
കോഴികളെപ്പോലെ ആദിവാസികൾ ജീവിക്കണമെന്ന് ഭാവിക്കുന്ന സർക്കാർ
നിക്ഷിപ്ത വനഭൂമിയിൽ ആദിവാസികൾക്ക് ഭൂമി അനുവദിച്ചു നൽകാൻ സുപ്രീംകോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കാൻ സംസ്ഥാനസർക്കാർ സന്നദ്ധമല്ല. അതേ സമയം ഭൂപരിധി നിയമം ലംഘിച്ചുകൊണ്ട് ഭൂമി കയ്യേറിയിരിക്കുന്ന വൻകിടക്കാരെ കണ്ടില്ലെന്ന് നടിച്ച് സംരക്ഷിക്കുന്നു. ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെടുത്തി ആദിവാസികളുടെ യഥാർത്ഥ അവകാശങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നു. തങ്ങൾക്ക് ഭരണഘടന നൽകിയ അവകാശങ്ങളെക്കുറിച്ചും സർക്കാർ അത് ലംഘിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും നിലമ്പൂർ ആദിവാസി ഭൂ സമരത്തിന് നേതൃത്വം നൽകുന്ന ബിന്ദു വൈലാശ്ശേരി സംസാരിക്കുന്നു.
ഭൂസമരത്തിലേക്ക് വരാനിടയായ സാഹചര്യത്തെക്കുറിച്ച് പറയാമോ?
2007 ലാണ് ആദ്യമായി തിരുവനന്തപുരത്തു പോയി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നത്. വനാവകാശം നടപ്പിലാക്കണം എന്നതായിരുന്നു ആവശ്യം. ആ സമരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. ഞാൻ അപ്പോൾ ആദിവാസി ഫോറത്തിൽ പ്രവർത്തിക്കുകയായിരുന്നു. പിന്നീട് കുടിവെള്ള പ്രശ്നം, കുട്ടികളുടെ വിദ്യാഭ്യാസം, വീടുകളുടെ ശോചനീയാവസ്ഥ ഒക്കെയായിരുന്നു സമര വിഷയങ്ങൾ.
എന്റെ ജന്മദേശം വൈലാശ്ശേരി ആണ്. സമരം ചെയ്യുന്നവർക്ക് ഭൂമി ഇല്ല എന്നതും ഉള്ളഭൂമിയിൽ വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത് എന്നതുമാണ് സമരം ചെയ്യാനുള്ള പ്രധാന കാരണം. ഞാൻ ഒരു ദിവസം നിലമ്പൂരിലെ വടവുറം കോളനിയിൽ എന്റെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് മരിച്ചപ്പോൾ പോയിരുന്നു. അവിടെ മൃതദേഹം അടക്കം ചെയ്യാൻ സ്ഥലമില്ലായിരുന്നു. ചുറ്റും പാറയുള്ള സ്ഥലമായിരുന്നു. വീടിന്റെ ചുമരിനോട് ചേർന്ന് ഒരു കുഴിയെടുക്കാൻ രാവിലെ തുടങ്ങിയത് അവസാനിച്ചത് രാത്രി ഏറെ വൈകിയായിരുന്നു. അതുപോലെ അമരമ്പലത്ത് ഒരു കോളനിയിൽ പോയപ്പോൾ കണ്ടത് ശവ സംസ്ക്കാരം അടുക്കളയുടെ അരികിൽ നടത്തിയിരിക്കുന്നത് ആയിരുന്നു. ഏതു കോളനിയിൽ പോയാലും ഇത്തരം ദുരവസ്ഥകൾ എനിക്ക് കാണാൻ കഴിഞ്ഞു. ഞങ്ങൾക്ക് വേണ്ടത് വീടോ ലൈഫ് പദ്ധതിയോ അല്ലെന്നു അപ്പോൾ എനിക്ക് ബോധ്യമായി. ആദിവാസിക്ക് വീട് കൊടുത്തു എന്നതിന്റെ കണക്കിൽ ഒരു കാര്യവുമില്ലെന്നും എനിക്ക് മനസിലായി. വീടുകിട്ടിയ പലർക്കും അതിന്റെ രേഖകളോ സ്വന്തമായി സ്ഥലമോ ഇല്ലാത്തവരാണ്. ഞങ്ങൾക്ക് ITDP ഓഫീസിൽ നിന്നും ഒരു കൈവശ രേഖ തരും. അത് പഞ്ചായത്തിൽ കാണിച്ചാണ് എഗ്രിമെന്റ് ഉണ്ടാക്കുക. മിക്ക കോളനികളിലും ഭൂമിക്കു രേഖകൾ ഒന്നും ഇല്ല. അതുകൊണ്ടാണ് ഭൂമി അവകാശം ലഭിക്കാൻ സമരം ചെയ്യാൻ തുടങ്ങിയത്.
ചേച്ചിക്ക് എപ്പോഴാണ് ഭൂമി ലഭിക്കുന്നത്?
എനിക്ക് 2018 ലെ പ്രളയ ശേഷം ആണ് അൻപത് സെന്റ് ഭൂമി ലഭിക്കുന്നത്. നിക്ഷിപ്ത വനഭൂമിയുടെ ഭാഗമായി ഒരുപാട് നാളായി ആദിവാസിക്ക് കൊടുക്കാൻ വച്ചിരുന്ന സ്ഥലമാണ് എനിക്ക് ലഭിച്ചത്.
നിലമ്പൂരിൽ ഭൂരഹിതരായ ആദിവാസികളുടെ എണ്ണം എത്രയാണ് ?
ഭൂരിപക്ഷം ആളുകൾക്കും ഭൂമി ഇല്ല. ചിലർക്ക് രണ്ടോ മൂന്നോ സെന്റ് ഭൂമി ഉണ്ട്. 1984 -85 കാലത്ത് പറമ്പ്, വടവണ്ണ, ചോക്കാട് കോളനി തുടങ്ങിയ സ്ഥലത്തൊക്കെ കുറച്ചു കുടുംബങ്ങൾക്ക് ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമി വിതരണം ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്തു ഭൂമി കിട്ടി എന്നൊക്കെ ചെറുപ്പത്തിൽ ഞാൻ കേട്ടിരുന്നു.
ഇപ്പോൾ മലപ്പുറം കളക്ടറേറ്റിന് മുമ്പിൽ നടക്കുന്ന സമരത്തെക്കുറിച്ചു പറയാമോ?
ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കുമായി എത്രയോ വർഷം മുൻപ് കേന്ദ്ര സർക്കാർ അനുവദിച്ച ഭൂമി നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. നിക്ഷിപ്ത വനഭൂമി ഉപയോഗിച്ച് ആദിവാസികൾക്ക് ഒരേക്കർ മുതൽ അഞ്ചേക്കർ വരെ നൽകാൻ സുപ്രീംകോടതിയുടെ വിധിയും വന്നിരുന്നു. 2009 ൽ ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമ വിധിയും നിലവിലുണ്ട്. അത് നടപ്പാക്കാൻ ആണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അത് എത്ര ഏക്കർ ഭൂമിയുണ്ടെന്ന് കൃത്യമായി ഞങ്ങൾക്ക് അറിയില്ല. ആ വിവരങ്ങൾ ഞങ്ങൾക്ക് നൽകാതിരിക്കുകയാണ് സർക്കാർ. അതൊക്കെ മനസിലാക്കാൻ കൂടി ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്.

ആ ഭൂമി നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിലായാണ് എന്നൊക്കെ ഞങ്ങൾക്കറിയാം. അതെല്ലാം നല്ല ഭൂമിയാണ്. പലതും റോഡരികിലാണ്. നല്ല ഭൂമിയായതുകൊണ്ടാണ് ആദിവാസിക്ക് നൽകാൻ സർക്കാർ മടിച്ചു നിൽക്കുന്നത്. ഒരേക്കറിൽ കൂടുതൽ ഭൂമി ഓരോ കുടുംബത്തിനും നൽകാൻ കഴിയുന്ന തരത്തിൽ ഒരുപാട് ഭൂമി നിലമ്പൂരിലുണ്ട്. നിക്ഷിപ്ത വനഭൂമി കൂടാതെ പ്രവർത്തന രഹിതമായി കിടക്കുന്ന ഒരുപാട് എസ്റ്റേറ്റുകളും ഇവിടെ ഉണ്ട്. അൻപതും നൂറും ഏക്കർ ഭൂമി രേഖകളില്ലാതെ കൈവശം വച്ച് അനുഭവിക്കുന്ന ഒരുപാട് വലിയ മുതലാളിമാർ ഇവിടെ ഉണ്ട്. എന്നാൽ അവരുടെ ആധാരത്തിലും പട്ടയത്തിലും വളരെ കുറച്ചു ഭൂമി മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ റെവന്യൂ ലാൻഡ് ബോർഡിനുവരെ അറിയാം. എന്നാൽ പലരും പരാതി നൽകിയിട്ടും അത് മിച്ചഭൂമിയായി പിടിച്ചെടുക്കാൻ സർക്കാർ തയ്യാറാവുന്നില്ല. ഏതെങ്കിലും ആദിവാസി ഇതുപോലെ ഭൂമി കയ്യേറിയാൽ സർക്കാർ നോക്കി നിൽക്കുമോ? ഒരു സാധാരണക്കാരൻ നിവൃത്തികേടുകൊണ്ട് ഒരു ലോൺ തിരിച്ചടക്കാതിരുന്നാൽ വീട് ജപ്തി ചെയ്യുന്ന നാടല്ലേ നമ്മുടേത്? എന്നാൽ മുതലാളിമാരെ അതിക്രമിച്ചു കയ്യേറിയ ഭൂമിയിൽ നിന്നും ഇറക്കാനുള്ള ചങ്കൂറ്റം ഒരു സർക്കാരിനും ഇല്ല.
എന്തുകൊണ്ടായിരിക്കും സർക്കാർ ആദിവാസി അനുകൂല നിലപാട് എടുക്കാത്തത്?
സർക്കാരിന് ആദിവാസിയെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കാൻ കഴിയാഞ്ഞിട്ടോ ഭൂമി നൽകാൻ ഇല്ലാഞ്ഞിട്ടോ അല്ല. എങ്ങനെയാണോ ഞങ്ങൾ ഇപ്പോൾ ഉള്ളത് അത് പോലെ മുന്നോട്ടും ജീവിച്ചോട്ടെ എന്നുള്ള നിലപാടാണ് എല്ലാ സർക്കാരിനും ഉള്ളത്. അതുകൊണ്ടാണ് സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ടായിട്ടും ഹൈക്കോടതിയുടെ അന്തിമ വിധി നിലവിലുണ്ടായിട്ടും ഞങ്ങൾക്ക് സമരം ചെയ്യേണ്ടി വരുന്നത്. ആ വിധി വന്നത് ഞങ്ങൾ നിരന്തരം സമരം ചെയ്തതിന്റെ ഫലമായാണ്. നിയമം നടപ്പാക്കാതിരിക്കാതിരിക്കുന്നതിന്റെ പല തൊടു ന്യായങ്ങൾ പറഞ്ഞു കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് എപ്പോഴും സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ അലംഭാവം നമ്മൾ തെറ്റ് ചെയ്യുമ്പോൾ സർക്കാർ കാണിക്കുമോ? എന്റെ പേരിൽ ഒരു കേസ് ഉണ്ടെകിൽ അതിന്റെ വാറണ്ട് ഞാൻ കൈപ്പറ്റിയില്ല എങ്കിൽ എന്നെ തേടിപ്പിടിച്ചു അറസ്റ്റ് ചെയ്യില്ലേ? അതേ ശുഷ്‌കാന്തി എന്താ ആദിവാസിക്ക് അനുകൂലമായ നിയമങ്ങൾ നടപ്പിലാക്കാൻ കാണിക്കാത്തത്?

സുപ്രീംകോടതി നിർദ്ദേശിച്ച നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ സർക്കാർ ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ലേ?
ആ ഭൂമിയുടെ ഒരു കാൽ ഭാഗം മാത്രമേ വനം വകുപ്പ് സർവ്വേ നടത്തുകയെങ്കിലും ചെയ്തിട്ടുള്ളൂ. ഉദ്യോഗസ്ഥന്മാരോട് തുടർന്നടപടികൾ സ്വീകരിക്കാൻ മന്ത്രിമാരൊന്നും മുൻകൈ എടുക്കുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒക്കെ ആദിവാസിക്ക് എങ്ങനെ ഭൂമി കൊടുക്കാതിരിക്കാം എന്നാണാലോചിക്കുന്നത്.
2023 ൽ ഐ ടി ഡി പി യുടെ മുൻപിൽ സമരം ചെയ്യുന്നത് ഈ പശ്ചാത്തലത്തിലായിരുന്നോ?
അതേ. അന്ന് മുന്നൂറ്റി പതിനാറു ദിവസം പിന്നിട്ടപ്പോൾ ജില്ലാ കളക്ടർ ഭൂരഹിതരായ ആദിവാസികൾക്ക് അമ്പതു സെന്റിൽ കുറയാത്ത ഭൂമി നൽകുമെന്ന് രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് ഞങ്ങൾ സമരം അവസാനിപ്പിച്ചത്. കളക്ടർ ഭൂമി നൽകാനുള്ള നടപടികൾ കൈക്കൊണ്ടു സർക്കാരിലേക്ക് രേഖകൾ കൈമാറി എന്നാണു അറിയാൻ കഴിഞ്ഞത്. എന്നാൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. എന്തിനാണ് ആദിവാസികൾക്ക് ഇത്രയും ഭൂമി കൊടുക്കുന്നത് എന്നാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചിന്തിക്കുന്നത്. പൊതു സമൂഹത്തിനും ഇതേ സംശയമാണുള്ളത്. ഭൂമി ലഭിച്ചു ആദിവാസി സ്വയം പര്യാപ്തത നേടിയാൽ രാഷ്ട്രീയക്കാർ പറയുന്നത് ആദിവാസികൾ കേൾക്കില്ലല്ലോ എന്നതാണ് അവരുടെ ഒരു ആശങ്ക. അങ്ങനെ ഭൂമി ലഭിച്ചവരുടെ മെച്ചപ്പെട്ട ജീവിതം അവർ കാണുന്നുണ്ടല്ലോ. ആ ഭയം കൊണ്ടാണ് ഭൂമി ഉണ്ടായിട്ടും നിയമ പരമായ ബാധ്യത ഉണ്ടായിട്ടും എല്ലാ സംവിധാനങ്ങളും ഒരുമിച്ചുനിന്നുകൊണ്ട് ആദിവാസിക്ക് ഭൂമി കൈമാറാതിരിക്കാൻ ശർമിക്കുന്നത്.
ഒരു രീതിയിലും ആദിവാസി സമുദായം ഉയർന്നു വരരുത് എന്നുള്ള അജണ്ട എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാർക്കും ഉണ്ട്. ഇക്കാലമത്രെയും കേരളവും ഇന്ത്യയും ഭരിച്ചത് ഒരേ രാഷ്ട്രീയ പാർട്ടിയല്ലല്ലോ. സമരം ചെയ്യുന്നതിന് മുൻപ് പത്തു സെന്റ് സ്ഥലം ആയിരുന്നു അവർ പ്രഖ്യാപിച്ചത്. 2018 ലെ പ്രളയത്തിൽ എല്ലാ നശിച്ചപ്പോൾ ആദിവാസിക്ക് കൊടുക്കാൻ ശ്രമിച്ചത് അഞ്ചു സെന്റ് ഭൂമിയാണ്. ആ ഭൂമി വാങ്ങരുതെന്ന് എന്റെ ആളുകളോട് ശക്തമായി ആവശ്യപ്പെടുകയായിരുന്നു. ആ ഭൂമി വാങ്ങിയാൽ പിന്നീട് ഒരുകാലത്തും നിയമം അനുവദിച്ചു നൽകിയിരിക്കുന്ന ഭൂമി ലഭിക്കുകയില്ല എന്ന് ഞാൻ അവരോടു പറഞ്ഞു. അതിനു വേണ്ടി ശ്രമിച്ചപ്പോൾ ഡെപ്യൂട്ടി കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ നിരന്തരം പറഞ്ഞത് അങ്ങനെ ഒരു നിയമമോ ഭൂമിയോ നിലവിലില്ല എന്നായിരുന്നു. അന്ന് പഞ്ചായത്ത് പ്രസിഡന്റൊക്കെ ഞങ്ങളുടെ കൂടെ നിന്നതുകൊണ്ടാണ് മുപ്പത്തിനാല് കുടുംബങ്ങൾക്ക് അമ്പതു സെന്റ് ഭൂമി വീതം നൽകാൻ ഉദ്യോഗസ്ഥർക്ക് തീരുമാനിക്കേണ്ടി വന്നത്. എന്നിട്ടും അവർ ഞങ്ങളെ വഞ്ചിച്ചു. അമ്പതു ഏക്കർ പാസായത്തിൽ ഇരുപത്തി അഞ്ച് ഏക്കർ ഭൂമിയിൽ അവർ റിസേർവ് ഫോറെസ്റ്റ് എന്ന ബോർഡ് വച്ചിരിക്കുകയാണ്. നിക്ഷിപ്ത വനഭൂമിയിൽ ആ ബോർഡ് വച്ചത് നിയമവിരുദ്ധമാണ്. പാവപ്പെട്ടവരെ അടിച്ചൊതുക്കാനുള്ള നിയമത്തിൽ മാത്രമേ ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ളൂ. അന്ന് ഞങ്ങൾ സമരം ചെയ്തില്ലായിരുന്നെങ്കിൽ ഇന്നും ആ നിക്ഷിപ്ത വനഭൂമി മുഴുവൻ വനം വകുപ്പിന്റെ കീഴിൽ ആയിരിക്കും.

എന്തുകൊണ്ടായിരിക്കും ആദിവാസി സമൂഹത്തിന് ഭൂമി നൽകാതിരിക്കാൻ എല്ലാ വിഭാഗവും ശ്രമിക്കുന്നത്?
ഒന്നാമത് എന്തിനാണ് ആദിവാസിക്ക് ഇത്രയും ഭൂമി നൽകുന്നത് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അതും നല്ല ഭൂമി. ഞങ്ങളോട് തന്നെ പലരും അത് ചോദിക്കുന്നുണ്ട്. എനിക്ക് പരിചയമുള്ള ലോട്ടറി വിൽക്കുന്ന വിധവയായ ഒരു ചേച്ചിയുണ്ട്. അവർ രണ്ടു സെന്റ് ഭൂമിക്കായി മുപ്പത്തിയഞ്ചു വർഷത്തോളമായി ശ്രമിക്കുകയാണ്. അവർ വാടകയ്ക്കാണ് താമസിക്കുന്നത്. ഇതുവരെ അവർക്കു ഭൂമി ലഭിച്ചിട്ടില്ല. മിച്ച ഭൂമി ഇല്ലാഞ്ഞിട്ടല്ലല്ലോ ഇവിടെ? കോർപ്പറേറ്റുകളെ മാത്രം സംരക്ഷിക്കുന്ന നയം കാരണമല്ലേ അവർക്കൊന്നും ഭൂമി ലഭിക്കാത്തത്? ആ ചേച്ചി ആലോചിക്കുന്നത് മുപ്പത്തിയഞ്ച് വർഷമായി രണ്ടു സെന്റ് ഭൂമി തരാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് ഒരേക്കർ ഭൂമി ആദിവാസിക്ക് കൊടുക്കുക എന്നാണ്. യാഥാർഥ്യങ്ങൾ പൊതു സമൂഹം മനസിലാക്കുന്നില്ല. ഇവിടെ ആദിവാസിക്ക് അനുവദിച്ചു നൽകിയ ഒരു നിയമം ഉണ്ടെന്നോ അത് നടപ്പാക്കാനുള്ള വിഭവങ്ങൾ ഇവിടെ ഉണ്ടെന്നോ പലരും അറിയുന്നില്ല. ഞങ്ങളുടെ പൂർവ്വികരുടെ ഭൂമി കയ്യടക്കിയാണ് പലരും മണിമാളിക കെട്ടിയിരിക്കുന്നത് എന്ന് പലരും ഓർക്കുന്നില്ല. ഒരുകാലത്ത് ഞങ്ങൾ ഭൂമിയിൽ കൃഷി ചെയ്തും വനത്തിലെ വിഭവങ്ങൾ ഉപയോഗിച്ചും കഴിഞ്ഞവരാണെന്നും. അതുകൊണ്ടാണല്ലോ ഇവിടെ ഭൂമി നൽകാൻ നിയമം ഉണ്ടായത്.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അത് അറിയാത്തവരല്ലല്ലോ?
അവർ അറിഞ്ഞിട്ടും അത് നല്കരുത് എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ്. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണവർ. എന്നാൽ എന്നും അവർ ഞങ്ങളെ സമരം ചെയ്യാൻ മാത്രം വിടുകയാണ്. ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ അവകാശമില്ലേ? അതാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
അവർ ചെയ്യുന്ന ഒരു വലിയ ദ്രോഹം ഞാൻ പറയാം. ഭൂമി നൽകുമ്പോൾ പല കോളനികളിൽ നിന്നും ആളുകളെ നറക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. അങ്ങനെ ചെയ്യുമ്പോൾ ഒരു കോളനിയിൽ ജീവിക്കുന്ന കുടുംബങ്ങൾ പലതായി ചിതറിപ്പോവുകയാണ്. അപ്പോൾ പരസ്പ്പരം സഹായിക്കാനോ സഹകരിക്കാനോ കഴിയാത്ത അവസ്ഥ. പലപ്പോഴും ബന്ധുക്കളെ കാണാനുള്ള യാത്രക്കൂലി പോലും ഇല്ലാത്തവർ ആയിരിക്കും. അതുകാരണം കിട്ടിയ സ്ഥലങ്ങളിൽ പോകാത്തവർ വരെയുണ്ട്. ഓരോ കോളനിയിലുള്ളവർക്കും ഒന്നിച്ചു ഭൂമി നൽകാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. നഗരത്തിൽ ഫ്‌ളാറ്റുകളിൽ ആളുകൾ താമസിക്കുന്നപോലെ ഞങ്ങൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ജീവിക്കുന്നവർ അല്ല. എന്നാൽ ഒരു സർക്കാരും ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാറില്ല. സർക്കാരിന്റെ വഞ്ചന നിരന്തരം സഹിക്കാനാവാതെയാണ് ഞങ്ങൾ ഇങ്ങനെ എല്ലാ പാർട്ടിയുമായും ഇടഞ്ഞു നിൽക്കുന്നത്.
മറ്റൊരു കാര്യം കൂടി പറയാം. അവർ ചെയ്യുന്ന ഒരു കാര്യം ഫോറെസ്റ്റിന്റെ പട്ടയം നൽകി ആദിവാസി കുടുംബങ്ങളെ വനത്തിൽ ഒറ്റപ്പെടുത്തി സ്വതന്ത്രമായി ജീവിക്കാൻ കഴിയാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുക എന്നതാണ്. ആ ഭൂമിയിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പത്തു സെന്റ് വന ഭൂമി നൽകിയിട്ട് അതിൽ അഞ്ചു സെന്ററിൽ വീട് വയ്ക്കാനും ബാക്കി സ്ഥലം വനമാക്കി നിലനിർത്താനുമാണ് പറയുന്നത്. കോഴികളെ കൂട്ടിൽ വളർത്തുന്നതുപോലെ ജീവിക്കാനാണ് അവർ ആദിവാസിയോട് പറയുന്നത്. നിലമ്പൂരിൽ അങ്ങനെയാണ് ആദിവാസികൾക്ക് പലസ്ഥലത്തും ഭൂമി നൽകിയിരിക്കുന്നത്. അത്തരം സ്ഥലങ്ങളിൽ ഞങ്ങൾ എങ്ങനെ ജീവിക്കാനാണ്? നന്നായി ജീവിക്കാൻ കഴിയുന്ന നല്ല ഭൂമി കൊടുക്കാതിരിക്കാനുള്ള കുറുക്കുവഴികളാണ് ഇതൊക്കെ.
ഇത്തരം നടപടികൾ രാഷ്ട്രീയക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നോ?
അവർ ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. പത്തു സെന്റ് ഭൂമി വാങ്ങിയില്ലെങ്കിൽ ഒരിക്കലും ആദിവാസിക്ക് ജീവിക്കാനുള്ള ഭൂമി ലഭിക്കില്ല എന്നാണ് അവർ കോളനിതോറും പറഞ്ഞു നടക്കുന്നത്. ആദിവാസി അവകാശങ്ങളെയും നിയമങ്ങളെയും കുറിച്ച് അവർ മിണ്ടുകയില്ല. പകൽ വന്നിട്ട് ഇപ്പോൾ ഇരുട്ടാണെന്നു പറഞ്ഞാൽ ആദിവാസി വിശ്വസിക്കും എന്നാണ് രാഷ്ട്രീയക്കാർ കരുതുന്നത്.
ഇപ്പോൾ ഭരിക്കുന്ന സർക്കാരാണ് ഞങ്ങളെ ഭവന പദ്ധതിയിലും മറ്റും ഉൾപ്പെടുത്തി ഞങ്ങളുടെ യഥാർത്ഥ അവകാശങ്ങൾ നൽകാതിരിക്കാൻ നിരന്തരം ശ്രമിക്കുന്നത്. അഞ്ചേക്കർ പോയിട്ട് ഒരേക്കർ ഭൂമി തരുന്നത് തന്നെ ഇപ്പോഴത്തെ സർക്കാരിന്റെ പരിഗണനയിലില്ല. നേരത്തെ ഭരിച്ച സർക്കാരുകൾ കൂടുതൽ ഭൂമി നൽകാനുള്ള ചില ശ്രമങ്ങളെങ്കിലും നടത്തിയിരുന്നു. അങ്ങനെയാണ് വയനാട്ടിലും ഇടുക്കിയിലുമൊക്കെ ചില കുടുംബങ്ങൾക്ക് അഞ്ചേക്കർ ഭൂമിയൊക്കെ ലഭിച്ചത്. ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ നിലവിൽ താമസിക്കുന്ന കോളനിക്കടുത്ത് ഭൂമി വാങ്ങാൻ പത്തു ലക്ഷം രൂപയൊക്കെ കൊടുത്തിരുന്നു. അതൊക്കെ ഇപ്പോൾ പാടേ ഉപേക്ഷിച്ചിരിക്കുകയാണ്.
2023 ൽ ഞങ്ങളുടെ സമരം നടക്കുമ്പോൾ അത് പൊളിക്കാൻ അവർ പലതും ചെയ്തു. നേരത്തെ ഭൂമി ലഭിച്ച ആദിവാസി കുടുംബങ്ങളെ കൂടി അവർ സമരത്തിൽ അണിനിരത്തി ഭൂമിക്ക് അപേക്ഷ നൽകിച്ചു.
ഇപ്പോൾ നിലമ്പൂരിലെ അവസ്ഥയെന്താണ്?
ഇപ്പോൾ ഐ ടി ഡി പിക്ക് മുൻപിൽ സമരം ചെയ്ത അറുപതു കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. സർക്കാർ വിശ്വാസ വഞ്ചന കാട്ടിയവർ. ഇപ്പോൾ അവരുടെ സ്ഥലത്ത് കുടിവെള്ളത്തിനുള്ള പൈപ്പിടാൻ പോലുമുള്ള സ്ഥലമില്ല. ഞങ്ങൾ ഒരേക്കർ ഭൂമിയെങ്കിലും നൽകണം എന്നാണ് ആവശ്യപ്പെടുന്നത്. അവരിൽ ചിലർക്ക് പ്രളയത്തിന് മുൻപ് രണ്ടും മൂന്നും സെന്റ് ഭൂമി നൽകിയിരുന്നു. ഇപ്പോൾ അവിടെ വെള്ളം കയറുന്നതുകൊണ്ടു വീട് വയ്ക്കാൻ പഞ്ചായത്ത് അനുമതി നൽകുന്നില്ല. സമര രംഗത്തേക്ക് വരാൻ മറ്റുള്ളവരും ആഗ്രഹിക്കുന്നുണ്ട്. തൽക്കാലം അവർ മാറിനിൽക്കുകയാണ്.
നിലമ്പൂരിൽ ഏതാനും കോളനികളിൽ മാത്രമേ അൽപ്പമെങ്കിലും ഭൂമിയുള്ളവർ ഉള്ളൂ. ഭൂരിഭാഗം ആദിവാസികളും ഭൂരഹിതരാണ്. അവർ പല കോളനികളിലായി ഞെങ്ങി ഞെരുങ്ങി കഴിയുകയാണ്. പട്ടയം മാത്രം കൊടുത്തിട്ടും കാര്യമില്ലല്ലോ. ഒരു സ്ഥലത്തു ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടി സർക്കാർ ഉണ്ടാക്കണ്ടേ? പുഴ കടന്നു പോകാനുള്ള സ്ഥലത്തു പാലം വേണ്ടേ? റോഡ് വേണ്ടേ? കുടിക്കാനുള്ള വെള്ളം വേണ്ടേ?

ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ ഏതെങ്കിലും സ്ഥാനാർത്ഥികൾ എന്തെകിലും വാഗ്ദാനങ്ങൾ നൽകിയിരുന്നോ?
വാഗ്ദാനങ്ങൾ എല്ലാ വർഷവും ഞങ്ങൾ കേൾക്കുന്നതല്ലേ? അവർക്കറിയാം അവരുടെ വാഗ്ദാനങ്ങളെ ഞങ്ങൾ പുച്ഛത്തോടെയേ സ്വീകരിക്കുകയുള്ളു എന്ന്. ഇതുവരെ ഒരു സ്ഥാനാർത്ഥിയും വന്നിട്ടുമില്ല.
എന്താണ് സമര സമിതിയുടെ ഭാവി പരിപാടികൾ?
ഞങ്ങൾ നിയമ നടപടികൾ കൂടി ആലോചിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് കോടതി അലക്ഷ്യമാണല്ലോ. ഇവിടെ സമരം ചെയ്യുന്ന സ്ത്രീകളിൽ കൂടുതലും വിധവകളാണ്. അവരുടെ മക്കളെ നോക്കാൻ വേറെ ആരും ഇല്ല. ഇപ്പോൾ നല്ല മനസുള്ള കുറെ മനുഷ്യരുടെ സഹായം കൊണ്ടാണ് കുട്ടികൾ സ്കൂളിൽ ഒക്കെ പോകുന്നത്. കഴിഞ്ഞ ഒരു മാസമായി ഞങ്ങളുടെ ജീവിതം ഏറെ ദുരിതപൂർണ്ണമാണ്. 2023 ൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ മുന്നൂറ്റി പതിനാലു ദിവസം സമരം ചെയ്ത ഞങ്ങളെ സർക്കാർ വഞ്ചിക്കുകയാണ് ചെയ്ത്. ഞങ്ങൾ ഇപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നു. ഓരോ സമരത്തിലും ഞങ്ങൾക്ക് നഷ്ടമാകുന്നത് ഞങ്ങളുടെ ജീവിതമാണ്.
കഴിഞ്ഞ സമരത്തിന് ശേഷം എന്റെ ആരോഗ്യം തീരെ മോശമായതിനാലാണ് നിരാഹാരം കിടക്കാൻ എന്നെ ആരും അനുവദിക്കാത്തത്. എനിക്ക് മരിക്കാൻ ഭയമൊന്നുമില്ല. ഞാൻ ഇപ്പോഴും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ കോളേജിലെ ഡോക്ടർ എന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് പറഞ്ഞിരുന്നു.
സ്വന്തം ജീവിതം പോലും പരിഗണിക്കാതെ ഇങ്ങനെ മറ്റു മനുഷ്യരുടെ അവകാശങ്ങൾക്കായി സമരം ചെയ്യാനുള്ള സന്നദ്ധത എങ്ങനെയുണ്ടായി?
എന്റെ കാര്യം മാത്രം നോക്കി ജീവിക്കാൻ എനിക്ക് പണ്ടേ കഴിയില്ലായിരുന്നു. എനിക്ക് ഭൂമി ലഭിച്ചത് പ്രളയത്തിന് ശേഷമാണ്. ഞാൻ ആദ്യം സമരം ചെയ്തതത് എനിക്ക് വേണ്ടിയായിരുന്നില്ല. സമരം ചെയ്യുന്നതിന് മുൻപ് പല ഓഫീസുകൾ ഞാൻ കയറിയിറങ്ങിയിരുന്നു. ഒന്നും ഫലം കണ്ടില്ല. അങ്ങനെയാണ് സമരം ചെയ്യാൻ തീരുമാനിച്ചത്. കുറെ മനുഷ്യരെ എല്ലാവരും അവഗണിക്കുമ്പോൾ നമ്മൾ എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുക? ചുറ്റുമുള്ളവർ കൂടി നന്നായി ജീവിക്കുമ്പോഴല്ലേ നമ്മുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവുക. അവരും നമ്മുടെ ചോര തന്നെയല്ലേ?