക് നേതൃത്വം നൽകിയ സഖാവ് വി.എസ്. അച്യുതാനന്ദനും പൊലീസ് പീഢനം നന്നായി അനുഭവിച്ച ആളായിരുന്നു. ഇവരൊന്നും ക്രിമിനൽ കുറ്റം ചെയ്ത് പൊലീസ് പിടിച്ചവരായിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് അതിക്രമത്തിന് വിധേയരാക്കിയവരായിരുന്നു. ഇത്തരം ആളുകൾ രാജ്യ ഭരണം നടത്തുമ്പോൾ പൊലീസ് അത്യാചാരങ്ങൾക്കറുതിയുണ്ടാവും എന്നാരെങ്കിലും ധരിച്ചാൽ അത് തെറ്റാവുകയില്ലല്ലോ.

എന്നാൽ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും കസ്റ്റഡി പീഢനങ്ങൾ, അത് ഭയന്നുള്ള ആത്മഹത്യ, മരണം എന്നിവ തുടർക്കഥയാവുന്നതിലെ വൈരുധ്യം ഇപ്പോൾ നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നു. പാർട്ടിയുടെയും സർക്കാരിന്റെയും നയമല്ലാത്ത വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും (Extrajudicial Killing ) UAPA ചുമത്തലും ഒക്കെ നിർബാധം നടക്കുന്നു. ചിലർ കൊല്ലപ്പെടുന്നു. ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ തന്നെ ലഘുലേഖ കയ്യിൽ വച്ചതിനും പുസ്തകങ്ങൾ സൂക്ഷിച്ചതിനും UAPA ചുമത്തി ജയിലിലടക്കപ്പെടുന്നു.

കേരളത്തിലെ പൊലീസിനെ ഏറ്റവും നന്നായി ഭരിച്ച രാഷ്ട്രീയക്കാരൻ കെ കരുണാകരനാണെന്നാണ് പൊതുവെ പറയാറ്. എന്തായാലും കേരളത്തിൽ നടന്ന പൊലീസ് അതിക്രമങ്ങളുടെയും ഉരുട്ടിക്കൊലകളടക്കമുള്ള ഭീകരതയുടെയും ഇരുണ്ടകാലം കൂടിയായിരുന്നു അത്. അന്ന് പൊലീസ് കസ്റ്റഡിയിൽ കാണാതായ രാജനും വിജയനും കണ്ണനുമൊക്കെ എന്ത് സംഭവിച്ചു എന്ന് ഇന്നും നമുക്കോ നീതിന്യായ സംവിധാനത്തിനോ ഭരണകൂടത്തിനോ അറിയില്ല. അവരാരും തിരിച്ചു വന്നിട്ടുമില്ല. അത്യാചാരം നടത്താനും അത് സമർത്ഥമായി മറച്ചു വെക്കാനുമുള്ള പൊലീസിന്റെ കഴിവിന്റെ നിദർശനങ്ങളായി അതൊക്കെ അവശേഷിക്കുന്നു. മുഖ്യമന്ത്രിക്കുമൊപ്പം അതി ക്രൂരമായ പൊലീസ് മർദ്ദനം അനുഭവിച്ച രണ്ട്‌ യുവ എം എൽ എ മാറും ഇപ്പോഴത്തെ നിയമസഭയിലുണ്ട്. രണ്ട് പേരും ഇടതുമുന്നണിയിലെ പ്രബല കക്ഷി എം എൽ എ മാരാണ്. ജെയിംസ് മാത്യുവും ടി വി രാജേഷും. കണ്ണൂരിൽ വെച്ച് യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്ന കെ കരുണാകരനെ കരിങ്കൊടി കാണിച്ചതിനും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതിനൊക്കെയാണ് അവർക്ക് മർദ്ദനമേറ്റത്. ഇവരൊക്കെ നിയമസഭാ സാമാജികരായിരുന്നു ഭരിക്കുമ്പോഴാണ് പൊലീസ് അത്യാചാരം നടത്തുന്നതും, “പാർട്ടിയുടെയും ഗവൺമെന്റിന്റെയും നയമല്ലാത്തതുമായ കാര്യങ്ങൾ” നടത്തുന്നതും!

എത്ര അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണല്ലോ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം. പൊലീസ് പിടിക്കുന്നവരെല്ലാം അപരാധികളാണെന്നാണ് പക്ഷെ നമ്മുടെ നിയമപാലകരുടെ വിചാരം. മർദിച്ചും പീഡിപ്പിച്ചും കസ്റ്റഡിയിലെടുക്കുന്ന സർവരെയും കുറ്റവാളികളാക്കുന്ന അവരുടെ കുറ്റാന്വേഷണത്തിന്റെ രീതിശാസ്ത്രം നശിപ്പിച്ച ജീവിതങ്ങൾ അനവധിയാണ്. കേരളത്തിന്റെ ചരിത്രത്തിലേറ്റവും കൂടുതൽ പൊലീസ് പീഢനങ്ങളൂം അതിക്രമങ്ങളും ഏറ്റുവാങ്ങിയത് ഒരുപക്ഷെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരിക്കാം. അവിഭക്ത പാർട്ടി മുതൽ തീവ്ര വിഭാഗങ്ങൾ വരെ അനുഭവിച്ചതിന് കൈയും കണക്കുമില്ല. കൽക്കത്ത തീസിസിസും ഉന്മൂലന സിദ്ധാന്തവും ജനകീയ യുദ്ധവുമൊക്കെ ആ എരിതീയിൽ ആവശ്യത്തിലധികം എണ്ണ പകർന്നു. അങ്ങനെയുള്ള കമ്മ്യൂണിസ്റ്റുകൾ നേതൃത്വം കൊടുക്കുന്ന ഗവൺമെന്റാണ് ഏറ്റുമുട്ടലെന്ന വ്യാജേന ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത്. ഇതൊക്കെ ചരിത്രത്തിന്റെ ഏതുതരം ആവർത്തനവും വിപര്യയവുമാണെന്ന് ആർക്കറിയാം?

രണ്ട്

സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നും അംഗമല്ലാത്ത ഒരു സർക്കാർ ജീവനക്കാരൻ മാത്രമായിരുന്നു ഇതെഴുതുന്ന ആൾ. രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളിൽ ചില ആശയങ്ങളും അഭിപ്രായങ്ങളുമൊക്കെയുള്ള ആൾ, രഹസ്യമായോ പരസ്യമായോ ഒരു രാഷ്ട്രീയ സംഘടനയിലും അംഗമല്ലാത്ത ഒരാൾ. വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ് എഫ് ഐ ലും പിന്നീട് സാംസ്ക്കാരിക വേദിയിലുമൊക്കെ വിശ്വാസമുണ്ടായിരുന്നു. എങ്കിലും എസ് എഫ് ഐ യിലല്ലാതെ സാംസ്ക്കാരിക വേദിയിൽ പ്രവർത്തിച്ചിട്ടില്ല. സത്യം പറഞ്ഞാൽ പൊലീസ് അറസ്റ്റു ചെയ്യുമോ എന്ന ഭയംകൊണ്ടായിരുന്നു അതിൽ പ്രവർത്തിക്കാതിരുന്നത്. പക്ഷെ അക്കാലത്ത് സാംസ്ക്കാരികവേദിയുടെ സജീവ പ്രവർത്തകരായിരുന്ന പലരും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. സാംസ്ക്കാരിക വേദിയുടെ അനുബന്ധമായി പ്രവർത്തിച്ചിരുന്ന കലാ സാഹിത്യ വേദി, ഫിലിം സൊസൈറ്റി, പരിസ്ഥിതി കൂട്ടായ്മ എന്നിവയിലൊക്കെ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.

K K Surendran, retired DIET teacher
കെ കെ സുരേന്ദ്രൻ

പൊലീസിനെ പേടിക്കാനുള്ള പ്രധാന കാരണം എന്റെ ഗ്രാമത്തിൽ അടിയന്തരാവസ്ഥക്കാലത്തുണ്ടായ പൊലീസ് നടപടികൾ എന്നിലുണ്ടാക്കിയ ഭീതിദമായ ഓർമ്മകളാണ്. എന്റെ ജന്മ ഗ്രാമമായ കോളിയാടി ഒരു നല്ല നാട്ടിൻപുറമാണ്. കുടിയേറ്റക്കാരും ആദിവാസികളുമൊക്കെ ജീവിക്കുന്ന അവിടുത്തെ എയ്ഡഡ് യു പി സ്കൂളിൽ ഞാൻ പഠിക്കുമ്പോഴായിരുന്നു അടിയന്തരാവസ്ഥ. എന്നെ കണക്കു പഠിപ്പിച്ചിരുന്ന കരുണാകരൻ മാഷെ അന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. നല്ല സ്നേഹമുള്ള, അന്നത്തെ കാലത്ത് കാര്യമായി അടിക്കാത്ത, നന്നായി പഠിപ്പിക്കുന്ന ആളായിരുന്നതുകൊണ്ട് എനിക്കൊക്കെ മാഷെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങളുടെ തൊട്ടടുത്ത പ്രദേശമായ ചെറുമാട് സ്കൂളിൽ അധ്യാപകനായിരുന്ന കുട്ടൻ മാഷെന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന സിവിക് ചന്ദ്രൻ, അച്ഛന്റെ സ്നേഹിതനായിരുന്ന പൗലോസ് മാഷ്, കോളിയാടിലന്ന് പത്ര വിതരണം നടത്തിയിരുന്ന പുരുഷേട്ടന്റെ അനുജൻ സുഗതൻ, മധുരം കാടൻ മത്തായിയും മേസ്തിരിയായിരുന്ന വേറൊരു മത്തായിയും അങ്ങനെ എനിക്ക് നേരിട്ടറിയുന്ന പലരെയും അന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. അതിൽ സുഗതൻ താത്കാലികമായെന്നു പറഞ്ഞു ജയിലിൽ നിന്ന് പുറത്തിറങ്ങി വീട്ടിൽ വന്നു വീണ്ടും ഹാജരാവേണ്ടതിന്റെ തലേന്ന് വീടിന്റെ പുറകിലുള്ള പുളിമരത്തിൽ കെട്ടിത്തൂങ്ങി മരിച്ചു. സ്വയം ഹത്യയായിരുന്നതിനാലോ എന്തോ നക്‌സലൈറ്റുകൾ സുഗതനെ രക്തസാക്ഷിയായി ഏറ്റെടുത്തില്ല. യഥാർത്ഥത്തിൽ അദ്ദേഹം അതായിരുന്നെങ്കിലും. ഇവരെയൊക്കെ നക്സലൈറ്റ് അനുഭാവികളും പ്രവർത്തകരും ആയതിനാലാണ് അന്ന് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. പൊലീസ് കരുണാകരൻ മാഷുടെ വീട്ടിൽ നിന്ന് നക്‌സലൈറ്റുകൾ ലഘുലേഖകൾ അച്ചടിച്ചിരുന്ന കല്ലച്ച് പിടിച്ചെടുത്തു പോലും. കരുണൻ മാഷെന്ന് ഞങ്ങൾ പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ വീട്ടിൽ കെ വേണുവടക്കമുള്ള നക്സലൈറ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞിരുന്നു. നക്‌സലൈറ്റുകൾ ആക്ഷൻ നടത്തി ശേഖരിച്ച സ്വർണ്ണാഭരണങ്ങൾ മാഷുടെ പേരിൽ പണയം വയ്ക്കുകയോ വിൽക്കുകയോ ഒക്കെ ചെയ്‌തിരുന്നത്രെ. ജയിലിൽ പോയപ്പോൾ ഈ അധ്യാപകരും മറ്റാളുകളുമൊക്കെ ഊർജ്ജസ്വലരായിരുന്നു എന്ന് എനിക്കറിയാം. രണ്ട് വർഷത്തിന് ശേഷം ഇവരൊക്കെ തിരിച്ചു വന്നത് ജീവച്ഛവങ്ങളായാണ്. അവരെ അന്ന് പൊലീസ് നടത്തിയ ക്രൂര മർദ്ദനങ്ങളുടെയും ഭേദ്യങ്ങളുടെയും നരമേധത്തിന്റെയുമൊക്കെ കഥകൾ മുതിർന്നവർ പറഞ്ഞറിഞ്ഞു ഞങ്ങൾ കുട്ടികൾ ഭയത്തോടെ ഇരുന്നത് ഞാനിന്നും ഓർക്കുന്നു.

കരുണൻ മാഷ് പിന്നെ രാഷ്ട്രീയപ്രവർത്തനമൊന്നും നടത്തിയില്ല. മദ്യപാനവും അടിപിടിയുമൊക്കെയായി അരാജക ജീവിതം നയിച്ച അദ്ദേഹം കഴിഞ്ഞ വർഷം മരിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന അച്ഛന്റെ സുഹൃത്തുക്കളായിരുന്നതിനാൽ ഞാനേറെ ഇഷ്ടപ്പെടുകയും ബന്ധപ്പെടുകയുമൊക്കെ ചെയ്തയാളുകളായിരുന്നു അവർ. അടിയന്തിരാവസ്ഥയിലെ ജയിൽവാസം കഴിഞ്ഞെത്തിയ ഇവരുടെ രൂപങ്ങൾ എന്നിലുളവാക്കിയ ഭയപ്പാടും വേദനയുമാണ് പിന്നീട് ഇവിടെ ശക്തമായ നക്സൽ- സാംസ്ക്കാരികവേദി പ്രവർത്തനങ്ങളിൽ നിന്നെന്നെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചത്.

അടിയന്തരാവസ്ഥയിൽ അറസ്റ്റു ചെയ്യപ്പെട്ട രാഷ്ട്രീയ പ്രവർത്തകർ വിവിധ പൊലീസ് ക്യാമ്പുകളിലായി വിവിധതരം പീഢനങ്ങൾക്കും മർദ്ദനങ്ങൾക്കുമൊടുവിൽ മൃതരോ മൃതപ്രായരോ ആയാണ് പുറത്തുവന്നതും വരാതിരുന്നതും. ആരും അതേക്കുറിച്ചന്വേഷിച്ചില്ല. അന്നതിനൊക്കെ നേതൃത്വം കൊടുത്ത കോൺഗ്രസ് നേതാവായിരുന്ന കെ കരുണാകരനും പോലീസ് മേധാവികളുമൊക്കെ വളരെ അഭിമാനത്തോടെ മരണംവരയും ഈ നൃശംസതകളെ ആത്മപ്രശംസയെന്നോണം എഴുന്നള്ളിച്ചിരുന്നു. അന്നത്തെ പീഢിതരിൽ അധികവും നക്സലൈറ്റ് പ്രവർത്തകരോ അനുഭാവികളോ ആയിരുന്നു. അതുതന്നെ ഭൂരിപക്ഷവും സി പി എം ൽ നിന്ന് പോയവരും ആയിരുന്നു. വരാൻ പോകുന്ന സുവർണ്ണ വസന്തകാലത്തെ സുന്ദര ദിനങ്ങളെ ഓർത്തുള്ള സങ്കല്പങ്ങളോ സ്വപ്നങ്ങളോ ഒക്കെ അവരുടെ മുറിവുണക്കിയിരിക്കാം. അന്നത്തെ രക്തസാക്ഷികളിൽ രാജന്റെ പിതാവ് മകന്റെ തിരോധാനത്തിനുത്തരവാദികളെ കണ്ടെത്താൻ മരണം വരെ പോരാടി. മറ്റുള്ളവരുടെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. കക്കയം, ശാസ്തമംഗലം പോലീസ് ക്യാമ്പുകൾക്കെതിരെ ദേശാഭിമാനിയിൽ പരമ്പരകൾ വന്നതും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായതുമല്ലാതെ കേരളീയ പൊതുസമൂഹം അത് വേണ്ടവിധം ചർച്ച ചെയ്തില്ല.

K Karunakaran, Ex Chief Minister of Kerala
കെ കരുണാകരൻ

അടിയന്തരാവസ്ഥയിലെ പൊലീസ് പീഢനങ്ങളുടെ ഉത്തരവാദികൾ സി പി ഐ അടക്കമുള്ള വലതുപക്ഷമായിരുന്നു. എന്നാൽ അതിനെതിരെ പ്രചാരണം നടത്തി അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെന്റിന്റെ കീഴിലും സമാനമായ പോലീസ് ക്യാമ്പുകൾ പ്രവർത്തിച്ചിട്ടുണ്ട്. അതും നക്സലൈറ്റുകൾക്കെതിരെയായിരുന്നു. വയനാട്ടിലെ കേണിച്ചിറയിൽ മഠത്തിൽ മത്തായി എന്നയാളെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തി. അതിൽ ഒരു നക്സലൈറ്റ് പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു. 1981ൽ സ: ഇ കെ നായനാർ മുഖ്യമന്ത്രിയും സ: ടി കെ രാമകൃഷ്ണൻ ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോഴായിരുന്നു സുൽത്താൻ ബത്തേരിയിൽ പൊലീസ് ക്യാമ്പ് നടത്തിയത്. അന്ന് മാതൃഭൂമി ലേഖകനായിരുന്ന കെ ജയചന്ദ്രനാണ് അത് റിപ്പോർട്ട് ചെയ്തതെന്നാണ് എന്റെ ഓർമ്മ. ഉരുട്ടലടക്കമുള്ള എല്ലാ ഭേദ്യങ്ങളും പീഢന മുറകളും നക്സലൈറ്റ് പ്രവർത്തകർക്കും അനുഭാവികൾക്കുമെതിരെ നടത്തപ്പെട്ടു. അടിയന്തരാവസ്ഥയെയും പൊലീസ് പീഢനങ്ങളെയും എതിർത്ത് അധികാരത്തിൽ വന്നവരും കരുണാകരൻ തെളിച്ച വഴിയിലൂടെ തന്നെ നടന്നു എന്നതാണ് വാസ്തവം. നക്‌സലൈറ്റുകൾ അക്രമമാർഗ്ഗം പിന്തുടരുന്നവരാണെന്ന ന്യായം അവർക്കെതിരെയുള്ള പൊലീസ് അതിക്രമത്തിനുള്ള പൊതുസമ്മതിക്കായി ഇടതും വലതും ഒരേപോലെ ഉപയോഗിച്ചു. തുടർന്ന് നക്സലൈറ്റ് പ്രസ്ഥാനം തന്നെ കേരളത്തിലില്ലാതെയായി. അവരുടെ അക്രമമാർഗവും അവർക്കെതിരെ നടത്തിയ അക്രമങ്ങളും അവരുടെ അവസാനത്തിന്റെ ആരംഭമായിരുന്നുവെന്നു കരുതാം. അങ്ങനെയുള്ള അനുഭാവികളും പ്രവർത്തകരുമായ ധാരാളം സുഹൃത്തുക്കളുടെ നേരനുഭവങ്ങളുടെ വിവരണം കേട്ട എന്നിൽ പൊലീസ് ഭീതി ഒരു രോഗമായി തന്നെ പരിണമിച്ചു എന്ന് പറയാം. രാഷ്ട്രീയമായ ആശയങ്ങളും പ്രവർത്തന കാംക്ഷയുമല്ലാതെ പൊലീസിനെ പേടിക്കേണ്ട വിധത്തിലുള്ള കാര്യങ്ങളൊന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. പൊലീസിനെ പേടിക്കേണ്ട വിധത്തിലുള്ള ഒരു ക്രിമിനൽ പ്രവർത്തനമോ അക്രമ ചിന്തയോ ഒന്നും എന്റെ സ്മൃതിപഥത്തിൽ പോലും ഉരുവം കൊണ്ടിരുന്നില്ല.

മൂന്ന്

കാലാന്തരത്തിൽ ഉപരിപഠനം നടത്താനും അധ്യാപകവൃത്തി സ്വീകരിക്കാനും എനിക്കായി. സമ്പന്നമല്ലാത്ത പശ്ചാത്തലത്തിൽ നിന്ന് വരുന്നതിനാൽ സഹജമായ സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബ ജീവിതവുമൊക്കെയായി കഴിഞ്ഞു വരുമ്പോഴാണ് മുത്തങ്ങയിൽ ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ ആദിവാസികൾ ഐതിഹാസിക സമരം തുടങ്ങുന്നത്. ആദിവാസികൾ കുടിൽ കെട്ടൽ നടത്തുമ്പോൾ ഞാൻ ലോണൊക്കെയെടുത്ത് ഒരു ചെറിയ വീടുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു.

മുൻപ് സൂചിപ്പിച്ചപോലെ ഞാൻ ഒരു സംഘടനയിലും പ്രവർത്തിച്ചിട്ടില്ല. ഗോത്ര മഹാസഭയുടെ പ്രവർത്തകരിൽ ഭൂരിപക്ഷത്തേയും സി കെ ജാനുവിനെയും എനിക്കത്ര പരിചയമൊന്നും തന്നെയുണ്ടായിരുന്നില്ല. ആ കൂട്ടത്തിൽ ആകപ്പാടെ എനിക്കറിയുന്ന എന്നെ അറിയുന്ന ഒരേ ഒരാൾ ഗീതാനന്ദനായിരുന്നു. ദളിത് ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സംസാരിച്ചതൊഴിച്ചാൽ ഞങ്ങൾ തമ്മിൽ വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. എനിക്കദ്ദേഹത്തിന്റെ പല ആശയങ്ങളോടും വിപ്രതിപത്തി ഉണ്ടായിരുന്നു താനും. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാൻ വിസ്തര ഭയത്താൽ ഇവിടെ മുതിരുന്നില്ല. മുൻപ് വിവരിച്ച കാര്യങ്ങളിലേതുപോലെ രാഷ്ട്രീയ പ്രവർത്തനവും സമരവുമായി ബന്ധപ്പെട്ടാണ് ഇവിടെ പോലീസ് അതിക്രമം നടക്കുന്നത്. ആദിവാസികൾ കാടുകയ്യേറി, പോലീസുകാരനെ കൊന്നു എന്നിങ്ങനെ ക്രിമിനൽ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടികളും അതിക്രമങ്ങളും. 2003 ൽ മുത്തങ്ങയിൽ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്. പോലീസുകാരൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അവ്യക്തതകൾ ഉണ്ട്. കേസിൽ വിചാരണ നേരിടുന്ന ഗീതാനന്ദനും വിചാരണക്കിടയിൽ അന്തരിച്ച അശോകനുമൊക്കെ പറയുന്നത് സമരക്കാർ ബന്ദിയാക്കിയിരുന്നെങ്കിലും വിനോദ് മരിക്കുന്നത് വരുടെ കസ്റ്റഡിയിൽ വച്ചെല്ലെന്നാണ്. എന്തായാലും തിട്ട മതാർക്കറിയാമെന്നേ പറയാൻ പറ്റൂ. സി ബി ഐ അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച് വിചാരണ നടക്കുന്ന കേസിൽ കൂടുതൽ അഭിപ്രായം പറയാനാവില്ലല്ലോ. എല്ലാം കോടതി തീരുമാനിക്കട്ടെ. പക്ഷെ കോടതിയുടെ പരിഗണനയിൽ വരേണ്ടതും ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ പട്ടിക വർഗ്ഗ കമ്മീഷനും ആവശ്യപ്പെട്ടതുമായ ആദിവാസികൾക്കെതിരെ കുടിയേറ്റക്കാരും പോലീസും നടത്തിയ നരനായാട്ട് മാത്രം അന്വേഷിച്ചതുമില്ല, കേസായതുമില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി, ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവർ ചേർന്ന് മുത്തങ്ങാനന്തര സി ബി ഐ അന്വേഷണത്തിന്റെ Terms Of Reference ൽ നിന്നും ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ ഒഴിവാക്കി എന്നുവേണം അനുമാനിക്കാൻ. അങ്ങനെ പോലീസുകാരന്റെ വധവും ഗൂഡാലോചനയും മാത്രമായി സി ബി ഐ യുടെ അന്വേഷണ വിഷയം. 2003 ഫെബ്രുവരി 19 മുതൽ രണ്ടാഴ്ചയോളം മുത്തങ്ങ സമരത്തിന്റെ പേരിൽ പോലീസ് നടത്തിയ അതിക്രമങ്ങളും അഴിഞ്ഞാട്ടങ്ങളും നൃശംസതയും ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലെങ്ങോ കുഴിച്ചു മൂടപ്പെട്ടു. പൊലീസ് അതിക്രമങ്ങളുടെയും കസ്റ്റഡി മരണങ്ങളുടേയുമൊക്കെ സമകാലിക ഭൂമിയിൽ നിന്ന് അന്നത്തെ അനുഭവങ്ങളിലേക്കൊരു തിരിഞ്ഞ് നോട്ടത്തിനാണിവിടെ ശ്രമിക്കുന്നത്.

മുത്തങ്ങയിൽ വെടിവെപ്പ് നടന്ന ദിവസം പൊലീസ് നടപടിക്രമങ്ങൾ പാലിക്കാതെ വൈകുന്നേരം ആറ് മണിക്ക് ശേഷമാണിത് ചെയ്തതെന്ന് ദൃക്‌സാക്ഷികളായ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം കൈയ്യിൽ കിട്ടിയവരെ മുഴുവൻ തല്ലിചതച്ചാണ് കോടതിയിൽ ഹാജരാക്കിയത്. പൊലീസ് ഹാജരാക്കിയ കുട്ടികളെയടക്കം ജയിലിലേക്കയക്കുകയായിരുന്നു അന്ന് ബത്തേരിയിലിരുന്ന ന്യായാധിപന്മാർ എന്നാണറിഞ്ഞത്. കൊണ്ടുചെല്ലുന്നതു പൊലീസായാൽ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല എന്ന രീതിയിലാണ് നമ്മുടെ ന്യായാധിപന്മാരുടെ പ്രവർത്തനം എന്ന് വേണം കരുതാൻ. ആ ശൈലിയും കസ്റ്റഡി മരണങ്ങൾക്കും പീഢനങ്ങൾക്കും കാരണമാകുന്നുണ്ടോ എന്നും സംശയിക്കണം. എന്തായാലും അന്നത്തെ വെടിവെപ്പിന് ശേഷം വയനാട്ടിലെ പൊലീസും ആദിവാസി വിരുദ്ധരും ചേർന്ന് സംജാതമാക്കിയ ആദിവാസി വേട്ടക്കൊരറുതി വരുന്നത് 22 -02 -2003 നു നമ്പിക്കൊല്ലിയിൽ വെച്ച് സി കെ ജാനുവും ഗീതാനന്ദനും പൊലീസിന് കീഴടങ്ങുന്നതോടെയാണ്. അങ്ങനെ കീഴടങ്ങാനവരെ പ്രേരിപ്പിച്ചത് പൊലീസ് ആദിവാസിക്കോളനികളിൽ നടത്തിയ റെയിഡുകളും മർദ്ദനങ്ങളും ഭീകരതയുമാണെന്ന് സി കെ ജാനു പിന്നീട് പറയുകയുണ്ടായി. അന്ന് കാലത്ത് 11 മണിയോടെ ബത്തേരി എസ് ഐ യും സംഘവും എന്നെ ഡയറ്റിന്റെ സ്റ്റാഫ്‌ റൂമിൽ നിന്നും അറസ്റ്റ് ചെയ്തു.

Police set fire to Adivasi huts in Muthanga
പൊലീസ് മുത്തങ്ങയിലെ ആദിവാസി കുടിലുകൾക്ക് തീയിട്ടപ്പോൾ

ഒരു ഗവൺമെന്റ് ഓഫീസിൽ ഡ്യുട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മേലധികാരിയോട് പോലും പറയാതെയാണ് കുത്തിന് പിടിച്ചു ജീപ്പിൽ കയറ്റിക്കൊണ്ടു പോയതെന്നോർക്കണം. ഈ എസ് ഐ ബലിഷ്ഠ ശരീരമുള്ള ഒരു അതികായനാണ്. ജീപ്പിൽ കയറ്റവെ കൈക്കരുത്ത് തീർക്കാനയാൾ മുതിർന്നപ്പോൾ കൂടെയുണ്ടായിരുന്ന ചില പോലീസുകാർ തടയുകയായിരുന്നു. എന്നെ പിടിക്കുന്നതിനു മുൻപ് ജാനുവിനെയും ഗീതാനന്ദനെയും അറസ്റ്റ് ചെയ്തു വാഹനത്തിൽ പല സ്ഥലത്തുകൂടി ചുറ്റിക്കറക്കി ഇടിച്ചു ഇഞ്ചപ്പരുവമാക്കിയതിനു നേതൃത്വം കൊടുത്തയാളായിരുന്നു. സി കെ ജാനുവെന്ന ആദിവാസി നേതാവിന്റെ അന്നത്തെ മുഖാകൃതി ഓർക്കുന്നുണ്ടാവുമല്ലോ, അത് രൂപപ്പെടുത്തിയതിയാളാണ്. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷന് മുൻപിൽ എന്നെക്കൊണ്ടിറക്കുമ്പോൾ ഒരു ജനക്കൂട്ടം അവിടെ നിന്ന് ആർത്തുവിളിക്കുന്നുണ്ടായിരുന്നു. ഞാനാകെ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭയംകൊണ്ടും സങ്കടം കൊണ്ടുമുള്ള ഒരു അർദ്ധബോധാവസ്ഥ എന്നുതന്നെ പറയാം. പൊലീസ് ഓഫിസർമാറിരിക്കുന്ന മുറിയിൽകൊണ്ട് നിർത്തി അവരെ കാണിച്ചതിന് ശേഷം എന്നെ വരാന്തയിലേക്കിറക്കി നിർത്തി. അവിടെ വെച്ച് ബത്തേരി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ മുഷ്ടി ചുരുട്ടി എന്റെ വയറിനിടിക്കുന്നതും വേദനകൊണ്ട് കൂഞ്ഞിക്കൂടി ഞാൻ പുളയുന്നതിന്റെയും വീഡിയോ ദൃശ്യം ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. അവിടെ നിന്ന് സ്റ്റേഷന്റെ ഉള്ളിലുള്ള ലോക്കപ്പിന് മുന്നിലുള്ള ഒഴിഞ്ഞ സ്ഥലത്ത് എന്നെ കൊണ്ടുപോയി നിർത്തുന്നു. രണ്ട് പോലീസുകാർ എന്റെ കയ്യിൽ ബലമായി പിടിക്കുന്നു. നേരത്തെ പറഞ്ഞ എസ് ഐ ബൂട്ടിട്ട കാലുകൊണ്ട് എന്റെ ഇടുപ്പിനു മുകളിലായി ആഞ്ഞാഞ്ഞു ചവിട്ടി. ആ സമയത്ത് തീവ്ര വേദന കലർന്ന ഒരു മരവിപ്പാണ് എനിക്കാദ്യം അനുഭവപ്പെട്ടത്. തുടർന്നെനിക്ക് കുനിഞ്ഞു മാത്രമേ നിൽക്കാനാവുമായിരുന്നുള്ളൂ. അന്നത്തെ ആ വേദന ഇന്നും എന്റെ ഇടുപ്പിൽ നിന്നും വിട്ടുമാറിയിട്ടില്ല. എനിക്ക് സമരവുമായി ബന്ധമൊന്നുമില്ല. ഫെബ്രുവരി19 നു ഞാൻ വയനാട്ടിലുണ്ടായിരുന്നില്ല. എന്നെ ഉപദ്രവിക്കരുത് എന്നൊക്കെ താണു കേണ് നിലവിളിയോടെ ഞാനയാളോട് അപേക്ഷിച്ചപ്പോൾ നിനക്ക് ബന്ധമില്ലാതെ എങ്ങനെയാടാ —– മോനെ നിന്റെ പേര് ഗീതാനന്ദന്റെ ഡയറിയിൽ വന്നതെന്നായിരുന്നു അയാളുടെ അലർച്ച.

പൊലീസ് മർദ്ദനത്തേക്കാൾ അതി ഭീകരമാണവരുടെ വാക്കുകൊണ്ടുള്ള മർദ്ദനം (Verbal abuse). എനിക്കനുഭവപ്പെട്ട വാക്കുകൊണ്ടുള്ള പീഡ അതീവ സങ്കടകരവും അരോചകവുമായിരുന്നു എന്നതിനേക്കാൾ വംശീയാധിക്ഷേപം കൂടിയായിരുന്നു “നീയും പണിയനാണോടാ, പട്ടിക ജാതിയും പട്ടിക വർഗ്ഗവുമൊക്കെ ഒരേ കണക്കാ—- മക്കൾ” “നിന്റെ അമ്മക്കുണ്ടായ മറ്റുമക്കളൊക്കെ പൊലീസുകാരുടേതാണോടാ, അതുകൊണ്ടാണോ നീ പൊലീസുകാരെ വെട്ടാൻ ആദിവാസിക്ക് ക്ലാസെടുത്തത്” ഇങ്ങനെ പോകുന്നു ഒരു ഗസറ്റഡ് ഓഫിസറായ എന്നോടുള്ള സാദാ പൊലീസുകാരന്റെ അധിക്ഷേപങ്ങൾ. മർദ്ദനത്തിന്റെ വേദന അസഹനീയമായിരുന്നു, അതിനെ അതിവർത്തിക്കുന്നതായിരുന്നു വാക്കുകൾ കൊണ്ടുള്ള ഈ മുറിപ്പെടുത്താൽ. അന്നത്തെ കസ്റ്റഡി മർദ്ദനത്തിന്റെ മറ്റൊരു സവിശേഷത കണ്ണൂർ എ ആർ ക്യാമ്പിൽ നിന്നെത്തിയ പൊലീസുകാരുടെ പ്രത്യേക മർദ്ദനമായിരുന്നു. അവരുടെ കണ്ണിൽ ഞങ്ങളൊക്കെ അവരുടെ സഹപ്രവർത്തകനെ കൊന്ന ഭീകര കുറ്റവാളികളാണല്ലോ. സാധാരണ കസ്റ്റഡിയിൽ ഇതുണ്ടാവാറില്ല. അന്ന് കസ്റ്റഡിയിലെടുത്ത ഞങ്ങൾക്കെല്ലാം ഇങ്ങനെ പുറത്തു നിന്നുള്ള പൊലീസുകാരുടെ മദ്യപിച്ചു വീറുറ്റ ഈ മർദ്ദനം കാര്യങ്ങളെ ഒന്നുകൂടി കലുഷമാക്കി. ഡ്യൂട്ടിക്കിടയിലോ സ്‌പെഷൽ ഡ്യൂട്ടിയിലോ ഇവരുടെ മദ്യപാനമെന്നത് തിട്ടമില്ല. അന്ന് പക്ഷെ പലരും മദ്യലഹരിയിലായിരുന്നു.

ഇടവേളകളിലുള്ള റിസർവ് പൊലീസുകാരുടെ മർദ്ദനത്തിന്റെ പരിസമാപ്തിയെന്നോണം രാത്രിയിൽ എല്ലാവരും ചേർന്നുള്ള അതികഠിനമായ ഭേദ്യം ചെയ്യലും മർദ്ദനവും. ഇപ്പോഴും അതോർക്കുമ്പോൾ എനിക്ക് പേടിയാവുന്നതിനതിരില്ല. സ്റ്റേഷനകത്തെ ലൈറ്റുകൾ അണഞ്ഞിരുന്നു. നമ്മളെ ഇരുത്തി ഇരു കൈകൊണ്ടും വളരെ വേഗം ചെവിയിൽ കുറച്ചു കാറ്റ് കയറ്റും. അതിന്റെ അവസാനം രണ്ട് കൈകൊണ്ടും ആഞ്ഞടിക്കുന്നു. ഓരോ അടിയും തലയ്ക്കകത്തു മിന്നല്പിണരുകളായി നെറുകം തലയിലേക്ക് പാഞ്ഞു പോകുന്നതായാണ് എനിക്ക് തോന്നിയത്. എന്നെ ഇരുത്തിയതിന് കുറച്ചപ്പുറം ഗീതാനന്ദനെ ഇതേ പരിപാടി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാരിയെല്ലുകൾ ഒടിഞ്ഞതപ്പോഴാകാം. വൈകാതെ ചികിത്സ കിട്ടിയതുകൊണ്ട് മാത്രമാകാം ഞങ്ങൾ രണ്ടാളും മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. അപ്പുറത്തു നിന്നും കേട്ട ഗീതാനന്ദന്റെ ദീന രോദനം സ്മൃതി പഥത്തിൽ നിന്നുണർന്ന് ഇപ്പോഴുമെന്നെ അസ്വസ്ഥനാക്കാറുണ്ട്. ഈ മർദ്ദനത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ഞങ്ങൾ കൊല്ലപ്പെടാമായിരുന്നു. ഇരുട്ടിൽ അനവധിയാളുകൾ അതിൽ ഭൂരിപക്ഷവും മദ്യപിച്ചവർ ചേർന്ന് അതി കഠിനമായി മർദ്ദിമ്പോൾ ഇരയുടെ മർമ്മങ്ങളിൽ അവരുടെ മുഷി പതിക്കില്ലെന്നെന്താണുറപ്പ് ! അതല്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ അന്നേറ്റക്ഷതം കൊണ്ടു മരിക്കാമായിരുന്നു . കർണ്ണപുടം പൊട്ടി ചോരവന്നത് തുടച്ച് വേദന കടിച്ചമർത്തി ആ രാത്രി മുഴുവൻ സിമന്റ് തറയിൽ ഉറങ്ങാതെ കിടന്നത് ഇപ്പോഴും എന്റെ ഓർമ്മകൾക്ക് തീപിടിപ്പിക്കാറുണ്ട്. അങ്ങനെ കണ്ണുകളടച്ചു ഉറങ്ങാതെ കിടന്ന എന്നെ ബൂട്ടിട്ട കാലുകൊണ്ട് തൊഴിച്ചുകൊണ്ട് ഒരാൾ മറ്റൊരാളോട് ഉറക്കെപ്പറഞ്ഞതിങ്ങനെ, “പതിനായിരം രൂപ ശമ്പളമുള്ള —- മോനാണ് സാറേ ഈ കിടക്കുന്നത്.” ഈ ശബ്ദത്തോടൊപ്പം വന്ന മദ്യത്തിന്റെ രൂക്ഷഗന്ധം ഇപ്പോഴുമെനിക്ക് മനംപുരട്ടലുണ്ടാക്കുന്ന സ്മരണയാണ്. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു ഉറങ്ങുന്നതായി നടിച്ചു.

പുൽപ്പള്ളി ഭാഗത്തുനിന്നും പൊലീസിനെതിരായ പോസ്റ്ററൊട്ടിക്കുന്നതായി കണ്ടു പിടിച്ചുകൊണ്ടുവന്ന ഒരു അരൂഷും ബിജുവും. വൈകുന്നേരമാണവരെത്തിയത്, സ്റ്റേഷനകം നിറയെ ഞങ്ങൾ മുത്തങ്ങാക്കേസ് പ്രതികൾ അവശരും ആർത്തരുമായിരിക്കുകയാണ്. അരൂഷ് ഏതോ ഒരു നക്സൽ ഗ്രൂപ്പിന്റെ പ്രവർത്തകനാണ്. ബിജു പുൽപ്പള്ളിയിലുള്ള ഒരു ആദിവാസി ബാലനും. ജീപ്പിൽ നിന്നിറക്കുമ്പോൾ അരൂഷ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. നക്സൽ ബാരി സിന്ദാബാദെന്നോ മറ്റോ ആണ് വിളിച്ചത്. എന്തായാലും വേട്ടപ്പട്ടികളെപ്പോലെ വളഞ്ഞിട്ട് അവരെ ഭീകരമായി മർദ്ദിക്കുന്നതാണ് പിന്നെ കണ്ടത്. അടിയേറ്റുവീണ അവരെ ചവിട്ടിക്കൂട്ടുകയായിരുന്നു. ഞാനിരുന്നതിന്റെ അടുത്താണ് ബോധരഹിതനായ അരൂഷിനെ കൊണ്ടുവന്നു കിടത്തിയത്. നേരിയ ഒരു ഞെരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടവായിലൂടെ ചോര ഒഴുകുന്നുണ്ടായിരുന്നു. അൽപ്പം കഴിഞ്ഞു പോലീസുകാർ തന്നെ അരൂഷിനെ എവിടേക്കോ എടുത്തുകൊണ്ടുപോയി. ഞാൻ കരുതിയതവൻ മരിച്ചിട്ടുണ്ടാവുമെന്നാണ്. രാത്രിയിൽ അരൂഷിനെ തിരിച്ചു കൊണ്ടു വന്നപ്പോൾ ബോധം തെളിഞ്ഞിരുന്നെങ്കിലും അനങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ആശുപത്രിയിൽ കൊണ്ടുപോയതാണ്. പൊലീസ് കൊണ്ടുവരുന്ന ഇത്തരം രോഗികളെ ചികിത്സിക്കുക മാത്രമാണോ ഡോക്ടർമാരുടെ കടമ? അവരെ സംബന്ധിക്കുന്ന എന്തെങ്കിലും രേഖപ്പെടുത്തലുകളും റിപ്പോർട്ട് നൽകലും ഉണ്ടോ ആവോ? എന്തായാലും മുത്തങ്ങ സമര സ്ഥലത്ത് പോയിട്ടേ ഇല്ലാത്ത അരൂഷും ബിജുവും ഞങ്ങളോടൊപ്പം പ്രതികളായി കണ്ണൂരിൽ ജയിലിലുമായി. ഒരു സമരത്തിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട, അതും സംശയത്തിന്റെ പേരിൽ എനിക്ക് ഒരു ദിവസം മാത്രം അനുഭവിക്കേണ്ടവന്ന കസ്റ്റഡി അനുഭവമാണിവിടെ രേഖപ്പെടുത്തിയത്.

C K Janu and M Geethanandhan were tortured in police custody
പൊലീസ് മർദ്ദനത്തിനിരയായ സി കെ ജാനുവും എം ഗീതാനന്ദനും

അന്നേ ദിവസം സ്റ്റേഷനിലുണ്ടായിരുന്ന മോഷണക്കേസടക്കമുള്ള പ്രതികളെ പ്രത്യേകമായി മാറ്റിയിരുത്തിയിരിക്കുകയായിരുന്നു. അന്നവരെ പോലീസുകാർ ഒന്നും ചെയ്തിരുന്നില്ല. ഞങ്ങളെ കൈകാര്യം ചെയ്യുന്ന തിരക്കിലായിരുന്നല്ലോ അവർ. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ മുതൽ അവരെ ചോദ്യം ചെയ്യുന്നത് ദൂരെ നിന്നും കാണാനിടയായി. ബൈക്കോ മറ്റോ മോഷ്ടിച്ച ഒരാളെ രണ്ട് പേര് ചേർന്ന് ചോദ്യം ചെയ്യുന്നതാണ് ഞാൻ കണ്ടത്. കസ്റ്റഡിയിലെ ചോദ്യം ചെയ്യലൊക്കെ ഒരു സാധാരണ മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കോടതി നിർദ്ദേശങ്ങളൂം നിയമങ്ങളുമൊക്കെ എതിരാണെങ്കിലും കുറ്റവാളികളെ കടുത്ത മർദ്ദനമുറകളിലൂടെ പൊലീസ് കടത്തിവിടുന്നു. പിന്നീട് ജയിലിൽ വച്ച് ഇത്തരക്കാരെ കണ്ടപ്പോൾ തടവല്ലാതെ മർദ്ദനം ഒരു ശിക്ഷയായി അവർ പരിഗണിക്കുന്നിലെന്നാണ് തോന്നിയത്. എനിക്കുതന്നെ ഈ പീഡാനുഭവത്തിന് ശേഷം നേരത്തെ പറഞ്ഞ പോലീസ് പേടി മാറിക്കിട്ടി എന്നതാണുണ്ടായ നേട്ടം.

കസ്റ്റഡി പീഢനം അനുഭവിച്ച ഒരാൾക്ക് പോലീസിനെതിരെ നടപടിക്കായി നീതിന്യായ സംവിധാനത്തെ സമീപിക്കലും നീതി ലഭിക്കലും അതീവ ദുഷ്‌കരമാണ്. നീതിപാലകരായതുകൊണ്ടാകാം പൊലീസുകാരുടെ പ്രവർത്തനങ്ങൾക്ക് വലിയ പരിരക്ഷ നമ്മുടെ നീതിന്യായ സംവിധാനത്തിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ കൊടും കുറ്റകൃത്യങ്ങൾ ചെയ്തവരോ അല്ലാത്തവരോ ആയ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ആളുകൾക്കെതിരെ അത്യാചാരങ്ങൾ അനുഷ്ഠിക്കരുതെന്നും അവർക്ക് ചില അവകാശങ്ങളൊക്കെയുണ്ടെന്നും നമ്മുടെ നീതിന്യായ സംവിധാനങ്ങൾ കല്പിക്കുന്നുണ്ട്. അത് കുറ്റത്തോട് ചെയ്യുന്ന കാര്യങ്ങളല്ല, കുറ്റവാളിയായിപ്പോയ മനുഷ്യനോട് മനുഷ്യത്വ പൂർണ്ണമായ ഇളവുകളാണ്. കൊലയാളിയെ പരസ്യമായി പീഢിപ്പിക്കുന്ന രീതിയൊക്കെ പണ്ട് നിയമം അനുശാസിച്ചിരുന്നു. എന്നാൽ പരിഷ്കൃത ജനാധിപത്യ സമൂഹം കസ്റ്റഡി പീഢനത്തെയും വധ ശിക്ഷയേയുമൊക്കെ പ്രാകൃതമായാണ് പരിഗണിക്കുന്നത്. കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെടുന്നതോടെ ഒരാളുടെ ജീവിതം തന്നെ തീർന്നതായാണ് പോലീസ് കരുതുന്നത്. ആകാവുന്നിടത്തോളം പീഢനം അവർതന്നെ ഏൽപ്പിക്കുന്നതിനിന്റെ പിന്നിലെ ചേതോവികാരം അതാണ്. “നിന്റെ ജീവിതം തീർന്നെടാ” എന്ന് പല പോലീസുകാരും എന്നെ നോക്കി അലറിയിരുന്നു. അവരുടെ കസ്റ്റഡിയിലെ അനുഭവം എന്നെ വിശ്വസിപ്പിച്ചതും അതാണ്. കൊലപാതകം, ഗൂഡാലോചന, ആയുധ പരിശീലന ക്ലാസ്, സമര പങ്കാളിത്തം എന്നിങ്ങനെ എന്നിലാരോപിക്കപ്പെട്ട ഒരു കുറ്റവും ഞാൻ ചെയ്തിരുന്നില്ല. മേൽക്കുറ്റങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും എനിക്കെതിരെ ഉണ്ടായിരുന്നില്ല. ആദിവാസികൾ നടത്തിയ സമരത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിരുന്നു. രണ്ടുതവണ പത്രപ്രവർത്തകരോടൊപ്പം സമര സ്ഥലം സന്ദർശിച്ചിരുന്നു. യാദൃശ്ചികമായി ഗീതാനന്ദന്റെ ഡയറിയിൽ എന്റെ പേരും ഓഫിസ് ഫോൺ നമ്പറും ഉണ്ടായിരുന്നു. അത് പച്ച മഷിയിലായിരുന്നു എഴുതിയിരുന്നത്. ഇത് മാത്രമാണ് ഞാൻ ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടു മർദ്ദനമേറ്റ് പൊട്ടിയ ചെവിയുമായി അവശനിലയിലാണ് ഞാൻ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കപ്പെട്ടുന്നത്. മർദ്ദനമേറ്റു, ശരീരമാസകലം വേദനയുണ്ട് എന്നൊക്കെ ഞാനദ്ദേഹത്തോട് പറഞ്ഞു. മർദ്ദനമേറ്റ കാര്യം അദ്ദേഹം കേട്ടതായിപ്പോലും നടിച്ചില്ല. കണ്ണൂർ ജയിലിലേക്കയക്കാം അവിടെ പറഞ്ഞാൽ ചികിത്സ കിട്ടും എന്നദ്ദേഹം പറഞ്ഞു. കർണ്ണപുടം പൊട്ടിയ എനിക്ക് ജയിലിൽ ചെന്ന് പത്തു ദിവസം കഴിഞ്ഞാണ് ഹൈക്കോടതി നിർദേശപ്രകാരം ചികിത്സ കിട്ടുന്നത്. അതും എന്റെ ഭാര്യ അഡ്വ. കെ സി എൽദോ മുഖേന എന്റെ ചികിത്സായ്ക്കായി ഹൈക്കോടതിൽ ആവലാതി കൊടുത്തതിനു ശേഷം. നാല് ദിവസം ക്രൂര മർദനമേറ്റ് ജയിലിൽ പോയ രാജ്‌കുമാർ മരിച്ചു എന്ന് കേട്ട് എനിക്കൊരത്ഭുതവും തോന്നിയില്ല. പൊലീസ് കസ്റ്റഡിയിലാവുന്ന ഒരു കേരളീയനെ ആയുസിന്റെ ബലമല്ലാതെ മറ്റൊന്നും രക്ഷിക്കില്ല തന്നെ.

അറസ്റ്റിനു പിന്നാലെ തീവ്രവാദിയും നക്സലൈറ്റുമാണ് ഞാനെന്ന പ്രചാരണം പൊലീസും രാഷ്ട്രീയക്കാരും നടത്തിയിരുന്നു. അതൊന്നും വകവെക്കാതെ എന്നെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത് അന്നത്തെ പ്രതിപക്ഷ നേതാവ് സഖാവ് വി.എസ് അച്ചുതാനന്ദനാണ്. അദ്ദേഹം കണ്ണൂർ ജയിലിൽ വന്ന് എന്നെ നേരിട്ട് കണ്ട് സംസാരിക്കുന്നുണ്ട്. അതിനു ശേഷം ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഞാൻ നിരന്തരം കാണുകയും എന്നെ സഹായിക്കുകയും ചെയ്തത് സഖാവ് വി.എസ്. ആണ്.

കേരള മനുഷ്യാവകാശ കമ്മീഷൻ അന്ന് ഐ ജി യെക്കൊണ്ട് മുത്തങ്ങയിൽ ആദിവാസികൾക്കും മറ്റും ഏറ്റ പോലീസ് അതിക്രമങ്ങളെക്കുറിച്ചു അന്വേഷിപ്പിച്ചു. ഐ ജി സമർപ്പിച്ച റിപ്പോർട്ടിൽ അതിക്രമത്തെക്കുറിച്ചും മർദ്ദനത്തെക്കുറിച്ചുമൊക്കെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇരകൾക്കു ഇടക്കാലാശ്വാസം കൊടുക്കണമെന് ശുപാർശ ചെയ്യുകയും ചെയ്യുന്നുണ്ട്. തുടന്ന് അംഗങ്ങൾ രണ്ട് ചേരിയായി നിന്ന് പോരടിക്കുക മാത്രമാണ് ചെയ്തത്. മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് വിളിച്ച് ഞങ്ങളെയൊക്കെ ചോദ്യം ചെയ്തതല്ലാതെ ഒന്നുമുണ്ടായില്ല. അതൊന്നും ആരാലും അവലോകനം ചെയ്യപ്പെടുകയോ തുടർനടപടികളിലേക്ക് കടക്കുകയോ ചെയ്തില്ല.

2003 ൽ തന്നെ എന്നെ മർദ്ദിച്ചവരിലെ പ്രധാനികളായ ആറ് പൊലീസുകാരെയും ഗവൺമെന്റിനേയും പ്രതി ചേർത്ത് സിവിൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തു. അതിനിടെ സി ബി ഐ എന്നെ കുറ്റവിമുക്തനാക്കിയതിനാൽ ജോലിയിൽ തിരിച്ചുകയറാനായി. മുത്തങ്ങക്കേസുകൾ ഇപ്പോഴും വിചാരണയിലാണെന്നോർക്കണം. ഞാൻ കൊടുത്ത ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പൊലീസുകാർ ഡ്യൂട്ടിയിലായിരുന്നതിനാൽ അവർക്കെതിരെ കേസെടുക്കണമെങ്കിൽ സർക്കാരിന്റെ 197 അനുമതി വേണം. അത് സുപ്രീംകോടതിയുടെ 2008 ലെ
ഓർഡറാണ് പോലും. ഞാൻ കേസ് ഫയൽ ചെയ്തത് 2003 ലാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ കേസ് കൊടുത്തെങ്കിലും അനുകൂലമായ വിധിയുണ്ടായില്ല. പൊലീസ് അതിക്രമത്തിനും കസ്റ്റഡി പീഢനത്തിനുമെതിരെ കോടതിയിൽ നിന്നെനിക്കനുവദിച്ചു കിട്ടിയ നീതി ഇതാണ്. പോലീസ് മർദ്ദനത്തിനും പീഡനത്തിനുമിരയായ മരിച്ച, മനുഷ്യർക്ക് ലഭിക്കാവുന്ന നീതി ഇത് മാത്രമായിരുക്കും എന്നാണ് എന്നെ അനുഭവം പഠിപ്പിച്ചത്. നീതിന്യായ സംവിധാനങ്ങളിൽ എത്തിപ്പെടാൻ, പരാതിപ്പെടാൻ കഴിയാത്ത നിസ്വരുടെ, പാർശ്വവത്കൃതരുടെ, കീഴാളരുടെ അവസ്ഥയെക്കുറിച്ച് ആര് ചിന്തിക്കാൻ? പരാതിപ്പെടാൻ? നടപടിയെടുക്കാൻ? പൊലീസ് അതിക്രമങ്ങൾക്കെതിരായി നടന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾ ഐ ജി ലക്ഷ്മണയായിരുന്നു. സഖാവ് വർഗസിന്റെ കൊലപാതകം ഏറ്റുമുട്ടലല്ലെന്നു അതിൽ പങ്കെടുത്ത രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു കേസെടുത്തത്. ജയിലിൽ പോയ ലക്ഷ്മണയ്ക്ക് കാലാവധി കുറച്ച് ഇളവ് ചെയ്തുവിട്ടുകൊണ്ടാണ് ഗവണ്മെന്റ് തുടർനടപടിയെടുത്തത്. അതിക്രമം നടത്തിയവർക്കും അതിനെ തുടന്ന് ശിക്ഷിക്കപ്പെട്ടവർക്കും സർക്കാർ നൽകുന്ന ഈ കൈത്താങ്ങാകാം ഒരു പക്ഷെ പേർത്തും പേർത്തും അത്യാചാരങ്ങൾ ആവർത്തിക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നതെന്നു കരുതാം.

K K Surendran

K K Surendran

റിട്ടയേർഡ് ഡയറ്റ് അധ്യാപകനാണ് ലേഖകൻ.

View All Articles by K K Surendran

Share Article
Whatsapp Email