ബദൽ രാഷ്ട്രീയവ്യവഹാരത്തിന് ഒരാമുഖം

ബദൽ രാഷ്ട്രീയവ്യവഹാരത്തിന് ഒരാമുഖം

ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ ഫാസിസ്റ്റുമുഖമായ സംഘ്പരിവാർ ശക്തികൾ മൂന്നാമതും ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തിരിക്കുന്ന സന്ദർഭത്തിൽ ഒരു പുതിയ കീഴാളരാഷ്ട്രീയത്തിന്റെ അനിവാര്യതയിൽ നാം എത്തിനിൽക്കുന്നു. സ്വാതന്ത്ര്യമെന്നാൽ മേലാളന്മാരുടെ അധികാരത്തെ അപ്രസക്തമാക്കിക്കൊണ്ട് അതിൽനിന്ന് ഗുണപരമായി ഭിന്നമായ കീഴാളരുടെ ജീവിത സ്വാധികാരത്തെ ഉയർത്തി എടുക്കുക എന്നാണ്. ഇന്ത്യൻകീഴാളജനതയ്ക്ക് വർഗ്ഗ-ജാതി വൈരുദ്ധ്യത്തെ മറികടന്നുകൊണ്ട് ഇന്ത്യൻ ഭരണവർഗ്ഗങ്ങൾക്കെതിരെ ശക്തിയായി ഉയർത്തെഴുന്നേൽക്കാൻ കഴിയും. ബി രാജീവൻ എഴുതുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറവും ഗ്രാമീണ കർഷകരും കൈവേലക്കാരും പിന്നാക്കജാതികളും ദളിതരും ആദിവാസികളും സ്ത്രീകളും അടക്കമുള്ള ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ കീഴാളജനസഞ്ചയത്തിന്റെ കൊടിയ ദുരിതങ്ങൾക്ക് അറുതിവന്നിട്ടില്ല. മാത്രമല്ല, കൊട്ടിഘോഷിക്കപ്പെടുന്ന സർക്കാർ പദ്ധതികൾക്ക് ശേഷവും അവരുടെ ജീവിതം നാൾക്കുനാൾ കൂടുതൽ
ദുരിതപൂർണ്ണമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിന്നും ആയിരക്കണക്കായി ആത്മഹത്യ ചെയ്യുന്ന കർഷകരുടെയും കാടും വീടും കൊള്ളയടിക്കപ്പെട്ട് വംശനാശത്തിലേക്ക് നയിക്കപ്പെടുന്ന ആദിവാസികളുടെയും ആട്ടിയോടിക്കപ്പെടുന്ന ദളിതരുടെയും പട്ടിണിരോഗങ്ങൾ കാരണം കൂട്ടത്തോടെ ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെയും രാജ്യമാണ്. മറുവശത്ത് പഴയ ചക്രവർത്തിമാരെയും ലജ്ജിപ്പിക്കുന്ന സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുന്ന സഹസ്രകോടീശ്വരന്മാരുടെ എണ്ണം ഇന്ത്യയിൽ പെരുകിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സമ്പത്തിന്റെ പകുതിയിലേറെയും ഏതാനും കുടുംബങ്ങളുടെ കൈകളിലാണ്. ദരിദ്ര ജനകോടികളെ ഭരിക്കുന്ന നമ്മുടെ പാർലമെന്റിൽ തന്നെ ഏറിയ പങ്കും ശതകോടീശ്വരന്മാരോ കോടീശ്വരന്മാരോ ആണ്. എന്നാൽ ഈ ഇന്ത്യൻ യാഥാർഥ്യത്തെ കൂടുതൽ ദയനീയമാക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. ഭരണവർഗ്ഗങ്ങൾക്ക് കീഴിൽ ഈ നിരന്തര ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന അടിത്തട്ടിലെ ജനങ്ങൾക്ക് രക്ഷയും പ്രതീക്ഷയുമായി നിലകൊള്ളേണ്ടിയിരുന്ന ഇന്നത്തെ ഇടതുപക്ഷപ്രസ്ഥാനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽനിന്ന് പിന്തള്ളപ്പെടാൻ പോകുന്നു എന്നതാണ് ആ വസ്തുത.

കീഴാളജനസഞ്ചയത്തെ ഏറ്റെടുക്കേണ്ട ഇടതുപക്ഷ രാഷ്ട്രീയശക്തികളുടെ അഭാവം സൃഷ്ടിച്ച ശൂന്യതയിൽ കടന്നുകയറി മതത്തിന്റെയും ദേശീയതയുടെയും വൈകാരിക അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ രാഷ്ട്രീയഇച്ഛാശക്തിയെ സ്തംഭിപ്പിച്ച് കീഴ്പ്പെടുത്തുന്ന വർഗ്ഗീയ ഫാസി സ്റ്റുശക്തികളുടെ വിജയം, പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഈ ഇന്ത്യനവസ്ഥയെ ഇന്ന് കൂടുതൽ ദാരുണവും ഭീഷണവുമാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഇന്നത്തെ ഈ അവസ്ഥ കണ്ട് ഹതാശനായി മനംനൊന്ത് മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. കല്യാണം ഈ അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി; ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഇന്ന് ഇന്ത്യയിൽ വിപ്ലവം നയിക്കുമായിരുന്നു എന്ന്. കപടഗാന്ധിഭക്തന്മാർക്കും ഗാന്ധിയെ നോക്കുകുത്തി ആക്കിയ രാഷ്ട്രീയക്കാർക്കും ഗാന്ധിഘാതകർക്കും ഒഴികെ ഇന്ത്യയെ സ്നേഹിക്കുന്ന ആർക്കും വി. കല്യാണത്തിന്റെ മനംനൊന്തുള്ള ഈ പ്രസ്താവത്തിന്റെ ആഴവും പൊരുളും മനസ്സിലാകേണ്ടതാണ്. ഈ പ്രസ്താവത്തിൽ തെളിഞ്ഞുവരുന്ന ആശയം ഏറ്റവും ചുരുക്കി പറഞ്ഞാൽ ഇന്ത്യയെ ഇന്നത്തെ അവസ്ഥയിൽനിന്ന് കരകയറ്റാൻ സ്വാതന്ത്ര്യസമരകാലത്തെന്നപോലെ ഗ്രാമീണ കർഷകരടക്കമുള്ള ഇന്ത്യൻ കീഴാളജനതയുടെ സ്വാധികാരത്തിന്റെ ബദൽശക്തികൾ ഒരിക്കൽകൂടി ഉയരുകയും ഉണരുകയും ചെയ്യേണ്ടിയിരിക്കുന്നു എന്നാണ്. ഭരിക്കുന്നവരുടെ അധികാരത്തിനെതിരെ ഭരിക്കപ്പെടുന്നവരുടെ അധികാരത്തിന്റെ, യഥാർത്ഥ ജനാധിപത്യത്തിന്റെ ശക്തികൾ ഇന്ത്യയിൽ ഒരിക്കൽ കൂടി സമരോന്മുഖമായി ഉയർന്നുവരേണ്ടിയിരിക്കുന്നു എന്നാണ്.

Gandhi and Ambedkar

ഗാന്ധിജി ജനകീയാധികാരത്തിന്റെ ഈ മഹാശക്തിയെ കണ്ടെത്തുകയും കൊളോണിയൽ ശക്തികൾക്കെതിരെ അതിനെ തിരിച്ചു വിടാനുള്ള വഴിയൊരുക്കുകയുമാണ് ചെയ്തത്. എന്നാൽ വർഗ്ഗീയ വിഭാഗീയ ശക്തികളാൽ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കീഴാള അധികാരത്തിന്റെ ശക്തികളെ വീണ്ടെടുക്കാനും ഭരണവർഗ്ഗങ്ങളുടെ വർത്തമാന ഭീകരരൂപത്തിനെതിരെ തിരിച്ചുവിടാനും ഇന്ന് ഇന്ത്യയിൽ ആരാണുള്ളത്? ഇന്ത്യൻ ജനത ഇങ്ങനെ രാഷ്ട്രീയമായി അനാഥമാക്കപ്പെട്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പഴയ ലിബറൽ ഇടതുപക്ഷ വ്യവഹാരമാതൃകകളിൽനിന്ന് ഭിന്നമായ ഒരു പുതിയ രാഷ്ട്രീയവ്യവഹാരം തന്നെ ഉയർന്നു വരേണ്ടിയിരിക്കുന്നു; കീഴാളബദൽ ജനാധിപത്യഅധികാരത്തിന്റെ ഒരു പുതിയ രാഷ്ട്രീയവ്യവഹാരമണ്ഡലം. ഇങ്ങനെ പറയുമ്പോൾ ഇത് യാഥാർഥ്യബോധമില്ലാത്ത ഒരു സ്വപ്നജീവിയുടെ കാൽപ്പനികവ്യാമോഹമാണെന്ന് പലർക്കും തോന്നിയേക്കാം. ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഒരു പുതിയ രാഷ്ട്രീയവ്യ വഹാരവും പ്രയോഗവും ആരംഭിക്കുകയാണ് ഉണ്ടായത്. ഗാന്ധിജിക്ക് അത് കഴിഞ്ഞത്, ഒരു സാമ്രാജ്യത്വശക്തിക്കും ഇല്ലാതാക്കാനാവാത്ത ഇന്ത്യൻ ഗ്രാമീണജനജീവിതത്തിൽ കുടികൊള്ളുന്ന സമാന്തര സ്വാധികാരത്തിന്റെ സ്വച്ഛന്ദശക്തികളെ ആഴത്തിൽ തൊട്ടറിയാൻ കഴിഞ്ഞതുകൊണ്ടാണ്. ആ മഹാശക്തികൾ ഭരണകൂടത്തെ ചെറുത്തുനിൽക്കാൻ പോന്ന പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ മനുഷ്യജീവിതത്തിന്റെ ഗാഢബന്ധങ്ങളിൽനിന്ന് രൂപപ്പെടുന്ന അജയ്യ ശക്തികളാണ്. ചമ്പാരനിൽ, നിശ്ശബ്ദരായി തിങ്ങിഞെരുങ്ങി തന്നെ പിന്തുടർന്ന ആയിരക്കണക്കായ ഗ്രാമീണകർഷകരെ, ആനപ്പുറത്ത് സഞ്ചരിക്കുന്ന ഗാന്ധി തിരിഞ്ഞുനോക്കിയ നിമിഷമാണ് അദ്ദേഹത്തിന് ആ മഹാശക്തി ദർശനമുണ്ടായത്. പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച്ചയെക്കുറിച്ച് അദ്ദേഹം പറയുന്നത് “ഞാൻ ആദ്യമായി ദൈവത്തെ നേരിൽ കണ്ടു”എന്നാണ്. പിന്നീട് ഒരു ഭരണകൂടത്തിനും പൂർണമായി കീഴടക്കാനാവാത്ത ആ കീഴാള സമാന്തരരാഷ്ട്രീയാധികാരത്തിന്റെ മഹത്വത്തിൽ വിശാസമർപ്പിച്ചുകൊണ്ടാണ് ഗാന്ധിജി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യൻ ജനതയെ നയിച്ചത്.

ഗാന്ധിയൻ കീഴാളരാഷ്ട്രീയം പുറംതള്ളപ്പെടുകയും ഗ്രാമീണ കർഷകരും ദളിതരും ചേരിനിവാസികളും അടക്കമുള്ള കീഴാളജനസഞ്ചയം ഇന്ത്യൻ മേലാളവർഗ്ഗങ്ങളുടെ ഭരണത്തിൻ കീഴിൽ അമരുകയും ചെയ്തെങ്കിലും സ്വാതന്ത്ര്യസമരകാലത്ത് ഉയർത്തെഴുന്നേറ്റ ജനകീയ സമാന്തരാധികാരത്തിന്റെ മഹാശക്തികൾ ഇന്നും കെട്ടുപോയിട്ടില്ല. മേലാളന്മാരുടെ കൈകളിൽ അങ്ങേയറ്റം വികൃതമാക്കപ്പെട്ടുകഴിഞ്ഞെങ്കിലും ഇന്ത്യയെ ഇന്നും നിലനിർത്തുന്ന ജനാധിപത്യത്തിന്റെ ഉള്ളടക്കം സ്വാതന്ത്ര്യസമര കാലത്തുയർന്നുവന്ന കീഴാളജനാധിപത്യത്തിന്റെ ഈ ശക്തികളാണ്. ഇന്നും ഇന്ത്യൻ ജനത അവർ അടിച്ചമർത്തപ്പെടുന്നവർ ആയതുകൊണ്ടുതന്നെ മേലാളശക്തികൾക്കെതിരായ സമരത്തിലാണ്. നിരന്തരം തോറ്റുകൊണ്ടിരിക്കുന്നവരും ആത്മഹത്യയിൽ അഭയം തേടുന്നവരും ബിജെപിക്ക് വോട്ടു ചെയ്യുന്നവരും ആണെങ്കിൽപോലും അവർ സ്വന്തം ജീവിതംകൊണ്ട് മേലാളവർഗ്ഗാധികാരവുമായി സംഘർഷത്തിലാണ്. ഈ സംഘർഷത്തിന്റെ പ്രകാശനമാണ് കർഷകരും ദളിതരും ആദിവാസികളും പരിസ്ഥിതിപ്രവർത്തകരും തുടങ്ങി സ്ത്രീകൾവരെ നടത്തിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കായ, മിക്കവാറും തോറ്റുപോകുന്ന സമരങ്ങൾ. ഈ സംഘർഷത്തിൽനിന്നും സമരത്തിൽനിന്നും ഇന്ത്യൻ ജനതയുടെ സ്വാധികാരത്തിന്റെ സമാന്തരശക്തികൾ ഒരു കീഴാളജനാധിപത്യ രാഷ്ട്രീയ പ്രതിഭാസമായി പരിണമിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഈ പുതിയ രാഷ്ട്രീയത്തിന്റെ പ്രകാശനത്തിനും പ്രവർത്തനത്തിനുമായി പഴയ ലിബറൽ ജനാധിപത്യത്തിന്റെയും സോവിയറ്റു മാർക്സിസത്തിന്റെയും വ്യവഹാരങ്ങളിൽനിന്ന് ഭിന്നമായ മറ്റൊരു രാഷ്ട്രീയവ്യവഹാരവും പ്രയോഗവും വേണ്ടിയിരിക്കുന്നു എന്നു പറഞ്ഞത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കാൻ പോന്ന ഒരു മഹാശക്തിയായി ഉയർത്തെഴുന്നേറ്റിട്ടും ഗ്രാമീണകർഷകർ അടക്കമുള്ള ഇന്ത്യൻ കീഴാളവർഗ്ഗം സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏഴു പതിറ്റാണ്ടിലേറെ കാലം എന്തുകൊണ്ട് മേലാളവർഗ്ഗത്തിന്റെ ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും കീഴ്പ്പെട്ടു തളർന്നുനിന്നു പോയി എന്ന് ഈ സന്ദർഭത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നാൽ ബ്രിട്ടീഷുകാർ ഇന്ത്യൻ ജനതയ്ക്ക് മേൽ കെട്ടിവെച്ച ഭരണകൂടയന്ത്രത്തിന്റെ ഇന്ത്യൻ മേലാളവർഗ്ഗങ്ങളിലേക്കുള്ള കൈമാറ്റമല്ല എന്ന നിലപാടായിരുന്നു ഗാന്ധിക്ക്. ഭരണകൈമാറ്റത്തെക്കുറിച്ച് മൗണ്ട് ബാറ്റനുമായി നടന്ന ചർച്ചയിൽ തന്നെ ഗാന്ധിജി ഇക്കാര്യം തുറന്നുപറയുന്നുണ്ട്. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യമെന്നാൽ മേലാളന്മാരുടെ അധികാരത്തെ അപ്രസക്തമാക്കിക്കൊണ്ട് അതിൽനിന്ന് ഗുണപരമായി ഭിന്നമായ കീഴാളരുടെ ജീവിത സ്വാധികാരത്തെ ഉയർത്തി എടുക്കുക എന്നാണ്. എന്നാൽ ഗാന്ധിജിയുടെ, പരമാധികാരകേന്ദ്ര സങ്കല്പമില്ലാത്ത, അരാജകമെന്ന് വിശേഷിക്കപ്പെട്ട കീഴാളരാഷ്ട്രീയം പൂർണമായി പിന്തള്ളപ്പെട്ടു. ഇന്ത്യയിലെ മേലാളവർഗ്ഗം അധികാരത്തിൽ വന്നു. അതോടെ ഭരണവർഗ്ഗങ്ങൾക്ക് കീഴ്പ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ കീഴാളജനതയുടെ അനാഥമാക്കപ്പെട്ട ജനകീയബദൽ അധികാരത്തിന്റെ ശക്തികളെ ഏറ്റെടുക്കുകയും അപൂർണമായി അവസാനിച്ച സ്വാതന്ത്ര്യസമരത്തെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടിയിരുന്നത് ഇന്ത്യൻ ഇടതുപക്ഷ പ്രസ്ഥാനമാണ്. എന്നാൽ ഇന്ത്യൻ ഇടതുപക്ഷത്തിന്, മുതലാളിത്ത ഭരണകൂടത്തിനെതിരെ നില കൊള്ളുന്ന കീഴാളരാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിൽ ആ മഹാദൗത്യം ഏറ്റെടുക്കാൻ കഴിഞ്ഞില്ല.

Book Cover of B Rajeevan

ഇന്ന് ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ ഫാസിസ്റ്റുമുഖമായ സംഘ്പരിവാർ ശക്തികൾ രണ്ടാമതും ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തിരിക്കുന്ന ഈ സന്ദർഭത്തിൽ ഒരു പുതിയ കീഴാളരാഷ്ട്രീയത്തിന്റെ അനിവാര്യതയിൽ നാം എത്തിനിൽക്കുമ്പോൾ ഇന്ത്യൻ കീഴാളജനാധിപത്യത്തിന്റെ ശക്തി കളെ ഏറ്റെടുക്കാൻ ഇടതുപക്ഷപ്രസ്ഥാനത്തിന് കഴിയാതെപോയതിന്റെ കാരണങ്ങളിലേക്കു നമുക്ക് കടന്നുചെല്ലേണ്ടിയിരിക്കുന്നു.

മാർക്സ് പിൽക്കാലത്ത് തള്ളിക്കളഞ്ഞ, അനിവാര്യമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതും ഏകരേഖീയവുമായ ചരിത്രപുരോഗതിയെക്കുറിച്ചുള്ള സങ്കല്പത്തിൽ അടിയുറച്ച ഒന്നായിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റുപ്രസ്ഥാനം. ഈ സങ്കല്പമനുസരിച്ച് വിപ്ലവത്തിന്റെ മുന്നണിപ്പട എന്ന് കരുതപ്പെടുന്ന നാഗരികതൊഴിലാളിവർഗ്ഗമൊഴികെ മറ്റെല്ലാ കീഴാളജനവിഭാഗങ്ങളും വിപ്ലവകരമായ കർത്തൃത്വത്തിലേക്ക് ഉയരാത്ത വർഗ്ഗങ്ങളാണ്. അവർ മുന്നണിയിലുള്ള പരിഷ്കൃതവിപ്ലവശക്തികൾക്ക് രാഷ്ട്രീയമായ ഒരു ബാധ്യതയാണ്. അതുകൊണ്ടുതന്നെ വിപ്ലവകരമായ ആത്മബോധത്തിലേക്ക് ഉയരാത്ത കീഴാളജാതികളിലും വർഗ്ഗങ്ങളിലും പെട്ടവർക്ക് ഒരു സ്വതന്ത്രരാഷ്ട്രീയശക്തിയായി മാറാൻ കഴിയുമെന്ന് അവർ വിശ്വസിച്ചില്ല. ചുരുക്കത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യകാലത്ത് ഉയർന്നുവന്ന കീഴാളരാഷ്ട്രീയ മഹാശക്തിയെ, യഥാർത്ഥ ഇന്ത്യയുടെ രാഷ്ട്രീയ ഇച്ഛയെ അവർ അവഗണിച്ചു. ഗാന്ധിയെയും അംബേദ്കറെയും അവർ ശത്രുക്കളായി കണ്ടു. യൂറോ കേന്ദ്രിതത്വം വിട്ട് പിൽക്കാലത്ത് ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും കറുത്തവർ അടക്കമുള്ള കിഴാളജനതയുടെ വിമോചകമായ സമാന്തര ബദൽരാഷ്ട്രീയാധികാരത്തിന്റെ ശക്തികളെ തിരിച്ചറിഞ്ഞ മാർക്സിനെ, സ്റ്റാലിന്റെ നേതൃത്വം മറച്ചുപിടിച്ച മാർക്സിനെ, അവർക്ക് കാണാനേ കഴിയുമായിരുന്നില്ല.

ഇതിൽനിന്ന് തെളിയുന്നത് ഗാന്ധിക്ക് ശേഷം അനാഥമാക്കപ്പെട്ട ഇന്ത്യൻ കീഴാളജനാധിപത്യരാഷ്ട്രീയത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് രൂപംനൽകേണ്ട പുതിയ രാഷ്ട്രീയ വ്യവഹാരം മാർക്സിന്റെയും ഗാന്ധിയുടെയും അംബേദ്കറിന്റെയും അടിസ്ഥാന കീഴാള രാഷ്ട്രീയവീക്ഷണങ്ങളെ മുൻനിർത്തിയുള്ളതാവണം എന്നാണ്. കമ്മ്യൂണിസ്റ്റുകാർ പണ്ട് കരുതിയതുപോലെ ഗാന്ധി ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ പ്രതിനിധിയോ നേതാവോ ആയിരുന്നില്ല. ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യ ഭരണകൂടത്തിനെതിരെ ഇന്ത്യയിൽ നയിച്ച വിപ്ലവം ഇന്ത്യൻ മുതലാളിവർഗ്ഗത്തെ സഖ്യകക്ഷിയായി മുന്നിൽ നിർത്തിക്കൊണ്ടുള്ള ഇന്ത്യൻ കീഴാളജനതയുടെ ജനകീയജനാധിപത്യവിപ്ലവമായിരുന്നു. ഗാന്ധിയുടെ വിപ്ലവകാരിത്വം കമ്മ്യൂണിസ്റ്റുകാരായ ഹോചിമിന്നും ചെഗുവേരയും ആഴത്തിൽ തിരിച്ചറിഞ്ഞിരുന്നു. ഗാന്ധിയുടെ അഹിംസ ഏത് ആയുധശക്തിയെയും അതിവർത്തിക്കുന്ന സാമൂഹികമായ ധാർമ്മികശക്തിയുടെ അപ്രതിരോധ്യവും വിധ്വംസകവുമായ പ്രകാശനമാണെന്ന് ഇന്ന് വ്യക്തമാണ്.

Ho Chi Minh
ഹോചിമിൻ

അംബേദ്കർ നയിച്ച ജാതിവിമോചനസമരം തൊഴിലാളിവർഗ്ഗ സമരത്തിന് വിരുദ്ധമാകും എന്നതുകൊണ്ടാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അംബേദ്കറെ ഒരു കൊടിയ ശത്രുവായി കണ്ടത്. എസ്.എ. ഡാങ്കെ ബോംബെയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചത്, “നിങ്ങൾ ആർക്കും വോട്ട് ചെയ്തില്ലെങ്കിലും അംബേദ്കർക്ക് വോട്ട് ചെയ്യരുത്” എന്നാണ്. അത്രയ്ക്കായിരുന്നു ശത്രുത. വർഗ്ഗസമരത്തിന്റെ പേരിൽ ജാതി പ്രശ്നത്തെ അവഗണിക്കുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്കറും എതിരായിരുന്നു. എന്നാൽ അംബേദ്കർ ഒരിക്കലും ഒരു മാർക്സിസ്റ്റുവിരുദ്ധനായിരുന്നില്ല. അംബേദ്കറുടെ മരണശേഷം രണ്ടായി തിരിഞ്ഞ അനുയായികളിൽ ഒരു വിഭാഗമാണ് അംബേദ്കറെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റുവിരുദ്ധനായി ചിത്രീകരിച്ചത്. യഥാർത്ഥത്തിൽ, വർഗ്ഗത്തെ ഒരു സാമ്പത്തികഗണം മാത്രമായി കണ്ട കമ്മ്യൂണിസ്റ്റുകൾക്ക് ഇന്ത്യൻ ജാതിവ്യവസ്ഥയിലടങ്ങിയിരിക്കുന്ന വർഗ്ഗസമരത്തെ കാണാൻ കഴിയാതെ പോകുന്നു എന്നതായിരുന്നു അംബേദ്കറെ അവരിൽനിന്ന് അകറ്റിയത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റുനേതൃത്വത്തിന്റെ ഈ കൊടിയ വീഴ്ച സ്റ്റാലിനെത്തന്നെ നേരിട്ട് ബോധ്യപ്പെടുത്താൻ അംബേദ്കർ ശ്രമിച്ചിരുന്നു. റഷ്യയിലെ കീഴാളരിൽ നിന്നും റഷ്യയുടെ നേതാവായി ഉയർന്നുവന്ന സ്റ്റാലിനെ ഒരു മാർക്സിസ്റ്റെന്നനിലയിൽ അംബേദ്കർ അനുഭാവപൂർവം പരിഗണിച്ചിരുന്നു. സ്റ്റാലിൻ മരിച്ച ദിവസം ആ ദുഃഖവാർത്ത കേട്ട് അംബേദ്കർ ഉപവാസമനുഷ്ഠിക്കുകയുണ്ടായത്രേ.

അംബേദ്കർ ഒരിക്കലും ജാതിയെയും വർഗ്ഗത്തെയും പരസ്പരം വർജ്ജിക്കുന്ന വിപരീതങ്ങളായി പ്രതിഷ്ഠിച്ചിരുന്നില്ല. ജാതിസമരത്തിന്റെ പേരിൽ വർഗ്ഗസമരത്തെ തള്ളിക്കളഞ്ഞിട്ടില്ല. ‘അടഞ്ഞ വർഗ്ഗമാണ് ജാതി’ (caste is enclosed class) എന്നാണ് അംബേദ്കർ പറഞ്ഞത്. പിന്നീട് വർഗ്ഗരാഷ്ട്രീയത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും പേരിൽ കമ്മ്യൂണിസ്റ്റുകാരും ജാതിരാഷ്ട്രീയക്കാരും തമ്മിൽ നേർക്കുനേർ നിൽക്കുന്ന കാലം വന്നപ്പോഴാണ് ജാതിയും വർഗ്ഗവും പരസ്പരവിരുദ്ധങ്ങളാണെന്ന് ഉറപ്പിക്കപ്പെട്ടത്.

അതിനാൽ പുതിയ കീഴാളരാഷ്ട്രീയവ്യവഹാരത്തെ സംബന്ധിച്ചിടത്തോളം വർഗ്ഗത്തെക്കുറിച്ചുള്ള മാർക്സിസ്റ്റുകളും സ്വത്വവാദികളും പുലർത്തുന്ന യാന്ത്രികധാരണയെ ഇവിടെ പൊളിച്ചുകളയേണ്ടതായി വരുന്നു.

വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ച് മനുഷ്യരെ പല വർഗ്ഗങ്ങളായി തിരിക്കാം, നിറത്തെയോ വംശത്തെയോ ഭാഷയെയോ രാജ്യത്തെയോ മുൻനിർത്തി മനുഷ്യരെ വിഭജിക്കുന്നതുപോലെ. ഇങ്ങനെ വസ്തുവിഭജനത്തിന്റെ മാതൃകയിലുള്ള നിഷ്ക്രിയമായ ഒരു സാമ്പത്തികവിഭജനമല്ല വർഗ്ഗം. വർഗ്ഗം ഒരു സാമ്പത്തികഗണം മാത്രമായിരിക്കുമ്പോൾ അത് മറ്റ് പലതരത്തിലുള്ള വിഭജനങ്ങളിൽ ഒന്നുമാത്രമാണ്. എന്നാൽ ഇത്തരത്തിൽ, മനുഷ്യരുടെ സാമ്പത്തികനിലയെ മാത്രം ആശ്രയിച്ചു നടത്തുന്ന മറ്റൊരു മനുഷ്യവിഭജനമല്ല മാർക്സ് പറയുന്ന ‘വർഗ്ഗം’. വർഗ്ഗം ക്രിയാത്മകമായ ഒരു രാഷ്ട്രീയപരികല്പനയാണ്. ഒരു നിഷ്ക്രിയ സാമ്പത്തികഗണമല്ല. വർഗ്ഗങ്ങൾ നിലവിൽ വരുന്നത് സമരത്തിലൂടെയാണ്. അതിനാൽ വർഗ്ഗം ഒരു രാഷ്ട്രീയപ്രയോഗമാണ്. മുൻകൂർ നിലനിൽക്കുന്ന സാമ്പത്തിക വിഭാഗങ്ങളുടെ യാന്ത്രികമായ ഏറ്റുമുട്ടലല്ല വർഗ്ഗസമരം. ജനവിഭാഗങ്ങൾ അവരുടെ അവകാശത്തിനും അധികാരത്തിനുംവേണ്ടി സമരം ചെയ്യുമ്പോഴാണ് വർഗ്ഗങ്ങൾ ഉണ്ടാവുന്നത്. ആ സമരം സാമ്പത്തിക ചൂഷണത്തിന് എതിരെയെന്നപോലെ വംശീയമായ അടിച്ചമർത്തലിനോ ജാതീയമായ പീഡനത്തിനോ ലിംഗപരമായ വിവേചനത്തിനോ ഒക്കെ എതിരെയുള്ള സമരമാകാം. സമരത്തിലൂടെ ഈ സമരവിഭാഗങ്ങളെല്ലാം അധീശവ്യവസ്ഥയ്ക്കെതിരെ പൊരുതുന്ന വർഗ്ഗങ്ങളായി മാറുകയാണ്. ഇതിനർത്ഥം സ്വത്വം വർഗ്ഗത്തിൽ ലയിക്കുന്നു എന്നല്ല; സ്വത്വം സമര ശക്തിയായി ഉയരുന്നു എന്നാണ്. അതിനാൽ വർഗ്ഗവും ജാതിയും വിരുദ്ധങ്ങളല്ല.

വർഗ്ഗമെന്ന പരികല്പന ഇങ്ങനെ ഒരു സാമ്പത്തികഗണമെന്നതിനുപരി ഒരു ക്രിയാത്മകരാഷ്ട്രീയപ്രയോഗമെന്ന നിലയിൽ മനസ്സിലാക്കപ്പെടുകയാണെങ്കിൽ അത് നിശ്ചയമായും വർഗ്ഗത്തിന്റെയും ജാതിയുടെയും മറ്റും വിരുദ്ധതയിലൂടെ ഇക്കാലമത്രയും ഇന്ത്യൻ കീഴാളജനതയെ ഭിന്നിപ്പിച്ച് നിർവീര്യമാക്കി നിർത്തിയിരുന്ന രാഷ്ട്രീയവ്യവഹാരങ്ങളെ എല്ലാം കലഹരണപ്പെടുത്തുകതന്നെ ചെയ്യും. പുതിയ സമരങ്ങളെ സാധ്യമാക്കുന്ന ഒരു നൂതന കീഴാളജനാധിപത്യ രാഷ്ട്രീയവ്യവഹാരത്തിന് വഴിതുറക്കുകയും ചെയ്യും.

Self-immolation of Raveev Goswami protesting against the Mandal Commission Report
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി രവീവ് ഗോസ്വാമി ആത്മാഹുതി ചെയ്യുന്നു / ദി ഹിന്ദു

ഈ പ്രസ്താവത്തിന്റെ പൊരുൾ വ്യക്തമാവണമെങ്കിൽ സ്വത്വ വർഗ്ഗ വിരുദ്ധതയുടെ പഴയ രാഷ്ട്രീയവ്യവഹാരം മൂലം ഇന്ത്യയുടെ ചരിത്രത്തെ തന്നെ വഴിതിരിക്കുമായിരുന്ന കീഴാളമുന്നേറ്റങ്ങൾ എങ്ങനെ ശിഥിലമായി പോയി എന്ന് കണ്ടാൽ മതി. സ്വാതന്ത്ര്യസമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കീഴാളരാഷ്ട്രീയമുന്നേറ്റമായിരുന്നു മണ്ഡൽ-ദളിത് പ്രസ്ഥാനങ്ങളിലൂടെ തൊണ്ണൂറുകളിൽ സംഭവിച്ചത്. ഇന്ത്യൻ ഭരണവർഗ്ഗങ്ങളെ ഞെട്ടിച്ച ഈ മുന്നേറ്റത്തെ വഴിതിരിച്ചു വിടുന്നതിനും തകർക്കുന്നതിനും വേണ്ടിയാണ് സംഘ്പരിവാർ ആക്രമണോൽസുകമായ ഹിന്ദുവർഗ്ഗീയ വികാരത്തിന് തീ കൊളുത്തിയത്. അദ്വാനിയുടെ രഥയാത്രയിൽ തുടങ്ങി ബാബ്റി മസ്ജിദിന്റെ തകർച്ചവരെ എത്തുന്ന വൈകാരികസംഭവങ്ങളിലൂടെ എല്ലാ കീഴാളരാഷ്ട്രീയമുന്നേറ്റങ്ങളും ശിഥിലമാവുകയായിരുന്നു. ഇന്നിപ്പോൾ ആ പ്രസ്ഥാനങ്ങളിൽനിന്നുയർന്നുവന്ന പല കീഴാളവിഭാഗങ്ങളും ബിജെപിക്കൊപ്പമാണ്. മാത്രമല്ല, ആദിവാസികളുടെയും ദളിതരുടെയും പിന്നാക്കജാതികളുടെയും ഇടയിലേക്ക് സംഘ്പരിവാർ ചിട്ടയായ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ മണ്ഡൽ-ദളിത് പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്നത് ഇന്ത്യൻ വർഗ്ഗസമരത്തിന്റെ സവിശേഷരൂപം തന്നെയാണെന്ന് ഇടതുപക്ഷപ്രസ്ഥാനങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ; സ്വത്വരാഷ്ട്രീയം ജാതിഗോത്രപരമായ സ്വത്വങ്ങളിൽ തന്നെ എന്നേക്കുമായി സ്വയം തളഞ്ഞുനിൽക്കാനുള്ള ഒരു രാഷ്ട്രീയമല്ലെന്നും അത് വിമോചനത്തിലേക്കുള്ള വർഗ്ഗസമരത്തിന്റെ അനിവാര്യമായ ആദ്യചുവട് മാത്രമാണെന്നും സ്വത്വരാഷ്ട്രീയക്കാരും അന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറിപ്പോവുമായിരുന്നു. സംഘ്പരിവാർ ശക്തികൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടക്കുന്നതിനുള്ള കവാടങ്ങൾ കൊട്ടിയടയ്ക്കപ്പെടുമായിരുന്നു.

Mahatma Gandhi’s personal secretary V Kalyanam
മഹാത്മാഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി വി കല്യാണം

ഇനിയും വൈകിപ്പോയിട്ടില്ല. വി.കല്യാണം വിവക്ഷിച്ചതുപോലെ, ഇന്ത്യൻ കീഴാളജനതയ്ക്ക് വർഗ്ഗ-ജാതി വൈരുദ്ധ്യത്തെ മറികടന്നുകൊണ്ട് ഇന്ത്യൻ ഭരണവർഗ്ഗങ്ങൾക്കെതിരെ ശക്തിയായി ഉയർത്തെഴുന്നേൽക്കാൻ കഴിയും. ഈ ഉയിർത്തെഴുന്നേൽപ്പിൽ മാർക്സും ഗാന്ധിയും അംബേദ്കറും അവർക്കൊപ്പമുണ്ടാകും. ഈ മാർക്സ് തൊഴിലാളി വർഗ്ഗ മുന്നണിപ്പടയെ മാത്രം വിപ്ലവവർഗ്ഗമായി കണ്ട ഒരു മാർക്സ് ആയിരിക്കില്ല. അമേരിക്കൻ അടിമത്തവിരുദ്ധ ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത്, കറുത്തവരുടെ അദ്ധ്വാനത്തിന്റെ മോചനമാണ് യൂറോപ്പിലെ വെളുത്ത തൊഴിലാളിവർഗ്ഗത്തിന്റെ വിമോചനത്തിന് മുന്നുപാധി എന്നു പറഞ്ഞ മാർക്സ് ആണ്. അങ്ങനെ ലോകമെമ്പാടുമുള്ള കറുത്തവരെ വിപ്ലവശക്തിയായി അംഗീകരിച്ച മാർക്സ് ആണ് ഈ പുതിയ ഉയിർത്തെഴുന്നേൽപ്പിൽ അവരോടൊപ്പമുണ്ടാവുക. അതുപോലെതന്നെ സ്വാതന്ത്ര്യലബ്ധിയുടെ ആഘോഷങ്ങളിൽനിന്ന് വിട്ടുനിന്നുകൊണ്ട് ഇന്ത്യൻ കീഴാളജനതയുടെ വിമോചനത്തിനായി പുതിയ സമരപദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരുന്ന ഗാന്ധി ഈ മുന്നേറ്റങ്ങൾക്ക് പിന്നിൽ ഒരു മഹാശക്തിയായിത്തന്നെ വർത്തിക്കും. ഗാന്ധിയോടൊപ്പം പുതിയ സമരപദ്ധതികൾ ആസൂത്രണം ചെയ്യുന്ന ചർച്ചകളിൽ പങ്കെടുത്തിരുന്നവരിൽ ഒരാൾ റാം മനോഹർ ലോഹ്യയാണ്. ഗാന്ധി മരിച്ചതിനുശേഷം, ഗാന്ധിയുടെ സ്ഥാനം ഏറ്റെടുത്തുകൊണ്ട് പുതിയ സമരങ്ങളുടെ നേതൃത്വത്തിലേക്ക് വരാൻ അംബേദ്കറെ ലോഹ്യ ക്ഷണിക്കുകയുണ്ടായി. ആ ക്ഷണം സ്വീകരിച്ച അംബേദ്കർ, മരണം തടഞ്ഞില്ലായിരുന്നു എങ്കിൽ നിശ്ചയമായും പുതിയ സമരമുഖത്തേക്ക് എത്തുമായിരുന്നു. കാരണം അവസാനകാലത്ത്, ഇന്ത്യൻ മേലാളവർഗ്ഗങ്ങൾക്ക് കീഴിൽ കീഴാളജാതികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായിത്തീരുന്നതു കണ്ട് അംബേദ്കർ വളെരെയേറെ ദുഃഖിതനും ഹതാശനുമായിരുന്നു. അതിനാൽ വരാൻ പോകുന്ന കീഴാളശക്തികളുടെ ഉയിർത്തെഴുന്നേൽപ്പിനൊപ്പം ലോഹ്യയുടെ ക്ഷണം സ്വീകരിച്ച അംബേദ്കറും ഉണ്ടാവും.

Ram Manohar Lohya
രാം മനോഹർ ലോഹ്യ

അങ്ങനെ ഇവരെയൊക്കെ പരസ്പരം അകറ്റിനിർത്തിയ പഴയ രാഷ്ട്രീയവ്യവഹാരങ്ങളുടെ സ്ഥാനത്ത് ഇവരുടെയൊക്കെ അടിസ്ഥാനരാഷ്ട്രീയ പ്രതീക്ഷകളെ ഉൾക്കൊള്ളാൻ പോന്ന ഒരു ബദൽരാഷ്ട്രീയവ്യവഹാരം ഇന്ത്യയുടെ വീണ്ടെടുപ്പിനായി ഇന്ന് അനിവാര്യമായിത്തീർന്നിരിക്കുന്നു
എന്നുതന്നെ പറയാം.

കടപ്പാട്: ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഇന്ത്യയുടെ വീണ്ടെടുക്കൽ എന്ന പുസ്തകം

B Rajeevan

B Rajeevan

ബി രാജീവൻ 1971 മുതൽ വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപകനായിരുന്നു. 1975 -ൽ അടിയന്തിരാവസ്ഥയ്‌ക്കെതിരായ ചെറുത്ത് നിൽപ്പിൽ പങ്കെടുത്ത് മർദ്ദനവും തടങ്കലും അനുഭവിച്ചു. 1969 മുതൽ തത്വശാസ്ത്രം, രാഷ്ട്രമീമാംസ, സൗന്ദര്യശാസ്ത്രം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങൾ, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവയ്ക്ക് നിരവധി പുരസ്‌ക്കാരങ്ങൾ ലഭിക്കുകയുണ്ടായി.

View All Articles by B Rajeevan

Share Article
Whatsapp Email