
പൗരത്വവും ഹിന്ദുത്വവും
ദേശ രാഷ്ട്ര നിർമ്മിതികൾക്കകത്ത് രൂപീകൃതമായ പൗരത്വം എന്ന സങ്കല്പം എങ്ങനെ മനുഷ്യ രാശിയുടെ സൃഷ്ടിപരമായ സാധ്യതകളെ റദ്ദാക്കിക്കളയുന്നു, അതുമായി ഹിന്ദുത്വ പ്രത്യയശാസ്ത്രം എങ്ങനെ കൈകോർത്തു പ്രവർത്തിക്കുന്നു തുടങ്ങിയ അടിസ്ഥാന സമസ്യകൾ
വിശകലനം ചെയ്യുന്ന ലേഖനം. മനുഷ്യ വംശത്തിനു ഉൾക്കാഴ്ചയും നീതിപൂർവ്വവുമായ ഒരു ജീവിത പരിസരവും ഒരുക്കാൻ ശേഷിയുള്ള കീഴാള സംസ്ക്കാരത്തെയും ഭാവനയെയും ലിബറൽ ജനാധിപത്യ സംവിധാനം എങ്ങനെ ബഹിഷ്‌ക്കരിക്കുന്നുവെന്നും നീതി- ലിബറലും കീഴാളവും എന്ന ലേഖനത്തിന്റെ തുടർച്ചയായി എ കെ രവീന്ദ്രൻ എഴുതുന്നു.
നീതി- ലിബറലും കീഴാളവും വായിക്കാം
പൗരത്വത്തിലെ ആന്തര വൈരുധ്യങ്ങൾ മൂർച്ഛിക്കുമ്പോൾ വംശീയതയും പുനരുദ്ധാന (Revivalist) പ്രവവണതകളും പുറത്തു വരുന്നു. നവ ഹിന്ദുത്വം അങ്ങനെയൊന്നാണ്. യാഥാസ്ഥിതിക ഹൈന്ദവ (ബ്രാഹ്മണിസ്റ്റ് ) മൂല്യങ്ങൾ ആധുനിക പൗരത്വവുമായി സംയോജിച്ചുണ്ടാവുന്നത്.
പൗരത്വവും ഹിന്ദുത്വവും ഒരുപോലെ അമൂർത്ത സങ്കൽപ്പനങ്ങളാകുന്നു. സമൂർത്ത യാഥാർഥ്യങ്ങൾക്ക് മേലുള്ള മൂടുപടങ്ങൾ. ശുദ്ധാശുദ്ധിയുടെ ജാതി ശ്രേണികൾക്ക് അലങ്കാരമാകുന്ന വിശാല മേലങ്കികൾ. നിക്ഷ്പക്ഷതയുടെയും വിരക്തിയുടെയും മറുഭാഷകൾ സ്വായത്തമായുള്ളവ. പ്രതിനിധാനങ്ങളുടെ സത്യപ്രതിജ്ഞകളിലൂടെ ആത്മവഞ്ചനയ്ക്ക് ആധികാരികത നൽകുന്നവ. ‘വികസന’ത്തിന്റെയും ‘വിജയ’ത്തിന്റെയും മൂലധന താൽപ്പര്യങ്ങൾക്ക് സ്വയം പണയപ്പെടുത്തുന്നവ. ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി വർത്തിക്കാനാകുന്നവ.
കീഴാള ജനതകളിൽ ‘സഹജ’മായുള്ള മാനുഷിക ബന്ധങ്ങൾക്കകത്ത് നീതി നടപ്പാക്കാനുള്ള കഴിവോ ധൈര്യമോ ഇല്ലാത്തതിനാൽ ദേശരാഷ്ട്രത്തിനകത്ത്, ഗാർഹിക സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങൾക്കു പുറത്ത്, ഒരമൂർത്ത പൗരത്വം സങ്കൽപ്പിച്ച് അതിലൂടെ ‘നിയമാനുസൃതം’ യാന്ത്രികമായി ‘തുല്യ നീതി’ നടപ്പാക്കാനുള്ള ശ്രമമുണ്ട് ലിബറൽ ജനാധിപത്യത്തിൽ. തികച്ചും ഔപചാരികവും അമൂർത്തവുമായ നീതിനിർവ്വഹണ സങ്കല്പമാണിത്. ഇന്ത്യൻ കുടുംബ ബന്ധങ്ങൾക്കകത്തേക്ക് അതിനു കടന്നുവരാനുള്ള പ്രയാസവും മറ്റൊന്നല്ല. ‘സ്ത്രീധന നിരോധന നിയമം’ ഉൾപ്പെടെയുള്ള ഗാർഹിക പീഡന വിരുദ്ധ നിയമങ്ങൾക്ക് ഒരു നോക്കുകുത്തിയായി, ഒരു മുന്നറിയിപ്പായി നിൽക്കാനെ കഴിയുന്നുള്ളൂ. ഇന്ത്യൻ കുടുംബങ്ങളിൽ ‘ദാമ്പത്യത്തിനകത്തെ ബലാത്സംഗം നിയമപരമായി പരിഹരിക്കുക’ എന്നതിന് ബോധവൽക്കരണത്തിൽ കവിഞ്ഞ ഭാഗധേയം നിറവേറ്റാനാകുമെന്ന് സുപ്രീം കോടതി ജഡ്‌ജുമാർ പോലും കരുതുന്നില്ല.
നീതി നിർവ്വഹണത്തിലെ ഈ അമൂർത്തതയെ സംവരണം മുതലായവയിലൂടെ ഒട്ടൊക്കെ മറികടക്കാൻ കഴിയുമെന്ന് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ മേൽത്തട്ട് താൽപ്പര്യങ്ങൾ കീഴ്ത്തട്ട് സമുദായ സംവരണം ഉൾപ്പടെയുള്ള ഈ ജനാധിപത്യ മൂല്യങ്ങളെത്തന്നെ തുടർച്ചയായി അട്ടിമറിച്ചുകൊണ്ടേയിരിക്കുന്നു. വർണ്ണ വ്യവസ്ഥയുടെ അതിജീവന ശേഷി അത്രമേൽ ശക്തവും തീവ്രവുമാണ്. പൗരത്വ ശൈഥില്യം അതിനകത്തെ വംശീയവും മതപരവുമായ തീവ്രതയോടെ പുറത്തു കടക്കാൻ വഴിയൊരുക്കുന്നു. വ്യക്തി ശരീരത്തിലെ ശിഥില പൗരത്വം രോഗാതുരമെന്നതിനേക്കാൾ ‘തീവ്ര പൗരത്വ’ മോ ‘തീവ്ര ദേശീയത’യോ ആയാണ് കാണപ്പെടുന്നത്.
‘തീവ്ര ദേശീയത’പോലെ ‘തീവ്ര പൗരത്വം’ എന്നൊരു പ്രയോഗം എന്തുകൊണ്ട് പ്രചാരത്തിലില്ല? പൗരത്വം എന്നത് വൈയക്തികമായതിനാൽ അത് ഏകമാനമോ ഏകശിലാരൂപമോ ആണെന്ന തെറ്റിദ്ധാരണയാണ് പൊതുവിലുള്ളത്. ‘പുര’ (സിറ്റി)ത്തെയും പൗരുഷത്തെയും മുൻനിർത്തിയുള്ള ഒരധികാര പദവിയാണത്. ഒരിക്കലും ‘തുല്യത’ സാധ്യമാകാത്തവിധം ശ്രേണീബദ്ധമായ ഒന്ന്. ഗ്രാമീണ പൗരത്വം, ബാല പൗരത്വം, പെൺ പൗരത്വം തുടങ്ങിയ പ്രയോഗങ്ങൾ യഥാർത്ഥത്തിൽ സ്വയം നിഷേധാത്മകമാവുന്നു.
രണ്ടാം ലോക യുദ്ധത്തിന് ശേഷം ഏറ്റവും വിലപിടിച്ചതും ഭീകരമാംവിധം ശക്തവുമായ പൗരത്വ പദവി കയ്യാളുന്നത് അമേരിക്കൻ പൗരത്വമാണ്. മറ്റു രാഷ്ട്രങ്ങളുടെ ‘സ്വന്തന്ത്ര പരമാധികാര’ത്തെ അട്ടിമറിക്കാൻ യാതൊരു മടിയും കാണിക്കാത്ത ഭീകര പൗരത്വമാണത്. മനുഷ്യരുൾപ്പടെയുള്ള ജൈവ പ്രകൃതിക്ക് നേരെ അണുബോംബ് വർഷിക്കാൻ പോലും തയ്യാറായ ഈ രാഷ്ട്രത്തെയും അതിന്റെ പൗരത്വത്തെയും ഭീകര മുദ്ര ചാർത്താൻ പൊതുവേ ആരും തയ്യാറാകാത്തത് ജനാതിപത്യ’ത്തിനു സഹജമായുള്ള കപട മുഖാവരണം സർവ്വരും സ്വാംശീകരിച്ചിരിക്കയാലാണ് എന്നുവേണം കരുതാൻ.
വിരാട് പുരുഷന്റെ മുഖം, ബാഹുക്കൾ, ഊരുകൾ, പാദങ്ങൾ എന്നിവയിൽ നിന്നും പാപയോനികളിൽ നിന്നും യഥാക്രമം താഴേക്ക് ശ്രേണീ ബദ്ധമായി ജനിക്കുന്നവരെന്ന് മുദ്ര ചാർത്തപ്പെടുന്നവരെല്ലാം ‘ഹിന്ദുത്വ’ത്താൽ തുല്യരാണെന്ന് പറയുന്നതിലെ കാപട്യവും മറ്റൊന്നല്ല.
വർണ്ണവ്യവസ്ഥക്ക് ലിബറൽ ജനാധിപത്യത്തിൻ്റേതായ ‘തുല്യനീതി’ സങ്കല്പ്‌പത്തെ ഫലപ്രദമായി മറികടക്കാനാവുമെന്ന് അംബേദ്‌കർ തിരിച്ചറിയുന്നുണ്ട്. തൊഴിലാളി വർഗ്ഗാധിഷ്‌ഠിതമായ ‘സോഷ്യലിസ്റ്റ് തുല്യതാ’ സങ്കല്‌പത്തെ അതിജീവിക്കാനും ജാതിവ്യവസ്ഥക്കു കഴിയുമെന്ന് അംബേദ്‌കർ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് ബൗദ്ധ ധാർമ്മികതയിൽ അദ്ദേഹം അഭയം തേടുന്നത്. ഗാന്ധിയിലേക്കും കീഴാള മാർക്‌സിലേക്കുമുള്ള അംബേദ്‌കറുടെ ചിന്താവ്യതിയാനമായി ഇതിനെ നോക്കിക്കാണാനാവും. മുകളിൽ നിന്നുള്ള നീതിനിർവ്വഹണത്തിനു പകരം അടിത്തട്ടു ജനതയുടെ സ്വത്വബോധത്തിലും സ്വാശ്രയത്ത്വത്തിലും ഊന്നിനിന്നുകൊണ്ടുള്ള നീതിബോധമായി ഈ ചിന്താവ്യതിയാനത്തെ സ്ഥാനപ്പെടുത്താവുന്നതാണ്.
‘പൗരത്വ’ സങ്കല്പം ഭാവിക്കുന്നത് ദേശരാഷ്ട്രത്തിന്റേതല്ലാത്ത മാനുഷിക ബന്ധങ്ങളെല്ലാം ബന്ധനങ്ങളാണെന്നാണ്. ദേശരാഷ്ട്രത്തിനകത്ത് എല്ലാവരും (എല്ലാ ഭാരതീയരെയും പോലെ) ‘സഹോദരീസഹോദരന്മാരാ’കുന്നു. രാജ്യസ്നേഹം, രാജ്യദ്രോഹം, രാജ്യരക്ഷ, ദേശീയ ഐക്യം, രാഷ്ട്രസേവനം, രാഷ്ട്രനിർമ്മാണം, കരുത്തുറ്റ രാഷ്ട്രം, ഒരൊറ്റ രാഷ്ട്രം, ഒരൊറ്റ നീതി, രാഷ്ട്രീയം തുടങ്ങിയ ആധുനിക പരികല്‌പനകളൊക്കെത്തന്നെ ‘നാഗരിക പൗരത്വം’ ഒഴികെയുള്ള സർവ്വമാന മാനുഷിക ബന്ധങ്ങളെയും അപ്രധാനമോ അവഗണനീയമോ അടിമത്തപരമായ ബന്ധനങ്ങളോ ആയി നോക്കി ക്കാണാൻ പ്രേരിപ്പിക്കുന്നവയത്രേ! രാഷ്ട്രത്തിനുവേണ്ടിയാണ്, അഥവാ ആകണം, ഈ സങ്കല്‌പത്തിനകത്ത് സ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ‘അമ്മ’ മാരാകുന്നതും. സ്ത്രീകൾ പ്രസവിക്കുന്നത് മനുഷ്യരെ എന്നതിനെക്കാൾ ഭാവി പൗരരെയാകുന്നു. ‘ഇന്നത്തെ ശിശു നാളത്തെ പൗരൻ.’
ലോകമാസകലം ‘പൗരത്വം’ തീവ്ര ദേശീയതകൾക്ക് ജന്മം നൽകുന്ന സന്ദർഭമാണിത്. നവമൂലധനം ദേശാതിർത്തികൾ ഭേദിച്ച് ഒഴുകികൊണ്ടിരിക്കുമ്പോൾ അധ്വാനത്തെ അതിർത്തികളിൽ വേലികെട്ടി തടയേണ്ട ലോകസാഹചര്യം നിലവിലുണ്ട്. അധ്വാനവും മൂലധനവും തമ്മിലുളള ഈ വൈരുധ്യം പുതിയ അധികാര കേന്ദ്രീകരണങ്ങൾക്കും ഇടനൽകുന്നുണ്ട്. ചൈന ഇക്കാര്യത്തിൽ ഒരു മാതൃകയാണ്. അതിർത്തിവേലികൾക്കപ്പുറം ഓരോമനുഷ്യന്റെയും ദേശരാഷ്ട്രക്കൂറ് ‘പ്രത്യയശാസ്ത്രപരമായി’ പരിശോധിച്ചു ബോധ്യപ്പെടലാണ് പ്രധാനമെന്ന് ചൈന അനുശാസിക്കുന്നു. ഓരോ പൗരനും ഓരോ നിമിഷവും നിരീക്ഷിക്കപ്പെടേണ്ടത് (surveillance) അനിവാര്യമാകുന്ന അവസ്ഥയാണിത്. ഇതില്ലാതെ മൂലധനത്തിന് മൂലധനമായി തുടരാനാവാത്ത സാഹചര്യമുണ്ട്. ചാർളി ചാപ്ലിൻ ‘മോഡേൺ ടൈയിംസിൽ’ ദീർഘദർശനം ചെയ്യുന്ന അതേ അവസ്ഥ!
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ‘ഹിന്ദുത്വ’ത്തിന് തഴച്ചുവളരാൻ പറ്റിയ സാഹചര്യം കൂടിയാണിത്. ചൈനയിലെ കമ്മ്യൂണിസ്റ്റു രക്ഷാകവചം പോലെയാണ് കോർപ്പറേറ്റു മൂലധനത്തിന് ഇന്ത്യയിലെ ‘ഹിന്ദുത്വം’. രണ്ടും ഒരു പോലെ മതാത്മകമായ മയക്കുമരുന്നുകൾ. ചൈനയുടേതിൽ നിന്ന് വ്യത്യസ്തമായി, ‘ഹിന്ദുത്വ’വും ‘ഇന്ത്യൻ പൗരത്വ’വും പരസ്‌പരം വെച്ചുമാറാവുന്ന ദുരവസ്ഥയുണ്ടെന്നത് പക്ഷെ കൂടുതൽ ഗൗരവമർഹിക്കുന്നു. യഥാർത്ഥ അസമത്വങ്ങളെ കാണാതെയും കണക്കിലെടുക്കാതെയും ഉള്ള ‘തുല്യപൗരത്വ’മാകുന്നു ‘ഹിന്ദുത്വം’. പൗരത്വത്തിലും ഹിന്ദുത്വത്തിലും ജനനമാണ് ഓരേയൊരു സാധൂകരണം. ലിബറൽ ജനാധിപത്യത്തിൻ്റെ പൗരത്വ സങ്കല്പത്തെ ജാതിവ്യവസ്ഥ സ്വാംശീകരിച്ച് അതിജീവിക്കുന്നതിങ്ങനെ.
നാരായണ ഗുരുവിൻ്റെ ‘സാഹോദര്യ’വുമായി ദേശരാഷ്ട്രത്തിനകത്തെ ‘പൗരത്വ സാഹോദര്യം’ എപ്രകാരം യോജിച്ചുപോകുന്നു എന്നതിനെക്കാൾ എപ്രകാരം വിയോജിച്ചിരിക്കുന്നു എന്നതിന് പ്രാധാന്യം കിട്ടുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്നിന്റേത്. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന’ത്തെ തമസ്‌കരിക്കാനും അതിന് എതിർ നിൽക്കാനുമാണ് ഇക്കാലം ‘ദേശരാഷ്ട്ര പൗരത്വം’ ഇടവരുത്തുന്നത്. പൗരത്വത്തെ ‘ഹിന്ദുത്വ’ത്തിലേക്ക് പരിഭാഷപ്പെടുത്താനാകുന്നതോടെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ജാതീയവും ലിംഗപരവുമായ ബ്രാഹ്മണിസ്റ്റ് വിലക്കുകൾക്കും അധീശാധികാരത്തിനും സാധൂകരണം കിട്ടുകയാണല്ലോ. ജാതിവ്യവസ്ഥയെയും മൂലധനത്തെയും ചോദ്യം ചെയ്യാതുള്ള ലിംഗസമത്വവാദമാണ് ‘തുല്യ പൗരത്വ’വും ‘ഹിന്ദുത്വ’വും ഒരുപോലെ മുന്നോട്ടുവെക്കുന്നത്. യൂറോപ്യൻ പുരുഷനാണ് ‘പൗരത്വ’ത്തിൻ്റെ അടിസ്ഥാന മാനദണ്ഡമെങ്കിൽ ബ്രാഹ്മണ പുരുഷനാകുന്നു ‘ഹിന്ദുത്വ’ത്തിൻ്റെ മാതൃകാ മനുഷ്യൻ. ‘വിശ്വാസ’ത്തിന്റെ അളവുകോൽ നിർണ്ണയിക്കുന്നതും അയാൾ തന്നെ!
‘സ്വജനപക്ഷപാതം’ ഒഴിവാക്കാനെന്ന വ്യാജേന സ്വന്തം കണ്ണുകെട്ടിക്കൊണ്ടുള്ള ലിബറൽ ജനാധിപത്യത്തിൻ്റെ നീതിവിർവ്വഹണവും ‘സ്വജനസങ്കല്പം’ തന്നെ പ്രശ്‌നവൽക്കരിച്ചുകൊണ്ടുള്ള ഭഗവദ് ഗീതയിലെ ‘ധർമ്മോപദേശ’വും തമ്മിലെ സാമ്യം ചെറുതല്ല. ബന്ധുക്കളെന്നോ ഗുരുക്കന്മാരെന്നോ നോക്കാതെ, മുഖം നോക്കാതെ. വിരക്തഭാവത്തോടെ കർമ്മം ചെയ്യണമെന്ന കൃഷ്‌ണോപദേശവും കണ്ണും കെട്ടി നീതി നിർവ്വഹിക്കണമെന്ന ലിബറൽ ജനാധിപത്യ പൗര ബോധവും ഒരുമിക്കുമ്പോൾ ഉണ്ടാകുന്നതാകുന്നു ‘ഹിന്ദുത്വ ഫാസിസം’. സ്നേഹം, കാരുണ്യം, സഹനം, ത്യാഗം തുടങ്ങിയ കീഴാള പരസ്‌പരാശ്രിത മൂല്യങ്ങൾ ഇതോടെ ബഹിഷ്‌കൃതമാകാതെ വയ്യ. മുകളിൽ നിന്നുള്ള ‘രാഷ്ട്രീയനോട്ട’ത്തിൽ അവയെല്ലാം
അജ്ഞാനത്തിൻ്റെയും അടിമത്തത്തിൻ്റെയും ലക്ഷണങ്ങളാണല്ലോ!
മനുസ്‌മൃതിയുടെ കാലത്തെ വർണ്ണവ്യവസ്ഥയിൽ പുരുഷാധിപത്യവും ആൺകോയ്‌മയും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നില്ലെന്നു ഊഹിക്കാം. അത്രയും അടഞ്ഞതും ജനനത്താൽ ഉറപ്പിക്കപ്പെട്ടതും മനുഷ്യ ശരീരത്തിലെ തലയും കൈകളും തുടകളും പാദങ്ങളും പോലെ പരസ്‌പര ബന്ധിതവും ആയിരുന്നുവല്ലോ ചാതുർവർണ്ണ്യം. എന്നാൽ പുതിയ ഹിന്ദുമതത്തിലെ ബ്രാഹ്മണ്യം (നവബ്രാഹ്മണ്യം) യൂറോപ്യൻ ലിബറൽ മൂലധനവുമായി കൂട്ടു ചേർന്നുണ്ടായ ഒരു രാഷ്ട്രമത (മതരാഷ്ട്ര) സങ്കല്‌പമാണ്. ഇവിടെ സ്ത്രീ-പുരുഷ സമത്വമെന്നത് മൂലധന-ഭരണകൂട ആൺകോയ്മാ താത്പര്യങ്ങൾക്കകത്ത്, അവയുടെ രക്ഷാധികാരത്തിൽ, കുടുംബം ഉൾപ്പെടെയുള്ള അടിസ്ഥാനതല ഏകകങ്ങളിൽ മുകളിൽ നിന്ന് നടപ്പിലാക്കേണ്ട ഒന്നായാണ് വിഭാവന ചെയ്യുന്നത്. ‘സ്ത്രീവാദ’ത്തിന്റെതായ ഈ ലിംഗസമത്വ സങ്കല്പം ആൺകോയ്മയെ ശക്തിപ്പെടുത്തുന്നതും സ്ത്രീയെ പുരുഷനിലവാരത്തിലേക്ക് ആവശ്യാനുസരണം ‘ശാക്തീകരി’ക്കുന്നതും ആണെന്ന് കാണാതിരിക്കുന്നതിൽ കഥയില്ല.
മുടന്തനായ ‘പുരുഷൻ’ അന്ധയായ ‘പ്രകൃതി’ യുടെ ചുമലിൽ കയറിയിരുന്ന് ‘അവളെ’ തൻ്റെ താത്പര്യപ്രകാരം നയിക്കുന്ന ഒരു രൂപകമുണ്ട് കപിലന്റെ ‘സാംഖ്യകാരിക’യിൽ. ജനനവുമായി ബന്ധപ്പെട്ട് കീഴാളരായ ജനവിഭാഗങ്ങൾ ഒക്കെത്തന്നെ സ്വന്തം കാലിൽ നിൽക്കാനും നടക്കാനും കഴിയുംവിധം ഭൂബന്ധമുള്ളവരാകയാൽ ‘പ്രകൃതി’യിൽ ഉൾപ്പെടും. കീഴാളസ്വത്വബോധം ഇല്ലാത്തതിനാൽ അന്ധയായ ഈ ‘പ്രകൃതി’ സ്വന്തമായ നിലനില്പ്‌പില്ലാത്ത, നേരിട്ട് ഭൂബന്ധമില്ലാത്ത, ദ്വിതീയ സംവർഗ്ഗങ്ങളാൽ നയിക്കപ്പെടുകയാണിന്ന്. ദ്വിതീയ സംവർഗ്ഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ‘പുരുഷ’ ൻ്റെ നിലംതൊടായ്‌മയെക്കുറിച്ചുള്ള അവബോധവും കീഴാള സ്വത്വബോധത്തിൻ്റെ ഭാഗമാണ്. പൗരത്വത്തിനെതിരെ മനുഷ്യത്വത്തിന്റെയും കൂലിവേലക്കെതിരെ കൂലിക്കതീതവും അമൂല്യവുമായ മാനുഷികാവിഷ്കാരങ്ങളുടെയും രചനാത്മകമായ നിരന്തര ചെറുത്തുനിൽപാണ് കീഴാള സ്വത്വബോധം. ‘ശീലാവതി’മാർ രോഗാതുരമായ ഭോഗാസക്തിയെ തലയിലേറ്റി നടക്കാൻ വിസ്സമ്മതിക്കുമോ എന്നതാണ് കാതലായ പ്രശ്നം.
കരുണയില്ലാത്ത ലോകത്തിൻ്റെ ‘കാരുണ്യം’ മാത്രമല്ല; കരുണയുള്ള ലോകത്തിൻ്റെ ‘യഥാർത്ഥ കാരുണ്യം’ കാണാൻ കൂടി കഴിവുള്ള ഒരു ‘കീഴാള മാർക്‌സ്’ സാധ്യവും അനിവാര്യവും ആകുന്ന ലോകസാഹചര്യങ്ങളിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്.
Endnotes
കേരളീയ നവോത്ഥാനം ഹൈന്ദവ നവോത്ഥാനമല്ലെന്ന കാരണത്താൽ ‘ജ്ഞാനോദയമോ’ ‘അറിവൊളിയോ’ ആണെന്ന അഭിപ്രായങ്ങളുണ്ട്. ശ്രമണ പാരമ്പര്യവും മധ്യകാല ഭക്തിപ്രസ്ഥാനത്തിന്റെ ചില ധാരകളുടെ സ്വാധീനവും പ്രകടമായുള്ള ശ്രീനാരായണ പ്രസ്ഥാനം നവോത്ഥാനമായിരുന്നില്ലെന്നു പറയുന്നതിൽ കഴമ്പില്ല. ജ്ഞാനോദയമോ അറിവൊളിയോ എന്നതിനേക്കാൾ ‘കീഴാള ഉയിർത്തെഴുന്നേൽപ്പ്’ ആയിരുന്നോ എന്നതാണ് കാതലായ കാര്യം.
(അവസാനിക്കുന്നില്ല)
