വോട്ട് മോഷണത്തിനപ്പുറം പ്രതിപക്ഷം പരിഗണിക്കേണ്ട യാഥാർഥ്യങ്ങൾ

വോട്ട് മോഷണത്തിനപ്പുറം പ്രതിപക്ഷം പരിഗണിക്കേണ്ട യാഥാർഥ്യങ്ങൾ

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ അട്ടിമറിക്കുകയാണെന്നതിന് കോൺഗ്രസ് വ്യക്തമായ തെളിവുകൾ പുറത്തു കൊണ്ടുവരുകയുണ്ടായി. എന്നാൽ ഇതിനെതിരെ ഫലപ്രദമായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് സാധിച്ചിട്ടില്ല. അതോടൊപ്പം പ്രധാനമാണ് ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾക്കനുസൃതമായി സഖ്യ കക്ഷികളെ കണ്ടെത്തുന്നതും ജനങ്ങളുടെ വിശ്വാസവും പിന്തുണയും നേടിയെടുക്കുന്നതും. ജനാധിപത്യ സംവിധാനങ്ങൾ നീതിപൂർവ്വം പ്രവൃത്തിക്കാത്ത കാലത്ത് പ്രതിപക്ഷ കക്ഷികൾ എങ്ങനെ ഫലപ്രദമായി തെരഞ്ഞെടുപ്പ് നേരിടണം എന്ന് ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണ് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ വിദ്യാ ഭൂഷൺ റാവത്ത്.

2025 ലെ ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നു. അതിനെത്തുടർന്ന് വന്നുകൊണ്ടിരുന്ന “സോഷ്യൽ മീഡിയ” വിദഗ്ധരുടെ അവലോകങ്ങളും അഭിപ്രായങ്ങളും ഞാൻ മനഃപൂർവ്വം അവഗണിക്കുകയായിരുന്നു. അടുത്തിടെയായി, ഇത്തരം പ്രതികരണങ്ങൾ എന്നെ ആകർഷിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അത്തരം നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നവരെ ഞാൻ ട്വിറ്ററിൽ പിന്തുടരുന്നുമില്ല. ഈ “വിദഗ്ധർ” പടച്ചുവിടുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം യാഥാർഥ്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത് എന്ന് പറയേണ്ടിവരും. കോൺഗ്രസ്സും രാഷ്ട്രീയ ജനതാദളും ഉൾപ്പെടുന്ന മഹാസഖ്യം വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നതിനാൽ, അത് ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ഉപരിപ്ലവമായ വിശകലനങ്ങളിൽ നിന്നും ഞാൻ വിട്ടുനിൽക്കുകയായിരുന്നു. എന്റെ വ്യക്തിപരമായ ഇഷ്ടമല്ല ഇവിടെ പ്രശ്നം. കൂടാതെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം എന്നെ നിരാശപ്പെടുത്തുന്നതുമായിരുന്നു.

എസ്‌ഐആർ ഉപയോഗിച്ചുകൊണ്ട് ബീഹാർ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നതാണോ ഇങ്ങനെ ഒരു ഫലം ഉണ്ടാകാൻ കാരണം? അതുമാത്രമാണ് കാരണമെന്ന് അനുമാനിക്കുകയാണെങ്കിൽ, പ്രതിപക്ഷത്തിന്റെ പരാജയത്തിന്റെ മറ്റ് കാരണങ്ങളെ നാം അവഗണിക്കുകയാകും. കോൺഗ്രസ് രാഷ്ട്രീയത്തിലെ പാളിച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. വോട്ട് മോഷണം, ജാതി സെൻസസ്, അംബാനി, അദാനി വിഷയങ്ങൾ, യമുന നദിയിലെ മലിനീകരണം എന്നിവയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രചാരണങ്ങളെ വോട്ടർമാർ പരിഗണിച്ചില്ലേ? ആർജെഡിയുടെയും തേജസ്വി യാദവിന്റെയും പ്രവർത്തനം എന്ത് ഫലമാണുണ്ടാക്കിയത്? എന്തുകൊണ്ടാണ് അവരുടെ ശ്രമങ്ങൾ ഇത്രയധികം പരാജയപ്പെട്ടത്? രാഷ്ട്രീയത്തിലെ കുടുംബ പിന്തുടർച്ചയെയും ഇടപെടലുകളെയും ആളുകൾ തിരസ്ക്കരിക്കുന്നുണ്ടോ? എൻഡിഎ യിൽനിന്നും ഇന്ത്യ സഖ്യത്തിലേക്കു വരികയും ഉപമുഖ്യമന്ത്രി സ്ഥാർനാർത്ഥിയായി ഉയർത്തിക്കാട്ടുകയും ചെയ്ത “നായകൻ” മുകേഷ് സാഹ്നിക്കും അദ്ദേഹത്തിന്റെ Vikassheel Insaan Party (VIP) ക്കും എന്ത് സംഭവിച്ചു ? യുപിയിലും ബീഹാറിലും ബിജെപിയുടെ ഏറ്റവും വലിയ വോട്ടു ബാങ്കായി നിഷാദ്‌, മല്ല വിഭാഗങ്ങൾ (Nishads and Mallahs) തുടരുന്നു എന്നത് വസ്തുതയല്ലേ?

പ്രതിപക്ഷത്തിന്റെ പരാജത്തിലേക്കു നയിച്ച നിരവധി ഘടകങ്ങളുണ്ട്. അതിൽ വോട്ടർ പട്ടിക പ്രശ്നം ഗുരുതരമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നീതിയുക്തമോ നിഷ്പക്ഷമോ അല്ലെന്ന് അവർ വിശ്വസിക്കുന്നുവെങ്കിൽ, തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്തിൽ എന്ത് യുക്തിയെന്നു കോൺഗ്രസും മറ്റ് പാർട്ടികളും തീരുമാനിക്കണം. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്തപ്പോൾ, കോൺഗ്രസും മറ്റുള്ളവരും മൗനം പാലിക്കുകയായിരുന്നു. അതീവ ഗൗരവകരമായ ആ പ്രശ്നത്തെ യുക്തിസഹമായ ഒരു പരിസമാപ്തിയിലെത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? കോൺഗ്രസ് പാർട്ടിക്ക് ശക്തമായ ഒരു അഭിഭാഷക സംഘമുണ്ടായിട്ടുപോലും അത് സംഭവിച്ചു. എസ്‌ഐആറിനെ ചുറ്റിപ്പറ്റിയുള്ള പ്രാരംഭ ബഹളത്തിനുശേഷം എല്ലാ പാർട്ടികളും നിശബ്ദരാവുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

Rahul Gandhi's press conference about Vote Theft in India
വോട്ട് മോഷണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ വാർത്ത സമ്മേളനത്തിൽ നിന്ന്

അതുകൊണ്ടുതന്നെ, ബീഹാറിലെ ഫലങ്ങൾ അവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. രാഹുൽ ഗാന്ധി ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കാൻ വേണ്ടത്ര കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്റെ കൂടെയില്ല. സത്യം പറഞ്ഞാൽ, അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ ബിഹാർ തെരഞ്ഞെടുപ്പിൽ ഉദ്ദേശിച്ച ഫലം കാണാതെ ഒരു ദുരന്തമായി അവസാനിച്ചു എന്ന് പറയേണ്ടിവരും. ബീഹാറിലെ വോട്ടർമാരെ ആകർഷിക്കാൻ ഡൽഹിയിൽ യമുന നദിയിലെ മലിനീകരണത്തെക്കുറിച്ചു അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ മതവിശ്വാസികളായ വോട്ടർമാരെ സംബന്ധിച്ച് യമുനയിലോ മറ്റേതെങ്കിലും നദിയിലോ മനുഷ്യർ കുളിക്കുന്നത് ഒരു തെരഞ്ഞെടുപ്പ് വിഷയമേ അല്ല എന്നതാണ് യാഥാർഥ്യം. അതുപോലെ സമ്പത്തിന്റെ പുനർവിതരണത്തെക്കുറിച്ചുള്ള രാഹുലിന്റെ പ്രഖ്യാപനങ്ങളൂം അസ്വീകാര്യവും അപ്രായോഗികവുമായി വോട്ടർമാർ കരുതിക്കാണണം. ഒരു വശത്ത്, കോൺഗ്രസ് ഉയർന്ന ജാതിയിലെ വോട്ടർമാരെ ലക്ഷ്യം വച്ചു; മറുവശത്ത്, രാഹുലിന്റെ സാമൂഹിക നീതി അജണ്ട ആ വിഭാഗത്തെ കോൺഗ്രസിൽ നിന്നും അകറ്റി. ഒരു പാർട്ടി നൽകുന്ന സന്ദേശങ്ങൾ ഒരു വിഭാഗത്തെ മാറ്റി നിർത്തുന്ന തരത്തിലുള്ളതായാൽ ആ വിഭാഗത്തിലെ ആരെങ്കിലും ആ പാർട്ടിക്ക് വോട്ടു ചെയ്യുമോ? മധ്യപ്രദേശിലും ബീഹാറിലും ഇത് സംഭവിച്ചു. ഇന്ദിരാഗാന്ധി നടപ്പാക്കിയ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തിയുള്ള രാഷ്ട്രീയ സമീപനത്തിൽ നിന്ന് (inclusive politics) കോൺഗ്രസ് പാഠങ്ങൾ പഠിക്കണം. ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ഒരു പ്രത്യേക സാമൂഹിക വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുള്ള ഒരു “പ്രസ്ഥാനത്തിന്റെ” ഭാഷ (the language of a “movement”) ഒരു രാഷ്ട്രീയ പാർട്ടിക്ക് ഗുണം ചെയ്യില്ല.

ഇന്ത്യ വൈവിധ്യമാർന്ന വംശീയതകളുടെയും ആശയങ്ങളുടെയും ഒരു രാജ്യമാണ്. അതുകൊണ്ട് ആ വൈവിധ്യത്തെ ഉൾക്കൊള്ളുന്ന വിശ്വസനീയമായ ഒരു സഖ്യത്തിന് മാത്രമേ ഇവിടെ വിജയിക്കാൻ കഴിയൂ. സർക്കാർ ജോലി നൽകാം എന്ന വാഗ്ദാനം മാറിയ സാമ്പത്തിക രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങളുടെ ഉന്നമനത്തിനുള്ള ഫലപ്രദമായ വഴി എന്ന രീതിയിൽ സമൂഹം കാണുന്നില്ല. അതുപോലെ ജാതി രാഷ്ട്രീയവും സാമ്പത്തിക നീതിയും വിപരീത ദിശയിൽ പ്രവർത്തിക്കുന്ന യാഥാർഥ്യങ്ങളല്ല. ഇത് ഒരുമിപ്പിച്ചു കൊണ്ടുപോകാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയണം. കൂടാതെ സാധാരണ ജനങ്ങൾക്ക് ഒരു “വിപ്ലവത്തിൽ” താൽപ്പര്യമില്ലെന്ന് തോന്നുന്നു. രാഷ്ട്രീയ പാർട്ടികൾ സമൂഹത്തോട് ഉൾപ്പെടുത്തലിന്റെയും ഐക്യപ്പെടലിന്റെയും ഭാഷ (language of inclusion and reconciliation) സംസാരിക്കേണ്ട സമയമാണിത്. എല്ലാ വിഭാഗങ്ങളിൽ നിന്നും വോട്ട് ആവശ്യമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടേതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഒരു വിഷയം ഉയർത്തിക്കൊണ്ട് പ്രക്ഷോഭം നയിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ (social movement) രീതി എന്ന് അവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സാമൂഹിക സംഘടനകൾക്ക് പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ആവശ്യങ്ങൾ ഉന്നയിക്കാം, പക്ഷേ ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒരു മധ്യമാർഗം (middle path) കണ്ടെത്തണം. ഇന്ത്യ മുന്നണിയിലെ അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.കെ. സ്റ്റാലിൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ താൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കണം. വളരെ ശ്രദ്ധയോടെ സംസാരിക്കുകയും പൊതു പ്രവർത്തനത്തിൽ അതീവ ജാഗ്രത പാലിക്കാൻ അണികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന മായാവതി ഒരു നല്ല ഉദാഹരണമാണ്. മറ്റൊരു കാര്യം രാഷ്ട്രീയ പ്രവർത്തകരുടെ കുടുംബങ്ങളെയും പൊതുജനം നിരീക്ഷിക്കുന്നുണ്ടെന്ന് അവർ മനസിലാക്കണം. എല്ലാ കുടുംബാംഗങ്ങളെയും നേതാവായി ജനം അംഗീകരിക്കില്ല. കൂടാതെ അവരുടെ പെരുമാറ്റ ദൂഷ്യങ്ങൾ പൊതുജനാഭിപ്രായം അവർക്കെതിരാക്കുകയും ചെയ്യുന്നു.

Independent journalist Ajit Anjum against whom the police registred an FIR for exposing malpractices in SIR in Bihar
ബിഹാറിൽ നടന്ന എസ്ഐആർ നടപടികളിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്നതിന് അജിത് അഞ്ജും എന്ന മാധ്യമ പ്രവർത്തകനെതിരെ പോലീസ് കേസെടുത്തിരുന്നു.

ബിജെപിയുടെ മുസ്ലീം വിരുദ്ധ രാഷ്ട്രീയം എല്ലാവർക്കും അറിയാം. പക്ഷേ അതിന്റെ ഫലമായി ഇന്ത്യയിൽ മുസ്ലീ വിഭാഗം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ആർജവത്തോടെ സംസാരിക്കുന്നതിൽ നിന്ന് ആർജെഡിയെയും കോൺഗ്രസിനെയും തടയുന്നതെന്താണ്? മുസ്ലീങ്ങൾ ഇന്ത്യയിലെ തുല്യ പൗരന്മാരാണെന്ന് രാഹുൽ ഗാന്ധിക്ക് പറയാൻ കഴിയുന്നില്ല. അവരുടെ ആശങ്കകൾ അദ്ദേഹം അവഗണിക്കുന്നത് തുടരുകയാണ്. തേജസ്വിയെ മുഖ്യമന്ത്രിയായും മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രിയായും ഉയർത്തിക്കാട്ടിയത് ഗുണം ചെയ്തില്ല. “സാമൂഹിക നീതി”ക്കുവേണ്ടി നിലകൊള്ളുന്നു എന്ന കോൺഗ്രസിന്റെ അവകാശവാദം പൊള്ളയായി തോന്നി. ദളിത് വിഭാഗത്തിൽ നിന്നോ മുസ്ലീം വിഭാഗത്തിൽ നിന്നോ ഉള്ള ഒരാളെ ഉപമുഖ്യമന്ത്രിയായി ഉയർത്തികാട്ടാൻ അവർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?

തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴല്ല സഖ്യങ്ങൾ ഉണ്ടാക്കേണ്ടത്. അത് ദീഘകാല പ്രവർത്തനത്തിലൂടെ കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതാണ്. തമിഴ്‌നാട്ടിലും കേരളത്തിലും ഉള്ളതുപോലുള്ള മുന്നണി ബന്ധങ്ങൾ രൂപീകരിക്കാൻ ഉത്തരേന്ത്യൻ പാർട്ടികൾ പഠിച്ചില്ലെങ്കിൽ, അവർ തുടർന്നും പ്രതിസന്ധികൾ നേരിടും. കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകരെ അയയ്ക്കുന്ന രീതിയെക്കുറിച്ചും എനിക്ക് ഗൗരവമുള്ള ആശങ്കകളുണ്ട്. ഇപ്പോൾ തുടരുന്ന രീതി കോൺഗ്രസിന്റെ പ്രാദേശിക യൂണിറ്റുകളോട് അനാദരവാണ് കാണിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. രാഷ്ട്രീയ നിലപാടില്ലാത്ത തെലങ്കാനയിൽ നിന്നുള്ള ഒരു യുവ നേതാവിനെയാണ് ലാലു പ്രസാദ് യാദവിനുപ്പോലുള്ള ഒരു മുതിർന്ന നേതാവുമായി ചർച്ച നടത്താൻ കോൺഗ്രസ് അയച്ചത്. കൃഷ്ണൻ അല്ലവിരുവിനെപ്പോലുള്ള ഒരു പുതുമുഖത്തിന് ലാലുവിനെപ്പോലുള്ള മുതിർന്ന നേതാക്കളുമായി എങ്ങനെ അർത്ഥവത്തായി സംസാരിക്കാൻ കഴിയും? നിരീക്ഷകരായി മുതിർന്ന നേതാക്കളെയും യുവ നേതാക്കളെയും കൂട്ടിക്കലർത്താൻ കോൺഗ്രസ് മടിക്കുന്നത് എന്തുകൊണ്ട്? ദിഗ്‌വിജയ് സിംഗ് എന്തുകൊണ്ടാണ് മാറ്റിനിർത്തപ്പെട്ടത്?

ഒടുവിൽ, ബിജെപി ഒഴികെയുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും ഒരു കേഡറും മത-സാംസ്കാരിക വിഭാഗവുമില്ല. തമിഴ്‌നാട്ടിൽ പെരിയാർ സ്ഥാപിച്ച ദ്രാവിഡ കഴകം ഇപ്പോഴും ദ്രാവിഡ പാർട്ടികളെ നയിക്കുന്നു. അത് ഡോ. കെ. വീരമണിയുടെ നേതൃത്വത്തിന് കീഴിൽ പെരിയാറിന്റെ ആശയങ്ങൾ കൈമാറുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കൾ അദ്ദേഹത്തിന്റെ മാർഗനിർദേശം തേടുന്നു. എന്നാൽ സാംസ്കാരിക സാഹിത്യ സംഘടനാ വിഭാഗങ്ങളുടെ ആവശ്യകത ഇടതും വലതുമല്ലാത്ത കോൺഗ്രസ് പോലുള്ള പാർട്ടികൾക്ക് ഒരിക്കലും മനസിലായിട്ടില്ല. ജാതി അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് തന്ത്രം ഇപ്പോഴും ഫലപ്രദമായി പ്രവർത്തിക്കുമെന്ന് അവർ കരുതുന്നു. 1990 കളിൽ വിജയിച്ച നയങ്ങളും തന്ത്രങ്ങളും ഇപ്പോൾ പ്രസക്തമാക്കണമെന്നില്ല. കോൺഗ്രസിന്റെ സേവാദളിന് ഒരു പ്രത്യയശാസ്ത്ര അടിത്തറയുമില്ലാതെ ഏതാനും സേവനങ്ങൾ നൽകുന്നതിൽ ഒതുങ്ങി നിൽക്കുന്നു. ബിജെപിക്ക് വേണ്ടി ആർഎസ്എസ് പ്രവൃത്തിക്കുന്നതുപോലെ അവർ മുന്നിൽ നിന്ന് നയിക്കുന്നില്ല.

കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ അവരുടെ സംഘടന കാര്യങ്ങൾ പുനർനിർണ്ണയിക്കേണ്ടതുണ്ട്. ബീഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, രാഹുൽ ഗാന്ധിയുടെ ടീമിലെ ഒരു യുവ നേതാവിനോട് രാഹുൽ എന്തിനാണ് ഇത്രയധികം പ്രസ്താവനകൾ ഇറക്കുന്നതെന്ന് ഞാൻ ചോദിച്ചു. ഉയർന്ന ജാതിക്കാരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രസ്താവനകൾ അദ്ദേഹം എന്തിനാണ് അവരുടെ വോട്ടുകൾ പ്രശ്നമല്ല എന്ന മട്ടിൽ നിരന്തരം നല്കിക്കൊണ്ടിരിക്കുന്നത് എന്ന്. പ്രത്യേകിച്ചും നിരവധി കോൺഗ്രസ് നേതാക്കളും സോഷ്യൽ മീഡിയ മാനേജർമാരും മുഖ്യമന്ത്രിമാരും ആ വിഭാഗത്തിൽ പെട്ടവരായിരിക്കുമ്പോൾ? ഈ വ്യക്തികൾ സ്വന്തം സമുദായങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന് തോന്നുന്നുണ്ടോ? വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഭാഷ സംസാരിക്കേണ്ട സമയമാണിത്. ദളിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി വാദിക്കുന്നതിന് മറ്റുള്ളവരെ എതിർക്കേണ്ടതില്ല. ഇത്തരത്തിലുള്ള രാഷ്ട്രീയം നിരന്തരം പരാജയപ്പെട്ട ചരിത്രമാണുള്ളത്.

Rahul Gandhi  and M K Stalin
രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും

ഒബിസി പാർട്ടികളെ സംബന്ധിച്ചിടത്തോളം, അവർ ഉപജാതി വർഗ്ഗീകരണത്തെ എതിർത്തു. അവരുടെ നേതാക്കളും ബുദ്ധിജീവികളും അത് ഒബിസികളെയും ദലിതുകളെയും വിഭജിക്കാനുള്ള ശ്രമമാണെന്ന് വിളിച്ചു. എന്നാൽ ഏറ്റവും അരികുവൽക്കരിക്കപ്പെട്ടവർക്ക് അവരുടെ ന്യായമായ പങ്ക് വേണം എന്ന ആവശ്യത്തെ പാർട്ടികൾ അംഗീകരിച്ചിട്ടില്ല. ഡിഎംകെ തമിഴ്‌നാട്ടിൽ ആനുപാതിക സംവരണം എന്ന നയം സ്വീകരിക്കുകയും എല്ലാ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ഒരു സഖ്യം കെട്ടിപ്പടുക്കുകയും ചെയ്തു. അത്തരം ചേർത്തുപിടിക്കലാണ് നമുക്ക് വേണ്ടത്, വെറുപ്പിലധിഷ്ഠിതമല്ലാത്ത ഒരു ദീർഘകാല സാമൂഹിക സഖ്യം. അതിന് രാഷ്ട്രീയ ഭാഷ മാറണം. വെറുപ്പ്, യാഥാർത്ഥയവുമായി ബന്ധമില്ലാത്ത പ്രചാരണം, വാചക കസറത്തുകൾ എന്നിവ ഇനി രാഷ്‌ടീയപാർട്ടികളെ വിജയത്തിലേക്കെത്തിക്കില്ല.

ഇതെല്ലാം നല്ല ഉദ്ദേശ്യത്തോടെയാണ് പറയുന്നത്. അതിനിടയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതികളും തെറ്റായ ഇടപെടലുകളും ചർച്ച ചെയ്യണം. എസ്‌ഐആർ പ്രക്രിയ സുതാര്യമാക്കണം. എന്നാൽ പാർട്ടികൾക്ക് നീതിപൂർവ്വമായ തിരഞ്ഞെടുപ്പ് വേണമെങ്കിൽ, വോട്ടർ പട്ടിക പരിശോധിക്കുന്നതിനും പേരുകൾ നീക്കം ചെയ്ത ആളുകളെ സഹായിക്കുന്നതിനും അവർ അവരുടെ കേഡർമാരെ പരിശീലിപ്പിക്കണം. നിങ്ങൾ തട്ടിപ്പ് കണ്ടെത്തിയിട്ടും പ്രതിഷേധമില്ലാതെ പ്രവർത്തനം തുടരുകയാണെങ്കിൽ നിങ്ങൾ കുറ്റകൃത്യത്തിൽ പങ്കാളിയാവുകയാണ് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് തട്ടിപ്പുകൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഇതുവരെ ശക്തമായ, ഏകീകൃത നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഹുൽ ഗാന്ധി ഈ വിഷയം ശക്തമായി ഉന്നയിച്ചു, പക്ഷേ മറ്റൊരു പാർട്ടിയും ആ തലത്തിൽ അദ്ദേഹത്തെ പിന്തുണച്ചില്ല. ഇതിനർത്ഥം അവർ എന്ത് വന്നാലും അത് സ്വീകരിക്കുമെന്നാണ്.

ബീഹാർ നിരവധി പാഠങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോൾ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ടു നേടുന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുന്ന The First-Past-The-Post (FPTP) തെരഞ്ഞെടുപ്പ് സമ്പ്രദായം ആണ് നിലവിലുള്ളത്. ഒരു മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങളും തനിക്ക് എതിരായാൽ പോലും അയാൾക്ക് വിജയിക്കാൻ കഴിയും. അതിൽ കൃത്രിമത്വത്തിന് സാധ്യതകളുമുണ്ട്. പതിറ്റാണ്ടുകളായി കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പ് രീതി സഹായിച്ചു വരികയായിരുന്നു. ഇപ്പോൾ അത് ബിജെപിക്ക് ഗുണം ചെയ്യുന്നു. നമുക്ക് തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ആവശ്യമാണ്, എന്നാൽ അതിനപ്പുറം, സാമൂഹിക നീതിക്കായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടികൾക്ക് ജാതിയുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആളുകളെ അവഗണിക്കരുത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു ദീർഘകാല അജണ്ടയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തട്ടിക്കൂട്ടി രൂപീകരിക്കുന്ന സഖ്യങ്ങൾ ഒരിക്കലും വിജയിക്കില്ല എന്നത് മറ്റൊരു യാഥാർഥ്യം.


കടപ്പാട്: Counterview

Vidya Bhushan Rawat

Vidya Bhushan Rawat

എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ.

View All Articles by Vidya Bhushan Rawat

Share Article
Whatsapp Email