
മാർക്സോ അംബേദ്കറോ മൂലധനത്തിന് വെല്ലുവിളി?
മാർക്സിലൂടെ അംബേദ്കറെ വായിക്കുന്നതും അംബേദ്കറിലൂടെ മാർക്സിനെ വായിക്കുന്നതും രണ്ടു വ്യത്യസ്ത വ്യവഹാരങ്ങളുകുന്നു. പരസ്പരവിരുദ്ധമാണ് രണ്ടിന്റെയും ദിശാബോധം. സാമൂഹ്യ നീതി, ജനാധിപത്യം, കീഴാള സ്വരാജ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച എ കെ രവീന്ദ്രന്റെ കുറിപ്പുകൾ.
മാർക്സിലൂടെ അംബേദ്കറെ വായിക്കുന്നതും അംബേദ്കറിലൂടെ മാർക്സിനെ വായിക്കുന്നതും രണ്ടു വ്യത്യസ്ത വ്യവഹാരങ്ങളുകുന്നു. പരസ്പരവിരുദ്ധമാണ് രണ്ടിന്റെയും ദിശാബോധം. മർദ്ദിത ജനതയുടെ വിമോചനം ഇരുവരും യുക്തിസഹമായിത്തന്നെ സ്വപ്നം കണ്ടിരുന്നു എന്നത് വാസ്തവം. എന്നാൽ, ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായി, സ്ഥലകാല വ്യത്യസ്തതകൾ മൂലം ഇരുവരും കണ്ടെത്തിയ നിർവ്വാഹകശക്തികൾ വ്യത്യസ്തങ്ങൾ. മാർക്സ് കണ്ടെത്തിയത് യൂറോപ്യൻ തൊഴിലാളിവർഗ്ഗത്തെ; അംബേദ്കർ ആശ്രയിച്ചതാകട്ടെ ഇന്ത്യയിലെ അധഃസ്ഥിത ജനവിഭാഗങ്ങളെ. മൂലധനവുമായുള്ള ബന്ധം മുൻനിർത്തി ചിന്തിക്കുമ്പോൾ ഈ രണ്ടു നിർവ്വാഹകശക്തികളിലെയും കർത്തൃത്വങ്ങൾക്കു താത്പര്യവൈരുദ്ധ്യമുണ്ടെന്നു മനസ്സിലാക്കാൻ ഇക്കാലത്തു യാതൊരു ബുദ്ധിമുട്ടുമില്ല. അടിസ്ഥാനപരമായ ഈ വൈരുദ്ധ്യം വിസ്മരിച്ചുകൊണ്ട് അക്കാദമിക് നിഷ്പക്ഷതാഭാവത്തോടെ ഇരുവരെയും കൂട്ടിയിണക്കുന്നു എന്ന വ്യാജേന മാർക്സിനു കീഴിലായി അംബേദ്കറെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കാണാം.
കറുത്തവരുടെ അധ്വാനത്തെ, അധ്വാനത്തിന്റെ സ്വതന്ത്ര പദവിയിലേക്ക് ഉയർത്തുക എന്നത് അസാധ്യമായി തുടരുന്നിടത്തോളം കാലം അധ്വാനത്തിന്റെ വിമോചനം അസാധ്യമാണെന്നു മാർക്സ് കരുതിയിരുന്നതായി ഇക്കൂട്ടർ പറയുന്നു. യൂറോപ്യൻ തൊഴിലാളി വർഗ്ഗത്തിന്റെ അധ്വാനം, ജന്മനാ മുദ്രിതമാകുന്ന വർണ്ണ-വംശ-ജാതി-ലിംഗ സ്വത്വവിഭാഗങ്ങളുടെ സ്വത്വപരമായ അധ്വാനത്തിൽ നിന്ന്, എത്രകണ്ട് സ്വതന്ത്രമായിരുന്നു അല്ലെങ്കിൽ ആണ് എന്ന ചോദ്യമത്രെ ഇന്ന് എന്നത്തേക്കാളും പ്രസക്തം. മാർക്സ് കരുതിയിരുന്നതുപോലെ തൊഴിലാളിവർഗ്ഗത്തിന്റേത് സ്വതന്ത്രപദവിയുള്ള ഉയർന്നതരം അധ്വാനമാണോ? അതൊരു ‘വസ്തുത’ എന്നതിനെക്കാൾ ‘പ്രതീതി’ മാത്രമല്ലേ? ഇതു മനസ്സിലാക്കാൻ മിച്ചമൂല്യത്തിന്റെ ഉത്പാദനത്തിൽ ജന്മനാമുദ്രിതമാകുന്ന കീഴാള സ്വത്വവിഭാഗങ്ങളുടെ കൂലിക്കതീതമായ വേല (കൂലിവേലയുടെ കാഴ്ചപ്പാടിലാണ് അത് ‘കൂലിയില്ലാവേല’യാകുന്നത്), തലമുറകളായുള്ള സഹനം, ത്യാഗം, പരസ്പരസ്നേഹം, കാരുണ്യം, പ്രത്യുത്പാദന പ്രവർത്തനങ്ങൾ തുടങ്ങിയവക്കും അതിജീവനത്തിനായുള്ള ചെറുത്തുനില്പ്പുകൾക്കും എത്രമേൽ മൗലിക പ്രാധാന്യമുണ്ടെന്ന് അന്വേഷിക്കണമെന്നേയുള്ളൂ. കറുത്തവർ, സ്ത്രീകൾ മുതലായ അധഃസ്ഥിത വിഭാഗങ്ങളുടെ സ്വത്വപരമായ അധ്വാനം താഴേക്കിടയിലുള്ളതോ അധമമോ ആണെന്നും യൂറോപ്പിലെ വെളുത്ത പുരുഷന്മാരുടെ അളക്കാവുന്നതും വിലയിടാവുന്നതുമായ പരിഷ്കൃത അധ്വാനം ഉയർന്നതും സ്വതന്ത്രവുമാണെന്നും കരുതുന്ന കൊളോണിയൽ ആധുനികതയുടെ സ്വാധീനം മാർക്സിനെ വിട്ടൊഴിയുന്നില്ലെന്നോർക്കുക.
‘അടിമത്തം’ ‘സ്വാതന്ത്ര്യം’എന്നീ പരികല്പനകൾ ഇവിടെ ലംബമാന വികസന സങ്കല്പത്തിന്റെ ഭാഗമാകുന്നു. പ്രകൃതിദത്ത ജൈവിക പരാധീനതകളിൽ നിന്നകലും തോറും തൊഴിലുകൾ വ്യക്തികൾക്ക് തിരഞ്ഞെടുക്കാനാവും വിധം വിഭജിതവും സ്വതന്തവുമാകുമെന്ന സങ്കല്പമാണത്. പ്രകൃതിയെ ഇപ്രകാരം അടിമത്തത്തിന്റെ ആധാരമായി കാണണമോ അതോ മനുഷ്യരുടെ ആശ്രയവും അനുഗ്രഹവുമായി കാണണമോ എന്നിടത്താണ് ‘ധാർമ്മികത’യുടെ പ്രസക്തി.
“കറുത്ത അധ്വാന’ത്തിന്റെ വിമോചകദൗത്യം ‘വെളുത്ത അധ്വാന’ത്തിന്റെ ചുമതലയായി കരുതുകവഴി മാർക്സ് നിഷേധിക്കുന്നത് കീഴാള കർത്തൃത്വങ്ങളെയാണ്. തൊളിലാളിവർഗ്ഗ നേതൃത്വത്തിലൂടെ ജാതി-ലിംഗ സ്വത്വങ്ങൾ സ്വാഭാവികമായി വിമോചിതമാകുമെന്ന കമ്മ്യൂണിസ്റ്റു ധാരണയുടെ അടിസ്ഥാനവും മറ്റൊന്നല്ല. പ്രതിനിധാന ഹിംസയിലൂടെ തൊഴിലാളി വർഗ്ഗേതര കീഴാള കർത്തൃത്വങ്ങളെ തമസ്കരിച്ചും അടിച്ചമർത്തിയും അവയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കുകയെന്ന കമ്മ്യൂണിസ്റ്റു രീതി ലോകമെമ്പാടും നടപ്പായത് അങ്ങനെയാകുന്നു.
അംബേദ്കറാകട്ടെ, ജാതി ഉന്മൂലനത്തെ തൊഴിലാളിവർഗ്ഗം പോലുള്ള ഏതെങ്കിലും ബാഹ്യ ഏജൻസിയിലൂടെ സാധ്യമാകേണ്ടതോ സാധ്യമാകാവുന്നതോ ആയല്ല കണ്ടത്. ജാതിവ്യവസ്ഥക്കുളിൽ നിന്നുതന്നെ ജാതി ഉന്മൂലനക്ഷമമായ കീഴാള കർത്തൃത്വങ്ങൾക്കു വളർന്നു വരാനാകുമെന്ന ആത്മവിശ്വാസവും ആത്മാഭിമാനവും അംബേദ്കർ ചിന്തകളുടെ പൊതുസ്വഭാവമാകുന്നു. അദ്ദേഹം ജാതീയമായ അടിമത്തത്തെ വർഗ്ഗപരമായ അടിമത്തത്തിന്റെ കൂടി അടിസ്ഥാനമായാണ് കണ്ടത്. മേൽക്കൂരയായോ ആശ്രിതത്വം ഇല്ലാത്തവിധം ഭൂതകാലാവശിഷ്ടമായോ അല്ല. കീഴാള സ്വത്വ വിഭാഗങ്ങളുടെ അധ്വാനത്തെയും ജീവിതാവിഷ്കാരങ്ങളെയും കൂലിത്തൊഴിലാളികളുടെ അധ്വാനത്തെ അപേക്ഷിച്ച് പ്രാകൃതമോ അധമമോ അസ്വതന്ത്രമോ ആയി കാണുന്നില്ല. കൂലിയടിമത്തത്തിലൂടെ വിലയ്ക്കുവാങ്ങാനാവാത്ത വിധം അമൂല്യമായതിനാലാണല്ലോ നഗ്നമായ അടിമത്തം സാധ്യവും ആവശ്യവുമാകുന്നത്. കൊളോണിയൽ ആധുനികതയ്ക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത കാഴ്ചപ്പാടാണിത്. ഇക്കാര്യത്തിൽ അംബേദ്കറുമായി അടുപ്പം പുലർത്തുന്നയാൾ മാർക്സല്ല; ഗാന്ധിയത്രെ!
കീഴാള സ്വത്വവിഭാഗങ്ങളുടെ അധ്വാനത്തെ നാഗരികവും പരിഷ്കൃതവുമായ അധ്വാനത്തെ അപേക്ഷിച്ച് പ്രാകൃതമോ അധമമോ അതിൽത്തന്നെ അസ്വതന്ത്രമോ ആയി കാണാൻ ഗാന്ധി വിസ്സമ്മതിച്ചുവെങ്കിലും അവയെ വലയം ചെയ്തിരിക്കുന്ന അടിമത്തത്തെ ഉന്മൂലനം ചെയ്യാൻ അവയ്ക്കുള്ളിൽ നിന്നുതന്നെ അവബോധപരമായ കർത്തൃത്വം ഉയർന്നു വരുമോ എന്ന കാര്യത്തിൽ അദ്ദേഹം സംശയാലുവായിരുന്നു. കൂലിവേലയിലൂടെ മാത്രമേ കൂലിക്കതീതമായ അധ്വാനത്തിന്റെ വിമോചനം സാധ്യമാവൂ എന്ന മിഥ്യാബോധം കീഴാള വിഭാഗങ്ങൾ അത്രമേൽ ശക്തമായി സ്വാംശീകരിച്ച പൊതു ബോധമാണല്ലോ. മേൽത്തട്ടു വിഭാഗങ്ങളുടെ മനഃപരിവർത്തനത്തെ ആധാരമാക്കി ‘ഹരിജനോദ്ധാരണ’വും അയിത്തോച്ഛാടനവും ഗാന്ധി ഉയർത്തിപ്പിടിച്ചത് അതുകൊണ്ടാണ്. ശ്രേണീബദ്ധമായ പഴയ അയിത്തവും ആധുനിക അധികാരഘടനയും അഭിന്നമാണെന്ന ഉൾക്കാഴ്ച അയിത്തോച്ഛാടനത്തിനു പുറകിലുണ്ട്.
ആധുനികത തൊഴിലുകളെ മാത്രമേ അയിത്തമുക്തമാക്കുന്നുള്ളൂ. തൊഴിലെടുക്കുന്നവരെ അത് ഒരേസമയം പഴയതും പുതിയതുമായ അയിത്തവ്യവസ്ഥയ്ക്കു കീഴ്പ്പെടുത്തുകയാണ്. അയിത്തോച്ഛാടനമെന്നത് ഗാന്ധിക്ക് അധികാരത്തിന്റെ ഉച്ഛാടനം കൂടി ആയിരുന്നു എന്നർത്ഥം. അധികാരത്തിലെ, അതായത് അയിത്തത്തിലെ, പങ്കാളിത്തം മുൻനിർത്തിയല്ലാതുള്ള ‘അയിത്തോച്ഛാടന’ കീഴാള മുന്നേറ്റം നമുക്കിന്നും അചിന്ത്യമായ ഒന്നാണെങ്കിൽ കൊളോണിയൽ ആധുനികതയുടെ മോഹവലയം എത്ര ശക്തമാണെന്നാണിതു കാണിക്കുന്നത്.
മുതലാളിത്ത ആധുനികതയ്ക്ക് ബദലായി സോഷ്യലിസ്റ്റ് ആധുനികതയെ പ്രതിഷ്ഠിക്കലായിരുന്നു കമ്മ്യൂണിസ്റ്റു പാർട്ടികൾ ഏറ്റെടുത്ത ദൗത്യം. ‘ആധുനികത’യെത്തന്നെ പ്രശ്നവത്ക്കരിക്കാൻ അവയ്ക്കു കഴിയാതെ പോയതിന്റെ കാരണം കീഴാള സ്വത്വവിഭാഗങ്ങളുടെ അധ്വാനത്തെ അവ പ്രാകൃതവും അധമവും അസ്വതന്ത്രവുമായി കണ്ടതാണ്. അടിമത്തത്തിന്റെ ഉന്മൂലനത്തിലേക്കല്ല; മറിച്ച് അതിന്റെ പരിഷ്കരണത്തിലേക്കു കുതിക്കാനേ ഈ കാഴ്ചപ്പാടിനു കഴിയുമായിരുന്നുള്ളൂ. പരിഷ്കൃത അടിമത്തങ്ങൾ ഉണ്ടാകുന്നത് അങ്ങനെ.
ജാതിയും വർഗ്ഗവും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർ എപ്രകാരമാണ് ആധുനിക മൂലധനം ഈ രണ്ടു വിഭാഗങ്ങളെയും മിച്ചമൂല്യത്തിന്റെ ഉത്പാദനത്തിനായി ഒരേസമയം ഉപയോഗപ്പെടുത്തുന്നതെന്നും വ്യവസായത്തൊഴിലാളി വർഗ്ഗത്തിന് ഇക്കാര്യത്തിലുള്ള ദല്ലാൾ ഭാഗധേയമെന്തെന്നും അന്വേഷിക്കുന്നില്ല. ഇതിലൂടെ അവർ ജാതിയെ ഭൂതകാലത്തിന്റെ അവശിഷ്ടമേഖലയായി കാണുന്ന ഇന്ത്യൻ മാർക്സിസ്റ്റ് ആലോചനകളിൽ പങ്കാളികളാവുകയാണ്. വർണ്ണ-ലിംഗ പ്രശ്നങ്ങളിൽ യൂറോപ്യൻ മാർക്സിസ്റ്റുകളും ഇതേ നിലപാടാണ് കൈക്കൊണ്ടതെന്നോർക്കണം. ജാതിവ്യവസ്ഥയും പുരുഷാധിപത്യവും ജനനത്തെ ആശ്രയിച്ചുള്ളതാകയാൽ, ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ പുരുഷന്റെ മുൻകൈയിലുള്ളതായാൽക്കൂടി, സ്ത്രീസ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നവയാകാതെ വയ്യ. ഇതുൾക്കൊള്ളാത്ത ‘ജാതിരഹിത ഫെമിനിസം’ സവർണ്ണഫെമിനിസം ആകാതെയും വയ്യ. ‘കൂലിവേല’ ഉയർന്നതും സ്വതന്ത്രവുമാണെന്ന മിഥ്യാധാരണ തകർക്കപ്പെടാതെ ഗാർഹികാടിമത്തം ഉൾപ്പെടെയുള്ള അടിമപ്പണിയിലെ അടിമത്തത്തെ തിരിച്ചറിയാനോ അതിനെതിരെ നിലപാടെടുക്കാനോ സാധ്യമല്ലെന്നു ചുരുക്കം. രേഖീയമായ കാലസങ്കല്പവും ഇവിടെ തകർക്കപ്പെടേണ്ടതുണ്ട്.
ജാതിയെ മൂലധനവുമായി ബന്ധപ്പെടുത്തി ചിന്തിക്കുക അംബേദ്കർക്ക് അടിയന്തിരമായ ആവശ്യം ആയിരുന്നില്ല. കീഴാള സ്വത്വവിഭാഗങ്ങളിൽ നിന്നുതന്നെ ജാതി ഉന്മൂലനത്തിനായുള്ള കർത്തൃത്വ രൂപീകരണമാണ് അദ്ദേഹത്തെ അഭിമുഖീകരിച്ച അടിയന്തിര ദൗത്യം. അക്കാലത്തെ ആധുനിക മൂലധന താത്പര്യങ്ങൾ ഈ ദൗത്യത്തിനു തടസ്സം നിൽക്കുന്നവ ആയിരുന്നില്ലെന്നതാണ് വാസ്തവം. ജാതിപരിഷ്കരണം ആധുനികതയുടെ അജണ്ടയിൽ ഉൾപ്പെടുന്നുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി കീഴാള കർത്തൃത്വത്തെ ജാതി ഉന്മൂലനം ലക്ഷ്യം വെച്ച് ബഹുമുഖമായി കയറഴിച്ചു വിടലും, മുൻവിധി ഏതുമില്ലാതെ മുന്നോട്ടു പോകലുമായിരുന്നു നാരായണഗുരു, അംബേദ്കർ മുതലായവരിലൂടെ സംഭവിച്ചത്.
അതുകൊണ്ട്, മാർക്സും അംബേദ്കറും അധ്വാനത്തിന്റെ അന്യവത്കരണം ഒഴിവാക്കാൻ അടിസ്ഥാനപരമായി ആശ്രയിച്ച നിർവ്വാഹക ശക്തികൾ ഏതെന്നതാണ് പരമപ്രധാനം. എവിടെ നിന്നാരംഭിക്കുന്നു എന്നതാണ് കാതലായ കാര്യം. ജാതിയിൽ നിന്നോ അതോ വർഗ്ഗത്തിൽ നിന്നോ? അംബേദ്കറിൽ നിന്നോ അതോ മാർക്സിൽ നിന്നോ? ആരിലൂടെ ആരെ വായിക്കണം എന്നതുതന്നെ. അവകാശ ബോധത്തിനപ്പുറം പോയി മാനവരാശിയുടെ ഇന്നത്തെ അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യാൻ പ്രാപ്തിയുള്ള ഒരു ധാർമ്മിക രാഷ്‌ടീയ നേതാവായി അംബേദ്ക്കറെ വായിക്കാൻ കീഴാള ചിന്തകർ തയ്യാറുണ്ടോ എന്ന ചോദ്യവുമുണ്ട്. അംബേദ്‌ക്കറുടേത് രാഷ്ട്രീയ ധാർമികതയെക്കാൾ ധാർമ്മിക രാഷ്ട്രീയമായിരുന്നുവല്ലോ.