‘വികസന’ത്തിൽ മുങ്ങിപ്പോയ ആദിവാസി ജീവിതം

‘വികസന’ത്തിൽ മുങ്ങിപ്പോയ ആദിവാസി ജീവിതം

സ്വാതന്ത്ര്യത്തിന് മുൻപും പിൻപും ആദിവാസി ജീവിതം അരികുവൽക്കരിക്കപ്പെട്ടത്തിന്റെ ചരിത്ര വസ്തുതകളായിരുന്നു ലേഖനപരമ്പരയുടെ ഒന്നാം ഭാഗത്തിൽ സി ആർ ബിജോയി വിവരിച്ചത്. സർക്കാരും സമൂഹവും എങ്ങനെ ഭൂമിയുടെ ഉപയോഗത്തിൽ മാറ്റം വരുത്തിയെന്നും അനാദിവാസികൾ എങ്ങനെ ആദിവാസി ഭൂമിയുടെ ഉടമകളായെന്നും. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നൽകാൻ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള ഭരണകൂടങ്ങൾ എങ്ങനെ ആദിവാസി സമൂഹത്തെ വഞ്ചിച്ചു എന്നതിന്റെ ചരിത്രം വ്യക്തമാക്കുകയാണ് ലേഖനത്തിന്റെ രണ്ടാം ഭാഗത്തിൽ.

Part One:

ഭൂമിക്കുമേലുള്ള അവകാശങ്ങളുടെ പരിരക്ഷ

അസമമായ സാമൂഹ്യക്രമത്തിൽ നീതി ഉറപ്പുവരുത്താൻ നിയമനിർമ്മാണ-നീതി നിർവ്വഹണതലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നുണ്ട്.  244-ാം വകുപ്പിലെ അഞ്ചാം ഷെഡ്യൂളിൽ ഭൂമി ആദിവാസികളല്ലാത്തവർക്ക് കൈമാറുന്നത് പൂർണ്ണമായും നിരോധിക്കണമെന്ന് (ഷെഡ്യൂൾ അഞ്ചിലെ പാരഗ്രാഫ് 5 (2) നിഷ്കർഷിക്കുന്നു.   

കേരളത്തിൽ ഇതുവരെ ആദിവാസിമേഖലകൾ പട്ടികപ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വകുപ്പ് അത്തരം മേഖലകൾക്കും ബാധകമാണെന്നതാണ് വാസ്തവം. പട്ടികപ്രദേശങ്ങളില്ലാത്ത സംസ്ഥാനങ്ങൾക്ക് ഭൂമിക്കുമേലുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ നിയമ നിർമാണം നടത്താൻ ഭരണഘടനാപരമായ ബാധ്യതയുണ്ട്. എന്നു തന്നെയല്ല, യു.എൻ ധേബറിന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ 1960-ൽ തന്നെ ഭരണഘടന നിലവിൽ വന്ന1950 ജനുവരി 26-നു ശേഷം അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും യഥാർത്ഥ ഉടമകളായ ആദിവാസികൾക്കു തിരികെ നല്കണമെന്നു ശുപാർശ ചെയ്തിട്ടുണ്ട്. 1975 ഏപ്രിൽ 1-ന് സംസ്ഥാന മന്ത്രിമാരുടെ യോഗത്തിൽവച്ച് ആറുമാസത്തിനകം ഭൂമി അന്യാധീനപ്പെടുന്നത് തടയാനുള്ള നിയമനിർമ്മാണം കൊണ്ടുവരുമെന്നു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതേത്തുടർന്ന് അന്നത്തെ കേരള ഗവണ്മെന്റ് KST ആക്ട് (1975) ഏകകണ്ഠമായി രൂപീകരിച്ചു. കോടതികളിൽ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനായി ഇത് പിന്നീട് 9-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തപ്പെട്ടു. പക്ഷേ, ഒരു ദശകക്കാലം കഴിഞ്ഞ് 1986-ൽ മാത്രമാണ് നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ രൂപപ്പെടുത്തപ്പെട്ടത്. ഇതിനർത്ഥം 1975 ലെ KST നിയമവും സമാനമായ മറ്റു സംസ്ഥാനങ്ങളിലെ നിയമങ്ങളും ഭരണഘടനാപരമായ ബാധ്യതയിൽ നിന്നുണ്ടായതാണെന്നതാണ്. നാളിതുവരെ ഈ നിയമം നടപ്പാക്കപ്പെട്ടിട്ടില്ല. പച്ചയായ ഭരണഘടനാലംഘനവും നിയമലംഘനവുമാണിത്.

1991 ഏപ്രിൽ 4-ന് 8754 അപേക്ഷകളാണ് (9909. 4522 ഹെക്ടർ ഭൂമി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നവ) നിലവിലുണ്ടായിരുന്നത്. പിന്നീടത് 8879 ആയി ഉയർന്നു. ഇതിൽ കൂടുതലും പാലക്കാട് (2523), വയനാട് (2229) ജില്ലകളിൽനിന്നാണ്. ആകെ 463 അപേക്ഷകളിൽ മാത്രമാണ് തീർപ്പുണ്ടായത്. അതനുസരിച്ച് 544. 5602 ഹെക്ടർ ഭൂമി പുനഃസ്ഥാപിക്കപ്പെട്ടു. ബാക്കി 8291അപേക്ഷകളിൽ തീർപ്പുണ്ടായില്ല. അതിൽത്തന്നെ 3000-ത്തിലധികം അപേക്ഷകൾ വേണ്ടത്ര രേഖകളില്ലെന്നു പറഞ്ഞ് നിരാകരിക്കപ്പെട്ടു. ബാക്കിയുള്ളത് 4524 അപേക്ഷകളിലുള്ള 7640 ഹെക്ടറിന്മേലുള്ള അവകാശവാദം മാത്രമാണ്. രേഖകൾ ഹാജരാക്കാൻ കഴിഞ്ഞ അല്പമാത്രഭൂമിപോലും തിരിച്ചുനൽകാൻ ഗവൺമെന്റ് തയ്യാറല്ല.

കേരളത്തിലെ ആദിവാസികളിൽ 36.5 ശതമാനം വയനാട്ടിലാണ്. കേരള നിയമസഭ നിയോഗിച്ച ഒരു ഉപസമിതി 1976-ൽ വയനാട് സന്ദർശിച്ച് അന്യാധീനപ്പെട്ട ഭൂമിയുടെ കണക്കെടുപ്പു നടത്തിയിരുന്നു. അവർക്കു മുന്നിലവതരിപ്പിക്കപ്പെട്ട 298 കേസുകളിൽ 71 എണ്ണം ശക്തിപ്രയോഗത്തിലൂടെ പിടിച്ചടക്കിയതും 67 എണ്ണം നാമമാത്ര തുക നല്കി കൈവശപ്പെടുത്തിയതും ബാക്കിയുള്ളവ തീരെ ചെറിയ തുകയ്ക്കു വാങ്ങിയതുമാണെന്നാണ് കണ്ടെത്തപ്പെട്ടത്. ഇതിൽത്തന്നെ 14 എണ്ണം പണം തീരെ നല്കാതെ ഒഴിഞ്ഞ കടലാസ്സിൽ ഒപ്പിട്ടു വാങ്ങിയതും 5 എണ്ണം നിശ്ചയിക്കപ്പെട്ട തുക നല്കാത്തതും 2 എണ്ണം അവരിൽ നിന്നും പണം തട്ടിയെടുക്കപ്പെട്ടതുമായിരുന്നു. സംസ്ഥാനത്തെ ഭൂമി അന്യാധീനപ്പെടലിന്റെ സ്വഭാവത്തിലേക്കുള്ള ചൂണ്ടുപലകയാണിത്.

1975-ൽ KST നിയമമുണ്ടാക്കിയതിനുശേഷമുള്ള രണ്ടു ദശകക്കാലത്തിനിടയിൽ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മാറിക്കഴിഞ്ഞിട്ടുണ്ട്. 1975-ൽ നിയമമുണ്ടാക്കുമ്പോഴുള്ള ഒരു പ്രധാന താത്പര്യം അന്നു സജീവമായിരുന്ന നക്സലൈറ്റുകളുടെ സ്വാധീനത്തിൽ നിന്നും ആദിവാസികളെ പ്രീണിപ്പിച്ച് മുറിച്ചുമാറ്റുക എന്നതായിരുന്നു. ഈ സമ്മർദ്ദമിപ്പോൾ നിലനില്ക്കുന്നില്ല. മാത്രമല്ല, കുടിയേറ്റക്കാർ നിയന്ത്രിക്കുന്ന സംഘടനാരൂപങ്ങളിലൂടെ ആദിവാസികൾക്കിടയിൽ വേരുറപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾക്കു കഴിഞ്ഞിട്ടുമുണ്ട്. അതിശീഘ്രം വികസിച്ചുകൊണ്ടിരുന്ന നാണ്യവിളകളുടെ വിപണിയും പ്ലാന്റേഷൻ സമ്പദ് വ്യവസ്ഥയും ആദിവാസിഭൂമി വളരെ പ്രബലരായ സാമ്പത്തിക ശക്തികളുടെ കൈവശമായിരുന്നു എന്ന വസ്തുതയും നിയമനിർവ്വഹണത്തിന് തടസ്സമായി വർത്തിച്ചു.

ഇതിനോടകം ആദിവാസികൾ തങ്ങളുടെ ജന്മഭൂമികളിൽ ന്യൂനപക്ഷമായി മാറിക്കഴിഞ്ഞിരുന്നു. ഉദാഹരണത്തിന്, 1961-ലെ സെൻസസ് പ്രകാരം അട്ടപ്പാടിയിലെ ജനസംഖ്യയിൽ 63% ആദിവാസികളായിരുന്നുവെങ്കിൽ 1991ആകുമ്പോഴേക്കുമത് 30 ശതമാനമാണ്. രാഷ്ട്രീയപാർട്ടികളും ഗവണ്മെന്റും നിയമത്തെ പിന്തുണയ്ക്കുന്നതിൽ നിന്നും പിൻവലിഞ്ഞ് അതിനെ പൂർണ്ണമായും എതിർക്കാൻ തുടങ്ങി. ഈ നിയമം തന്നെ ആ പ്രദേശങ്ങളെ സാമ്പത്തികമായി ‘വികസിപ്പിച്ച’ ‘കഠിനാദ്ധ്വാനികളായ’ കുടിയേറ്റക്കാരോടുള്ള അനീതിയാണെന്നും ഈയൊരു ഘട്ടത്തിൽ നിയമം നടപ്പിലാക്കുന്നത് ആദിവാസികൾക്കും അനാദിവാസികൾക്കുമിടയ്ക്ക് അപകടകരമായ സംഘർഷം മൂർച്ഛിക്കാനിടയാക്കും എന്നുമൊക്കെയായിരുന്നു ഒഴികഴിവുകൾ. ഉദാരവത്കരണം നടപ്പാവുകയും വയനാട് ഒരു ടൂറിസ്റ്റ് ജില്ലയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ ഈ നിയമം നടപ്പിലാക്കപ്പെടുന്നതിനെതിരെ നിക്ഷിപ്ത സാമ്പത്തിക താത്പര്യങ്ങൾ പൂർവ്വാധികം ശക്തിപ്പെട്ടു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാനുള്ള ചില ഒറ്റപ്പെട്ട സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും അവ നാമമാത്രമായിരുന്നു.

അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടിയുള്ള നിയമയുദ്ധം
 
 1975-ലെ നിയമം നടപ്പിലാക്കാനായി 1988-ൽ കേരള ഹൈക്കോടതിയിൽ ഡോ. നല്ലതമ്പി തേര കൊടുത്ത പൊതുതാത്പര്യ ഹർജിയോട് 
പ്രതികരിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് പരീതു പിള്ള 1993 ഒക്ടോബർ 15-ന് പുറപ്പെടുവിച്ച വിധി പ്രസ്താവത്തിൽ കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളും പരിഗണിച്ച് ഭൂമി വീണ്ടെടുക്കാൻ വേണ്ട നടപടിയെടുക്കാൻ ഗവണ്മെന്റിന് ആറു മാസം സമയം നല്കി. നിയമം അനാദിവാസികളോട് അനീതികാട്ടുന്നുണ്ടെന്നും ആദിവാസികൾക്കും അനാദിവാസികൾക്കുമിടയിൽ സംഘർഷമുണ്ടാകാൻ കാരണമാകുമെന്നും അതിനാൽ നിയമം മാറ്റേണ്ടതുണ്ടെന്നും ഗവണ്മെന്റ് വാദിച്ചു. നിയമത്തിൽ ഭേദഗതികൾ വരുത്താനുദ്ദേശിക്കുന്നുണ്ടെന്ന് ഗവണ്മെന്റിന്റെ അപേക്ഷ കണക്കിലെടുത്ത് സമയപരിധി നീട്ടിക്കൊണ്ടിരുന്നു. അതേസമയം നിയമം നടപ്പിലാക്കാനുള്ള ശക്തമായ ആവശ്യം വയനാട്ടിലെ ആദിവാസി സംഘങ്ങൾ ഉന്നയിക്കുകയും, ഇത് താമസിയാതെ സംസ്ഥാനത്തുടനീളം ജനകീയ പ്രക്ഷോഭമായി പടരുകയും ആദിവാസികൾ ഭൂമി കയ്യേറുന്ന ചില ഒറ്റപ്പെട്ട സമരങ്ങൾ ഇതിനോടകം നടക്കുകയും ചെയ്തു. നിയമം നടപ്പിലാക്കുന്നതിൽ ഗവണ്മെന്റ് കാണിച്ച ‘ഇച്ഛാശക്തിയില്ലായ്മ’യെ ഹൈക്കോടതി നിശിതമായി വിമർശിച്ചങ്കിലും ഗവൺമെന്റിന്റെ അപേക്ഷയ്ക്ക് വഴങ്ങി വീണ്ടും വീണ്ടും സമയം നീട്ടിക്കൊടുത്തുകൊണ്ടിരുന്നു.

1996-ൽ നിയമത്തെ സാരമായി ഭേദഗതി ചെയ്യുന്ന ഒരു ഓർഡിനൻസ് കൊണ്ടുവരാൻ കോൺഗ്രസ് മുന്നണി ഗവണ്മെന്റ് ശ്രമിച്ചുവെങ്കിലും അതിന് ഗവർണ്ണറുടെ അനുമതി ലഭിച്ചില്ല. 1996 ആഗസ്റ്റ് 13-ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഉത്തരവിൽ 1996 സെപ്റ്റംബർ മുപ്പതിനകം, ഭൂമി തിരിച്ചുനല്കാനുള്ള ഉത്തരവിനെതിരെ അപ്പീലുകളൊന്നും നിലവിലില്ലാത്ത കേസുകളിലും നഷ്ടപരിഹാരം കൊടുക്കേണ്ടാത്ത കേസുകളിലും യഥാർത്ഥ ഉടമസ്ഥർക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനൽകാനുള്ള നടപടികൾ എടുക്കാനും ആവശ്യമായ പോലീസ് സേനയെ നിയോഗിക്കാനും നിഷ്കർഷിച്ചു.

മറ്റൊരു ഓർഡിനൻസ് കൊണ്ടുവരാൻ സി.പി.എം. മുന്നണി നടത്തിയ ഒരു ശ്രമവും ഗവർണർ വിസമ്മതിച്ചതോടെ പാളിപ്പോയി. ഉദ്യോഗസ്ഥർക്കെതിരെ കോടതിലക്ഷ്യത്തിനുള്ള സാധ്യത ഉയർന്നു വന്നപ്പോൾ, ആദിവാസി സംഘടനകൾ, മനുഷ്യാവകാശ സംഘടനകൾ, നിയമജ്ഞർ തുടങ്ങി ഒട്ടേറെപ്പേരുടെ എതിർപ്പുകളും പ്രക്ഷോഭങ്ങളും വകവയ്ക്കാതെ 1996 സെപ്റ്റംബർ 23-ാം തീയതി കേരള ഷെഡ്യൂൾ ട്രൈബ്സ് (Restriction of Transfer of Land and Restoration of Alien- ated Lands) ഭേദഗതി ബിൽ കേരള അസംബ്ലി പാസാക്കി. ഈ ഭേദഗതി പ്രകാരം മൂലനിയമത്തിൽ അസാധുവായിരുന്ന 1960 മുതൽ 1986 വരെ കാലഘട്ടത്തിൽ നടന്ന ആദിവാസി ഭൂമി കൈമാറ്റങ്ങൾക്ക് നിയമസാധുത ലഭിക്കുകയും ആയതിനാൽ തിരിച്ചേൽപ്പിക്കേണ്ടതില്ലെന്ന് വരുകയും ചെയ്തു. അതിനു പകരം ഭേദഗതി നിർദ്ദേശിക്കുന്നത് തത്തുല്യമായ ഭൂമിയും 25000 രൂപയും നല്കാനാണ്. മൂലനിയമത്തിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി1982-നു പകരം1986 ജനുവരി മുതൽക്കാണ് ആദിവാസികളിൽ നിന്നും അനാദിവാസികളിലേക്കു ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നത് നിയന്ത്രണ വിധേയമാകുന്നത്. പല കാരണങ്ങൾ കൊണ്ടും ഈ ഭേദഗതി തീർത്തും അന്യായമാണ്. KST ആക്ടിന് കീഴിൽ അട്ടപ്പാടിയിൽ ഏതാണ്ട് 10000 ഏക്കറിലധികം അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാനുള്ള അവകാശവാദം മുന്നോട്ടുവച്ചെങ്കിലും അധികൃതർ 1147 അപേക്ഷകൾ പരിഗണിച്ചതിൽ 600 അപേക്ഷകൾ തീരുമാനമെടുക്കാതെയിടുകയും വെറും 3336.16 ഏക്കർ ഭൂമി വീണ്ടെടുക്കാനുള്ള ഉത്തരവുമാത്രം പുറപ്പെടുവിക്കുകയും ചെയ്തു.  ഭൂമി വീണ്ടെടുക്കൽ പ്രാവർത്തികമായതുമില്ല.  നിർദ്ദേശിക്കപ്പെട്ട നിയമഭേദഗതി നടപ്പിൽ വന്നാൽ, ഗവണ്മെന്റിന് 41 ഏക്കറിനുവേണ്ടിയുള്ള വെറും 29 ഭൂമി അന്യാധീനപ്പെടൽ കേസുകൾ മാത്രം പരിഗണിച്ചാൽ മതിയാകും. 

ഭേദഗതി പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് 1996 ഒക്ടോബർ 4-ാം തീയതി അയ്യങ്കാളിപ്പട പാലക്കാട് ജില്ലാ കലക്ടർ ഡോ. ഡബ്ലിയു.ആർ. റെഡ്ഡിയെ ബന്ദിയാക്കി. ഒൻപതു മണിക്കൂർ നേരത്തെ നാടകം അവസാനിച്ചത് ബന്ദികളെ മോചിപ്പിക്കാൻ തയ്യാറായ അയ്യങ്കാളിപ്പട പ്രവർത്തകരെ വെറുതെ വിടാൻ അനുവദിച്ചതോടെയാണ്. 1975-ലെ KST Act-ന്റെ ഭേദഗതി പ്രസിഡണ്ടിന്റെ അനുവാദത്തിനായി കേന്ദ്രഗവണ്മെന്റിന് സമർപ്പിച്ചു. കേന്ദ്രഗവണ്മെന്റ് പലതിനെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ടു. അതേസമയം ഹൈക്കോടതി ഫുൾ ബഞ്ച് കേന്ദ്രസംസ്ഥാന സർക്കാരുകളോട് ഭേദഗതിക്ക് അംഗീകാരം ലഭിക്കേണ്ടതിനാവശ്യമായ നടപടികൾ 1997 സെപ്റ്റംബർ 23-നകം പൂർത്തിയാക്കാൻ ഉത്തരവിട്ടു. പ്രസിഡന്റിന്റെ അനുമതി കിട്ടാത്തതിനാൽ മൂലനിയമം തന്നെ നടപ്പാക്കാൻ ഹൈക്കോടതി സംസ്ഥാന ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.1998 മാർച്ച് ആദ്യപകുതിയിൽ ഇന്ത്യൻ പ്രസിഡന്റ് ഭേദഗതിക്ക് അനുമതി നിഷേധിച്ചുകൊണ്ട് മടക്കിയയച്ചു. ഒരു ഭാഗത്ത് കോടതിയലക്ഷ്യത്തിന്റെ ഭീഷണിയുമായി ഹൈക്കോടതിയും മറുഭാഗത്ത് ആദിവാസി സമരങ്ങളും. പോരാത്തതിന് മുൻപിൽ കാണുന്ന തെരഞ്ഞെടുപ്പു തോൽവിയും. എല്ലാറ്റിനുമിടയ്ക്ക് കുടുങ്ങിയ കേരള നിയമസഭ Kerala Restriction on Transfer and Restoration of Lands to Scheduled Tribes Bill, 1999, 163-ആം നമ്പർ ബില്ലായി 1999 ഫെബ്രുവരി 23-ന് പാസ്സാക്കി. ഈ ബിൽ 1975-ലെ KST Act-നെ അസാധുവാക്കിക്കൊണ്ടുള്ളതായിരുന്നു.

1999-ലെ നിയമപ്രകാരം 2 ഹെക്ടറിൽ കൂടുതലുള്ള ഭൂമി മാത്രമേ മടക്കിക്കൊടുക്കുകയുള്ളു. 2 ഹെക്ടർ വരെയുള്ള അന്യാധീനപ്പെട്ട ഭൂമിക്ക് സമമായി പകരം ഭൂമി മറ്റെവിടെയെങ്കിലും നല്കും. അതായത് രണ്ടു ഹെക്ടർ വരെ വരുന്ന ഭൂമി ആദിവാസികളിൽ നിന്നും അനാദിവാസികളിലേക്ക് അന്യാധീനപ്പെട്ടുപോയിട്ടുണ്ടെങ്കിലും അത് തിരിച്ചു നൽകേണ്ടതില്ല. ആദിവാസികൾ ഇതിനു സമ്മതിച്ചിട്ടില്ല. തങ്ങളുടെ സ്വന്തം ഭൂമിതന്നെ തിരിച്ചുകിട്ടണമെന്നും അനാദിവാസികളെ പുനരധിവസിപ്പിക്കണമെന്നുമാണ് അവർ പറയുന്നത്. 2 ഹെക്ടറിൽ കൂടുതൽ ഭൂമി ആവശ്യപ്പെടുന്ന അപേക്ഷകൾ വളരെ കുറവായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അന്യാധീനപ്പെട്ട ഒരു ഭൂമിയും തിരിച്ചുനല്കേണ്ടതില്ല എന്നാണ് പുതിയ നിയമം ഉറപ്പുവരുത്തുന്നത്.1999-ലെ നിയമം, ഇതു കൂടാതെ ഭൂരഹിത ആദിവാസികൾക്ക് ഒരേക്കർ വരെ ഭൂമി അവർ അധിവസിക്കുന്ന ജില്ലകളിൽത്തന്നെ 2 വർഷത്തിനകം നല്കണമെന്നു പറയുന്നുണ്ട്. ഗവണ്മെന്റിന്റെ കണക്കുപ്രകാരം അത്തരത്തിലുള്ള 11,000 കുടുംബങ്ങൾ ഉണ്ടാകും.

പുതിയൊരു വിഭാഗം ഗുണഭോക്താക്കളെ കൊണ്ടുവരുന്നതിലൂടെ 1975-ലെ നിയമത്തിന്റെ ഗുണഭോക്താക്കളും (1999-ലെ നിയമം മൂലം നഷ്ടം സഹിക്കേണ്ടവർ) 1999-ലെ പുതിയ ഗുണഭോക്താക്കൾക്കുമിടയിൽ വൈരുദ്ധ്യമുണ്ടാക്കാമെന്നും അങ്ങനെ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണ മാക്കാമെന്നുമായിരുന്നു ഗവണ്മെന്റിന്റെ കണക്കുകൂട്ടൽ. സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളിൽ വരുന്ന ‘കൃഷിഭൂമി’ക്കു കീഴിൽ നിയമം നടപ്പിലാക്കുന്നതിനാൽ, 1999-ലെ ആക്ട് പ്രസിഡന്റിന്റെ പരിഗണനയ്ക്കായി അയക്കേണ്ട ആവശ്യവുമില്ലാതായി.

1999 ഒക്ടോബർ 7-ാം തീയതി കൃഷിക്കോ താമസത്തിനോ കൊള്ളാത്ത തരിശുമിച്ചഭൂമി അട്ടപ്പാടിയിലെ ആദിവാസികൾക്ക് 400 ആദിവാസി കുടുംബങ്ങൾക്ക് 1200 ഏക്കറോളവും മറ്റൊരു 225 ഏക്കർ ഭൂമി 76 കുടുംബങ്ങൾക്കുമായി വിതരണം ചെയ്യാനാരംഭിച്ചു. അന്യാധീനപ്പെട്ട ഭൂമിക്കു പകരം ഭൂമി നല്കാൻ അനുവദിക്കുന്ന 1999-ലെ നിയമത്തിന്റെ അഞ്ചും ആറും വകുപ്പുകളുടെ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കി (ഒക്ടോബർ 11-ന്).

Dr. Nalla Thampi Thera
ഡോ. നല്ലതമ്പി തേര

1999 ഡിസംബർ 16-ാം തീയതി ജസ്റ്റിസ് പി. കെ. ബാലസുബ്രഹ്മണ്യനും ജസ്റ്റിസ് സി.എസ്. രാജനുമടങ്ങുന്ന ഡിവിഷൻ ബഞ്ച്, ഡോ. നല്ലതമ്പി തേര നല്കിയ കോടതിയലക്ഷ്യകേസിന്റെ ഹിയറിങ്ങിൽ കേരള ഗവണ്മെന്റ് കോടതിയലക്ഷ്യം കാണിച്ചുവെന്ന് വിധി പ്രസ്താവിക്കുകയും 1975-ലെ നിയമം നടപ്പിലാക്കാൻ 5 മാസം കൂടി നല്കുകയും ചെയ്തു. അഞ്ചു മാസത്തിനുള്ളിൽ എതിരായി പരാതികളൊന്നുമില്ലാത്തതും, നഷ്ടപരിഹാരം കൊടുക്കേണ്ടാത്തതുമായ ഭൂമികൾ ആദിവാസികൾക്കു നൽകാത്തപക്ഷം ചീഫ് സെക്രട്ടറിയെ ശിക്ഷിക്കുമെന്ന് ഗവണ്മെന്റിന് താക്കീതു നല്കുകകൂടി ചെയ്തു. 1999-ലെ നിയമത്തിന് 1975-ലെ നിയമത്തെ മറികടക്കാനാവില്ലെന്നും ബഞ്ച് പറഞ്ഞു.

1975-ലെ നിയമവും ഭൂമിപ്രശ്നവും

അതിന്റെ മൂലരൂപത്തിൽ പോലും ഈ നിയമം ഭൂമി അന്യാധീനപ്പെടലിനെ കാര്യമായൊന്നും സംബോധന ചെയ്യുന്നില്ല. പണ്ട് തങ്ങൾക്ക്
അവകാശമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ കൊണ്ടുവരുന്ന ആദിവാസികൾക്ക് മാത്രമേ ഈ നിയമം ബാധകമാവുകയുള്ളൂ.   പരമ്പരാഗതമായി ഭൂമിക്കുമേൽ ആദിവാസികൾക്കുണ്ടായിരുന്ന അവകാശത്തെ ഒരു സർക്കാരും രേഖപ്പെടുത്തിവച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ മിക്ക ആദിവാസികളുടെ പക്കലും ഭൂമിക്കുമേലുള്ള അവകാശത്തെ സ്ഥാപിക്കാൻ മതിയായ തെളിവുകളുണ്ടാകില്ല. 8000-ത്തിനുമേൽ അപേക്ഷകൾ ഉണ്ടായതിൽ മതിയായ തെളിവുകൾ അപേക്ഷകർ ഹാജരാക്കിയില്ല എന്ന കാരണത്താൽ തള്ളിക്കളഞ്ഞു. ഭൂമിക്കുമേലുള്ള അവകാശം തെളിയിക്കാൻ അപേക്ഷകർ ഹാജരാക്കിയില്ല എന്നതായിരുന്നു കാരണം. 7640 ഏക്കറുകൾക്കായുള്ള വെറും 4524 കേസുകൾ മാത്രമായി ചുരുങ്ങി. 

നിയമത്തെ മറികടന്നുകൊണ്ട് അധികാരികൾ ആദിവാസി ഭൂമി അനാദിവാസികളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുന്നു.  വയനാട്ടിൽ മാത്രം ഈ നിയമം സഹായിക്കാത്ത 83000 ഭൂരഹിതരായ ആദിവാസികുടുംബങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു (സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ഥിതി ഇതുതന്നെയാണ്). ഒരു ചെറിയ ന്യൂനപക്ഷത്തിനു മാത്രമേ ബാധകമാവുകയുള്ളൂ എന്നതു കൊണ്ടുതന്നെ1975-ലെ നിയമം ആദിവാസി ഭൂമിപ്രശ്നത്തെ സാർത്ഥകമായ രീതിയിൽ പരിഹരിക്കാൻ ശക്തമല്ല. മിക്കവാറും ആൾക്കാർ ഈ നിയമത്തിന്റെ പരിധിക്കു പുറത്താണ് കിടക്കുന്നത്. അവരുടെ സഹായത്തിനുതകുന്ന 1972 ലെ കേരളം സ്വകാര്യ വനഭൂമി  (Vesting and assignment) നിയമപ്രകാരം പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 23,000 ഹെക്ടർ ഭൂരഹിതരായ ആദിവാസികൾക്കു നൽകേണ്ടതാണ്. ഗവണ്മെന്റ് ഈ നിയമം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി ആദിവാസി മേഖലയിൽ വളരെ മുൻപുതന്നെ വേരാഴ്ത്തിയിട്ടുണ്ട്. വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെട്ട ഇടതുപക്ഷേതര രാഷ്ട്രീയ പാർട്ടികൾക്കും സമാനമായ സംഘടനാശൈലി അവലംബിക്കേണ്ടി വന്നു. 1960-കളുടെ അന്ത്യത്തോടെയും 70-കളിലും രാഷ്ട്രീയ പാർട്ടികൾ ആദിവാസി സംഘടനകൾ സ്ഥാപിച്ചു. നക്സലൈറ്റ് പ്രസ്ഥാനവും ഏതാണ്ട് ഇതേ സമയത്തുതന്നെ വയനാട്ടിലെ ആദിവാസികൾക്കിടയിൽ സ്ഥാനംപിടിച്ചു പറ്റിയിരുന്നു. ഇതേത്തുടർന്ന് കമ്മ്യൂണിസ്റ്റുപാർട്ടികൾക്ക് ആദിവാസി മേഖലയിലുള്ള സ്വാധീനത്തിന് ഇളക്കം തട്ടാൻ തുടങ്ങി. 1975-ലെ KST നിയമം ആദിവാസികളെ നക്സലൈറ്റ് സ്വാധീനത്തിൽനിന്നും വേർപെടുത്തി അവരെ പ്രീണിപ്പിക്കാൻ കൂടി ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. 1970-ക ളുടെ അവസാനത്തോടെ സംഘടനാപ്രവർത്തനങ്ങൾ ഏതാണ്ട് നിശ്ചലമായി.

ഈ രാഷ്ട്രീയ ശൂന്യതയോടും നിഷ്ക്രിയത്വത്തോടും പ്രതികരിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 1980 അവസാനത്തോടെ സ്വയം സംഘടിച്ചുണ്ടായ ആദിവാസി സംഘടനകൾ ഉയർന്നുവന്നു. വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികൾ ആദിവാസി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കാണിച്ച വിമുഖതയും, പാർശ്വവത്കരണം കൂടുതൽ രൂക്ഷമായതും, മനുഷ്യാവകാശ ലംഘനങ്ങളും മർദ്ദിതാവസ്ഥയും രാഷ്ട്രീയ പാർട്ടികളോടും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തോടുമുള്ള അമർഷവുമൊക്കെയാണിതിനുള്ള പശ്ചാത്തലം.

ആദിവാസിപ്രക്ഷോഭം

ഇങ്ങനെയൊരു അവസ്ഥയിലാണ്, 2001 ജൂലൈ പകുതിയിൽ പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളിൽ നിന്നും 32 പട്ടിണിമരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇതിനോട് പ്രതികരിച്ചുകൊണ്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിലും സെക്രട്ടറിയേറ്റിനു മുൻപിലും ആഗസ്റ്റ് 30 മുതൽ അഭയാർത്ഥി ക്യാമ്പ് സ്ഥാപിച്ച് തീവ്രസമരമാരംഭിച്ചു. ഗവണ്മെന്റിനും രാഷ്ട്രീയപ്പാർട്ടികൾക്കും മുൻകൂട്ടി കാണാൻ സാധിക്കാത്തതരത്തിൽ പ്രക്ഷോഭം വിവിധ ജില്ലകളിലേക്ക് വ്യാപിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഈ നിർണ്ണായക ഘട്ടത്തിൽ ഗവണ്മെന്റ് പ്രക്ഷോഭസമിതിയുടെ എല്ലാം ആവശ്യങ്ങളും സമരത്തിന്റെ 48-ാം ദിവസമായ ഒക്ടോബർ 16-ന് അംഗീകരിച്ചു. ഒരേക്കറിനു താഴെ ഭൂമിയുള്ള എല്ലാ ആദിവാസികൾക്കും 5 ഏക്കർ ഭൂമി, സ്വയംപര്യാപ്തത ലക്ഷ്യമാക്കിക്കൊണ്ട് 5 വർഷത്തേക്ക് സഹായക പരിപാടികൾ, സംസ്ഥാനത്തിനകത്തുള്ള എല്ലാ ആദിവാസി ഊരുകളും ആർട്ടിക്കിൾ 244-ലെ അഞ്ചാം ഷെഡ്യൂളിൽപ്പെടുത്തി പട്ടിക പ്രദേശങ്ങളായി പ്രഖ്യാപിക്കുക തുടങ്ങിയവയായിരുന്നു സമരസമിതിയുടെ പ്രധാനപ്പെട്ട ഡിമാന്റുകൾ. 1999-ലെ നിയമ (കേരള ഹൈക്കോടതി ഭരണഘടനാ വിരുദ്ധവും ഗവണ്മെന്റ് കോടതിയലക്ഷ്യം വരുത്തിയതും എന്നു പ്രഖ്യാപിച്ചത്) ത്തെ സംബന്ധിച്ച് നിലനില്ക്കുന്ന കേസിൽ സുപ്രീംകോടതിയുടെ വിധി നടപ്പാക്കുക എന്ന ആവശ്യത്തിനു പുറമേയായിരുന്നു ഈ ഡിമാന്റുകൾ.

സവിശേഷമായ മറ്റൊരു വസ്തുത ഈ സമരത്തിലൂടെ രൂപീകരിക്കപ്പെട്ട ആദിവാസി ‘ഗോത്രമഹാസഭ’യാണ്. ഗവണ്മെന്റുമായി ഉണ്ടാക്കിയ കരാർ നടപ്പിലാക്കാനും സ്വയംഭരണത്തിനുമായി ഉണ്ടായ ജനാധിപത്യപരമായ ആദിവാസി പാർലമെന്റാണ് ഗോത്രമഹാസഭ. ഗവണ്മെന്റ് കരാർ നടപ്പിലാക്കാനായി ‘ട്രൈബൽ മിഷൻ’ രൂപീകരിച്ചു.

കടപ്പാട് : തൻ്റേടങ്ങൾ കേരളം സമൂഹം മുത്തങ്ങ സമരത്തിനുശേഷം
(തുടരും )
കവർ ചിത്രം : കടപ്പാട് മാതൃഭൂമി

C R Bijoy

C R Bijoy

ജനാധിപത്യം, ഭരണനിർവഹണം, വിഭവാധികാരം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുന്നു.1990കളുടെ തുടക്കത്തിൽ ഗോത്രസ്വയംഭരണത്തിനായി പ്രവർത്തിച്ച നാഷണൽ ഫ്രണ്ടിന്റെ ഭാഗമായിരുന്നു. അതിലൂടെ 1996-ൽ പട്ടികജാതി/വർഗ്ഗ പ്രദേശങ്ങളുടെ പഞ്ചായത്ത് നിയമവ്യവസ്ഥ (PESA) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ പത്ത് സംസ്ഥാനങ്ങളിലായി അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിൽ ഇത് ബാധകമാണ്.ഇതിനുശേഷം, 2000 ത്തിന്റെ തുടക്കത്തിൽ, വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യർ രൂപംനൽകിയ നൂറ്റമ്പതോളം സംഘടനകളുടെ അഖിലേന്ത്യാ കൂട്ടായ്മയായ Campaign for Survival and Dignity യുടെ ഭാഗമായി പ്രവർത്തിച്ചു. അതിന്റെ പ്രവർത്തനഫലമായാണ് പിന്നീട് വനാവകാശ നിയമം (Forest Rights Act) 2006-ൽ രൂപം കൊള്ളുന്നത്. കൂടാതെ ആദിവാസി -ദളിത് സമര സമിതി നടത്തിയ കുടിൽകെട്ടി സമരം, പ്ലാച്ചിമട സമര സമിതി, ആദിവാസി ഗോത്ര മഹാസഭ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.

View All Articles by C R Bijoy

Share Article
Whatsapp Email