ഭൂവുടമകളുടെ അടിയാളരായിമാറിയ ആദിവാസി ചരിത്രം

ഭൂവുടമകളുടെ അടിയാളരായിമാറിയ ആദിവാസി ചരിത്രം

കേരളത്തിലെ ആദിവാസികൾ എങ്ങനെ അടിയാളരായി മാറി എന്നതിന്റെ ചരിത്രപരവും നിയമപരവുമായ വസ്തുതകളും പരിശോധിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അങ്ങനെ മാത്രമേ കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ അനുഭവിക്കുന്ന ചൂഷണത്തിന്റെയും ഭൂരാഹിത്യത്തിന്റെയും നേർചിത്രം വ്യക്തമാവുകയുള്ളൂ. ദീഘകാലം വനാവകാശ നിയമം 2006, പെസ അടക്കമുള്ള ഇന്ത്യയിലെ പല നിയമനിർമ്മാണങ്ങൾക്കായും ആദിവാസി സ്വയംഭരണ ആവശ്യങ്ങൾക്കായും സജീവമായി പ്രവർത്തിച്ച സി ആർ ബിജോയ് എഴുതുന്ന പരമ്പരയുടെ ഒന്നാം ഭാഗം.

ഭാഗം ഒന്ന്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കേരളം ഒരു പ്രഹേളികയാണ്. പ്രതിശീർഷ ആഭ്യന്തരോത്പാദനം ദേശീയ ശരാശരിയിലും വളരെക്കുറഞ്ഞ ഒരു പിന്നോക്ക സംസ്ഥാനമാണെങ്കിലും അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കുന്ന കാര്യത്തിൽ കേരളം മുന്നിലാണ്. വളർച്ച എന്നത് വികസനത്തിന്റെ മുന്നുപാധിയാണെന്ന ധാരണയെ വെല്ലുവിളിക്കുന്നതാണ് സംസ്ഥാനത്തിന്റെ വികസനാനുഭവങ്ങൾ. അതായത് പ്രതിശീർഷ ഉത്പാദനം മനുഷ്യവികസനത്തെ സാധ്യമാക്കുന്നു എന്നും ഉയർന്ന സാമ്പത്തികവളർച്ചയുടെ അഭാവത്തിൽ ഉയർന്ന നിലവാരത്തിലുള്ള സാമൂഹികവികസനം സാധ്യമല്ലെന്നുമുള്ള സാമാന്യധാരണയെ ഈ വികസനാനുഭവം വെല്ലുവിളിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ സംഘടനാ പാരമ്പര്യമാണ് ഇത് സാധ്യമാക്കിയതെന്ന് വിലയിരുത്തപ്പെട്ടിട്ടുമുണ്ട്. ഏതായാലും ഹൃദയഹാരിയായ ഈ ശരാശരികൾക്കുള്ളിൽ പൊതിഞ്ഞിരിക്കുന്നത് താഴേത്തട്ടിലുള്ള വിഭാഗങ്ങളുടെ അത്രയ്ക്ക് മനോഹരമല്ലാത്ത കഥകളാണ്. ആദിവാസികൾ അതിൽപ്പെടുന്ന ഒരു വിഭാഗമാണ്.

1947 വരെ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന പഴയ മലബാറിന്റെ വടക്കൻ ജില്ലകളിലാണ്, അതിൽത്തന്നെ മുമ്പ് കണ്ണൂർ, കോഴിക്കോട് റവന്യൂ ജില്ലകളുടെ ഭാഗമായിരുന്നതും പിന്നീട് പ്രത്യേക ജില്ലയായി മാറിയതുമായ വയനാട് പ്രദേശത്താണ് ആദിവാസികളിലെ മുഖ്യപങ്കുള്ളത്. വയനാട് താഴ്വരയുടെ സവിശേഷത നെൽപാടങ്ങളുടെ പരപ്പും കർഷകത്തൊഴിലാളികളെ കിട്ടാതെ വന്നത്, ഭൂവുടമകളെ സമീപ വ്യാപ്തിയുമാണ്. 18-ാം നൂറ്റാണ്ടിൽ ഈ പാടങ്ങളിൽ പണിയെടുക്കാൻ വനപ്രദേശങ്ങളിൽനിന്നും വൻതോതിൽ ആദിവാസികളെ (ആദിവാസി ജനസംഖ്യയുടെ 27% വരുന്ന പണിയരും അടിയരും) ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിച്ചു. ഈ വനപ്രദേശങ്ങളിന്ന് കർണ്ണാടകത്തിന്റെയും തമിഴ്നാടി ന്റെയും ഭാഗമാണ്. 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കുടിയേറ്റക്കാർ ഭൂരഹിതരും അടിമകളുമാക്കി മാറ്റുന്നതുവരെ പൊതുവിൽ ‘പ്രാകൃതം’ എന്നു കരുതപ്പെടുന്ന അവസ്ഥയിലായിരുന്നു മലനാടൻ ആദിവാസികൾ.

 തുടർന്ന് നൂറു വർഷക്കാലത്തോളം അനാദിവാസികളായ ഭൂവുടമകളുടെ അടിയാളന്മാരായി ഇവർ ജീവിച്ചു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ വയനാട്ടിൽ തോട്ടങ്ങൾ ഉയർന്നുവന്നതോടെ, ആദിവാസികളുടെ തൊഴിലാളിവർഗ്ഗവത്കരണം തുടങ്ങി.

ആദിവാസി ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന അട്ടപ്പാടിയിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. 1950- കളുടെ മധ്യം വരെ അപ്രാപ്യവും വാസയോഗ്യമല്ലാത്തതുമായ പ്രദേശമായിരുന്നു അത്. ഇരുളർ, മുഡുഗർ, കുറുമ്പർ തുടങ്ങിയ മൂന്ന് മലനാടൻ ആദിവാസി വിഭാഗങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. 1950-കളുടെ മധ്യം മുതൽ തിരു-കൊച്ചി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുണ്ടായ കുടിയേറ്റക്കാരുടെ തള്ളിക്കയറ്റത്തിൽ ഇവർ നിരുപയോഗപ്രദമായ ഭൂമിയിലേക്ക് തള്ളിമാറ്റപ്പെട്ടു.

കൊച്ചിരാജ്യത്ത്, ആദിവാസി ജനസംഖ്യ കുറവായിരുന്നു. അവർ വനവിഭവങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ശേഖരണത്തിലേർപ്പെട്ടു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, വനത്തിനു മുകളിൽ ഭരണകൂട കുത്തക നിലവിൽ വന്നതോടെ, ഈ മലനാടൻ ആദിവാസികൾ ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വന്നു. ഗവണ്മെന്റ് ആദിവാസികളോട് സൗഹാർദ്ദ സ്വഭാവമുള്ള രക്ഷാകർതൃസമീപനമാണ് പുലർത്തിയിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊച്ചിയിലെ ചില ആദിവാസി വിഭാഗങ്ങൾ വ്യവസ്ഥാപിത കൃഷിയിലേക്ക് തിരിയുകയും ചെയ്തു.

തിരുവിതാംകൂറിൽ കാര്യങ്ങൾ പരിണമിച്ചത് വ്യത്യസ്തമായ തരത്തിലാണ്. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ശക്തമായിരുന്ന കർഷകരുടെ അവകാശങ്ങൾ പതിച്ചുനല്കുന്ന നയത്തിന്റെ പരിധിയിൽ മലനാടൻ ആദിവാസികളും ഉൾപ്പെട്ടിരുന്നു.19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, ഈ പ്രദേശത്തെ എല്ലാ ആദിവാസി വിഭാഗങ്ങളും അന്യാധീനപ്പെടാൻ സാധ്യതയില്ലാത്ത അവകാശങ്ങളുള്ള (Acts and Proclamations of Travancore, Government Press, Travancore, 1948, Act II of 1068 (1903)] വ്യവസ്ഥാപിത കൃഷിക്കാരായി മാറിക്കഴിഞ്ഞിരുന്നു. തിരുവിതാംകൂർ ഭരണാധികാരികൾ മലനാടൻ ആദിവാസികളോട് സവിശേഷമായ രക്ഷാകർതൃഭാവം പുലർത്തിയിരുന്നു. ഈ നയത്തിന്റെ പ്രധാനപ്പെട്ട ഭാഗം അത് ആദിവാസി ഊരുകളിൽ അന്യർക്ക് പ്രവേശനം വിലക്കി എന്നതാണ്. ആദിവാസികൾക്ക് നിത്യോപയോഗസാധനങ്ങൾ ന്യായമായ വിലയ്ക്ക് നല്കാൻ തയ്യാറുള്ള കച്ചവടക്കാർക്ക് ലൈസൻസ് നല്കിയിരുന്നു. എന്നാൽ, അത് വനംവകുപ്പിന്റെ നിയന്ത്രണത്തിലും നിരവധി ഉപാധികളുടെ അടിസ്ഥാനത്തിലുമായിരുന്നു. ആദിവാസികൾ കൃഷിചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന ഭൂമി കച്ചവടക്കാർ ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്തിരുന്നു. കൂടാതെ, ആദിവാസികൾ ഇതര വിഭാഗക്കാരുമായി ഒരു തരത്തിലുള്ള കൂട്ടുസംരംഭങ്ങൾക്കും മുതിരരുതെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്ന ആദിവാസി താത്കാലികമായോ സ്ഥിരമായോ ഊരിൽനിന്നും പുറത്താക്കപ്പെടുകയോ വനനിയമമനുസരിച്ച് പിഴയൊടുക്കേണ്ടിവരികയോ ചെയ്യും. ഈ നിയന്ത്രണങ്ങൾക്കു പുറമേ, കാർഷിക വൃത്തിയുടെ മുഴുവൻ സാധ്യതകളും ഉപയോഗിക്കാൻ തക്ക നടപടികളും സർക്കാർ കൈക്കൊണ്ടിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി മലയരയർ, മുതുവർ, കാണിക്കാർ, ഊരാളി തുടങ്ങി പല വിഭാഗങ്ങളും കൃഷിയിലേർപ്പെട്ടിരുന്നെങ്കിലും, വേണ്ടത്ര പുരോഗതി കൈവരിക്കാത്ത മറ്റു പല ആദിവാസി വിഭാഗങ്ങളുമുണ്ടായിരുന്നു. വനത്തിൽ ഇവരുടെ സ്വൈരസഞ്ചാരം തടയാൻ സർക്കാർ മുതിർന്നില്ല.

ഭൂമി അന്യാധീനപ്പെടലും ജീവനോപാധികളും

മലബാറിൽ കർഷകരായ ആദിവാസികൾ ഭൂമിയിൽനിന്ന് പുറത്താക്കപ്പെട്ടപ്പോൾ, തിരുവിതാംകൂറിൽ അവർക്ക് വിപുലമായ കൃഷിസമ്പ്രദായത്തിൽനിന്ന് കടുംകൃഷിയിലേക്ക് മാറേണ്ടതായിവന്നു. കൊച്ചിയിലാകട്ടെ, പുനംകൃഷിസമ്പ്രദായം ദീർഘകാലം തടസ്സമില്ലാതെ തുടർന്നു. ചരിത്രപരമായ ഈ വ്യത്യസ്തതകളെത്തുടർന്ന് ആദിവാസി കർഷകർ, ഭൂമിയുള്ളവരും ഭൂരഹിതരുമെന്ന് രണ്ടായി മാറി. അംഗീകൃത കണക്കുകൾ പ്രകാരം കേരളത്തിലെ ആദിവാസി കുടുംബങ്ങളിൽ മുപ്പതു ശതമാനത്തോളം ഭൂരഹിതരാണ്. ഭൂരാഹിത്യത്തിന്റെ തോത് ഏറ്റവും കുറവുണ്ടായിരുന്നത് തിരുവിതാംകൂറിലും കൊച്ചിയിലുമാണ്. കോട്ടയത്തെയും ഇടുക്കിയിലെയും തിരുവനന്തപുരത്തെയും ആദിവാസികൾക്കിടയിൽ ഭൂരഹിതർ അധികമില്ല. ഈ മൂന്നു ജില്ലകളിലെയും പ്രമുഖ ആദിവാസി വിഭാഗങ്ങൾ കാണിക്കാർ (തിരുവനന്തപുരം), മലയരയൻ (ഇടുക്കി, കോട്ടയം), മുതു വൻ (ഇടുക്കി), ഊരാളി (ഇടുക്കി, കോട്ടയം) തുടങ്ങിയവരാണ് ആദ്യമായി വ്യവസ്ഥാപിത കൃഷിയിലേർപ്പെട്ടത്. ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുടെ നിരക്ക് കൂടുതലുള്ളത് മലബാറിലാണ്. ഇത് ഏറ്റവും കൂടുതലാവുന്നത് വയനാട്, പാലക്കാട് ജില്ലകളിലാണ്. ആദിവാസി ജനസംഖ്യയുടെ 27 ശതമാനത്തോളം വരുന്ന അടിയരും പണിയരും, കാർഷികാടിമകളായിരുന്നതുകൊണ്ടുതന്നെ നൂറ്റാണ്ടുകളായി ഭൂരഹിതരായിരുന്നു. അനാദിവാസി വിഭാഗങ്ങളുടെ വൻതോതിലുള്ള കുടിയേറ്റം കൊണ്ട് (പ്രത്യേകിച്ച് തിരുവിതാംകൂറിൽ നിന്ന്) ആദിവാസികളുടെ അവരുടെ ഒരേയൊരു ജീവനോപാധി നഷ്ടപ്പെടുകയും ചെയ്തു. രണ്ടാം കൃഷിയോഗ്യമായ ഭൂമി കയ്യേറ്റംചെയ്യപ്പെടുകയും, ആദിവാസികൾക്ക് ലോക മഹായുദ്ധത്തിനുശേഷം ഗവണ്മെന്റ് പ്രചരിപ്പിച്ച കൂടുതൽ ‘ഭക്ഷ്യധാന്യമുണ്ടാക്കുക’ എന്ന മുദ്രാവാക്യവും മലബാർ മേഖലയിലേക്കുള്ള കുടിയേറ്റത്തെ ത്വരിതപ്പെടുത്തി.

സമതലങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ, വ്യാപകമായി ആദിവാസി ഭൂമി കൗശലങ്ങളിലൂടെ കൈക്കലാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തതിന്റെ ഫലമായി അവർ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ചൂഷകരുടെ അടിമകളായി മാറി. സ്വാഭാവികമായും ഏറ്റവും കൂടുതൽ ചൂഷണമനുഭവിച്ചത് പണിയ, അടിയ വിഭാഗങ്ങളായിരുന്നു. 1975-ലെ കണക്കനുസരിച്ച് 57 ശതമാനവും 76-ലെ കണക്കനുസരിച്ച് 61 ശതമാനവും വരുന്ന വയനാട്ടിലെ ആദിവാസി കുടുംബങ്ങൾ ഭൂരഹിതരും ശേഷിക്കുന്നവർ ഭൂരഹിത കർഷകത്തൊഴിലാളികളുമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ഭൂവിപണി വ്യാപകമായതോടുകൂടി ഭൂവുടമകളായ കുറിച്യർ, കുറുമർ തുടങ്ങിയവരും ഭൂമി നഷ്ടപ്പെട്ട് വനപ്രദേശങ്ങളിലേക്ക് പറിച്ചുമാറ്റപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രാക്തനമായ ആദിവാസി ഗോത്രമായി കരുതപ്പെടുന്ന നിലമ്പൂർ കാടുകളിലെ ഗുഹാമനുഷ്യരായ ചോലനായ്ക്കർ 1970-കളിൽ ഇവർ ആദ്യമായി കണ്ടെത്തപ്പെടും വരെ കൃഷിപ്പണിയിലേക്കു തിരിഞ്ഞിരുന്നില്ല.

അട്ടപ്പാടിയിൽ സമതലങ്ങളിൽനിന്നുള്ള കുടിയേറ്റം ആരംഭിച്ചത് 1950-കളിലാണ്. പക്ഷേ, 25 വർഷത്തെ കാലയളവിൽ, ജില്ലയിലെ 20% ആദിവാസി കുടുംബങ്ങൾ ഭൂരഹിതരാക്കപ്പെട്ടു. കണക്കുകളനുസരിച്ച് 1966-76 ദശകത്തിൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമിയുടെ 44% പാലക്കാട് ജില്ലയിലാണ്. ഭൂമി പണയപ്പെടുത്തലിന്റെ ശതമാനവും ഇവിടെ കൂടുതലാണ്. ആദിവാസി ഉടമസ്ഥതയിലുള്ള മൊത്തം ഭൂമിയിൽ കൃഷിചെയ്യുന്ന ഭൂവിഭാഗത്തിന്റെ കാര്യത്തിലും ഓരോ കുടുംബത്തിന്റെയും കൈവശമുള്ള ശരാശരി ഭൂമിയുടെ കാര്യത്തിലും പഴയ തിരു-കൊച്ചി പ്രദേശത്തെ ജില്ലകൾ മുൻപിലും, മലബാർ ഏറ്റവും പിന്നിലുമാണ്. കൂടാതെ, മലബാർ ഭാഗത്ത് വന്യമൃഗങ്ങളുടെ ആക്രമണവും കൂടുതലാണ്. കുടിയേറ്റക്കാരുടെ തള്ളിക്കയറ്റത്തിനിടയിൽ ആദിവാസികൾ ഗുണനിലവാരം കുറഞ്ഞ ഭൂമിയിലേക്ക് പിൻതള്ളപ്പെട്ടതോടെ കൈവശമുള്ള ഭൂമിയും കൃഷിയോഗ്യമായ ഭൂമിയും തമ്മിലുള്ള അനുപാതം കുറവായി.

ഭൂവുടമകളായ ആദിവാസികളിൽ 62% വരുന്ന കുടുംബങ്ങൾക്ക് ശരാശരി 2 ഏക്കറിൽ കുറയാത്ത ഭൂമിയാണ് കൈവശമുള്ളത്. ഒരു വർഷത്തെ നിലനില്പിന് ഇത് അപര്യാപ്തമായതിനാൽ കൂലിവേലയെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. 23% വരുന്ന കർഷക കുടുംബങ്ങൾ 2 മുതൽ 5 ഏക്കർ വരെ ഭൂമിയിൽ കൃഷിചെയ്യുന്ന ചെറുകാട് കർഷകർ മാത്രമാണ്. അതായത് 91% വരുന്ന കർഷകകുടുംബങ്ങൾക്കും കൃഷിയിൽനിന്നുള്ള വരുമാനം മതിയാവാതെ തൊഴിൽചന്തയിൽ സ്വയം വില്ക്കുകകൂടി ചെയ്യേണ്ടിവരുന്നു. 50 സെന്റിൽ കുറഞ്ഞ ഭൂമി മാത്രമുള്ള കുടുംബങ്ങളുടെ അനുപാതവും മലബാർ മേഖലയിൽ കൂടുതലാണ്. പഴയരീതിയിലുള്ള പുനംകൃഷിയും ഇന്ന് അസാദ്ധ്യമായി തീർന്നിരിക്കുന്നു. റാഗി, ചോളം മുതലായവയുടെ കൃഷിയിൽ നിന്നും വൈവിധ്യവത്കരിക്കപ്പെട്ട നാണ്യവിളകളിലേക്കുള്ള മാറ്റവും ഇതിനാക്കംകൂട്ടി. വയനാട് രൂപംകൊണ്ടത്, അടിമപ്പണിയെ ആശ്രയിച്ചുള്ള നെൽകൃഷിയിലൂടെയാണ്. ആദിവാസികൾക്ക് കൂലിയായി ലഭിച്ചിരുന്നത് നെല്ലാണ്. കർഷകത്തൊഴിലാളികളുടെ നിലവിലുള്ള കൂലിയെക്കാൾ കുറഞ്ഞ കൂലിയാണ് ആദിവാസികളായ തൊഴിലാളികൾക്ക് കിട്ടുന്നത്. 1976-ൽ അടിമപ്പണി നിയമപ്രകാരം നിരോധിച്ചുവെങ്കിലും പ്രത്യേകതരം അടിമത്തവ്യവസ്ഥ നിലനിന്നു. ഭൂമിയുടെ ലഭ്യത കുറയുകയും തൊഴിൽ ശക്തി കൂടുകയും ചെയ്തു. കൃഷിയോജ്യമായ ഭൂമിയുടെ ലഭ്യത കുറയുകയും ബദൽ തൊഴിൽ സാധ്യതകൾ ഇല്ലാതാവുകയും ചെയ്തതോടെ അനാദിവാസികളായ പഴയ തൊഴിലുടമകളുടെ അടുത്തേക്ക് തിരികെ പോകാൻ ആദിവാസികൾ നിർബന്ധിതരായി.

ഭൂപരിഷ്കരണനിയമം പോലെ പുരോഗമനപരമായ ഒരു നിയമ നിർമ്മാണം പോലും ആദിവാസി ഭൂമി അന്യാധീനപ്പെടുത്താൻ ഉപയോഗിക്കപ്പെട്ടു. ആദിവാസി ഇതര വിഭാഗങ്ങൾ കുറച്ചുകാലത്തേക്ക് ‘കുടിയാന്മാ’രായി ആദിവാസി ഭൂമി പാട്ടത്തിനെടുക്കുകയും, ഉടൻ തന്നെ ഭൂവുടമയായ ആദിവാസിയെ നിസ്വനാക്കിക്കൊണ്ട് പട്ടയം വാങ്ങിക്കുകയും ചെയ്യുന്ന തന്ത്രമാണ് പ്രയോഗിക്കപ്പെട്ടത്.

ഒരു വശത്ത് വനഭൂമിയുടെ ശോഷണം, വർദ്ധിച്ചുവന്ന മണ്ണൊലിപ്പ്, ശോഷിച്ച ഉത്പാദനക്ഷമത എന്നിവയും മറുവശത്ത് ഭൂമിയുടെ അന്യവത്കരണവും വർദ്ധിച്ചുവരുന്ന ദാരിദ്ര്യവും എല്ലാം ചേർന്ന് ആദിവാസികളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ദശകങ്ങളിലുണ്ടായ പരമ്പരാഗതമായ ജീവിത സമ്പ്രദായങ്ങളുടെ തകർച്ചയോടു കൂടി, സ്വാഭാവിക വാസസ്ഥാനങ്ങളിൽ വിവിധ ആദിവാസി സമുദായങ്ങൾ തമ്മിലുണ്ടായിരുന്ന സൂക്ഷ്മവും സങ്കീർണ്ണവുമായ പാരസ്പര്യങ്ങൾ തകരുകയോ ദുർബലമാവുകയോ ചെയ്തിരിക്കുന്നു.

സുപ്രീംകോടതിയുടെ നിർദ്ദേശമനുസരിച്ച് സംസ്ഥാന സർക്കാർ നടത്തിയ ഔദ്യോഗികാന്വേഷണത്തിൽ പാലക്കാട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ അടിമപ്പണിയുള്ളതായി തെളിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും ധാരാളം ആദിവാസി പെൺകുട്ടികൾ അടിമവേലകളിലേർപ്പെട്ടിട്ടുണ്ട്. വയനാട്ടിൽ ആദിവാസികളെ സർക്കാർ പുനരധിവസിപ്പിച്ചിട്ടുള്ള സുഗന്ധഗിരി പ്രോജക്ടിലും, വട്ടച്ചിറ കൂട്ടുകൃഷി ഫാമിലും അടിമപ്പണി നിലനിൽക്കുന്നു. അനാരോഗ്യംമൂലം മരിച്ചു എന്നു പൊതുവേ എഴുതിത്തള്ളപ്പെടുന്ന പട്ടിണിമരണങ്ങളും ഇവിടെയുണ്ട്. ഇടുക്കി, ചിമ്മിണി, കാരാപ്പുഴ പദ്ധതികൾപോലെയുള്ള അണക്കെട്ടുകളും വിദ്യുച്ഛക്തി പദ്ധതികളും ഭൂരാഹിത്യത്തെ കൂട്ടിയിട്ടുണ്ട്. വയനാട്, പെരിയാർ തുടങ്ങിയ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളും ദേശീയ പാർക്കുകളും ആയിരക്കണക്കിന് ആദിവാസികളെയാണ് അവരുടെ ഭൂമിയിൽനിന്ന് പറിച്ചെറിഞ്ഞത്. അവശേഷിക്കുന്ന സമ്പന്നമായ വനഭൂമിയെ സർക്കാർ തലത്തിലും അല്ലാതെയുമുള്ള വിനോദസഞ്ചാര നടത്തിപ്പുകാർക്ക് തുറന്നുകൊടുത്തുകൊണ്ടാണ് ഈ അധിനിവേശം നടന്നത്.   
 
മുഖ്യധാരാസമൂഹത്തിന് സാമ്പത്തികതാത്പര്യമുള്ള തോട്ടങ്ങൾ പോലെയുള്ള പ്രദേശങ്ങളിലാണ് വികസനപദ്ധതികൾ ഉണ്ടായിട്ടുള്ളത്. ട്രൈബൽ ഡവലപ്മെന്റ് പ്രോജക്ടുകൾ ഏതാണ്ടു പൂർണ്ണമായിത്തന്നെ കുടിയേറ്റക്കാർക്ക് അടിസ്ഥാനസൗകര്യങ്ങളുണ്ടാക്കുവാൻ വേണ്ടിയുള്ളവയാണ്. കൂടുതലായി കുടിയേറ്റമുണ്ടാകുന്നതിന് ഇതു സാഹചര്യമൊരുക്കുകയും ചെയ്യുന്നു. അടിമപ്പണി ഇല്ലാതാക്കാൻ വികസനപ്രവർത്തനങ്ങൾക്ക്, പുനരധിവാസത്തിന് എന്നൊക്കെപ്പറഞ്ഞ് ഭീമമായ തുകകൾ ചെലവഴിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെത്തന്നെ വകമാറിയും വഴിതിരിച്ചും കവർന്നെടുക്കപ്പെടുകയാണു ചെയ്യുന്നത്. അഴിമതിയുടെയും അപവാദങ്ങളുടെയും മണ്ഡലമായാണവ നിലനില്ക്കുന്നത്.

വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും കെടുതികളാണ് മലകളിൽ കാണാനാവുക. വിസ്തൃതമായ നിത്യഹരിത വനങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. മൂന്നു സംസ്ഥാനങ്ങളിലേക്കൊഴുകുന്ന നദികൾ ഉറവയെടുക്കുന്ന മഴവെള്ളസംഭരണ മേഖലകൾ ഈ മലകളിലാണുള്ളത്. അവ ഗുരുതരവാസ്ഥയിലാണ്. സാമൂഹിക വനവത്കരണത്തിന്റെ പേരിൽ തടി ബിസനസ്സിനാവശ്യമായ മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനു പുറമെ വനമൊന്നടങ്കം ആസൂത്രിതമായ നീക്കങ്ങളിലൂടെ ചായ, കാപ്പി, റബ്ബർ തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നു. ജലദൗർലഭ്യം കേട്ടുകേൾവിപോലുമല്ലാതിരുന്നിടത്ത് ഇന്നതു വ്യാപകമാണ്. ഇപ്പോഴാവട്ടെ ടൂറിസം വ്യവസായത്തിന് ഏറ്റവുമധികം മുൻഗണന ലഭിക്കുകയും ചെയ്യുന്നു.

ഇതിന്റെയെല്ലാം അനന്തരഫലമായി പരമ്പരാഗത സാമുദായിക ജീവിതം ഛിന്നഭിന്നമാവുകയും ജനതകളെന്ന നിലയ്ക്കുള്ള അസ്തിത്വത്തിന് ആധാരമാവുന്ന സാമൂഹിക പാരസ്പര്യങ്ങൾ ദുർബലമാവുകയും ചെയ്തിരിക്കുന്നു. ‘അവിവാഹിതരായ അമ്മമാർ’ എന്ന പ്രയോഗം സൂചിപ്പിക്കുന്നതുപോലെ ലൈംഗിക ചൂഷണം അതിരുവിട്ട രീതിയിൽ ശക്തമായിരിക്കുന്നു. ഇങ്ങനെയെല്ലാമുള്ള പശ്ചാത്തലത്തിൽ തങ്ങളുടെ പരമ്പരാഗത ജന്മഭൂമികളിൽ ഭൂമി കിട്ടുകയെന്നത് ഈ സമുദായങ്ങളുടെ നിലനില്പിനുതന്നെ അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തിൽ ഭൂമിക്കുവേണ്ടിയുള്ള ജീവന്മരണ സമരങ്ങൾക്ക് ഇത്രയും രാഷ്ട്രീയപ്രാധാന്യം ലഭിക്കുന്നത്.

കവർ ചിത്രം: കൊൽക്കതയിൽ നിന്നും 150 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ശാന്തിനികേതനു സമീപം, ഗോത്രജനതയിൽപ്പെട്ട സ്ത്രീകൾ വിറകുമായി നടക്കുന്നു. ഫോട്ടോ: റോയിട്ടേഴ്‌സ്
(തുടരും)
കടപ്പാട് : തൻ്റേടങ്ങൾ കേരളം സമൂഹം മുത്തങ്ങ സമരത്തിനുശേഷം

C R Bijoy

C R Bijoy

ജനാധിപത്യം, ഭരണനിർവഹണം, വിഭവാധികാരം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുന്നു.1990കളുടെ തുടക്കത്തിൽ ഗോത്രസ്വയംഭരണത്തിനായി പ്രവർത്തിച്ച നാഷണൽ ഫ്രണ്ടിന്റെ ഭാഗമായിരുന്നു. അതിലൂടെ 1996-ൽ പട്ടികജാതി/വർഗ്ഗ പ്രദേശങ്ങളുടെ പഞ്ചായത്ത് നിയമവ്യവസ്ഥ (PESA) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ പത്ത് സംസ്ഥാനങ്ങളിലായി അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിൽ ഇത് ബാധകമാണ്.ഇതിനുശേഷം, 2000 ത്തിന്റെ തുടക്കത്തിൽ, വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യർ രൂപംനൽകിയ നൂറ്റമ്പതോളം സംഘടനകളുടെ അഖിലേന്ത്യാ കൂട്ടായ്മയായ Campaign for Survival and Dignity യുടെ ഭാഗമായി പ്രവർത്തിച്ചു. അതിന്റെ പ്രവർത്തനഫലമായാണ് പിന്നീട് വനാവകാശ നിയമം (Forest Rights Act) 2006-ൽ രൂപം കൊള്ളുന്നത്. കൂടാതെ ആദിവാസി -ദളിത് സമര സമിതി നടത്തിയ കുടിൽകെട്ടി സമരം, പ്ലാച്ചിമട സമര സമിതി, ആദിവാസി ഗോത്ര മഹാസഭ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.

View All Articles by C R Bijoy

Share Article
Whatsapp Email